പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ക്രിമിനവല്‍ക്കരിക്കപ്പെട്ട കേരള രാഷ്ട്രീയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

കേരളരാഷ്ടീയത്തില്‍ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന രീതി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ തീര്‍ത്തും ഇല്ല എന്ന് പറയാന്‍ പറ്റില്ലെങ്കിലും അവയുടെ എണ്ണം വളരെ കുറവായിരുന്നു. അന്നൊക്കെ യു.പി, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു പൈശാചികമായ ഈ പ്രക്രിയ നടത്തി വന്നിരുന്നത്. പക്ഷെ , ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിന്ദ്യവും വന്യവുമായ നടപടി നടപ്പാക്കി തുടങ്ങിയിരിക്കുന്നു. എങ്കിലും അവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇടതുപക്ഷത്തെ സി.പി. എമ്മും , മുസ്ലീം തീവ്രവാദത്തിലൂന്നിയുള്ള പില്‍ക്കാലത്ത് രാഷ്ട്രീയ പാര്‍ട്ടിയായി രൂപം പ്രാപിച്ച എസ്. ഡി. പി. ഐ യുമാണെന്നാണ് ആക്ഷേപം. കേരളം ഇപ്പോള്‍ അക്കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വടകരക്കടുത്തുള്ള ഒഞ്ചിയത്തെ ടി . പി ചന്ദ്രശേഖരന്‍ വധം.

മലബാറില്‍ വടക്കുഭാഗത്തുള്ളവര്‍ക്ക് കൊലപാതകം അത്ര ഭീതിജനകമായ സംഭവമല്ല. വടക്കന്‍ പാട്ടുകളിലൂടെ നാടുവാഴികള്‍ക്കും മാടമ്പികള്‍ക്കും വേണ്ടി അങ്കം വെട്ടി ജീവന്‍ തുലക്കുന്ന അങ്കത്തട്ടിലുള്ളവരുടേയും ചേകവരുടേയും കഥകള്‍ വീരഗാഥകളായി കൊണ്ടാടുന്നവര്‍ക്ക് തോന്നുകയില്ല . പക്ഷെ, അന്നത്തെ അങ്കപ്പുറപ്പാടിന് സത്യസന്ധമായ ഒരന്തരീക്ഷമണ്ടായിരുന്നു.

പറഞ്ഞുറപ്പിച്ച്, പോര്‍വിളിച്ച് , തീയതിയും സ്ഥലവും കുറിച്ച്, ആര്‍ക്കുവേണ്ടിയാണൊ അങ്കം വെട്ടുന്നത് അവരുടേയും പൊതുജനങ്ങളുടേയും മുന്‍പില്‍ വച്ചുള്ള അങ്കപ്പുറപ്പാട് . ഇന്നത്തെ അവസ്ഥ അതല്ല . എതിരാളികളെ പട്ടാപകലാണെങ്കില്‍ക്കൂടിയും പൊടുന്നനെ രക്ഷപ്പെടാനുള്ള പഴുതുകളടച്ചുകൊണ്ടുള്ള ആക്രമണം. ഇങ്ങനെ മരിക്കുന്നവര്‍ക്ക് വേണ്ടിയും സ്തുതിഗീതങ്ങള്‍ പാടുന്ന ‘ പാണന്മാര്‍’ ഇപ്പോഴും ഉണ്ട്.

മുമ്പൊക്കെ കേരളത്തില്‍ ഉണ്ടായിട്ടുള്ളത് ചില വര്‍ഗ്ഗീയ കലാ‍പങ്ങളാണ്. എഴുപതുകളുടെ ആരംഭത്തിലെ തലശ്ശേരി ലഹളയും മട്ടാഞ്ചേരി കലാപവും പിന്നീട് വിഴിഞ്ഞത്തും ഏറ്റവും അവസാനം മാറാടിലും ഉണ്ടായ കലാപങ്ങള്‍ ഓര്‍ക്കുക. പക്ഷെ, മാറട്ടിലേതൊഴിച്ച് മുമ്പ് നടന്ന കലാപങ്ങളൊക്കെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും മതങ്ങളിലേയും ക്രാന്തദര്‍ശികളായ നേതാക്കന്‍മാരുടെ സമയോചിതമായ ഇടപെടലുകള്‍കൊണ്ട് ആളിപ്പടരാതെ കെട്ടടങ്ങി. ഇപ്പോഴത്തെ സ്ഥിതി അതല്ല. മാറാട്ടിലെ കലാപത്തിന് ഒരു രണ്ടാം ഭാഗവും ഉണ്ടാവുകയുണ്ടായി. കേസുകള്‍ പലതും കോടതിയിലാണ്. ആദ്യത്തെ കലാപത്തിന്റെ കേസ്സില്‍ മാത്രം ചില വിധികള്‍ വന്നിട്ടുണ്ട്. മത തീവ്രവാദികളുടെ വിളയാട്ടത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു മൂവാറ്റുപുഴയിലെ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടു കേസ് . ആ കേസന്വേഷണം ഇനിയും പൂര്‍ത്തിയാ‍യിട്ടില്ല.

