പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

സമരങ്ങളെ ആഭാസമാക്കുന്നവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ജനാധിപത്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കപ്പെടേണ്ടിടത്ത്‌ പ്രതികരിക്കാനുളള അവകാശവും ജനങ്ങൾക്കുണ്ടാവും. അടിച്ചമർത്തലുകൾക്കെതിരെയും അവകാശധ്വംസനങ്ങൾക്കെതിരെയും മനുഷ്യനെന്നും കലാപമുയർത്തും. അതാണ്‌ ചരിത്രം പറയുന്നത്‌. അതുതന്നെയാണ്‌ അവന്റെ വളർച്ചയുടെ പ്രധാന കാതലും. ഇങ്ങനെ ഓരോ ജനതയുടെ വലിയ വലിയ നേട്ടങ്ങൾക്കുപുറകിലും ത്യാഗപൂർണമായ സമരങ്ങളുടെയും കലാപങ്ങളുടെയും സ്പർശനമുണ്ട്‌. ഒരുവൻ തന്റെ സ്വാതന്ത്ര്യത്തെ തിരിച്ചറിയുന്ന ഒന്നാണ്‌ അവനുയർത്തുന്ന സമരങ്ങൾ. ഇത്‌ ഏറ്റവും മൂല്യവത്തായ ഒന്നാണ്‌.

ഇങ്ങനെയൊക്കെയാണെങ്കിലും ഏറെയെളുപ്പം പിഴച്ചു പോകാവുന്ന വഴയിലൂടെയാണ്‌ സമരങ്ങൾ വരിക. കേരളമാകട്ടെ ഇത്തരം പിഴച്ചുപോകുന്ന സമരങ്ങളുടെ വിളനിലമായി തീർന്നിട്ട്‌ കാലമേറെയായി. ബന്ദും ഹർത്താലുകളും, പണിമുടക്കും ധർണകളുമൊക്കെയായി കേരളത്തിന്റെ സമരഭൂമികൾ എന്നും സജീവമാണ്‌. ഒന്നു തറപ്പിച്ചു നോക്കിയാൽ ഹർത്താൽ എന്ന ഗതികേടിലേക്ക്‌ കേരളം വളർന്നിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി രണ്ട്‌ ഹർത്താലുകളാണ്‌ കേരളം കണ്ടത്‌. രണ്ടും നടത്തിയത്‌ ഒരു കൂട്ടരായതിനാൽ തത്‌ക്കാലം അവരെമാത്രം കുറ്റം പറയട്ടെ. പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർദ്ധനവിൽ മനസ്സുനൊന്താണ്‌ ബി.ജെ.പി ആദ്യഹർത്താൽ പ്രഖ്യാപിച്ചത്‌. സംഗതി ബഹുവിജയം. സന്തോഷം, ജനങ്ങൾക്കാകട്ടെ ഒഴിവുദിനത്തിന്റെ ‘ലാർജി’ലും റമ്മികളിയിലും ആശ്വാസം. ബി.ജെ.പിയുടെ പ്രതിബദ്ധതയിൽ പലരും പുളകമണിഞ്ഞു. മൊത്തം നഷ്‌ടം കോടികൾ.. ഇതെല്ലാം നമുക്ക്‌ തലകുലുക്കി സമ്മതിക്കാം. പക്ഷെ അധികാരക്കസേരയിലിരുന്നപ്പോൾ പലതവണ പെട്രോളിയം വില കുത്തനെ ഉയർത്തുകയും ഒടുവിൽ തിരഞ്ഞെടുപ്പിന്റെ ദിനങ്ങളിൽ ഭാഗ്യപരീക്ഷണത്തിന്‌ മുതിരാതെ, വില ഉയർത്താതെ തടി തപ്പാൻ ശ്രമിച്ചവരുമാണിവർ എന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ സംഗതിയുടെ പൂച്ച്‌ പുറത്തു ചാടുന്നത്‌.. എന്തിനു ഹേ, ഈ പൊറാട്ടുനാടകം!

