പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

മതപഠനശാലകൾ തീവ്രവാദകളരികളാവരുത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

തീവ്രവാദപ്രസ്‌ഥാനക്കാർ കേരളത്തിൽ ശക്തിപ്രാപിക്കുകയാണ്‌. അതിന്റെ വ്യക്തമായ സൂചനയാണ്‌ താലിബാൻ മോഡലിലുള്ള തൊടുപുഴ ന്യൂമാൻ കോളേജിലെ ഫ്രൊഫസറുടെ കൈവെട്ടു കേസ്സിലൂടെ തെളിയുന്നത്‌. ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി നടപ്പാക്കിയ ഒരു ഹീനതന്ത്രം.

കേരളത്തിൽ തീവ്രവാദപ്രസ്‌ഥാനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട്‌ വർഷങ്ങളേറെയായെങ്കിലും നേരത്തേ ചില ജില്ലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ നാടൊട്ടുക്ക്‌ വ്യാപകമായിരിക്കുന്നു. കളമശ്ശേരിയിലെ ബസ്സ്‌ കത്തിക്കൽ സംഭവം, കണ്ണൂരിലെയും, കോഴിക്കോട്ടെയും ബോബ്‌ സ്‌ഫോടനങ്ങൾ, എറണാകുളത്തെ കളക്‌ട്രേറ്റിലെ അക്രമം - ഇവയ്‌ക്കൊക്കെ പുറമെ ഏറ്റവും അടുത്തുനടന്ന നിലമ്പൂർ ഷൊർണൂർ തീവണ്ടിയിലെ ബ്രേക്ക്‌ പൈപ്പ്‌ മുറിക്കൽ സംഭവം. ഇവയൊക്കെ ചൂണ്ടിക്കാണിക്കുന്നത്‌ ഈ നാട്ടിൽ അക്രമങ്ങൾ തുടരാൻ പദ്ധതിയിട്ട തീവ്രവാദപ്രസ്‌ഥാനക്കാർ സജീവമായി രംഗത്തുണ്ടെന്നതാണ്‌.

