പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

പുഴ.കോം പത്ത്‌ വർഷം പിന്നിടുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ്‌ മാഗസിൻ പുഴ.കോം ഈ വർഷാവസാനത്തോടെ പത്ത്‌ വർഷം പിന്നിടുകയാണ്‌. ഭാഷാമാഗസിനുകളിൽ ഇന്റർനെറ്റ്‌ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ ഉള്ളത്‌ പുഴ.കോമിനാണ്‌. മുടങ്ങാതെ പത്ത്‌വർഷം തുടർച്ചയായി ഒരു ഇന്റർനെറ്റ്‌ മാഗസിൻ പ്രസിദ്ധീകരണം നടത്താനായി എന്നത്‌ അഭിമാനപൂർവ്വം ഞങ്ങൾ നോക്കി കാണുന്നു. എത്രയോ ഇന്റർനെറ്റ്‌ പ്രസിദ്ധീകരണങ്ങൾ - ചിലത്‌ വാരികകളായും മാസികകളായും ത്രൈമാസികയായും പിന്നീട്‌ വന്നു. പലതും പാതിവഴിൽ നിർത്തിപ്പോയി. ചിലത്‌ തുടർച്ച നഷ്‌ടപ്പെട്ട്‌ വല്ലപ്പോഴും എന്നമട്ടിൽ നടക്കുന്നു. പ്രമുഖ പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകൾ മാത്രമാണിതിനപവാദം. പക്ഷേ, എല്ലാ അർത്ഥത്തിലും ഒരു സമ്പൂർണ്ണമാഗസിൻ - കഥ, കവിത, നോവൽ, യാത്രാവിവരണം, ലേഖനം, ആരോഗ്യപക്‌തി, കാർഷികരംഗം, വിനോദരംഗം, സിനിമ, പാചകലോകം, നർമമകഥകൾ, കാർട്ടൂൺ, പുസ്‌തകപരിചയം, കുട്ടികളുടെ പുഴ, എന്നിങ്ങനെ എല്ലാ മേഖലകളെയും ഗഹനമായി പ്രതിപാദിക്കുന്ന ഒരിന്റർനെറ്റ്‌ മാഗസിൻ - അതാണ്‌ പുഴ.കോം. ഈ ഒരു മേന്മ മറ്റൊരു പ്രസിദ്ധീകരണത്തിനും അവകാശപ്പെടാവുന്നതല്ല. പുഴ.കോം എഴുത്തുകാരെ വേർതിരിച്ച്‌ കാണുന്നില്ല. തുടക്കക്കാരും ലബ്‌ദപ്രതിഷ്‌ഠരായവരും ഈ മാഗസിനിൽ ഇടം കാണുന്നുണ്ട്‌. മാഗസിനിൽ വരുന്നു സൃഷ്‌ടികൾ സാമാന്യ നിലവാരം പുലർത്തണമെന്ന്‌ ഞങ്ങളാഗ്രഹിക്കുന്നു. പക്ഷേ ഈ ഒരു നിർബന്ധബുദ്ധി തുടക്കക്കാരെ പാടെ മാറ്റി നിർത്തുന്നതിന്‌ കാരണമാവുന്നില്ല. പുഴ.കോമിലൂടെ തുടക്കമിട്ട പലരും ഇന്ന്‌ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരായി മാറിക്കഴിഞ്ഞു. അവർക്ക്‌ ഈ നിലയിലേയ്‌ക്ക്‌ എത്താൻ കാരണമായത്‌ ഇവിടം കൊണ്ടാണെന്ന്‌ പലരും നന്ദിപൂർവ്വം പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഈ മാഗസിനിൽ പ്രിസിദ്ധീകരിച്ച ചില ലേഖനങ്ങളും കഥകളും ചിലപ്പോൾ ചില മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഞങ്ങളോടുള്ള കടപ്പാട്‌ രേഖപ്പെടുത്തി പുനഃപ്രസിദ്ധീകരിക്കാറുണ്ട്‌, ഇതൊരംഗീകാരമായി ഞങ്ങൾ നോക്കികാണുന്നു.

പത്ത്‌വർഷം മുമ്പ്‌ എളിയതോതിൽ തുടങ്ങിയ ഈ ഇന്റർനെറ്റ്‌ പ്രസിദ്ധീകരണം ഇന്ന്‌ എല്ലാതലത്തിലും ആഗോളവ്യാപകമായി മലയാള വായനക്കാരെ ആകർഷിക്കുന്നു. മലയാള ഭാഷ കേരളം കടന്നു അന്യനാടുകളിലേയ്‌ക്ക്‌ പ്രചരിപ്പിക്കുന്നതിന്‌ പുഴ.കോം വഹിച്ച പങ്ക്‌ ചെറുതല്ല. ഭാഷാസ്‌നേഹികളായ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മലയാള വായനക്കാരിലേയ്‌ക്കും ഭാഷയുടെ ചൈതന്യം പ്രസരിക്കുന്നതിന്‌ പുഴ മാഗസിൻ കാരണമായി എന്നത്‌ ഞങ്ങൾക്ക്‌ ആവേശം പകരുന്നുണ്ട്‌.

