പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഗാന്ധിയൻ സമരത്തിന്റെ വിജയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

കഴിഞ്ഞ 4 ദശാബ്‌ദങ്ങളായി കേന്ദ്രഗവൺമെന്റിന്റെ പരിഗണനയിലും പാർലമെന്റിലും ചർച്ചയൊന്നുമില്ലാതെ - ജീവനില്ലാതെ കിടന്ന അഴിമതിവിരുദ്ധബില്ലിന്‌ ഇപ്പോൾ പ്രാധാന്യം വന്നിരിക്കുന്നു. ലോകജനപാൽ ബിൽ എന്ന പേരിൽ പുതിയൊരു അഴിമതി വിരുദ്ധബില്ലിന്‌ രൂപംകൊടുക്കാനുള്ള തത്രപ്പാടിലാണ്‌ ഭരണത്തിലേയും പൊതുജനങ്ങളുടെയും പേരിൽ രൂപം കൊണ്ട പുതിയ സംയുക്തസമിതി. പക്ഷേ, അണിയറയിൽ, പ്രത്യേകിച്ചും ഭരണകൂടത്തിലിരിക്കുന്നവർ ഈ ബില്ല്‌ അവതരിപ്പിക്കുന്നത്‌ പിന്നെയും നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്‌ ഇപ്പോഴും നടത്തുന്നതെന്ന്‌ ഏത്‌ സൂക്ഷ്‌മദൃക്കുകൾക്കും മനസ്സിലാക്കാൻ കഴിയും. തിരഞ്ഞെടുപ്പ്‌ കാലത്ത്‌ അധികാരം കിട്ടിയാൽ ഭരണത്തിൽ കയറികൂടിയ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്‌ വാഗ്വാദം മുഴക്കുമെങ്കിലും ഭരണത്തിന്റെ ഭാഗമായി മാറുന്നതോടെ അവർ തങ്ങളുടെ വാഗ്‌ദാനങ്ങൾ മറക്കുമെന്ന്‌ മാത്രമല്ല, ചിലപ്പോഴൊക്കെ അഴിമതിക്കാരുടെ കൂട്ടത്തിൽ ചെന്നുപെടുകയും ചെയ്യും.

ഇൻഡ്യയിൽ ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകാലം മാത്രമായിരുന്നു, താരതമ്യേന അഴിമതികുറഞ്ഞ ഒരു കാലഘട്ടം. പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്ന പ്രതാപ്‌സിംഗ്‌ കെയ്‌റൊണിനെപ്പറ്റി മാത്രമാണ്‌, സംസ്‌ഥാനതലത്തിൽ മുഖ്യമായി ആരോപണം ഉയർന്നുവന്ന്‌ വിവാദങ്ങൾ സൃഷ്‌ടിച്ചത്‌. ആരോപണം ശക്തിയാർജ്ജിച്ചപ്പോൾ, അതിനെ എല്ലാവിധത്തിലും നേരിടാൻ തയ്യാറായ കെയ്‌റോണിന്‌ സ്വന്തം കുടുംബാംഗങ്ങളോടൊപ്പം അപമൃത്യു നേരിടാനായിരുന്നു യോഗം. കേന്ദ്രഭരണകൂടത്തിൽ റ്റി.റ്റി. കൃഷ്‌ണമാചാരിക്കെതിരെ ആക്ഷേപമുയർന്നപ്പോൾ, അദ്ദേഹം രാജിവച്ച്‌ അന്വേഷണം നേരിടാൻ തയ്യാറായി. ലാൽ ബഹദൂർ ശാസ്‌ത്രിയുടെ ഹൃസ്വകാല ഭരണത്തിന്‌ ശേഷം വന്ന ഇന്ദിരാഗാന്ധിയുടെ കാലത്താണ്‌ അഴിമതി മഹാമാരിപോലെ സർവ്വത്ര വ്യാപകമായി പടർന്നത്‌. ഒരുഘട്ടത്തിൽ സ്വന്തം ഭരണത്തിലെ അഴിമതിയെ പ്രതിരോധിക്കാൻ ശ്രമിച്ച ഇന്ദിരാഗാന്ധി പറഞ്ഞവാക്കുകൾ ഒരു ഭരണാധികാരിക്ക്‌ യോജിച്ചതായിരുന്നില്ല. “അഴിമതി ഇന്ന്‌ ആഗോളവ്യാപകമായ ഒരു പ്രതിഭാസമാണ്‌. അതിന്റെയൊക്കെ പ്രതിഫലനം കുറെയൊക്കെ ഇവിടെയും കണ്ടെന്നിരിക്കും.”

