പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഒന്നിച്ച്‌ നിൽക്കേണ്ടസമയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

കേന്ദ്രത്തിൽ ഇപ്പോൾ അധികാരത്തിൽ വന്ന ഡോ. മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ രണ്ട്‌ ക്യാബിനറ്റ്‌ മന്ത്രിമാരുൾപ്പെടെ ആറ്‌ പേർ കേരളത്തിൽ നിന്നുള്ളവരാണ്‌. ഇന്ത്യ സ്വതന്ത്രമായതിന്‌ ശേഷം ആദ്യമായിട്ടാണ്‌ കേരളത്തിന്‌ ഇത്രയും പ്രാതിനിധ്യം ലഭിക്കുന്നത്‌ മാത്രമല്ല, പ്രതിരോധമന്ത്രിയായ എ.കെ.ആന്റണിക്ക്‌ ക്യാബിനറ്റ്‌ റാങ്കിൽ മൂന്നാം സ്‌ഥാനമാണുള്ളത്‌.

കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാർലിമെന്റംഗങ്ങളിൽ പതിനാറ്‌ പേർ ഭരണകക്ഷിയായ യു.പി.എ. സഖ്യത്തിൽ പെട്ടവരും നാല്‌പേർ ഇടതുപക്ഷ സംഖ്യത്തിലുള്ളവരുമാണ്‌. കേരളത്തിന്റെ ആവശ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനും അധികാരകേന്ദ്രത്തിൽ എത്തിക്കാനും ഇത്രയും നല്ല സുവർണ്ണാവസരം മുമ്പൊരിക്കലും ലഭിച്ചിട്ടില്ല. കേരളീയരായ എം.പി.മാർ ഇതിന്‌ മുമ്പും കേന്ദ്രമന്ത്രിസഭയിൽ ഉന്നത സ്‌ഥാനത്തിരുന്നിട്ടുണ്ട്‌. അവരിൽ പ്രമുഖൻ പരേതനായ വി.കെ.കൃഷ്‌ണൻമേനോനാണ്‌. പക്ഷേ അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്ന്‌ മത്സരിച്ചതും ജയിച്ചതും കേരളത്തിൽ നിന്നല്ല. മാത്രമല്ല, കൃഷ്‌ണമേനോൻ അന്താരാഷ്‌ട്ര പ്രശ്‌നങ്ങളിൽ നെഹ്‌റുവിന്റെ വലംകയ്യായിനിന്ന്‌ ഇന്ത്യയുടെ ശബ്‌ദം ലോകമെമ്പാടും അറിയിക്കുന്ന ആളായതിനാൽ ഇന്ത്യയെ ഒട്ടാതെ നോക്കിക്കാണുക എന്നല്ലാതെ കേരളമെന്നൊരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിലേയ്‌ക്ക്‌ കടന്ന്‌ വന്നിരുന്നില്ല.

ഇപ്പോൾ കേരളം ഭരിക്കുന്നത്‌ ഇടത്‌പക്ഷ സഖ്യത്തിൽ പെട്ടവരാണെങ്കിലും തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ കക്ഷിരാഷ്‌ട്രീയം കൈവെടിഞ്ഞ്‌ ഈ നാടിന്റെ ഉന്നതിക്ക്‌ വേണ്ടിയുള്ള യത്‌നങ്ങളാണ്‌ ഉണ്ടാവേണ്ടത്‌. കാലാകാലങ്ങളായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന ആക്ഷേപം സ്വതന്ത്ര്യ ഇന്ത്യയുടെ ആരംഭം മുതൽ കേൾക്കുന്നതാണ്‌. അതിലേറെ വാസ്‌തവമുണ്ട്‌താനും. കാർഷികവൃത്തി മുഖ്യ തൊഴിലായ കേരളത്തിൽ പക്ഷേ, ഉത്‌പാദിക്കുന്നതിൽ നല്ലൊരു പങ്ക്‌ നാണ്യവിളകളായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലേയ്‌ക്ക്‌ നാണ്യവിളകൾ കയറ്റി അയച്ച്‌ ഇന്ത്യയുടെ സമ്പദ്‌ വ്യവസ്‌ഥയ്‌ക്ക്‌ ഭദ്രമായ അടിത്തറയുണ്ടാക്കാൻ കേരളം നൽകിയ സംഭാവന ചെറുതല്ല. ഇത്‌ മൂലം ജനങ്ങളുടെ മുഖ്യഭക്ഷണമായ അരിയുല്‌പാദനത്തിൽ നേരിട്ട കുറവ്‌ പരിഹരിക്കാനായി മറ്റ്‌ സംസ്‌ഥാനങ്ങളിൽ നിന്ന്‌ കുറഞ്ഞ നിരക്കിൽ അരി കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതലേ നടപ്പാക്കിയിരുന്നു. പക്ഷേ, നെഹ്‌റുവിന്റെ കാലശേഷം ആ നടപടി ഫലപ്രദമായി നടപ്പിൽ വരുന്നില്ല എന്നായപ്പോൾ തുറന്ന വിപണിയിൽ നിന്ന്‌ ഭാരിച്ച വില കൊടുത്ത്‌ അരി വാങ്ങേണ്ട സാഹചര്യമുണ്ടായി. അരിയുടെ വില കൂടിയെങ്കിലും നെൽകൃഷി നഷ്‌ടമായതോടെ അരിയുല്‌പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ അരി മാത്രമല്ല മറ്റ്‌ ഭക്ഷ്യസാധനങ്ങളും തീപിടിച്ച വിലകൊടുത്തു വാങ്ങേണ്ട സാഹചര്യമാണ്‌ വന്ന്‌ ചേർന്നത്‌. ഉദാരവത്‌കരണം നടപ്പിലായതോടെ അതിന്റെ ഗുണഫലങ്ങളേക്കാളേറെ ദോഷഫലങ്ങൾ അനുഭവപ്പെടുന്ന സംസ്‌ഥാനമാണ്‌ കേരളം. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്‌ഥാനമായതിനാൽ ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാൻ ഭീമമായ ട്രാൻസ്‌പോർട്ട്‌ ചാർജ്ജും - അതും വിലവർദ്ധനയ്‌ക്ക്‌ കാരണമായി മാറി. ഇന്ത്യയിലെ ഏറ്റവും മികച്ച റേഷനിംഗ്‌ സമ്പ്രദായം ഇന്ന്‌ കേരളത്തിലാണുള്ളത്‌. പക്ഷേ മാറി മാറി വരുന്ന കേന്ദ്രസർക്കാരുകൾ കേരളത്തിന്റെ ആവശ്യങ്ങളോട്‌ മുഖം തിരിച്ച്‌ നിൽക്കുന്ന സമ്പ്രാദായം സ്വികരിക്കുന്നതിനാൽ ഒരു കൺസ്യൂമർ സ്‌റ്റേറ്റായി മാറിയ കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുൾപ്പെടെ എല്ലാ സാധനങ്ങൾക്കും അമിതമായ വിലകൊടുക്കേണ്ട സാഹചര്യമാണുളളത്‌. കഴിഞ്ഞമന്ത്രിസഭയുടെ കാലത്ത്‌ കേന്ദ്രകൃഷി മന്ത്രാലയം കേരളത്തിന്റെ അരിയുൾപ്പെടെയുള്ള വിഹിതം പാടെ വെട്ടിക്കുറച്ചതും സാധനവില കൂട്ടാനേ സഹായിച്ചുള്ളു. ഇ.കെ. ആന്റണിക്കും വയലാർ രവിക്കും മുമ്പ്‌ , കേന്ദ്രമന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രിമാരും ഡപ്യൂട്ടി മന്ത്രിമാരും ആയി പലരും ഉണ്ടായിരുന്നെങ്കിലും അവർക്കാർക്കും കേരളത്തിന്റെ ന്യായമായ ആവശ്യം ക്യാബിനറ്റിൽ അവതരിപ്പിക്കാനോ അവ നേടിയെടുക്കാനോ ആയില്ല. പനമ്പിളളി ഗോവിന്ദമേനോനും, ഒ. രാജഗോപാലും കേന്ദ്രമന്ത്രിമാരായിരുന്നപ്പോൾ മാത്രമാണ്‌ റയിൽവേയുടെ കാര്യത്തിലെങ്കിലും ഇന്നീകാണുന്ന പരിമിതമായ പുരോഗതി കൈവരിക്കാനായത്‌. കൃഷി, ഭക്ഷ്യം, റോഡ്‌ഗതാഗതം, റയിൽവേ, വ്യവസായം മത്സ്യബന്ധനം, ഐറ്റി ഉൾപ്പെടെയുള്ള സാങ്കേതിക