മലയാള ഭാഷയ്‌ക്ക്‌ ഇന്നേറ്റവും കൂടുതൽ വായനക്കാർ അന്യനാടുകളിലാണോ എന്ന സംശയം ഉളവാക്കന്നവയാണ്‌ ഈ മാഗസിനിലെ എഡിറ്റോറിയിലുൾപെടെയുള്ള പല രചനകളുടെയും അവസാനം വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന കോളത്തിൽ കൂടെകൂടെയുണ്ടെന്നോണം പ്രത്യക്ഷപ്പെടുന്ന പരാമർശങ്ങൾ. മലയാളഭാഷയ്‌ക്ക്‌ രണ്ടാം സ്‌ഥാനംവരെ കല്‌പിക്കുന്നു പല വിദ്യാലയങ്ങളും സ്‌ഥാപനങ്ങളും ഉള്ള കേരളത്തിനേക്കാളും കൂടുതൽ ഭാഷാ സ്‌നേഹികളുള്ളത്‌ അന്യനാടുകളിലാണ്‌ എന്നതിന്‌ തെളിവായി വായനക്കാരുടെ കോളങ്ങളിൽ വരുന്ന പരാമർശങ്ങളെ ചൂണ്ടിക്കാണിക്കാവുന്നതാണ്‌. അപൂർവ്വമായി സംഭവിക്കുന്ന ചില തെറ്റുകളും - ചില വിയോജിപ്പുകളും ആ കോളത്തിലൂടെ വായനക്കാർ ചൂണ്ടിക്കാണിക്കുമ്പോൾ അവ ഞങ്ങൾക്ക്‌ കൂടുതൽ പ്രോത്സാഹനവും ഉത്തേജനവും പകരുന്നുണ്ട്‌ എന്ന കാര്യവും ഞങ്ങൾ പരാമർശിക്കാനാഗ്രഹിക്കുന്നു. ഇതൊക്കെയാണെങ്കിലും പുഴമാഗസിൻ സമ്പൂർണ്ണമായും സാഹിത്യവിഷയങ്ങളിലൂന്നിനിൽക്കുന്ന പ്രസിദ്ധീകരണം മാത്രമാണെന്ന്‌ കരുതരുത്‌. ഈ നാടിനെ സ്‌പന്ദിക്കുന്ന പല സാമൂഹിക രാഷ്‌ട്രീയ സാമുദായിക പ്രശ്‌നങ്ങളിലും എഡിറ്റോറിയലുകൾ വഴിയും ചില ലേഖനങ്ങൾ വഴിയും ഞങ്ങളുടെ ഉത്‌കണ്‌ഠകൾ രേഖപ്പെടുത്താറുണ്ട്‌. സാമുദായിക കലാപങ്ങൾ കത്തിപ്പടരുമ്പോഴും അതിർത്തികടന്നുള്ള തീവ്രവാദബഹളങ്ങളും സ്‌ഫോടനങ്ങളും നടക്കുമ്പോഴും ചില മത തീവ്രവാദ സംഘടനകളും രാഷ്‌ട്രീയ സംഘടനകളും കലാപങ്ങൾ ഉയർത്തി രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്ക്‌ ഭീഷണിയുയർത്തുമ്പോഴും ഉത്തരവാദിത്വപ്പെട്ട ഒരു പ്രസിദ്ധീകരണം എന്ന നിലയിൽ അവയോടുളള പ്രതികരണം എന്ന നിലയിൽ പ്രസിദ്ധമായ കോളമെഴുത്തുകാരിലൂടെ ലഭിക്കുന്ന ലേഖനങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്‌.

പുഴ.കോം തുടങ്ങി അധികം താമസിയാതെ തന്നെ വളർന്ന്‌ വരുന്ന യുവകഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാനായി ചെറുകഥാമത്സരം നടത്തുന്നുണ്ട്‌. മത്സരത്തിനായി വരുന്ന കഥകൾ ഇക്കഴിഞ്ഞ മൂന്നു വർഷമായി ഞങ്ങൾ ഇന്റർനെറ്റിലൂടെ പ്രസിദ്ധീകരിച്ച്‌ വായനക്കാരുടെ വോട്ടിംഗിലൂടെ ഏറ്റവും കൂടുതൽ വോട്ടു നേടിയ മികച്ച കഥകൾ കണ്ടെത്തുകയും അവ പത്രാധിപസമിതി നിർദ്ദേശിക്കുന്ന പ്രസിദ്ധസാഹിത്യകാരന്മാരടങ്ങുന്ന ജഡ്‌ജിംഗ്‌കമ്മറ്റിയുടെ പരിശോധനയ്‌ക്ക്‌ വിധേയമാക്കി മികച്ച കഥ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്‌ അനുവർത്തിക്കുന്നത്‌. വിദേശത്തുള്ള പ്രവാസികളായ എഴുത്തുകാർ മെയിൽ വഴിയും ഓൺലൈനിലൂടെയും കഥകൾ അയച്ചുതരുന്നതിൽ നിന്ന്‌ കഥാമത്സരത്തിന്റെ ആഗോള സ്വഭാവം പ്രകടമാവുന്നു. ഇക്കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിൽ ലഭിച്ച കഥകളിൽ മൂന്നിലൊരു ഭാഗമെങ്കിലും വിദേശികളായ എഴുത്തുകാരിൽ നിന്നും ലഭിച്ചവയാണ്‌.

50 വർഷം മുൻപ്‌ മഹാകവി പാലാനാരായണൻ നായർ എഴുതിയത്‌ഃ

‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ

കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ’

എന്നത്‌ ഈ സൈബർ യുഗത്തിൽ കൂടുതൽ പ്രാവർത്തികമാക്കാൻ പുഴ മാഗസിൻ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌ എന്ന്‌ ഞങ്ങൾക്ക്‌ ഉച്ചൈസ്‌തരം പ്രഖ്യാപിക്കാൻ കഴിയും.

പുഴ.കോമിന്റെ ലോകവ്യാപകമായ പരസഹസ്രം വായനക്കാർക്ക്‌ ഐശ്വര്യ പൂർണ്ണമായ ഒരു നവവത്സരം ആശംസിക്കുന്നു.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.