എഴുപതുകളുടെ ആരംഭത്തിലാണ്‌ അഴിമതിവിരുദ്ധ ബില്ലിനെപ്പറ്റി ആലോചിക്കുന്നത്‌. പക്ഷേ, അഴിമതി വിരുദ്ധബില്ലിനെപ്പറ്റി ആലോചിക്കുന്ന വേളയിൽ തന്നെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മെമ്പർമാർ പലരും അഴിമതിയുടെ ഭാഗമായി മാറുകയും ക്രമേണ ആ ബില്ലിന്‌ തടയിടാൻ ശ്രമിക്കുകയുമായിരുന്നു. അതോടെ അഴിമതി ബീഭത്സമായ രീതിയിൽ മുകളറ്റം മുതൽ താഴെതട്ടിൽ വരെ - രാജ്യമൊട്ടാകെ - ഓഫീസുകളിലും പണിസ്‌ഥലങ്ങളിലും വിദ്യാഭ്യാസരംഗത്തും ആതുരസേവാരംഗത്തും കായികരംഗത്തുമായി പടർന്ന്‌ ഇപ്പോൾ ഡിഫൻസിലും നീതിന്യായ രംഗത്തുംവരെ വ്യാപിച്ചിരിക്കുന്നു.

നീതിക്ക്‌ വേണ്ടിപൊരുതുമ്പോൾ സംരക്ഷണം നൽകേണ്ടവർ തന്നെ സംഹാരകരായിമാറുന്നു. സംഘടനാശേഷിയല്ലാത്ത സാധാരണക്കാരന്റെ അവസ്‌ഥ മൂന്നാം ലോകത്തെ അപരിഷ്‌കൃത രാജ്യങ്ങളിലേക്കാളും ദയനീയമായി മാറുന്നവെന്നതാണ്‌ വസ്‌തുത. അഴിമതി തടയാനായി നിരവധി തലത്തിലുള്ള നിയമങ്ങൾ കാലാകാലങ്ങളിൽ പാസ്സാക്കുന്നണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി നടപ്പിൽ വരുത്താതിരിക്കാനുള്ള വ്യഗ്രത ഭരണത്തിലിക്കുന്നവർ കാട്ടുന്നുണ്ട്‌. ഇവിടെയാണ്‌ അണ്ണാഹാസാരെ എന്ന 72 കാരന്റെ ഡൽഹിയിലെ ജന്തർമന്ദിറിന്റെ വഴിയോരത്ത്‌ രൂപംകൊണ്ട അഴിമതി വിരുദ്ധ നിരാഹാര സമരം - മറ്റേതൊരു രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന സമരത്തേക്കാളും ശക്തിയാർജിച്ച്‌ ലോകശ്രദ്ധയാകർഷിച്ചത്‌.

