പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ചങ്ങലയ്‌ക്ക്‌ ഭ്രാന്ത്‌ പിടിക്കുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

രാജ്യം റിപ്പബ്ലിക്കായതിന്റെ 62-​‍ാം വാർഷികത്തിലേക്ക്‌ കടക്കുന്നത്‌, ജനങ്ങൾ അവസാനത്തെ അഭയമായി കരുതുന്ന ജ്യുഡീഷ്യറിയെക്കുറിച്ചുള്ള ആരോപണങ്ങൾ കേട്ടുകൊണ്ടാണ്‌. ലോക രാഷ്‌ട്രങ്ങളുടെ മുന്നിൽ ഏറെ ലജ്ജിച്ച്‌ നിൽക്കേണ്ട അവസ്‌ഥ. ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യരാഷ്‌ട്രമെന്നും- ലോകത്തെ ഏക മതേതര രാഷ്‌ട്രമെന്നും ഊറ്റം കൊണ്ടിരുന്ന ജനതയുടെ ഏക പ്രത്യാശയും കൈവിട്ടു പോകുന്നോ എന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്‌ഥതയിലും മാത്രമല്ല, നിയമ സമാധാനരംഗത്തും രാഷ്‌ട്രം ഈ ഗണത്തിൽ കുപ്രസിദ്ധി നേടിയ പല ആഫ്രോ ഏഷ്യൻ - ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും പിൻതള്ളിയിരിക്കുകയാണ്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഈ ശോചനീയ പ്രവണതയ്‌ക്ക്‌ തുടക്കമിട്ടു എന്ന്‌ പറയാം. ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത്‌ അഴിമതി ആരോപണമുയരുന്ന വേളയിൽ തന്നെ ആരോപണവിധേയനായ മന്ത്രി രാജിവച്ചു പോവുമായിരുന്നു. ഒരു തവണ ആരോപണമുന്നയിച്ചത്‌ ഭരണകക്ഷിയിൽപ്പെട്ട പ്രധാനമന്ത്രിയുടെ മകളുടെ ഭർത്താവായിരുന്ന ഫിറോസ്‌ ഗാന്ധിയായിരുന്നു എന്ന കാര്യവും ഓർക്കുക. അന്നൊന്നും സത്യാവസ്ഥ തെളിയുന്നതുവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കണമെന്നു മോഹം ആരോപണവിധേയനായ മന്ത്രിമാർക്കും ഇല്ലായിരുന്നു. അന്നത്തെ ധനകാര്യമന്ത്രി ടി.ടി. കൃഷ്‌ണമാചാരി രാജിവച്ച്‌ അന്വേഷണത്തെ നേരിടാനാണ്‌ തുനിഞ്ഞത്‌. രാജ്യത്തെ പിടിച്ചുകുലുക്കിയ ആദ്യത്തെ വൻട്രയിനപകടത്തെതുടർന്ന്‌ ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ നെഹ്‌റുമന്ത്രിസഭയിലെ ഗതാഗതവകുപ്പുമന്ത്രിയായിരുന്ന ലാൽബഹദൂർശാസ്‌ത്രി രാജിവച്ചകാര്യവും ഓർക്കുക.

ഇന്ദിരാഗാന്ധിയുടെ കാലത്ത്‌തന്നെ രാജ്യം അഴിമതിയിലേയ്‌ക്ക്‌ കൂപ്പുകുത്തുന്നതിന്റെ തുടക്കം കുറിച്ചു. ഇലക്‌ഷനിലെ ക്രമക്കേടുകൾ കാരണം പാർലിമെന്റിലേയ്‌ക്കുള്ള ഇന്ദിരയുടെ ഇലക്‌ഷൻ അലഹബാദ്‌ ഹൈക്കോടതി അസാധുവാക്കിയതിനെതുടർന്നാണ്‌ ‘ഭാരതത്തിന്റെ കറുത്ത നാളുകൾ’ എന്ന്‌ വിദേശനയതന്ത്ര പ്രതിനിധികൾ വരെ വിളിച്ച അടിയന്തരാവസ്‌ഥയുടെ പിറവി. 1975 ജൂണിൽ തുടങ്ങി 1977 ആരംഭംവരെ നീണ്ടുനിന്ന ആ കാലഘട്ടത്തോടെ അഴിമതി ഭരണത്തിലെ എല്ലാ മേഖലകളിലേയ്‌ക്കും പടർന്നുകയറി.