കേരളത്തിലുടനീളം ഏതർദ്ധരാത്രിയിലും കാൽനടയായോ ബസ്സിലോ തീവണ്ടിയിലോ കാറിലോ - ഏത്‌ രീതിയിലും നിർഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ഇന്നേതാണ്ട്‌ നഷ്‌ടപ്പെട്ട അവസ്‌ഥയിലായിക്കഴിഞ്ഞു. ഇൻഡ്യയിൽ തന്നെ കാശ്‌മീരിൽ മാത്രം ഒതുങ്ങി നിന്ന വിഭാഗീയ പ്രസ്‌ഥാനത്തിലൂന്നിയുള്ള തീവ്രവാദ പ്രവർത്തനങ്ങൾ പിന്നീട്‌, പഞ്ചാബ്‌, ആസാം, നാഗലാന്റ്‌, മണിപ്പൂർ തുടങ്ങിയ സ്‌ഥലങ്ങളിലേയ്‌ക്ക്‌ പടർന്നിട്ടും, നമ്മളൊക്കെ അഭിമാനപൂർവ്വം പറയുമായിരുന്നു, കേരളത്തിൽ മാത്രം ഇവയൊന്നും വേരോടുകയില്ലന്ന്‌. ബംഗാളിലെ നക്‌സൽബാരി എന്ന സ്‌ഥലത്ത്‌ ഉടലെടുത്ത വിപ്ലവരാഷ്‌ട്രീയ പ്രസ്‌ഥാനം പല ചേരികളായി തിരിഞ്ഞ്‌ ഇൻഡ്യയിലെ ബംഗാൾ, ആന്ധ്ര, കർണാടക, ചത്തിസ്‌ഗണ്ട്‌, ഉത്തരാഖണ്ഡ്‌, ബീഹാർ എന്നീ സംസ്‌ഥാനങ്ങളിലേയ്‌ക്ക്‌ പടർന്നപ്പോൾ എഴുപതുകളിൽ കേരളത്തിൽ കുറെ ശക്തിയാർജ്ജിച്ച പ്രസ്‌ഥാനം ഇവിടത്തെ പക്വതയാർന്ന രാഷ്‌ട്രീയ പ്രവർത്തങ്ങളുടെ ഫലമായി ഏറെക്കുറെ നിർജീവമായ അവസ്‌ഥയിലാണ്‌. ഇവിടെ സജീവമായി നിൽക്കുന്നത്‌ മതതീവ്രവാദപ്രവർത്തനങ്ങളാണ്‌. ഇവരുടെ പ്രവർത്തനം ഈ നാടിന്‌ ശാപമായി മാറിയിരിക്കുന്നു. മത തീവ്രവാദികൾ എല്ലാ മതങ്ങളിലും ഉണ്ട്‌. പക്ഷേ, ഏറ്റവും തീവ്രമായി സംഘടിച്ച്‌ പ്രവർത്തനം നടക്കുന്നത്‌ ഹിന്ദുക്കളുടെയും മുസ്ലീംങ്ങളുടെയും ഇടയിലാണ്‌. അതിനുവേണ്ട കളരികൾ പല അമ്പലങ്ങളോടും പള്ളികളോടും ചേർന്ന്‌ പ്രവർത്തിക്കുന്നുണ്ട്‌. ഇവിടെ അധികവും പഠിപ്പിക്കുന്നത്‌ ഈ മതങ്ങളിലെ പൂർവ്വികരുടെ ശ്രേഷ്‌ഠമായ പ്രവർത്തനങ്ങളോ ഉത്‌ബോധനങ്ങളോ അല്ല. വിവേകാനന്ദനോ ശ്രീനാരായണ ഗുരുവിനോ ശങ്കരാചാര്യർക്കോ, മുഹമ്മദ്‌ നബിയുൾപ്പെടെയുളള പ്രവാചകന്മാർക്കോ ഇവിടെ സ്‌ഥാനമില്ല. അധികവും ഈ മതങ്ങളിൽ പിൽക്കാലത്ത്‌ ഉയർന്ന്‌ വന്ന തീവ്രവാദികളുടെ അരാജകത്വം വിളമ്പുന്ന കലാപകാരികളുടെയും നിരീക്ഷണങ്ങളും ആഹ്വാനങ്ങളുമാണ്‌. തങ്ങളുടെ മതവിശ്വാസം വ്യവസ്‌ഥാപിതമായ മാർഗ്ഗങ്ങളിലൂടെ പ്രചരിപ്പിക്കാനുള്ള മാർഗ്ഗങ്ങളല്ല അവർ ഉദ്‌ബോധിപ്പിക്കുന്നത്‌. മതപ്രചാരണം നടത്താൻ ഏത്‌ കുത്‌സിത മാർഗ്ഗവും സ്വീകരിക്കാമെന്നാണ്‌ പഠിപ്പിച്ച്‌ വിടുന്നത്‌. ഇവയൊക്കെ കേട്ടും മനസ്സിലാക്കിയും വരുന്ന കൊച്ചുകുട്ടികൾ പിന്നീട്‌ തീവ്രവാദപ്രസ്‌ഥാനത്തിലേയ്‌ക്ക്‌ മാറുന്നതിന്റെ അടിസ്‌ഥാന കാരണവും ഇതൊക്കെത്തന്നെയാണ്‌.

ലോകത്തേത്‌ രാജ്യങ്ങളിലെ ജനങ്ങൾക്കും അവരവരുടെ മതാചാരങ്ങളും പരമ്പരാഗത സമ്പ്രാദയങ്ങളും അനുഷ്‌ഠിക്കാനും അതനുസരിച്ച്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭാരതത്തിലെ പോലെ മറ്റൊരിടത്തുമില്ല. ഒരു മതരാഷ്‌ട്രത്തിലൂന്നിനിൽക്കുന്ന ഭരണഘടനയല്ല ഭാരതത്തിന്റെത്‌. അത്‌കൊണ്ടാണ്‌ 80% ഹിന്ദുക്കളുള്ള ഈ രാജ്യത്ത്‌ ഹിന്ദുരാഷ്‌ട്രമെന്ന സിദ്ധാന്തം വിട്ട്‌ മതേതര രാഷ്‌ട്രമായി നിൽക്കാൻ സാധിക്കുന്നത്‌. അത്‌കൊണ്ട്‌ തന്നെയാണ്‌ നൂറ്റാണ്ടുകളോളമായി ഇവിടെ ഹിന്ദുക്കൾക്ക്‌ പുറമെ മുസ്ലീങ്ങൾക്കും ക്രിസ്‌ത്യാനികൾക്കും, ബുദ്ധമതാനുയായികൾക്കും ജൈനർക്കും, ജൂതന്മാർക്കും പാഴ്‌സികൾക്കുമൊക്കെ സ്വാതന്ത്രചിന്താഗതിയോടെ എല്ലാവരുമായി സഹവർത്തിത്തോടെയും സഹിഷ്‌ണതയോടെയും ഇടപഴകി കഴിയാൻ പറ്റുന്നത്‌. ലോകമൊട്ടാകെയുള്ള ഭരണാധികാരികളുടെയും മതാദ്ധ്യക്ഷന്മാരുടെയും അഭിനന്ദനങ്ങളും പ്രശംസയും പിടിച്ച്‌ പറ്റിയ ഭാരതത്തിലാണ്‌ ഇപ്പോൾ മതതീവ്രവാദികൾ തീർത്തും ക്രൂരവും ഞെട്ടിക്കുന്നതുമായ സംഭവപരമ്പരകൾ ആസൂത്രണം ചെയ്‌ത്‌ ഈ നാടിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നത്‌.