സമീപകാലത്ത്‌ രാജ്യത്തുയർന്നു വന്ന ഏറ്റവും ഭീമമായ - രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത ടെലികോം മേഖലയിലെ സ്‌പെക്‌ട്രം വിവാദമായി ബന്ധപ്പെട്ട ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ അഴിമതി - പാർലമെന്റിലും മാദ്ധ്യമങ്ങളും ചർച്ചാവിഷയമാക്കിയപ്പോഴും പാർലമെന്റിൽ ബഹളമുണ്ടാക്കിയെങ്കിലും ഭരണഭക്ഷവും പ്രതിപക്ഷവുമുൾപടെയുളള ഒരു സംയുക്ത പാർലമെന്റ്‌ സമിതി രൂപംകൊണ്ടത്‌ തന്നെ പാർലമെന്റ്‌ തുടർച്ചയായി ദിവസങ്ങളോളം സ്‌തംഭിച്ചപ്പോൾ മാത്രമാണ്‌. അതോടൊപ്പം തന്നെയാണ്‌ കാർഗിൽ യുദ്ധത്തിൽ മരിച്ച ജവാൻമാരുടെ വിധവകൾക്ക്‌ വേണ്ടി മഹാരാഷ്‌ട്രയിൽ നിർമ്മിച്ച ആദർശ്‌ ഫ്‌ളാറ്റ്‌ കയ്യടക്കിയവർ പലരും രഷ്‌ട്രീയനോതാക്കളും ആർമിയിലെ ഉയർന്ന ഉദ്യോഗസ്‌ഥരുമാണെന്ന ആരോപണം അലയടിച്ചുയർന്നത്‌. കഴിഞ്ഞവർഷം നടന്ന കോമൺവെൽത്ത്‌ ഗെയിംസിനോടനുബന്ധിച്ചുയർന്ന ഭീമമായ അഴിമതിയും ക്രമക്കേടുകളും ഇപ്പോൾ സി.ബി.ഐ.യുടെ അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ്‌. മുഖ്യ ആസൂത്രകാരനായിരുന്ന സുരേഷ്‌ കൽമാഡിയേയും കൂട്ടരേയും അറസ്‌റ്റ്‌ ചെയ്‌തത്‌ അടുത്തകാലത്ത്‌ മാത്രമാണ്‌. ഇതിന്‌ പുറമെയാണ്‌ വിദേശബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരെ കണ്ടുപിടിച്ച്‌ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന സുപ്രീംകോടതിയുടെ കർശനമായ നിർദ്ദേശം പുറത്ത്‌ വന്നത്‌. പക്ഷേ, ഈ പറഞ്ഞകാര്യങ്ങളിലൊന്നും സുതാര്യമായ ഒരു നടപടിയും ഗവൺമെന്റ്‌ സ്വീകരിക്കാതെവന്നതാണ്‌, അണ്ണാഹസാരയുടെ നിരാഹാരസമരത്തിന്‌ കാരണമായി മാറിയത്‌.

ഇന്നലെവരെ ലോകം അറിയാത്ത അണ്ണാഹസാരയുടെ സമരത്തെ ഗവൺമെന്റ്‌ കാര്യഗൗരവത്തോടെ കാണാതെ ഒട്ടൊരു നിസ്സംഗതയോടെ മുഖംതിരിച്ച്‌ നിൽക്കുകയായിരുന്നു. പക്ഷേ, ഈ സമരം തങ്ങൾക്ക്‌ വേണ്ടിയാണെന്ന്‌ കണ്ടറിഞ്ഞ സാധാരണക്കാരായവരും - അതോടൊപ്പം വിദ്യാർത്ഥികളും യുവജനങ്ങളും - സിനിമ കലാരംഗത്തുള്ളവരും രംഗത്ത്‌ വന്നതോട ഒരൊറ്റദിവസം കൊണ്ട്‌ തന്നെ ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. മാധ്യമപ്രവർത്തകരുടെ നിരന്തരമായ സജീവസാന്നിദ്ധ്യവും ദൃശ്യചാനലുകളിലൂടെയുളള ടോക്ക്‌ഷോയും അധ്യാപകരുടെയും റിട്ടയേഡ്‌ ജഡ്‌ജിമാരുടെ അഭിപ്രായപ്രകടനവും എല്ലാംകൂടി കടുത്ത സമ്മർദ്ദത്തിലെത്തിച്ചപ്പോൾ മാത്രമാണ്‌ പ്രധാനമന്ത്രിയുടെപ്പെടെയുള്ള ഭരണകൂടത്തിലുള്ളവർ കണ്ണ്‌ തുറന്നത്‌.