ഈ നൂറ്റാണ്ടിന്റെ പിറവിയോടെയാണ്‌ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾക്ക്‌ തുടക്കം കുറിച്ചത്‌. ഇക്കഴിഞ്ഞ കോമൺവെൽത്ത്‌ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ അതിന്റെ ചുമതലക്കാരനായിരുന്ന സുരേഷ്‌ കൽമാഡിയുടെ മേൽ ആരോപിക്കപ്പെട്ട കോഴത്തുക 7500 കോടി രൂപയാണ്‌. 2 ജി സ്‌പെക്‌ട്രം അഴിമതിയിലേയ്‌ക്ക്‌ കടക്കുമ്പോൾ കോഴപ്പണം 1.75 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു. പാർലമെന്റിന്നകത്തും പുറത്തും വിവിധ വാർത്താമാധ്യമങ്ങളിലും അഴിമതിയാരോപണങ്ങൾ സജീവചർച്ചയായി മാറിയിട്ടും ആരോപണവിധേയരായ സുരേഷ്‌കൽമാഡിയോ, ടെലികോം മന്ത്രി രാജയോ, രാജിവച്ചൊഴിയാൻ തയ്യാറായില്ലെന്ന്‌മാത്രമല്ല, ഭരണകൂടം പലന്യായീകരണങ്ങളും പറഞ്ഞ്‌ ഇവരെ സംരക്ഷിക്കാനാണ്‌ ശ്രമിച്ചത്‌. അവസാനം സുപ്രീം കോടതി ഇടപെട്ടത്‌ കൊണ്ട്‌ മാത്രമാണ്‌ ഇവരുടെ രാജി സാദ്ധ്യമായിത്തീർന്നത്‌. മുബൈയിലെ ആദർശ്‌ അപ്പാർട്ട്‌മെന്റിന്റെ നിർമ്മാണവും അതിന്റെ അലോട്ടുമെന്റുമായി ബന്ധപ്പെട്ട്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക്‌ രാജിവച്ചൊഴിയേണ്ടിവന്നതും കോടതി ഇടപെട്ടതുകൊണ്ട്‌ മാത്രമാണ്‌. രാജീവ്‌ ഗാന്ധിയുടെ കാലത്തെ ബോഫേഴ്‌സ്‌ കേസ്സിൽ കോഴപ്പണം കൈപ്പറ്റിയ ക്വട്ടറേച്ചിക്ക്‌ ഇൻഡ്യ വിടാൻ പറ്റിയതും ഭരണകൂടത്തിന്റെ ഒത്താശലഭിച്ചത്‌ കൊണ്ടാണ്‌.