ഗാന്ധിജിയുടെ അഹിംസാ തത്വസംഹിതയിലൂന്നിയുള്ള സഹനസമരത്തിനൊടുവിൽ ബ്രിട്ടീഷുകാർ ഭാരതത്തിന്‌ സ്വാതന്ത്ര്യം നൽകിയപ്പോൾ മുസ്ലീംങ്ങൾക്ക്‌ പാകിസ്‌ഥാനും ഹിന്ദുക്കൾക്കും മറ്റു മതാനുയായികൾക്കും ഇൻഡ്യയുമായി വിഭജനം നടത്തിയ സമയത്തെ വർഗ്ഗീയലഹളകെട്ടടങ്ങിയതിന്‌ ശേഷം കാശ്‌മീരിൽ മാത്രമാണ്‌ കുറച്ചെങ്കിലും വിഭാഗീയതയിലൂന്നിയുള്ള മതതീവ്രവാദപ്രസ്‌ഥാനം ഉടലെടുത്തത്‌. എങ്കിലും ഹിന്ദുക്കൾക്ക്‌ പുറമെ ഏത്‌ മതസ്‌ഥർക്കും സമാധാനത്തോടെയും സഹിഷ്‌ണതയോടെയും ഇവിടെകഴിയാൻ പറ്റുന്നത്‌ ഇൻഡ്യയുടെ ഭരണഘടന മതേതര സ്വഭാവത്തിലൂന്നിയത്‌ കൊണ്ടാണ്‌. ലോകത്ത്‌ മറ്റൊരു രാജ്യത്തും കണാത്ത പ്രതിഭാസം. ഒരു മുസ്ലീംരാഷ്‌ട്രമായ പാകിസ്‌ഥാനിൽ ഷിയാ വിഭാഗവുമായുള്ള ഏറ്റുമുട്ടലിലും ബോംബ്‌ സ്‌ഫോടനങ്ങളിലും ലാഹോറിലും കറാച്ചിയിലും ഉള്ള അവരുടെ നിരവധി പള്ളികളും ആരാധനാലയങ്ങളും തകർക്കപ്പെടുന്നതിന്റെയും ആളുകളെ കൊല്ലുന്നതിന്റെയും വാർത്തകൾ ദൃശ്യമാധ്യമങ്ങളിൽ കൂടെക്കൂടെ വായിക്കുമ്പോഴും കാണുമ്പോഴും ഇന്ത്യയിൽ മതേതരസ്വഭാവം കാത്ത്‌ സൂക്ഷിക്കാൻ മാറിമാറിവരുന്ന ഇവിടത്തെ ഭരണകൂടങ്ങൾ വ്യഗ്രത കാണിച്ചിരുന്നു. ആ ഒരവസ്‌ഥ ഇല്ലാതാക്കാൻ വേണ്ടിയുള്ള അയൽരാജ്യത്തിന്റെ അർദ്ധസമ്മതത്തേടെയുള്ള തീവ്രവാദ പ്രവർത്തനത്തനങ്ങൾ ആണ്‌ ഇവിടെ ഇപ്പോൾ അരങ്ങേറുന്നത്‌. ആദ്യം വളരെ ചുരുക്കം സംസ്‌ഥാനങ്ങളിൽ മാത്രം നടപ്പിലാക്കിയ വിധ്വംസകപ്രവർത്തങ്ങൾ ഇപ്പോൾ കേരളത്തിലേയ്‌ക്കും പടർന്നിരിക്കുന്നു. ഈ വിധ്വംസക പ്രവർത്തനങ്ങൾ തുടർച്ചയായെന്നോണം നടപ്പാക്കാനുള്ള യത്‌നങ്ങളുടെ ഭാഗമായിട്ടാണ്‌ മതപഠനശാലകളിൽ നടക്കുന്ന പരിശീലനങ്ങൾ. അന്യ മതസ്‌ഥനൊരുവനെ ഉന്മൂലനം ചെയ്‌താൽ പടച്ചവന്റെയും ഈശ്വരന്റെയും സന്നിധിയിലെത്താൻ കഴിയുമെന്ന്‌ കുട്ടികളെ പഠിപ്പിക്കുമ്പോൾ, അവർ പിന്നീട്‌ വളർന്ന്‌ വരുമ്പോൾ ഏത്‌ ക്രൂരകൃത്യം ചെയ്യാനും സജ്ജരായി മാറുന്നു. അതിനുവേണ്ടിയാണ്‌ താലിബാൻ മോഡലിലുള്ള ദൃശ്യങ്ങളടങ്ങിയ സീഡികൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌. മതത്തിനപ്പുറം മനുഷ്യത്വമില്ലെന്ന ഭ്രാന്തമായ ചിന്താധാരയാണ്‌ അവരിൽ വളർത്തിയെടുക്കുന്നത്‌. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിലേയ്‌ക്ക്‌ നുഴഞ്ഞുകയറി, വിവരങ്ങൾ ചോർത്തി ശത്രുരാജ്യങ്ങൾക്ക്‌ നൽകുക എന്നതും അവരുടെ വിധ്വംസക പ്രവർത്തനങ്ങളുടെ ഭാഗമാണ്‌. ഈ കളരിയിൽ പരിശീലനം നേടുന്ന ഏതാനും പേരെ വാഗമണ്ണിലെ ട്രെയിനിംഗ്‌ ക്യാമ്പിൽ പങ്കെടുപ്പിച്ച്‌ കാശ്‌മീരിലും ഗുജറാത്തിലും ബാംഗ്ലൂരിലും സ്‌ഫോടനം നടത്താൻ നിയുക്തരായെന്നത്‌ തെളിയിക്കപ്പെട്ടതോടെ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നതിന്റെ തുടക്കം ഈ മതപാഠശാലകളിൽ നിന്ന്‌ തുടങ്ങുന്നു എന്നത്‌ വ്യക്തമാവുന്നു.

