പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

എന്നും തല്ലുകൊളളാൻ മാധ്യമപ്രവർത്തകർ എന്ന ചെണ്ട....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്നത്‌ ജനാധിപത്യവ്യവസ്ഥയിലെ ഏറ്റവും നീചമായ ഒരു കാഴ്‌ചയാണ്‌. ഇവിടെ ആക്രമിക്കപ്പെടുന്നത്‌ ഒരു വ്യക്തിയെയോ, വ്യക്തിസംബന്ധമായ നിലപാടുകളെയോ അല്ല. മറിച്ച്‌ വാർത്തകൾ ജനങ്ങൾക്ക്‌ സത്യസന്ധമായി എത്തിക്കേണ്ട ഒരു സിസ്‌റ്റത്തെയാണ്‌. ഒപ്പം മാധ്യമലോകത്തിന്റെ ശക്തമായ സാന്നിധ്യം ഒരു സമൂഹത്തിന്‌ എത്രയോ ആവശ്യകതയാണ്‌ എന്നതിന്റെ തെളിവുകൂടിയാണ്‌ ഇത്തരം ആക്രമണങ്ങൾ വെളിവാക്കുന്നത്‌.

ഈയൊരു പ്രശ്‌നം ലീഗ്‌ പ്രവർത്തകർ നടത്തിയ ക്രൂരമായ അക്രമമായി ഒതുക്കി പറയേണ്ടതല്ല. ഇത്‌ ഈ സീരിയൽകഥയിലെ ഒരു എപ്പിസോഡുമാത്രം. മുൻ എപ്പിസോഡുകളിൽ സി.പി.എമ്മുകാരും, കോൺഗ്രസുകാരും, ബി.ജെ.പിക്കാരുമടക്കം വലുതും ചെറുതുമായ എല്ലാ കഥാപാത്രങ്ങളും ആടിത്തിമർത്തിട്ടുണ്ട്‌. എന്തിന്‌ ലാലുപ്രസാദ്‌ യാദവിന്റെ മകൾ കേരളത്തിൽ വന്ന്‌ ഒരു ഫ്രീലാന്റ്‌സ്‌ ക്യാമറമാനെ കരണക്കുറ്റിക്ക്‌ അടിച്ച്‌ കേമിയായപ്പോൾ ഹാ കഷ്‌ടം! എന്നുപറയാൻ ഒരു മാന്യദേഹത്തേയും കണ്ടില്ല. പിന്നെ സ്ഥിരം കേൾക്കുന്നതുപോലെ ഓരോ പാർട്ടിയും മാറിമാറി മാധ്യമപ്രവർത്തകരെ ആക്രമിക്കുമ്പോൾ എതിരാളികൾ ‘മാധ്യമസ്വാതന്ത്ര്യം’ എന്നലറുന്നതും അറപ്പുളവാക്കുന്നതാണ്‌. പോലീസുവകയായി കിട്ടുന്ന തല്ലിനും മേന്മ കുറവല്ലല്ലോ...ഇത്തവണ പ്രശ്‌നം ഒരു നാറിയ കേസാണെന്നു മാത്രം.

റെജീനയെന്ന പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലുകൾ ജനങ്ങൾക്ക്‌ അറിയാൻ അവകാശമുണ്ട്‌. ആരോപണം സ്വഭാവഹത്യയ്‌ക്ക്‌ വേണ്ടിയെങ്കിൽ, ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ നിയമപരമായി നേരിടാനുളള അവകാശം ദൈവം സഹായിച്ച്‌ നമ്മുടെ ഭരണഘടനയിലുണ്ട്‌. റെജീന നടത്തിയ പരാമർശങ്ങൾ ജനങ്ങളിൽ എത്തിക്കേണ്ട ബാധ്യത മാധ്യമപ്രവർത്തകർക്കാണ്‌ എന്ന സത്യത്തിനു നേരെ ആരും കണ്ണടയ്‌ക്കരുത്‌.