രണ്ടാം ഹർത്താൽ നാടകം കാഞ്ചി ശങ്കരാചാര്യരുടെ അറസ്‌ററുമായി ബന്ധപ്പെട്ടാണ്‌. ഹൈന്ദവസംഘടനകൾ ഒന്നടങ്കം ഇതിൽ പങ്കുചേർന്നു. ബി.ജെ.പിയുടെ സമ്പൂർണ്ണ പിന്തുണയും. ഇവിടെ അറസ്‌റ്റ്‌ നടന്നത്‌ ഏതെങ്കിലും ആശയപ്രചരണത്തിന്റെ ഭാഗമായിട്ടോ, രാഷ്‌ട്രീയ ഇടപെടൽ മൂലമോ അല്ല. പ്രതിയുടെമേൽ ചുമത്തിയ കുറ്റം കൊലപാതകമാണ്‌. ഇതിന്‌ വ്യക്തമായ തെളിവുകളുണ്ടെന്ന്‌ അധികാരികൾ വെളിപ്പെടുത്തിയിട്ടുമുണ്ട്‌. പ്രതിയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം ശരിയോ തെറ്റോ എന്ന്‌ കോടതി തീരുമാനിക്കട്ടെ. ഹൈന്ദവരുടെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായ കാഞ്ചി ശങ്കരാചാര്യൻ തെറ്റുചെയ്യുകയില്ലെന്ന്‌ നമുക്ക്‌ വിശ്വസിക്കാം. പക്ഷെ വ്യക്തമായ തെളിവുകളോടെ ശങ്കരാചാര്യർ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ചെയ്‌തുപോയ ‘ഹർത്താൽ’ തെറ്റിന്‌ പ്രായശ്ചിത്തമായി മറ്റൊരു ഹർത്താൽ കൂടി ഇവർ പ്രഖ്യാപിക്കുമോ ആവോ...? ഏതായാലും സ്വാമി കുറ്റക്കാരനെന്നു തെളിഞ്ഞാൽ സ്വന്തം മുഖം മിനുക്കാനായി സ്വാമിയെ തിരണ്ടിവാലിനടിക്കാൻ ഈ ഹർത്താൽ ആഹ്വാനം ചെയ്തവർ മുന്നിലുണ്ടാവുമെന്ന്‌ തീർച്ച.

സമരങ്ങൾ എന്നും മൂല്യവത്തായിരിക്കണം. അല്ലാതെ വിലകുറഞ്ഞ ലാഭങ്ങൾക്കുവേണ്ടി സമരങ്ങൾ ഉയർത്തുന്നവർ ജനാധിപത്യത്തോട്‌ ഏറ്റവും വലിയ ക്രൂരതയാണ്‌ ചെയ്യുന്നത്‌. ഇത്‌ ഫാസിസമാണ്‌. ഇത്‌ ബി.ജെ.പിയും കൂട്ടരും മാത്രമല്ല പഠിക്കേണ്ടത്‌. മറ്റു പാർട്ടിക്കാരും സംഘടനകളും കൂടി പഠിക്കണം. കോൺഗ്രസും, ഇടതുപാർട്ടികളും ഇതുപോലെ പല സമരാഭാസങ്ങളും നടത്തിയിട്ടുണ്ട്‌. അതുപോലെതന്നെ ബി.ജെ.പിയടക്കമുളള ഇവരെല്ലാം മൂല്യവത്തായ സമരങ്ങളും നടത്തിയിട്ടുണ്ട്‌. ഇവിടെ ഏതാണ്‌ മൂല്യവത്തായത്‌ എന്നാണ്‌ തിരിച്ചറിയേണ്ടത്‌. അതിന്‌ ജനങ്ങളുടെ മുഖത്തേക്ക്‌ ആത്മാർത്ഥതയോടെ നോക്കിയാൽ മതിയാകും. സമരങ്ങൾ പ്രഖ്യാപിക്കുന്നവരോട്‌ ഒരേയൊരു അഭ്യർത്ഥന മാത്രം. നെറിവുകെട്ട ഓരോ വ്യവസ്ഥകൾക്കുമെതിരെ സമരം നയിച്ച മഹാന്മാർ ജീവിച്ച മണ്ണിൽ, ജനങ്ങളുടെ തുടിപ്പറിയാതെ ബന്ദും ഹർത്താലും പണിമുടക്കും ഇനി ആഹ്വാനം ചെയ്യരുത്‌.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.