ക്രിസ്‌ത്യാനികളുടെ മതപരിവർത്തനം മലയോരപ്രദേശങ്ങളിലും വനമേഖലയിലുമുള്ള ആദിവാസികൾക്കും പിന്നേക്കക്കാർക്കും നിർണ്ണായകഘട്ടങ്ങളിൽ ധനസഹായവും ഭക്ഷണവും വസ്‌ത്രവും നൽകിയുള്ള ഗൂഢതന്ത്രങ്ങളിലൂന്നിയാണ്‌. പിന്നീട്‌ അവരെ തങ്ങളുടെ മതത്തിലേയ്‌ക്കാനയിക്കാനുള്ള യത്‌നങ്ങൾ. ഇവിടെ നരഹത്യ പ്രായേണ കുറവാണെങ്കിലും വിവിധമതസ്‌ഥരുമായി സ്‌പർദ്ധയും ശണ്‌ഠയും ഉണ്ടാക്കാൻ സഹായിക്കുന്നതരത്തിലായിമാറുന്നു.

രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകേണ്ട ബാദ്ധ്യത ഗവൺമെന്റിനാവുമ്പോൾ, ഭരണകൂടത്തിന്റെ പ്രാഥമികമായ കർത്തവ്യങ്ങളിലൊന്ന്‌ വിവിധ മതസ്‌ഥരെ തമ്മിൽ പോരടിപ്പിക്കുന്ന ഈ മതപഠനശാലകളുടെ പേരിലുള്ള പരിശിലനക്കളരികളും അന്യരാജ്യങ്ങളിൽ നിന്നും അവിഹിത മാർഗ്ഗങ്ങളിലൂടെയുള്ള ധനസ്രോതസ്സുകളിലൂന്നിയുള്ള ദുഷ്‌ടലാക്കോടെയുള്ള കാരുണ്യപ്രവർത്തനങ്ങളും മുളയിലേ നുള്ളിക്കളയുക എന്നതാണ്‌. ഈ മാതിരിയുള്ള ഗൂഢതന്ത്രങ്ങളിൽ പെട്ടുപോവാതിരിക്കാനുള്ള ജാഗ്രത ജനങ്ങളും പുലർത്തേണ്ടതുണ്ട്‌.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.