പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

സമ്മതിദായകരുടെ ധർമ്മസങ്കടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

കേരളമുൾപ്പെടെ ഇന്ത്യയിലെ അഞ്ച്‌ സംസ്‌ഥാനങ്ങളിൽ - കേരളം പോണ്ടിച്ചേരി, തമിഴ്‌നാട്‌, ആസ്സാം, പശ്ചിമബംഗാൾ - ഒരു പൊതു തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ്‌ നടക്കുന്നു. ഈ തിരഞ്ഞെടുപ്പ്‌ അതാത്‌ പ്രദേശങ്ങളിലെ നിലവിലുള്ള ഭരണത്തിന്റെ കാലാവധി കഴിയുന്നത്‌കൊണ്ടാണെങ്കിലും കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം അവരുടെ കഴിഞ്ഞ രണ്ട്‌ വർഷക്കാലത്തെ ഭരണം എങ്ങനെയിരുന്നുവെന്നതിന്റെ ഒരു വിലയിരുത്തൽ കൂടിയായിരിക്കും എന്ന്‌ കണക്കാകുന്ന രാഷ്‌ട്രീയ നിരീക്ഷകരുണ്ട്‌. അതിനവർ ചൂണ്ടിക്കാണിക്കുന്ന വസ്‌തുക്കൾ മിക്കതും കേന്ദ്രഭരണകൂടത്തെ പ്രതികൂട്ടിൽ നിർത്താൻ കാരണമായ സാഹചര്യങ്ങൾ ഉളവാക്കുന്നവയാണ്‌. ഇൻഡ്യയിൽ ഇന്ന്‌വരെ നടന്നിട്ടുള്ളതിനേക്കാൾ ഏറ്റവും അഴിമതിയായിരുന്നു. കഴിഞ്ഞവർഷം ടെലകോം മേഖലയിലെ 2ജി സ്‌പെക്‌ട്രം ഇടപാടുകൾ. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും സി.ബി.ഐ റെയ്‌ഡും പ്രതികൾ എന്ന്‌ സംശയിക്കുന്നവരെ ചോദ്യം ചെയ്യലും പിന്നീടുള്ള അറസ്‌റ്റും കൂടിയായപ്പോൾ അഴിമതിയുടെ വ്യാപ്‌തി, ഇനിയും ഏറുമെന്നാണ്‌ നിഗമനം. അഴിമതിയുടെ സൂത്രധാരകനായി കരുതിയ മന്ത്രിക്ക്‌ രാജിവക്കേണ്ടിവന്നു. അദ്ദേഹമിപ്പോൾ ജയിലിലാണ്‌. അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഒരു കമ്പനിയുടെ എം.ഡി.യുടെ ആത്മഹത്യ തെളിയിക്കുന്നത്‌ -ഈ അഴിമതിക്കഥയുടെ ചുരുൾ പൂർണ്ണമായും അഴിയുകയാണെങ്കിൽ ഒരു രാഷ്‌ട്രത്തെ അപ്പാടെ വിഴുങ്ങാൻ പറ്റിയ സമ്പത്ത്‌ ഏതാനും പേരുടെ കയ്യിൽ വന്നു പെടുമായിരുന്നുവെന്നാണ്‌ കഴിഞ്ഞവർഷം തന്നെയായിരുന്നു, കോമൺവെൽത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിക്കഥകൾ. അതിനെത്തുടർന്നുള്ള കേസന്വേഷണവും തെളിവെടുപ്പും ഇനിയും പൂർത്തിയായിട്ടില്ല.

