പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

തികച്ചും നീതി നിഷേധം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

ഇരുപത്തിയാറ്‌ കൊല്ലം മുമ്പാണ്‌ ഭാരതത്തെയൊട്ടാകെ നടുക്കിയ മദ്ധ്യപ്രദേശിലെ യൂണിയൻ കാർബൈഡ്‌ കമ്പനിയിലെ പ്ലാന്റിൽ വാതകചോർച്ചയുണ്ടായി 20,000ത്തിലേറെ പേർ മൃതിയടഞ്ഞത്‌. ശരിക്കും പറഞ്ഞാൽ ഒരു കൂട്ടക്കൊല. ഒരു ലോകമഹായുദ്ധത്തിൽ ബോംബിട്ടാൽ പോലും ഇത്രയധികം പേരെ ഒറ്റയടിക്ക്‌ കൊല്ലാൻ കഴിയില്ല. പക്ഷേ, യൂണിയൻ കാർബൈഡിലെ മുതിർന്ന ഉദ്യോഗസ്‌ഥരുടെ തികച്ചും നിരുത്തരവാദപരമായ പ്രവൃത്തിമൂലം 20,000ത്തോളം പേർ അപ്പോൾ തന്നെ മരണമടഞ്ഞു. അംഗഭംഗം വന്നും കാഴ്‌ച നഷ്‌ടപ്പെട്ടും ജീവിതകാലം മുഴുവൻ കൊടും വേദനയും യാതനയും അനുഭവിക്കുന്ന 10,000ത്തോളം പേർ വേറെ. 26 വർഷത്തെ കേസ്സും വിസ്‌താരവും കഴിഞ്ഞ്‌ കോടതിവിധി വന്നിരിക്കുന്നത്‌ ഇപ്പോഴാണ്‌, ഈ കോടതി വിധിയോടെ ഭാരതത്തിലെ സാധാരണക്കാർക്ക്‌ ആശ്വാസവും അഭയവും നൽകുന്ന അവസാനത്തെ അത്താണിയായി കരുതപ്പെടുന്ന നീതിന്യായ വ്യവസ്‌ഥയെ സംശയത്തോടെ വീക്ഷിക്കേണ്ട അവസ്‌ഥയാണ്‌ വന്ന്‌ ചേർന്നിരിക്കുന്നത്‌. യൂണിയൻ കാർബൈഡ്‌ കമ്പനിയിലെ ചെയർമാനെ ഒഴിവാക്കിയിട്ട്‌ പ്ലാന്റിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്‌ഥർക്ക്‌ ലഭിച്ചത്‌ തീർത്തും നാമമാത്രമായ ശിക്ഷ. കമ്പനിയുടെ ചെയർമാനായ വാറൻ ആൻഡേഴ്‌സിനെപ്പറ്റി ഒരു പരാമർശം പോലും വിധിന്യായത്തിൽ വരരുതെന്ന്‌ ആഗ്രഹിച്ചത്‌ പോലെ തോന്നുന്നു.

വാതകദുരന്തമുണ്ടായപ്പോൾ യു.എസ്സിൽ. നിന്നും ഭോപാലിലേയ്‌ക്ക്‌ വന്ന വാറൻ ആൻഡേഴ്‌സിനെ മദ്ധ്യപ്രദേശ്‌ ഗവൺമെന്റ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതി മുമ്പാകെ വന്ന ഉടനെ തന്നെ 25,000 രൂപയുടെ ജാമ്യത്തിൽ വിടാൻ വേണ്ട നടപടി സ്വീകരിച്ചത്‌ തന്നെ സംശയമുളവാക്കുന്നതായിരുന്നു. ജാമ്യം കിട്ടി പുറത്ത്‌ വരേണ്ട താമസം മദ്ധ്യപ്രദേശ്‌ ഗവൺമെന്റ്‌ അയാളെ ഒരു സ്‌പെഷ്യൽ ഫ്ലൈറ്റിൽ ഡൽഹിയിലെത്തിച്ച്‌, അവിടെ നിന്ന്‌ ഒരു കോമേഴ്‌സിയൽ ഫ്ലൈറ്റിൽ യു.എസ്സി.ലേയ്‌ക്ക്‌ കടക്കാൻ അനുവദിക്കുകയായിരുന്നു. ഇവിടെ മദ്ധ്യപ്രദേശ്‌ സർക്കാരും കേന്ദ്രസർക്കാരും കോടതിയും ഒരുമിച്ച്‌കൊണ്ട്‌ തന്നെ കൂട്ടക്കൊലയ്‌ക്ക്‌ സമാനമായ വാതകചോർച്ച ദുരന്തത്തിലെ മുഖ്യപ്രതിയെ ഇൻഡ്യവിടാൻ അനുദിച്ച നടപടിയിലൂടെ ഈ കൂട്ടക്കൊലയ്‌ക്ക്‌ സംസ്‌ഥാന സർക്കാരും കേന്ദ്രസർക്കാരും ഉത്തരവാദികളായി മാറുന്നു. കേസ്സ്‌ നടന്ന ഒരവസരത്തിൽ പോലും അയാൾ കോടതിയിൽ വരികയോ വിചാരണയെ നേടുകയോ ചെയ്‌തില്ലെന്നോർക്കുക. ഇത്‌ നമ്മുടെ നീതിന്യായ വ്യവസ്‌ഥയെ മാത്രമല്ല, ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്‌ഥയ്‌ക്ക്‌ തന്നെ കളങ്കമേറ്റ നടപടിയായി മാറി. വാറൻ ആൻഡേഴ്‌സിനെ രക്ഷപ്പെടാൻ സഹായിച്ചത്‌ അന്നത്തെ മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി അർജ്ജുൻ സിംഗും ഇൻഡ്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും ചേർന്നാണെന്ന ആക്ഷേപം അന്നേമുതലുള്ളതാണ്‌. ഇപ്പോൾ കോടതി വിധിവന്നപ്പോഴാണ്‌ 26 വർഷം മുമ്പുണ്ടായ സംഭവഗതികൾ ഒന്നൊന്നായി പുറത്ത്‌ വരുന്നത്‌.

