പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

ജനാധിപത്യ വ്യവസ്ഥിതി ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ള ലോകത്തെ ഏറ്റവും വലിയ രാജ്യം ഇന്‍ഡ്യയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം താമസിയാതെ തന്നെ ഒരു സ്വതന്ത്ര ഭരണഘടന എഴുതി ഉണ്ടാക്കുവാനും അതനുസരിച്ച് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാനങ്ങളിലേക്കും പാര്‍ലമെന്റിലേക്കും തിരെഞ്ഞെടുപ്പുകള്‍ നടത്തുവാനും തിരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് കേന്ദ്രത്തില്‍ പ്രധാനമന്ത്രിയേയും സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരേയും അധികാരത്തിലേറ്റുവാനും അങ്ങനെ ജനാധിപത്യ വ്യവസ്ഥിതി ഫലപ്രദമായി നടപ്പിലാക്കുവാനും സാധിച്ചുവെന്നത്, മറ്റേതൊരു രാജ്യത്തിന്റെ മുന്നിലും ഇന്‍ഡ്യയുടെ യശസ്സ് ഉയര്‍ത്തുവാനേ സഹായിച്ചിട്ടുള്ളു. ഇക്കാര്യത്തില്‍ സ്വതന്ത്രപരമാധികാരമുള്ള ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ഇവിടെ ജനാധിപത്യ വ്യവസ്ഥിതി സുസ്ഥിരമായി കൊണ്ടുപോകുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ഇവിടുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം മൂന്നോ നാലോ മാത്രമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് , കമ്യൂണിസ്റ്റ് പാര്‍ട്ടി , ജനസംഘം , പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി മുഖ്യ പാര്‍ട്ടികള്‍ ഇവയൊക്കെയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടികൂടി വരികയാണുണ്ടായത്. ചില ദേശീയ കക്ഷികള്‍ വേറെ ചില പേരിലോ അല്ലെങ്കില്‍ ഒന്നും രണ്ടുമായി പിരിഞ്ഞ് എണ്ണം കൂടുകയോ ഉണ്ടാ‍യി. ജനസംഘം ഭാരതീയ ജനാധിപത്യ പാര്‍ട്ടിയായി മാറി. സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ ( യുണെറ്റഡ്), ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ ജനതാദള്‍ എന്നിങ്ങനെയായി മാറി പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടി എന്ന പേര്‍ തന്നെ ഇല്ലാതായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിങ്ങനെ രണ്ടായതോടൊപ്പം മാവോയിസ്റ്റു കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നി കമ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ബൊള്‍ഷെവിക്പാര്‍ട്ടി - ആ പാര്‍ട്ടികളുടെ എണ്ണം പിന്നേയും കൂടിക്കൊണ്ടിരിക്കുന്നു

അറുപതുകളുടെ ആരംഭത്തോടെയാണ് പ്രാദേശിക പാര്‍ട്ടികളുടെ പിറവികള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ്സില്‍ നിന്നും പിരിഞ്ഞ് ബംഗാളില്‍ ബംഗ്ലകോണ്‍ഗ്രസ്സും കേരളത്തില്‍ കേരളാ കോണ്‍ഗ്രസ്സും പിറവിയെടുത്തു. ബംഗ്ലാ കോണ്‍ഗ്രസ്സ് പില്‍ക്കാലത്ത് ഇല്ലാതായെങ്കിലും കേരളാ കോണ്‍ഗ്രസുകളുടെ എണ്ണം നേതാക്കളുടെ വളര്‍ച്ചയോടൊപ്പം പലതായി പിരിഞ്ഞു. അവരുടെ ഒരു നേതാവ് അതിനെ പറ്റി പറഞ്ഞത് രസാവഹമാണ്- 'വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി' - ഇപ്പോള്‍ ആ പേരിലുള്ള പാര്‍ട്ടികള്‍ എത്രയെന്ന് പറയാത്ത വിധമായിരിക്കുന്നു. മറ്റു പല സംസ്ഥാനങ്ങളില്‍- മഹാരാഷ്ട്രയില്‍ ശിവസേന ( അതിപ്പോള്‍ രണ്ടായിട്ടുണ്ട്), അവിടെ തന്നെ പിറവിയെടുത്ത് രണ്ടായി പിരിഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍, പഞ്ചാബിലെ അകാലിദള്‍ , യു. പി. യിലെ സമാജ് വാദി പാര്‍ട്ടി, ഭാരതീയ സോഷ്യലിസ്റ്റ് പാര്‍ട്ടി ( ബി. എസ്. പി) ആസമിലെ ഗണപരിഷിത്ത്, തമിഴ്നാട്ടിലെ ദ്രാവിഡപാര്‍ട്ടികള്‍ ആന്ധ്രയിലെ തെലുങ്ക് ദേശം - ഇവയുടെ എണ്ണം നീണ്ടു പോകുന്നു. ദേശീയ കക്ഷികളുടെ എണ്ണം മൂന്നോ നാലോ ആയി ചുരുങ്ങുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ എണ്ണം എത്രയോ പതിന്മടങ്ങായി മാറിയിരിക്കുന്നു.