ഇൻഡ്യയിലെ ഏറ്റവും വലിയ ടാക്‌സ്‌ വെട്ടിപ്പുകാരനെ (ഉദ്ദേശം 8000 കോടി രൂപയുടെ വെട്ടിപ്പായിരുന്നു തുടക്കത്തിൽ) ചോദ്യം ചെയ്യാനും പിന്നീട്‌ അറസ്‌റ്റ്‌ ചെയ്യാനും ഇടയായത്‌ സുപ്രീം കോടതി ഇടപെട്ടത്‌കൊണ്ട്‌മാത്രമാണ്‌. കേന്ദ്ര വിജിലൻസ്‌ കമ്മീഷണറായി ചുമതലയേറ്റ പി.ജെ. തോമസിനെ പുറത്താക്കേണ്ടിവന്നതും സുപ്രീം കോടതിയുടെ ഇടപെടൽ കൊണ്ടാണ്‌. 90 കളിലെ പാമോലിൻ ഇറക്കുമതി ഇടപാടിൽ കേരളത്തിന്‌ കോടികളുടെ നഷ്‌ടം വരുത്തിയ കേസിൽ ക്രിമിനൽ നടപടികൾ നേരിടുന്ന ആളാണെങ്കിലും ആ വിവരം അദ്ദേഹം മറച്ച്‌ വച്ചത്‌, പ്രതിപക്ഷനേതാവ്‌ ചൂണ്ടിക്കാട്ടിയിട്ടും അത്‌ കണക്കിലെടുക്കാതെ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന്‌ നിയമിച്ചത്‌ റദ്ദാക്കേണ്ടിവന്നത്‌ സുപ്രീം കോടതി ഇടപെട്ടത്‌ കൊണ്ട്‌ മാത്രം. ഇവിടൊക്കെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്‌ കേന്ദ്രഭരണകൂടമാണ്‌. വ്യക്തിപരമായി സത്യസന്ധനെന്ന ക്ലീൻ ഇമേജോടുകൂടി രണ്ടാമതും പ്രധാനമന്ത്രിയായ ഡോ. മൻമോഹൻസിംഗ്‌ ഇപ്പോൾ ശരിക്കും പ്രതിസ്‌ഥാനത്ത്‌ വന്നിരിക്കുന്നു. പാർലമെന്റിനകത്തും പുറത്തും പ്രതിക്ഷവും മാധ്യമ പ്രവർത്തകരും സമയാസമയങ്ങളിൽ ഇതൊക്കെ ചൂണ്ടിക്കാട്ടിയിട്ടും അതിനോടൊക്കെ നിഷേധാത്‌മകമായ നടപടി സ്വീകരിച്ച കേന്ദ്രഭരണകൂടത്തിന്റെ നടപടികൾ അവർക്ക്‌ തന്നെവിനയായി മാറുകയാണുണ്ടായത്‌. വിജിലൻസ്‌ കമ്മീഷണറുടെ നടപടി റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിനിടയാക്കിയ വിധിയിൽ സുപ്രീം കോടതിയുടെ പരാമർശം പ്രത്യേകം എടുത്ത്‌പറയേണ്ടിയിരിക്കുന്നു. ‘ഒരു വ്യക്തിയുടെ സ്വഭാവമല്ല, വ്യക്തിവഹിക്കുന്ന സ്‌ഥാനത്തിന്റെ വലിപ്പമാണ്‌ പ്രധാനം.’

കേന്ദ്രഭരണകൂടം വീണ്ടും പ്രതിരോധത്തിലേയ്‌ക്ക്‌ നീങ്ങേണ്ട അവസ്‌ഥയാണ്‌, കഴിഞ്ഞ ഭരണക്കാലത്തെ ആണവനിർമ്മാർജ്ജനക്കരാറിൽ ഗവൺമെന്റിന്‌ പാർലമെന്റിനകത്ത്‌ ഭൂരിപക്ഷം കിട്ടാൻ ഏതാനും എം.പി.മാരെ കോഴകൊടുത്ത്‌ വിലയ്‌ക്ക്‌ വാങ്ങേണ്ടിവന്നു എന്ന കഥ വിക്‌ലീക്‌സ്‌ എന്ന വിദേശ കേബിൾ പ്രസിദ്ധീകരണം ഈയിടെ പുറത്ത്‌ വിട്ടതിലൂടെ വന്നു ചേർന്നിരിക്കുന്നത്‌.

ഇപ്പോൾ തിരഞ്ഞെടുപ്പ്‌ നടക്കുന്ന എല്ലാ സംസ്‌ഥാനങ്ങളിലും ഭരണത്തിലും പ്രതിപക്ഷത്തുമുള്ള നിരവധി രഷ്‌ട്രീയ നേതാക്കൾ വിവിധ അഴിമതി ഇടപാടിലും ക്രിമിനൽ കേസുകളിലും പ്രതിയാക്കപ്പെട്ടവരാണ്‌. ടെലികോം മേഖലയിലെ ഭീമമായ അഴിമതി എടപാടിൽ ഗുണഭോക്‌താക്കൾ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഢ മുന്നേറ്റ കഴകമാണ്‌. ഇപ്പോൾ ജയിലിലായ രാജ, ഡി.എം.കെ. മന്ത്രിയായിരുന്നു. ഡി.എം.കെ. പ്രസിഡണ്ട്‌ കരുണാനിധിയുടെ ഭാര്യയും മകൾ കനിമൊഴിയും ഇപ്പോൾ ചോദ്യം ചെയ്യലിന്‌ വിധേയരായിരിക്കുകയാണ്‌. ജയിലിലായ മുൻമന്ത്രി രാജ അവരുടെ ഒരു കരു മാത്രമായിരുന്നു. തമിഴ്‌നാട്ടിൽ കോൺഗ്രസും ഡി.എം.കെ.യുമായി സഖ്യം ചെയ്‌തുകൊണ്ടാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. അഴിമതി ആരേപണങ്ങൾ എന്തൊക്കെയായാലും യാതൊരുളുപ്പുമില്ലാതെ കൈകോർത്ത്‌ നീങ്ങുന്നതുകാണുമ്പോൾ - ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്‌ഥ വളരെ ശോചനീയമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