സമരനേതാവായ അണ്ണാഹാസാരെ ദാരിദ്ര്യം മൂലം പഠനം നിർത്തിയ ഒരേഴാം ക്ലാസുകാരൻ - ഉപജീവനത്തിന്‌ പൂ വില്‌പനക്കാരനായി മാറിയിട്ടും നിവർത്തിയല്ലാതെ മിലിട്ടറിസർവ്വീസിൽ ഡ്രൈവറായി 17 വർഷക്കാലത്തെ സേവനത്തിന്‌ ശേഷം പിരിഞ്ഞ്‌ സ്വന്തം നാടായ മഹാരാഷ്‌ട്രയിലെ അഹമ്മദ്‌ നഗറിലുള്ള കുഗ്രാമത്തിലെത്തിയപ്പോൾ മുതൽ കണ്ടുവരുന്ന സാധാരണക്കാരുടെ പരമദയനീയമായ അവസ്‌ഥ - അതോടൊപ്പം സമീപകാലത്തെ രാജ്യം കണ്ട ഭീമമായ അഴിമതി - ഇതെല്ലാം ഈ സമരമാർഗ്ഗത്തിലാക്കുകയായിരുന്നു. ഒരുതുണ്ടു ഭൂമിയോ ബാങ്ക്‌ ബാലൻസോ ഇല്ലാത്ത ഹസാരെ മറ്റേതൊരു രാഷ്‌ട്രീയ നേതാവിനേക്കാളും ജനങ്ങൾക്ക്‌ സ്വീകാര്യമായി മാറിയത്‌ ഗാന്ധിയൻ സമരമാർഗ്ഗവും ഉദ്ദേശശുദ്ധിയും മൂലമാണ്‌. മാത്രമല്ല, സമരമവസാനിപ്പിക്കാൻ ഗവൺമെന്റ്‌ മുന്നോട്ട്‌ വന്നപ്പോൾ ജന്‌ലോക്‌പാൽ ബില്ലിന്റെ കരട്‌രൂപം തയ്യാറാക്കുന്ന സമിതിയിൽ ആരോപണ വിധേയരായവരും അഴിമതിക്കാരും ഉണ്ടാവരുതെന്ന നിശ്ചയദാർഢ്യവും ജനങ്ങൾക്ക്‌ സ്വീകാര്യമായി മാറി. കോമൺ വെൽത്ത്‌ഗെയിംസുമായി ബന്ധപ്പെട്ട ആരോപണവിധേയനായ കേന്ദ്രമന്ത്രി ശരദ്‌പവ്വാർ സമിതിയിലില്ലാതെ പോയത്‌ അങ്ങനെയാണ്‌. ആദർശ്‌ ഫ്‌ളാറ്റിലെ അനർഹമായ കയ്യേറ്റം കണ്ടെത്താനാവാതെ പോയ ഡിഫൻസ്‌ മിനിസ്‌റ്റർ ഇ.കെ. ആന്റണിക്കും സമിതിയിൽ ഇടം കിട്ടിയില്ല. മാത്രമല്ല, സമരത്തിന്‌ പിൻതുണയുമായെത്തിയ തീവ്രമതവികാരമുള്ള ഉമാഭാരതിയെപ്പോലുള്ളവരെ സമരപന്തലിലടുപ്പിക്കാത്തതും ജനങ്ങൾക്ക്‌ അണ്ണാഹസാരെ സ്വീകാര്യനായി മാറുകയായിരുന്നു.

പക്ഷേ സംയുക്ത സമിതിയിൽ പൊതുജനസമിതിയിൽ അംഗമായവരെ ഓരോന്നായി തിരഞ്ഞ്‌ പിടിച്ച്‌ കേന്ദ്രമന്ത്രിമാരിൽ ചിലരും ഭരണകക്ഷികളിലെ നേതാക്കളും ആരോപണ മുന്നയിക്കുമ്പോൾ - കരട്‌ രൂപം തയ്യാറാക്കി പിന്നീട്‌ പാർലമെൻ​‍ിലവതരിപ്പിക്കേണ്ട ബില്ലിന്‌ തടയിടനാ​‍ുള്ള ശ്രമമാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അണ്ണാഹസാരെ ഒരു ഗാന്ധിയനല്ല എന്ന്‌ വരുത്തിതീർക്കാനും കേന്ദ്രഭരണകൂടത്തിലുള്ളവർ ശ്രമിക്കുന്നു.

വീണ്ടും ഒരു ഗാന്ധിയൻ സമരം അണ്ണാഹസാരെയ്‌ക്ക്‌ നടത്തേണ്ടിവരുമോ? രാജ്യം ഉറ്റുനോക്കുന്നത്‌ അതാണ്‌.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.