പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

നിറം മങ്ങുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

സാമ്പത്തിക മാന്ദ്യം ഇന്‍ഡ്യയിലെ ജനജീവിതത്തെ ആകെ ഉലക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് 2011 കടന്നു പോകുന്നത്. രാജ്യത്ത് സ്വര്‍ണ്ണത്തിനും ഭൂമിയിലും മാത്രമേ വിശ്വസിച്ച് പണമിറക്കാവൂ എന്ന അവസ്ഥ. അത് മൂലം സാധാരണക്കാര്‍ക്ക് വന്നു ചേരുന്ന ദുരിതങ്ങളേറെ. കുടുംബത്തില്‍ ഒരു വിവാഹത്തിനോ വീട് വയ്ക്കാനോ വേണ്ടി വരുന്ന തുക ഒരു പക്ഷേ അവന്റെ ആയുഷ്ക്കാല സമ്പാദ്യം മുഴുവന്‍ മുടക്കിയാലും സാധിക്കാതെ വരുന്നു. കടം വാങ്ങിയാല്‍ അതെങ്ങനെ തിരിച്ചടക്കാനാവുമെന്ന് ആശങ്കപ്പെടുന്ന അവസ്ഥ. ശിഷ്ടായുസ്സ് മുഴുവന്‍ അദ്ധ്വാനിച്ചാലും സാധിക്കാനാവാതെ അവസാനം പലിശയും അതിന്റെ പലിശയുമൊക്കെ വരുത്തി വയ്ക്കുന്ന കടക്കെണിയില്‍ ജീവനൊടുക്കേണ്ടി വരുന്നു.

ഇന്ധന വില വര്‍ദ്ധനമൂലം വരുന്ന വിലക്കയറ്റവും ദു:സഹമായ ജീവിതചിലവും മൂലം സാമാന്യജനങ്ങള്‍ക്കൊക്കെത്തന്നെ എന്നും ആശങ്കയോടെ കഴിയാനേ അവുന്നുള്ളു. കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ട സ്ഥിതി വേറെയുമുണ്ട് . നിയമവാഴ്ചയുടെ തകര്‍ച്ച അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. കോടതിയില്‍ ഹാജരാക്കാന്‍ പോലീസകമ്പടിയോടെ കൊണ്ടു പോയ പ്രതിയുടെ കൈവെട്ടി മാറ്റിയത് ഇക്കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. കഴിഞ്ഞ വര്‍ഷം തൊടുപുഴ ന്യൂമാന്‍ - കോളേജിലെ പ്രൊഫസറുടെ കൈവെട്ടു കേസിന്റെ വേറൊരു തരത്തിലുള്ള ആവര്‍ത്തനം. ഒന്ന് നടു റോഡില്‍ വാഹനം തടഞ്ഞു നിറുത്തി മതതീവ്രവാദികള്‍ കൈവെട്ടുകയായിരുന്നെങ്കില്‍ ഇവിടെ ക്വട്ടേഷന്‍ സംഘം പോലീസകമ്പടിയോടെ വന്ന ഒരാളെ അവരുടെ മുന്നില്‍ വച്ച് തന്നെ കൈവെട്ടി മാറ്റുകയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം ഏത് സമയത്ത് എപ്പോഴാണ് എന്നത് എല്ലാതലത്തിലുമുള്ള സമാധാനകാംക്ഷികളായ ജനങ്ങളുടെ ഉറക്കം കേടുത്തുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും അവരുടെ ലക്ഷ്യം ആള്‍ മാറിപ്പോയുള്ള ആക്രമണം എന്നൊക്കെ പത്രങ്ങളില്‍ വായിക്കാനിടയാവുമ്പോള്‍ ഓരോ നിമിഷവും അതിക്രമം എവിടെവച്ചുമുണ്ടാകാം എന്നതായി മാറിയിരിക്കുന്നു.

കേരളത്തിലെ സ്ഥിതി

സ്ത്രീകളുടെയും കുട്ടികളുടേയും മേലുള്ള അതിക്രമങ്ങളും പീഢനങ്ങളും ദിവസേനയെന്നോണമുള്ള വാര്‍ത്തകളായി മാറിയിരിക്കുന്നു. ഇക്കാര്യത്തില്‍ കേരളം ബീഹാറിനേയും ഉത്തര്‍പ്രദേശിനേയും പിന്തള്ളിയിരിക്കുന്നു എന്നാവുമ്പോള്‍ സാക്ഷരതയിലും വിദ്യാഭ്യാസരംഗത്തും കേരളമാണ് ഒന്നാമതെന്നൊക്കെപ്പറയുന്നത് വെറും വങ്കത്തരമായി മാറിക്കഴിഞ്ഞു. കടക്കെണി മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് മുമ്പ് വയനാട്ടില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോല്‍ പാലക്കാട്ടും കണ്ണൂരും ഇടുക്കിയിലും ഇപ്രകാരമുള്ള സംഭവങ്ങള്‍ കൂടി വരുന്നത് സ്ഥിരമെന്നോണം ആവുമ്പോള്‍ ഈ നടുക്കുന്ന വാര്‍ത്തകള്‍ വെറും സാധാരണ വാര്‍ത്തകള്‍ മാത്രമായി മാറിക്കഴിഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞതിനേക്കാളൊക്കെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവങ്ങളാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ഭീഷണിയെക്കുറിച്ചുണ്ടായ സംഭവവികാസങ്ങള്‍. 116 വര്‍ഷം പഴക്കമുള്ള ഡാമിന് പലേയിടത്തും വിള്ളലും ചോര്‍ച്ചയുമുണ്ടെന്നത് സ്ഥിതീകരിക്കപ്പെട്ട സംഗതിയാണ്. പക്ഷെ ഡാമിന്റെ പ്രയോജനം ലഭിക്കുന്ന തമിഴ്നാട് ഈ സ്ഥിതി വളരെ ലാഘവത്തോടെയാണ് കാണുന്നത്. തമിഴ്നാടിനെ പിന്തുണക്കുന്ന നിലപാടാണ് കേന്ദ്രത്തിനും.