കേരളത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരു മുൻമന്ത്രി ഇപ്പോൾ ഒരു വർഷക്കാലത്തെ തടവ്‌ ശിക്ഷ അനുഭവിക്കുകയാണ്‌. പക്ഷേ ജയിലിൽ കിടന്നുകൊണ്ടായാലും തനിക്ക്‌ മത്സരിക്കാൻ പറ്റുമോ എന്ന അദ്ദേഹത്തിന്റെ മോഹം വ്യാപകമായ പ്രതലഷേധങ്ങളെ തുടർന്ന്‌ ഉപേക്ഷിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിനെ നേരിടുന്ന ചില കക്ഷിനേതാക്കൾ പെൺവാണിഭം, പാമൊലിൻ അഴിമതി, തുടങ്ങിയ കേസുകളിൽ അന്വേഷണം നേരിടുന്നവരാണ്‌. ഭൂമികയ്യേറ്റം, ലോട്ടറി വിവാദം, ചന്ദനക്കടത്ത്‌, മണൽക്കൊള്ള, ആദിവാസികൾക്കവകാശപ്പെട്ട ഭൂമി കാറ്റാടിക്കമ്പനിക്ക്‌ കൈമാറൽ - ഈ വിവാദങ്ങളിലൊക്കെ കേരളത്തിലെ ഭരണത്തിലെയും പ്രതിപക്ഷത്തെയും മിക്കരാഷ്‌ട്രീയ പാർട്ടികളിൽ പെട്ടവരും ഉൾപ്പെടുന്നു. പക്ഷേ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുന്നത്‌ ഒരു തടസ്സമായി അവർ കാണുന്നില്ല. രാഷ്‌ട്രീയ സദാചാരം അന്യം നിന്നുപോയ അവസ്‌ഥയാണിപ്പോൾ, അഞ്ചും ആറും പ്രാവശ്യം തിരഞ്ഞെടുപ്പിൽ നിന്ന്‌ അധികാരക്കസേരയിലിരുന്നവർ പുതുമുഖങ്ങൾക്ക്‌ അവസരം കൊടുക്കാതെ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ അധികാരം എന്നത്‌ ചില വ്യക്തികൾക്ക്‌ തീറെഴുതിക്കിട്ടിയതാണോ എന്ന്‌ സംശയിക്കേണ്ടുന്ന അവസ്‌ഥ. ചിലരത്‌ കുടുംബവാഴ്‌ച പോലെ കൊണ്ടുനടക്കുന്നു. കേന്ദ്രത്തിലെ ഒരു മന്ത്രി മുമ്പ്‌ തന്റെ ഭാര്യ മത്സരിച്ച്‌ ജയിച്ച മണ്ഡലം പിന്നീട്‌ നഷ്‌ടപ്പെട്ടപ്പോൾ ഭാര്യ മരിച്ചത്‌കൊണ്ട്‌, മകളിൽക്കൂടി പിടിച്ചെടുക്കാനുള്ള ശ്രമം പാളിപ്പോയത്‌, യുവനേതാക്കളുടെ സമർഥമായ ഇടപെടലുകൾകൊണ്ടാണ്‌. മകൾ രാഷ്‌ട്രീയക്കാരിയല്ലെങ്കിലും രാഷ്‌ട്രീയപാരമ്പര്യമുള്ള കുടുബത്തിലെ അംഗമായതുകൊണ്ട്‌ അത്‌ നില നിർത്താനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഈയിടെ അന്തരിച്ച ലീഡറെന്ന്‌ വിശേഷനാമത്തിൽ അറിയപ്പെടുന്ന നേതാവിന്റെ മക്കൾ സ്‌നേഹം മഹാഭാരത്തിലെ ധൃതരാഷ്‌ട്രരുടെ പുത്രസ്‌നേഹത്തെ അനുസ്‌മരിപ്പിക്കുന്നു. മക്കളുടെ ദുർനടത്തക്ക്‌ കൂട്ടുനിന്ന ധൃതരാഷ്‌ട്രർ ജന്മനാ അന്‌ധനായിരുന്നെങ്കിൽ, ലീഡർ മക്കൾ സ്‌നേഹത്താൽ അന്ധനായി മാറുകയായിരുന്നു.

ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യരാഷ്‌ട്രം എന്ന്‌ ഉദ്‌ഘോഷിക്കപ്പെടുന്ന ഇൻഡ്യയുടെ ഇന്നത്തെ അവസ്‌ഥയാണ്‌ ഇവിടെ വിവരിച്ചത്‌. ഇവിടെ സാധാരണക്കാരായ സമ്മതിദായകരുടെ അവസ്‌ഥ എന്താകണം? കളങ്കരഹിതരായവർ എല്ലാ പാർട്ടികളിലും കുറെ പേരെങ്കിലും കാണും. പക്ഷേ, അത്തരക്കാർക്ക്‌ മത്സരിക്കാനുളള അവസരം വളരെ വിരളമായേ ലഭിക്കൂ, തിരഞ്ഞെടുക്കപ്പെട്ടവരിൽ, ഭരിക്കാൻ അറിയാത്തവരെയും അഴിമതിക്കാരെയും തിരിച്ച്‌ വിളിക്കാനുള്ള വകുപ്പ്‌ ഭരണഘടനയിലില്ല എന്നത്‌, ഇവർ വീണ്ടും വീണ്ടും മത്സരിക്കാനും ജയിച്ച്‌ വന്നാൽ പിന്നെയും അഴിമതി നടത്താനുള്ള വ്യഗ്രത കാട്ടാനും കാരണമാകുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ, പ്രതിമാസശമ്പളം, അലവൻസും മറ്റാനുകൂല്യങ്ങൾ ഇവയ്‌ക്ക്‌ പുറമെ, ഭരണപരമായ നടത്തിപ്പിനായി ഏതെങ്കിലും സബ്‌കമ്മറ്റിമെമ്പറായോ, വിദേശരാജ്യ സന്ദർശനത്തിനുള്ള അവസരം നേടിയെടുത്തോ തങ്ങളുടെ വരുമാനം വീണ്ടും വർദ്ധിപ്പിക്കാനാണ്‌ ശ്രമിക്കാറ്‌.

അങ്ങനെ വരുമ്പോൾ നമ്മൾ തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികൾ രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കാനുള്ള അവസരങ്ങൾ തേടിനടന്ന്‌ - രാജ്യത്തെ മാത്രമല്ല സമ്മതിദായകരെയും വഞ്ചിക്കുന്ന അവസ്‌ഥയിലേക്ക്‌ നീങ്ങുന്നു. ഇങ്ങനെയുള്ളവരെ ഇനിയും നമ്മൾ തിരഞ്ഞെടുത്തയക്കേണ്ടതുണ്ടോ?

ഇന്ത്യ ജനാധിപത്യരാഷ്‌ട്രമാണെന്നും ജനങ്ങളുടെ പ്രാഥമിക കർത്തവ്യം തിരഞ്ഞെടുപ്പിൽ വിവേചനപൂർവ്വം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണെന്നും ഉള്ളതൊക്കെ ഭരണഘടനയിൽ എഴുതപ്പെട്ട ചില വരികൾ മാത്രമാണെന്നും ജനങ്ങൾ തിരിച്ചറിയുമ്പോൾ - ഈ പ്രഹസനം വേണ്ടെന്ന്‌ വയ്‌ക്കുന്നതല്ലേ നല്ലതെന്ന്‌ ചിന്തിക്കാൻ തുടങ്ങിയാൽ - ? അല്ലെങ്കിൽ മത്സരിക്കുന്നവരിൽ കൊള്ളാവുന്ന വ്യക്തിത്വങ്ങൾ ഉണ്ടെങ്കിൽ അവർ ഏത്‌ കക്ഷിയിൽ പെട്ടവരായാലും അവർക്ക്‌ മാത്രം വോട്ട്‌ നൽകിയാൽ മതി എന്നും അങ്ങനെയുള്ളവരില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്ന്‌ മാറിനിൽക്കുന്നതാണ്‌ യുക്തമെന്ന്‌ തോന്നിയാൽ- ജനാധിപത്യത്തിൽ അങ്ങനെയും ചില വശങ്ങളുണ്ടെന്ന്‌ തോന്നിയാൽ- അങ്ങനെ പ്രവർത്തിക്കുന്നവരെ കുറ്റം പറയാനാവില്ല. അഴിമതിക്കാരെയും രാജ്യം കൊള്ളയടിക്കുന്നവരെയും തിരിച്ച്‌ വിളിക്കാനുള്ള അവസരമില്ലാത്തിടത്തോളം കാലം തിരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കകരിക്കുന്നതിനെ കുറ്റം പറയാനാവില്ല. സമ്മതിദായക്കാരാണ്‌ ഉണർന്ന്‌ പ്രവർത്തിക്കേണ്ടത്‌.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.