ഇന്‍ഡ്യയിലെ ഓരോ പ്രദേശങ്ങളിലും നിലവിലുള്ള വ്യത്യസ്തമായ, പ്രാദേശിക പാര്‍ട്ടികളുടെ പിറവികള്‍ക്ക് കാരണമായിട്ടുള്ളത് എന്നാണ് ഭരണഘടനാ വിദഗ്ദ്ധരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുള്ളത്. മുന്നണി ഭരണങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത് കേരളം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ വളരെ ചുരുക്കം സംസ്ഥാനങ്ങളിലൊഴിച്ച് എല്ലായിടത്തും കേന്ദ്രത്തില്‍ തന്നെയും മുന്നണി ഭരണമാണ് നിലവിലുള്ളത്. കൂട്ടുകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍‍ക്ക് വഴങ്ങി, പലപ്പോഴും ഒരു കാര്യത്തിലും ഒരുറച്ച തീരുമാ‍നം എടുക്കാന്‍ പറ്റാത്തഅവസ്ഥ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉണ്ടാവുന്നുണ്ട്.

കേന്ദ്രത്തില്‍ ഈയിടെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടേയും ധനകാര്യമന്ത്രിയുടെയും ഉപദേശമനുസരിച്ച് റയില്‍ വേ ബഡ്ജറ്റ് തയ്യാറാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ്സ് മന്ത്രി ദ്വിവേദിക്ക് അവസാനം മന്ത്രിസ്ഥാനംതന്നെ നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ ഹിതത്തിന് വിപരീതമായി റയില്‍ വേ ചാര്‍ജ്ജ് കൂട്ടിയത് പുതിയ റയില്‍ വേ മന്ത്രി മുകള്‍റോയിക്ക് ഭാഗികമായി പിന്‍വലിക്കേണ്ടി വന്നു. ഇത് കേന്ദ്രമന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഒരു പ്രാദേശിക കക്ഷി ഏല്‍പ്പിച്ച പ്രഹരമാണ്.

അണ്ണാഹാസാരയുടെ ഒറ്റയാള്‍ പട്ടാളത്തിന്റെ സമ്മര്‍ദ്ദ ഫലമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ അതിന്റെ ഉദ്ദേശ ശുദ്ധിയെത്തന്നെ കളഞ്ഞു കുളിച്ച അവസ്ഥയിലാണവതരിപ്പിച്ചതെന്ന ആക്ഷേപം പാര്‍ലമെന്റില്‍ ബഹളമായി മാറിയതും,ലോകസഭയില്‍ പാസ്സാക്കിയ ബില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ പാസ്സാകാതെ പോയതും വേറൊരു വിവാദത്തിലേക്കാണ് കൊണ്ടെത്തിച്ചത്. പാ‍ര്‍ലമെന്റിനു പുറത്തുള്ള ബാഹ്യശക്തിയായി അണ്ണാഹസാരെയും സംഘവും മാറുന്നുവെന്നാണ് പുതിയ ആക്ഷേപം. ഏതായാലും പ്രാദേശികകക്ഷികളുടെ വളര്‍ച്ച മൂലം സമഗ്രമായ പുരോഗതി കൈവരിക്കേണ്ട പല പുതിയ തീരുമാനങ്ങളും എടുക്കാന്‍ വയ്യാത്ത അവസ്ഥ കൂട്ടുകക്ഷി ഭരണം നിലവിലുള്ള മിക്കയിടത്തും സംജാതമായിട്ടുണ്ട് പക്ഷെ, ഇവിടെ ജനാധിപത്യം ഒരയഞ്ഞ അവസ്ഥയിലൂടെ നീങ്ങുന്നുവെന്ന് മാത്രം കണ്ടാല്‍ മതിയെന്നാണ് ഭരണഘടനാ വിദഗ്ദരുടെ നിരീക്ഷണം. അഴിമതി കാട്ടുന്നവരേയും കുറ്റക്കാരേയും നിയമത്തിന് മുമ്പില്‍ കൊണ്ടു വരുന്നതിന് പലപ്പോഴും കാലതാമസം നേരിടുന്നുവെന്ന ആക്ഷേപവും ഇങ്ങനെയുള്ള അവസ്ഥയില്‍ വന്നു ചേരാറുണ്ട്. വൈകിയെത്തുന്ന നീതി പലപ്പോഴും നീതി നിഷേധമായി മാറുന്നുവെങ്കിലും ജനാധിപത്യ വ്യവസ്ഥിതി വിട്ട് വേറൊരു മാര്‍ഗത്തിലേക്ക് നീങ്ങുന്നില്ല എന്നത് ശുഭദോര്‍ഘമായ കാര്യമാണ്. ഇതാണ് ജനാതിപത്യത്തിന്റെ ഏറ്റവും വലിയ വിജയം. എങ്കിലും ഇത്രയും പ്രാദേശിക കക്ഷികളുടെ ഭാരം താങ്ങാന്‍ ഇന്‍ഡ്യന്‍ ജനാതിപത്യ വ്യവസ്ഥിതിക്ക് കഴിയുമോ? ഉണര്‍ന്ന് ചിന്തിക്കേണ്ടത് സമ്മതിദായകരാണ്.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.