പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഫെബ്രുവരിയിലെ ‘മാർച്ചുകൾ’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

കലണ്ടറിൽ ഫെബ്രുവരി മാസത്തിന്‌ പല പ്രത്യേകതകളുണ്ട്‌. മറ്റുള്ള മാസങ്ങൾക്കൊക്കെ മുപ്പതോ അതിന്‌ മേലോ ദിവസങ്ങളുള്ളപ്പോൾ, ഫെബ്രുവരിക്ക്‌ മാത്രം ആ ഭാഗ്യമില്ല. ലീപ്പ്‌ ഇയർ വരുന്ന വർഷങ്ങളിൽ പോലും ആ മാസത്തിന്‌ ഒരക്കം കൂട്ടാനേ സാധിക്കുന്നുള്ളു. മുപ്പത്‌ തികയുന്നില്ല. പക്ഷേ, കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഏറ്റവും സജീവമായ മാസം ഫെബ്രുവരിയാണ്‌.

ഫെബ്രുവരിയുടെ പ്രത്യേകതകൾ പലതാണ്‌. മഞ്ഞും തണുപ്പുംമാറി, വേനലിന്റെ ആധിക്യത്തിന്‌ തുടക്കമിടുന്നത്‌ ഫെബ്രുവരിയിലാണ്‌. സ്‌കൂൾ കോളേജ്‌ വിദ്യാർത്ഥികൾക്കാണെങ്കിൽ വർഷാന്ത്യപരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടത്‌ ഈ മാസത്തിലാണ്‌. ഈ വർഷമാകട്ടെ അടുത്ത്‌ തന്നെ വരാൻപോകുന്ന തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാഷ്‌ട്രീയ പാർട്ടികളെല്ലാം ഉണർന്നു പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളും ഈ മാസത്തിൽ നടക്കുന്നു.

പക്ഷേ രാഷ്‌ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ നടപടികൾ ഫെബ്രുവരിയിലെ എല്ലാ പ്രത്യേകതകളും കളഞ്ഞു കുളിക്കുന്നു. അവർ മാറി മാറി നടത്തുന്ന കേരള പര്യടനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി, ഇതെല്ലാം ബോദ്ധ്യമാവും.

ഈ നാടിനെ ഐശ്വര്യപൂർണ്ണവും സമ്പന്നവുമാക്കിയേ ഒക്കൂ എന്നവാശിയാണ്‌ ഇപ്പോൾ നടക്കുന്ന ജാഥകളുടെ ലക്ഷ്യമെത്രെ. സമാധാനന്തരീക്ഷം നിലനിർത്തണമെന്ന വിളംബരമാണ്‌ ഈ പര്യടനങ്ങളിലുടനീളം കാണുന്നത്‌. സാധാരണ രാഷ്‌ട്രീയ പാർട്ടികൾ ജാഥകൾ നടത്തുന്നത്‌ അധികവും പ്രതിപക്ഷത്തായിരിക്കുമ്പോഴാണ്‌. ഭരണകക്ഷിയുടെ ചെയ്‌തികളിലേതെങ്കിലും ഒന്നിനെ എതിർത്തുകൊണ്ടുള്ള ജാഥയായിരിക്കും നടത്തുക. തുടർന്ന്‌ ഹർത്താൽ, പണിമുടക്ക്‌, പിക്കറ്റിംഗ്‌. പക്ഷേ പൊതു തിരഞ്ഞെടുപ്പ്‌ അടുത്തതുകൊണ്ടാവും ഭരണപക്ഷത്തുള്ളവരും കക്ഷികൾ തിരിഞ്ഞ്‌ ജാഥനടത്തുകയാണ്‌. ഇവിടെ ഭരണപ്രതിപക്ഷകക്ഷികൾ ചേരിതിരിഞ്ഞ്‌ ഒറ്റക്കെട്ടായിട്ടല്ല, ജാഥകൾ നടത്തുന്നുവെന്നത്‌കൊണ്ട്‌ അവരുടെ രാഷ്‌ട്രീയോദ്ദേശ്യം നാട്ടിലെ ഏതെങ്കിലും പ്രശ്‌നം പരിഹരിക്കാനല്ല എന്നത്‌ വ്യക്തമാവുന്നുണ്ട്‌, പൊതുതെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുള്ള ശക്തി പ്രകടനവും പൊതു സമ്മേളനവും നടത്തി തങ്ങളുടെ മേൽക്കൈ പ്രകടിപ്പിക്കാനുള്ള യത്നം.