ഈ അഴിമതിക്കഥകൾ വാർത്താമാധ്യമങ്ങളിലും പാർലമെന്റിലും നിറഞ്ഞു നിൽക്കുമ്പോഴും പാർലമെന്റിലെ കഴിഞ്ഞ സമ്മേളനം പ്രതിപക്ഷബഹളം മൂലം നടത്താനാവാതെ വന്നപ്പോഴും രാജ്യം ഉറ്റുനോക്കിയിരുന്നത്‌ ഇവിടത്തെ കോടതി നടപടികളെയായിരുന്നു. ജനങ്ങൾ പ്രതീക്ഷകൈവെടിയാതെ അവസാനത്തെ അഭയമായി കാണുന്ന കോടതികളെപ്പറ്റിയുളള ഏക പരാതി നീതി പലപ്പോഴും വൈകി എത്തുന്നു എന്ന്‌ മാത്രമായിരുന്നു. ഇപ്പോഴിതാ നീതി പീഠത്തിലും അഴിമതി കയറിപ്പറ്റിയിരിക്കുന്നു. അലഹബാദ്‌ ഹൈക്കോടതിയിലെ ജഡ്‌ജിമാരെക്കുറിച്ച്‌ സംശയമുണർത്തുന്ന പരാമർശം നടത്തിയത്‌, സുപ്രീം കോടതി തന്നെയാണ്‌. ഈ വിവാദങ്ങളൊക്കെ നിലനിൽക്കുമ്പോഴാണ്‌ ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിരിക്കുന്ന മുൻ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണനെക്കുറിച്ച്‌ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്‌. ആരോപണങ്ങൾ വ്യക്തിപരമായി അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടില്ലെങ്കിലും. അദ്ദേഹം ചീഫ്‌ ജസ്‌റ്റിസായിരുന്ന കാലഘട്ടത്തിൽ മകളും മകളുടെ ഭർത്താവും സമ്പാദിച്ചുകൂട്ടിയ കോടികൾ വിലമതിക്കുന്ന വസ്‌തുവകകളും മറ്റു ഭൗതിക സമ്പത്തും ആരെയും അമ്പരിപ്പിക്കുന്നതാണ്‌. ഒന്നുമില്ലായ്‌മയിൽ നിന്ന്‌ കോടികളുടെ ഉയരത്തിലേയ്‌ക്കുള്ള അവരുടെ വളർച്ച സ്വപ്രയത്‌നത്തിൽ നിന്നാണെന്ന്‌ പറഞ്ഞാൽ ആരാണ്‌ വിശ്വസിക്കുക? മാത്രമല്ല ശ്രീ ബാലകൃഷ്‌ണൻ ചീഫ്‌ ജസ്‌റ്റീസായിരിക്കുന്ന കാലഘട്ടത്തിലെ ചില വിധിന്യായങ്ങളും പരാമർശങ്ങളും സംശയത്തിന്റെ നിഴൽ വീഴ്‌ത്തുന്നു. അഴിമതി ആരോപണവിധേയനായ ഹൈക്കോടി ജഡ്‌ജി ദിനകരനെ സുപ്രീം കോടതി ജഡ്‌ജിയാക്കാൻ അദ്ദേഹം കാണിച്ച വ്യഗ്രതയും, വിവരാവകാശ നിയമപ്രകാരമുള്ള സ്വത്ത്‌ വിവരം വെളിപ്പെടുത്തൽ സുപ്രീംകോടതി ജഡ്‌ജിമാർക്ക്‌ ബാധകമല്ല എന്ന പരാമർശവും പ്രതികളെ നാർക്കോ അനാലിസിസ്‌ ടെസ്‌റ്റിലൂടെ തെളിവ്‌ സ്വീകരിക്കുന്നത്‌ സ്വികാര്യമല്ലെന്നും - ഇവയൊക്കെ ചൂണ്ടിക്കാണിക്കുന്നത്‌ ശ്രീ ബാലകൃഷ്‌ണന്റെ നിലപാടുകളിലേയ്‌ക്കാണ്‌. ഇപ്പോൾ മനുഷ്യാവകാശകമ്മീഷൻ ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനവും ജനങ്ങൾ സംശയത്തോടെ മാത്രമേ നോക്കിക്കാണു. നമ്മുടെ രാഷൃട്ര ശില്‌പികൾ ഭരണഘടനയിലൂടെ 1950-ൽ പടുത്തുയർത്തിയ ലോകത്തെ ഏറ്റവും പരമോന്നതമായ രാജ്യത്തെ അവസ്‌ഥ ഇതാണെങ്കിൽ - ഈ റിപ്പബ്ലിക്ക്‌ ദിനാഘോഷം ഒരു മഹനീയ ദിനാഘോഷമായി കൊണ്ടാടേണ്ടതുണ്ടോ? തീരുമാനമെടുക്കേണ്ടത്‌ ജനങ്ങൾതന്നെയാണ്‌.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.