രംഗം, തുറമുഖം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാമേഖലകളിലും കേരളത്തിന്‌ അർഹിക്കുന്ന വിഹിതം കിട്ടുന്നില്ല എന്ന്‌ മാത്രമല്ല, തൊഴിൽക്കുഴപ്പത്തിന്റെ പേരിൽ പുതുതായി തുടങ്ങുന്ന പലവ്യവസായസ്‌ഥാപനങ്ങളും ഫാക്‌ടറികളും അന്യസംസ്‌ഥാനങ്ങളിലേക്ക്‌ വഴിമാറിപ്പോവുന്നു. കഴിഞ്ഞ കേന്ദ്രമന്ത്രിസഭ അധികാരത്തിൽ വന്നത്‌ ഇടത്‌പക്ഷത്തിന്റെ പിന്തുണയോടെയായിരുന്നെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ അധികാരം പങ്കിടുക എന്നത്‌ പാർട്ടിയുടെ നയമല്ല എന്ന്‌ പറഞ്ഞ്‌ പാർട്ടിക്ക്‌ കിട്ടുമായിരുന്ന മന്ത്രിസഭാ പ്രവേശം വേണ്ടെന്ന്‌ വച്ചത്‌ ഫലത്തിൽ കേരളത്തിന്‌ ദോഷമായി മാറുകയാണുണ്ടായത്‌. കേരളത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ പ്രഗത്‌ഭരായ എം.പി.മാർ കേരളത്തിലുണ്ടായിട്ടും അവർക്കൊന്നും ഭരണത്തിൽ സ്വാധീനം ചെലുത്താനാവാതെ പോയത്‌ ഭരണ പങ്കാളിത്തം ഇല്ലാത്തതുമൂലമാണ്‌. വേറൊന്ന്‌ അനുവദിച്ച്‌ കിട്ടിയ പല വ്യവസായ സംരഭങ്ങളും ഗവൺമെന്റിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെയും നിഷേധാത്മകമായ നിലപാടുകളും തൊഴിൽക്കുഴപ്പവും മൂലം ഒന്നും ലക്ഷ്യം കാണാതെ ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുകയാണ്‌. വല്ലാർപാടം ടെർമിനൽ കണ്ടയിനർ പ്രോജക്‌ട്‌, വിഴിഞ്ഞം തുറമുഖവികസനം, സ്‌മാർട്ട്‌ സിറ്റി ഉൾപ്പെടെയുള്ള ഐറ്റി സ്‌ഥാപനങ്ങൾ, മെട്രോ റയിൽവെ - അങ്ങനെ പല പ്രോജക്‌ടുകളും തുടങ്ങിയേടത്ത്‌ തന്നെ നിൽക്കുകയോ ലക്ഷ്യം കാണാതെ കാലതാമസം നേരിടുകയോ ആണ്‌. അതിനും പുറമെ ഈ പ്രോജക്‌ടുൾക്കൊക്കെ വേണ്ട അവശ്യമായ ഭൂമി അക്വയർ ചെയ്യുന്ന പരിപാടിയും പൂർത്തീകരിച്ചിട്ടില്ല. ഭൂവുടമകളുടെ പിടിവാശിയും കോടതി ഇടപെടലും ഈ കാലതാമസത്തിന്‌ കാരണമായി മാറിയിട്ടുണ്ട്‌.

ഇന്നിപ്പേ.ൾ കേരളത്തിൽ നിന്നുള്ള സ്‌റ്റേറ്റ്‌ സഹമന്ത്രിമാരിൽ ചിലർക്ക്‌ റയിൽവേ, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളുടെ ചാർജ്ജ്‌ ലഭിച്ചത്‌ കേരളത്തിന്റെ വിഹിതം കിട്ടുവാനുള്ള അവസരമാക്കി മാറ്റാൻ പുതുതായി സ്‌ഥാനമേറ്റ മന്ത്രിമാരും സംസ്‌ഥാന സർക്കാരും വിവിധരാഷ്‌ട്രീയ പാർട്ടികളും ട്രേഡ്‌ യൂണിയൻ സംഘടനകളും സംഘടിതമായി യോജിച്ച്‌ നിൽക്കുകയാണ്‌ വേണ്ടത്‌. ഈ അവസരം പാഴാക്കുകയാണെങ്കിൽ കേരളം മറ്റ്‌ സംസ്‌ഥാനങ്ങളേക്കാൾ എന്നും പിന്നണിയിൽ നിൽക്കാനുള്ള യോഗമാണുണ്ടാകുക.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.