ഇന്ത്യാവിഷന്റെ ഓഫീസുകളിൽ ലീഗ്‌ പ്രവർത്തകർ നടത്തിയ അക്രമത്തിലും പിന്നീട്‌ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്‌ ആഘോഷിച്ചവേളയിൽ കരിപ്പൂരിൽ ഇവർ മാധ്യമപ്രവർത്തകർക്കുനേരെ നടത്തിയ അഴിഞ്ഞാട്ടത്തിലും നാം ഉയർത്തേണ്ട ചോദ്യം, ഇവരെന്തിന്‌ ഇത്ര ഭീതിതരാകുന്നു എന്നാണ്‌. കുഞ്ഞാലിക്കുട്ടി കളങ്കമറ്റവനാണെങ്കിൽ ഇവരെന്തിന്‌ ഇത്ര വിറളിപിടിക്കണം. എന്തിന്‌ മാധ്യമപ്രവർത്തകരുടെ നേർക്ക്‌ ചവിട്ടും തൊഴിയുമായി കുതിക്കണം. കുഞ്ഞാലിക്കുട്ടിയെ വിശ്വാസമുളള അണികൾ ആവശ്യപ്പെടേണ്ടത്‌ ഒന്നുമാത്രം; പ്രിയ നേതാവ്‌ സധൈര്യം ആരോപണമുന്നയിച്ച പെൺകുട്ടിക്ക്‌ എതിരായി ഒരു മാനനഷ്‌ടക്കേസു കൊടുക്കട്ടെ; ഇത്തരം ആരോപണങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിച്ച ‘നീച’ ശക്തികളെ പുറത്തുകൊണ്ടുവരാൻ സത്യസന്ധമായ ഒരന്വേഷണത്തിനും ആവശ്യപ്പെടട്ടെ.... അല്ലാതെ പേനയും ക്യാമറയുമെടുക്കുന്നവന്റെ നേരെ വാളെടുക്കുകയല്ല വേണ്ടത്‌.

ഇങ്ങനെ പോലീസുകാരെ വെറും കാഴ്‌ചക്കാരാക്കിയും, പലപ്പോഴും അവരെത്തന്നെ ആയുധമാക്കിയും മാധ്യമപ്രവർത്തകരെ ആക്രമിച്ച്‌ പേരെടുത്തവരാണ്‌ ഇവിടുത്തെ ഭൂരിപക്ഷം രാഷ്‌ട്രീയപാർട്ടികളും. പിന്നീടുളള ഇവരുടെയൊക്കെ പ്രതികരണങ്ങൾ വെറും രാഷ്‌ട്രീയ സ്‌റ്റണ്ട്‌ മാത്രം. എന്നും തല്ലുകൊളളാൻ മാധ്യമപ്രവർത്തകർ എന്ന ചെണ്ടയും.

ഈ സംഭവത്തിന്റെ വെളിച്ചത്തിൽ കുഞ്ഞാലിക്കുട്ടി രാജിവയ്‌ക്കുകതന്നെ വേണം; പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല; മറിച്ച്‌ തന്റെ സംരക്ഷണയ്‌ക്കായി ലീഗ്‌ അണികൾ നടത്തിയ നരനായാട്ടിന്റെ പേരിലും... ആത്മാഭിമാനമുളള ഒരുപാട്‌ നേതാക്കൾ ഉയർത്തിയ പ്രസ്ഥാനത്തിന്റെ പേരു കളയാതിരിക്കാനെങ്കിലും കുഞ്ഞാലിക്കുട്ടി ഈ ‘ത്യാഗം’ ചെയ്യേണ്ടിവരും.

ഇത്തരം കാടത്തരങ്ങൾ ഇനിയും ആവർത്തിക്കില്ലെന്ന്‌ പറയാൻ വയ്യ. സംസ്‌കാരത്തിന്റെ യാതൊരു വെളിച്ചവും മനസ്സിലില്ലാത്ത ഇതുപോലുളളവർ ഇനിയും ഇത്തരം ദുരന്തങ്ങൾ സൃഷ്‌ടിക്കും. ഇത്രയൊക്കെ ആയിട്ടും മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടുന്ന നിയമങ്ങളുടെ സാന്നിധ്യത്തിന്റെ അഭാവം കാണുന്നുണ്ട്‌. സത്യസന്ധമായ വാർത്തകൾ റിപ്പോർട്ടു ചെയ്യേണ്ട പത്രപ്രവർത്തകന്റെ സുരക്ഷിതത്വം ഏറെ ആവശ്യപ്പെടുന്ന ഒരു കാലമാണിത്‌. ഇക്കാര്യത്തിൽ ഗവൺമെന്റ്‌ ശക്തമായ നിലപാടെടുക്കണം. അല്ലാതെ മുൻമുഖ്യമന്ത്രി ആന്റണിയുടെ ചില സമയങ്ങളിലെ മൗനത്തേക്കാൾ ഭീകരമൗനവുമായി ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഭരണക്കസേരയിലിരിക്കരുത്‌.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.