വാറൻ ആൻഡേഴ്‌സനെ രക്ഷപ്പെടുത്തണമെന്ന സമ്മർദ്ദം അമേരിക്കയിൽ നിന്ന്‌ വന്നെന്നും പ്രധാനമന്ത്രിയും സംസ്‌ഥാന മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്‌ച നടന്നിരുന്നെന്നും അതിന്‌ ശേഷമാണ്‌ ഇൻഡ്യയിലെത്തിയ വാറൻ ആൻഡേഴ്‌സനെ കോടതിയിൽ ഹാജരാക്കി ജാമ്യമെടുപ്പിച്ച്‌ സംസ്‌ഥാന സർക്കാരും കേന്ദ്രസർക്കാരും ഒരുക്കിയ രക്ഷാസന്നാഹങ്ങളിലൂടെ യു.എസ്സിലേയ്‌ക്ക്‌ മടങ്ങിപ്പോവാൻ സഹായിച്ചുവെന്നുമുള്ള വാർത്ത. അന്ന്‌ രാജീവ്‌ ഗാന്ധിയുടെ പി.എ. ആയിരുന്ന പി.സി അലക്‌സാണ്ടർ, അമേരിക്കൻ സമ്മർദ്ദമുണ്ടായിരുന്നില്ലെന്ന്‌ പറയുമ്പോൾ മദ്ധ്യപ്രദേശിൽ പിന്നീട്‌ മുഖ്യമന്ത്രിയായ ദിഗ്‌വിജയ്‌സിംഗ്‌ നേരെമറിച്ചൊരു ഭാഷ്യമാണ്‌ നൽകുന്നത്‌.

ആൻഡേഴ്‌സനെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിട്ടില്ലെന്നാണ്‌ കോൺഗ്രസ്‌ വക്‌താവ്‌ ജയന്തി നടരാജൻ പറയുന്നത്‌. പഴിയെല്ലാം അന്നത്തെ സംസ്‌ഥാന മുഖ്യമന്ത്രിയായിരുന്ന അർജ്ജുൻസിംഗിന്റെ തലയിൽ ചാരി, മുഖം രക്ഷിക്കാനുള്ള നടപടിയാണ്‌ കേന്ദ്രസർക്കാരും ഭരണകക്ഷിയും ഇപ്പോൾ നോക്കുന്നത്‌.

രാജീവ്‌ഗാന്ധിയുടെ കാലത്ത്‌തന്നെയുണ്ടായ ബോഫേഴ്‌സ്‌ തോക്കിടപാടിലെ കോഴവിവാദത്തിൽ മുഖ്യപ്രതികളിലൊരാളായ സോണിയഗാന്ധിയുടെ ബന്ധുകൂടിയായ ക്വട്ടറേച്ചിക്കും ഇൻഡ്യൻ നിയമവ്യവസ്‌ഥയിൽ നിന്നുരക്ഷപ്പെടാനുള്ള വഴി കേന്ദ്രസർക്കാർ ഒരുക്കുകയുണ്ടായി. പിന്നീട്‌ കേസ്‌ നടന്നപ്പോഴോ, വിചാരണ സമയത്തോ, ക്വട്ടറേച്ചി പിടികിട്ടാപുള്ളിയായി മാറുകയായിരുന്നു. ഇന്നേവരെ ഇൻഡ്യയിലേയ്‌ക്ക്‌ വന്നിട്ടില്ല. കൊണ്ടുവരാനുള്ള ശ്രമമെല്ലാം വിഫലമായി മാറുകയായിരുന്നു.

ഇതെല്ലാം സൂചിപ്പിക്കുന്നത്‌ കോടികളുടെ ഇടപാടുകളുളള അഴിമതിക്കേസ്സിലും വാതകച്ചോർച്ചയിലൂടെ കൂട്ടക്കൊലയ്‌ക്ക്‌ സമാനമായ ദുരന്തമരണങ്ങളുണ്ടാവുമ്പോഴും പ്രതിസ്‌ഥാനത്ത്‌ വരുന്നവർ ഭരണകൂടത്തിന്‌ അഭിമിതരായിട്ടുള്ളവരാണെങ്കിൽ അവർക്കൊക്കെ രക്ഷപ്പെടാനുള്ള വഴി ഭരണകൂടം തന്നെ ഒരുക്കുന്നുവെന്നതാണ്‌. സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീക്ഷണി അധികാരസ്‌ഥാനത്തിരിക്കുന്നവരും കോടതികളും കൈകാര്യം ചെയ്യുന്നത്‌ ലാഘവബുദ്ധിയോടെയാണ്‌. ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യരാജ്യമാണ്‌ ഇൻഡ്യ എന്നത്‌ ഒരു പഴങ്കഥയായി മാറുന്നു. സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായ നീതിന്യായ വ്യവസ്‌ഥിതിയും അവർക്ക്‌ മുഖം തിരിഞ്ഞു നിൽക്കുന്നു. ഈ ഒരവസ്‌ഥ എന്നാണിനി മാറുക.?

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.