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള നാടുവാഴികളും മാടമ്പികളുമായ രാഷ്ട്രീയ നേതാക്കന്മാരുടെ ആശീര്‍വാദത്തോടെയുള്ള അങ്കപ്പുറപ്പാട് ഇപ്പോള്‍ തുടര്‍ച്ചയായെന്നോണം നടക്കുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ഒഞ്ചിയത്തെ ടി. പി ചന്ദ്രശേഖരന്‍. രാത്രി പത്ത് മണിയോടെ വീട്ടിലേക്കുള്ള മടക്കത്തില്‍ ഏഴിലേറെ പേര്‍ കാറില്‍ വന്ന് ഏറ്റവും പൈശാചികവും പ്രാകൃതവുമായ രീതിയില്‍ ആദി കാലത്തെ അപരിഷ്കൃതവര്‍ഗ്ഗക്കാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന വിധം മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കീറിയും കൊല്ലുകയായിരുന്നു.

രാഷ്ട്രീയ രംഗത്ത് മുമ്പും ഇതുപോലുള്ള നടുക്കമുണ്ടാക്കുന്ന കൊലപാതകം നടന്നിട്ടുണ്ട്. സ്കൂളില്‍ ക്ലാസ്സെടുത്തുകൊണ്ടിരുന്ന ബി. ജെ. പി പ്രവര്‍ത്തകന്‍ കെ. ടി ജയകൃഷ്ണനെ ക്ലാസിലെ കുട്ടികളുടെ മുമ്പില്‍ വച്ച് സി. പി. എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവം . ചോരയില്‍ കുളീച്ച് കിടക്കുന്ന തങ്ങളുടെ അദ്ധ്യാപകന്റെ മൃതദേഹം കണ്ട്, കുട്ടികള്‍ പലരും ബോധം കെട്ടു വീണു. കേസ് വരുമ്പോള്‍ ആരെങ്കിലും സാക്ഷി പറയാന്‍ പോയാല്‍ അവരേയും വകവരുത്തുമെന്ന് പറഞ്ഞാണ് ഘാതകര്‍ പോയത്. കോടതിയിലെത്തിയ കേസ്സില്‍ 4 പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീലില്‍ തള്ളിപ്പോയ കേസ്സ് , സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഒരാളുടെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയും മറ്റ് മൂന്നു പേരെ വെറുതെ വിടുകയാണുമുണ്ടായത്. മാര്‍കിസ്റ്റ് മുന്നണി പില്‍ക്കാലത്ത് അധികാരത്തില്‍ വന്നപ്പോള്‍ ജീവപര്യന്തക്കാരന്റെ ശിക്ഷ, പത്ത് വര്‍ഷം ജയിലില്‍ കഴിഞ്ഞതിന്റെ പേരില്‍ മോചിപ്പിക്കുവാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. ഇവിടെ ബി. ജെ. പി ക്കാരുടെ വായടക്കാന്‍ വേണ്ടി തടവില്‍ കഴിയുന്ന അവരുടെ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ചിലരെ മോചിപ്പിക്കാനുള്ള നടപടിയും കൈക്കൊണ്ടു. കൊലപാതകരാഷ്ട്രീയം നടപ്പാക്കിയവരും ഇരയായവരും ഒന്നിക്കുമ്പോള്‍ കേരളത്തില്‍ ഈ പ്രക്രിയ ഇനിയും ആവര്‍ത്തിച്ചു കൂടായ്കയില്ല.

ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ നേരിട്ടുള്ള ആക്രമണപരമ്പരകള്‍ നിര്‍ത്തി അവ നടത്താന്‍ പ്രാപ്തരാ‍യ ‘ ക്വട്ടേഷന്‍’ സംഘത്തെ ഏല്‍പ്പിക്കുകയാണ്. ഒഞ്ചിയത്ത് നടപ്പാക്കിയത് അതാണ്. ഇവിടെ സി. പി എം. കാര്‍ നേരിട്ട് രംഗത്ത് വന്നില്ല . കൊല്ലേണ്ടയാളെ ചൂണ്ടിക്കാണിക്കുന്ന ജോലിയേ അവര്‍ക്കുണ്ടായിരുന്നുള്ളു. കൊല നടപ്പാക്കുന്ന ചേകവരും അങ്കക്കാരും വേറെ. ഈ ക്വട്ടേഷന്‍ സംഘത്തിന് രാഷ്ട്രീയ ബന്ധമുണ്ടാവണമെന്നില്ല. പറഞ്ഞുറപ്പിച്ച തുക ലഭിക്കണമെന്ന് മാത്രം. അതവര്‍ ഏറ്റവും പ്രാകൃതവും പൈശാചികവുമായ രീതിയില്‍ നടപ്പാക്കി. പക്ഷെ, ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ സി. പി. എം , പ്രതീക്ഷിച്ചതിനു വിപരീതമായ രീതിയിലാണ് സംഭവങ്ങള്‍ ഉരുത്തിരിയുന്നത്. സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായതോടെ അവരുടെ ‘ പുകമറയിട്ടുള്ള വാദഗതികള്‍ ‘ തങ്ങള്‍ക്ക് ഇതില്‍ ബന്ധമില്ല’ എന്ന പ്രസ്താവം ആള്‍ക്കാര്‍ വിശ്വസിക്കാന്‍ തയ്യാറാവുന്നില്ല.

കേസന്വേഷിക്കുന്ന പോലീസ് വിഭാഗത്തിലും വിഭാഗീയത ഉണ്ട് എന്നത് വെളിവായിക്കഴിഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തവരോട് ആഭിമുഖ്യമുള്ള പോലീസുദ്യോഗസ്ഥനും അന്വേഷണ സംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വരുമ്പോള്‍ കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്കും നടത്തിയവര്‍ക്കും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഇട്ടിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാവും കോടതിയുടെ മുന്നില്‍ വരിക. ക്രിമിനവല്‍ക്കരിക്കപ്പെട്ട പോലീസുദ്യോഗസ്ഥര്‍ നമ്മുടെ പോലീസ് സേനയില്‍ ഉണ്ടെന്നുള്ള കാര്യം ഇതിനോടകം വ്യക്തമായി കഴിഞ്ഞ കാര്യമാണ്.

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച് മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ഉദയകുമാര്‍ എന്ന യുവാവിനെ “ റൂള്‍ത്തടി’ പ്രയോഗത്തിലൂടെ കൊല ചെയ്ത പോലീസുകാരെ സംരക്ഷിക്കാന്‍ കേസന്വേഷണം നടത്തുന്ന പോലീസ് സംഘത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം മാധ്യമപ്രവര്‍ത്തകരുടേയും ചാനലുകാരുടേയും ശ്രമഫലമായി വെളിച്ചത്ത് വന്നതാണ്. പാലക്കാട് ‘ സമ്പത്ത്’ വധക്കേസിലും ഇതുതന്നെയാണുണ്ടായത്.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത് ഡി. വൈ. എസ്. പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസുദ്യോഗസ്ഥരാണ്. ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ പിടിയിലായതോടെയാണ് പോലീസുദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്ത് വന്നത്. ഇങ്ങനെയൊക്കെ വരുമ്പോള്‍ കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ വിശ്വസ്തതയെ ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കില്‍ അവരെ കുറ്റം പറയാനാകില്ല.

ക്രിമിനവല്‍ക്കരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ കുറ്റക്കാരായി മാ‍റുമ്പോള്‍ , രാഷ്ട്രീയ പ്രബുദ്ധതയും സാക്ഷരതയും സാംസ്ക്കാരികത്തനിമയും നേടിയ നാടാണ് കേരളം എന്നത് കാലാഹരണപ്പെട്ട ഒരു സത്യമായി മാറും. ഇന്നത്തെ അവസ്ഥ അധികം നാള്‍ നീണ്ടു നില്‍ക്കില്ലെന്നു പ്രത്യാശിക്കാം.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.