ഈയടുത്ത കാലത്തുണ്ടായ ചെറുതും വലുതുമായ തുടര്‍ച്ചയെന്നോണമുള്ള ഭൂചലനങ്ങള്‍ മൂലം ഇടുക്കി, കോട്ടയം , എറണാകുളം മേഖലകളിലെ ഉദ്ദേശം 40 ലക്ഷത്തോളം ജനങ്ങള്‍ ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത് . ഇതിനൊക്കെ പുറമേയാണ് ഡാം തകര്‍ന്നാലൊഴുകുന്ന വെള്ളം താഴെയുള്ള വണ്ടിപ്പെരിയാറിലേയും ഇടുക്കിയിലേയും റിസര്‍വേയറുകള്‍ക്ക് താങ്ങാവുന്നതേയുള്ളു എന്ന കേരളാ അഡ്വേക്കേറ്റ് ജനറലിന്റെ ഹൈക്കോടതിയിലെ സത്യവാങ് മൂലം വരുത്തി വച്ച് വിന ഫലത്തില്‍ കേരളാ ഗവണ്മെന്റിന്റെ വാദം ദുര്‍ലബലപ്പെടുത്തുകയാണുണ്ടായത്. ഈ സത്യവാങ് മൂലം പ്രയോജനപ്പെടുത്തിയത് തമിഴ്നാട് ഗവണ്മെന്റാണ്. അവിടത്തെ കോണ്‍ഗ്രസ്സ് എം പി മാര്‍ ഒരു പടി കൂടി മുന്നോട്ട് പോയി . ഇടുക്കി ഡാം ഇരിക്കുന്ന സ്ഥലം തമിഴ് നാടിന് വിട്ടുകൊടുത്ത് പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു എന്ന വാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതൊക്കെ ഡാമിന്റെ താഴെ കഴിയുന്നവരുടെ ആശങ്ക കൂട്ടാനെ കഴിഞ്ഞിട്ടുള്ളു. രണ്ടയല്‍ സംസ്ഥാനത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടികളാണ് കേന്ദ്രത്തിലെ ഭരണകക്ഷി മെമ്പര്‍മാരായ തമിഴ് നാട് എം. പി മാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഏറ്റവും അവസാനം കേന്ദ്രത്തിലെ മുതിര്‍ന്ന മന്ത്രി കൂടിയായ ചിദംബരത്തിന്റെ പ്രസ്താവന വീണ്ടും ഭീതിയേറ്റുന്നു. കേരളത്തില്‍ അടുത്ത് നടക്കാന്‍ പോകുന്ന പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണിന്നത്തെ കേരളത്തിലെ മുറവിളിയെന്നും ഉപതിരെഞ്ഞെടുപ്പു കഴിയുന്നതോടെ ഈ സ്ഥിതി വിട്ടുമാറുമെന്ന് കൂടി ചിദംബരം പറയുന്നു. കോടതിയിലെ ഇതു വരെയുള്ള വാദങ്ങളുടെ പോക്ക് നോക്കുമ്പോള്‍ കേസ് തമിഴര്‍ക്ക് അനുകൂലമായേ വരികയൊള്ളുവത്രെ. ഇന്‍ഡ്യയിലെ ജനങ്ങളുടെ ആ‍ഭ്യന്തര സുരക്ഷ ഉറപ്പു വരുത്തേണ്ടൊരു കേന്ദ്രമന്ത്രിയില്‍ നിന്നുമാണ് ഇത്രമാത്രം നിരുത്തരവാദപരമായ പരാമര്‍ശം വന്നിരിക്കുന്നത്. ആകെയുള്ള ഒരാശ്വാസം ജനങ്ങള്‍ രാഷ്ട്രീയ കക്ഷി ഭേദമെന്യേ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നതാണ്. ഈ ഒത്തൊരുമ പുതിയൊരു ഡാമിന്റെ നിര്‍മ്മിതിയിലേക്ക് കൊണ്ടെത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ഒത്തൊരുമ കേരളക്കാര്യത്തില്‍ എല്ലായ്പ്പോഴും ഉണ്ടാവുമെന്ന് ശുഭപ്രതീക്ഷയോടെ പുഴ. കോമിന്റെ ലോകമെമ്പാടുമുള്ള ബഹുസഹസ്രം വായനക്കാര്‍ക്ക് ഹൃദ്യമായ ക്രിസ്മസ് നവവത്സരാശംസകള്‍ നേരുന്നു.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.