നവകേരളയാത്ര - ‘സുരക്ഷിത കേരളം, ഐശ്വര്യസമ്പൂർണ്ണം-’ പ്രധാനപാർട്ടികളിലൊന്നിലെ ബാനറിൽ ഇതൊക്കെയാണ്‌ തെളിഞ്ഞുവരുന്നത്‌. ‘ജനകീയയാത്ര’ എന്നാണ്‌ വേറൊരു കൂട്ടരുടെ ജാഥയിലെ ബാനറിൽ വരുന്നത്‌. കേരള രക്ഷാമാർച്ച്‌ - പ്രതിപക്ഷത്തെ പ്രമുഖ പാർട്ടിയുടെ ജാഥയ്‌ക്ക്‌ ആ പേരാണിട്ടിരിക്കുന്നത്‌. അഖിലേന്ത്യാകക്ഷിയായിട്ടും ഇനിയും കേരളത്തിൽ അക്കൗണ്ട്‌ തുറക്കാൻ പറ്റാത്ത പ്രമുഖകക്ഷിയുടെ ജാഥയ്‌ക്ക്‌ നൽകിയ പേര്‌ ‘പരിവർത്തന ജാഥ’ എന്നാണ്‌. അഖിലേന്ത്യാകക്ഷി എന്നവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ ഒന്നോ രണ്ടോ ജില്ലകളിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രതിപക്ഷ പാർട്ടി കേരളദുർഭരണത്തിനെതിരെ നടത്തുന്ന ജാഥയ്‌ക്കും ‘കേരള വിമോചനയാത്ര’ എന്നാണ്‌ നൽകിയ പേര്‌. ഭരണമുന്നണിയിലും പ്രതിപക്ഷമുന്നണിയിലും കയറിപ്പറ്റാൻ ശ്രമിച്ച്‌ പരാജയമടഞ്ഞ ഒരു പാർട്ടിയും ഒരു യാത്ര നടത്തുന്നു.‘ ഹർത്താൽ രഹിതയാത്ര -! ഇനിയുമുണ്ട്‌ പ്രാദേശിക പാർട്ടികൾ - രണ്ടു മുന്നണിയിലും പെട്ടവർ. അവയിൽ ചിലതെങ്കിലും പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും എന്ന ഫിലോസഫിയിൽ വിശ്വസിക്കുന്ന സങ്കുചിത മനസ്ഥിതിയുള്ള നേതൃത്വം കൊണ്ടുനടക്കുന്ന പാർട്ടികളാണ്‌. പാർട്ടിപിളർന്ന്‌ വേറൊന്ന്‌ രൂപീകരിക്കുമ്പോൾ പാർട്ടിയുടെ പേരിന്റെ കൂടെ നേതാവിന്റെ ഇനിഷ്യൽ ബ്രാക്കറ്റിലാക്കി സ്വന്തമാക്കാൻ വെമ്പുന്നവർ. അവരും ഓരോരോ പേരിൽ യാത്രനടത്തുകയാണ്‌. എല്ലാ മാർച്ചുകളും നടക്കുന്നത്‌ ഫെബ്രുവരിയിൽ. അധികാരത്തിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിന്‌ മുന്നോടിയായി നടത്തുന്ന ഈ യാത്രയ്‌ക്ക്‌ വേണ്ടിവരുന്ന സംഖ്യ - കവലകൾതോറും പോസ്‌റ്ററും ഫ്ലെക്‌സ്‌ ബോർഡുകളും - പലതും വർണ്ണോജ്ജ്വലവും കൊടിതോരണങ്ങൾ കൊണ്ടലങ്കരിച്ചത്‌ - ലക്ഷങ്ങൾ ചിലവിടുന്ന ഈ ബാനറുകൾക്കും ബോർഡുകൾക്കും - ഇതിനൊക്കെയുള്ള പണം എവിടെ നിന്ന്‌ കിട്ടുന്നു?. സാധാരണക്കാരിൽ നിന്നും പാർട്ടി അനുഭാവികളിൽ നിന്നും പിരിഞ്ഞുകിട്ടുന്ന സംഖ്യയ്‌ക്ക്‌ പരിമിതിയുണ്ട്‌. ആ വശം ആലോചിക്കുമ്പോഴാണ്‌ അവിശുദ്ധ മാർഗ്ഗത്തിൽക്കൂടിയാണ്‌ ഈ ആർഭാടത്തിന്‌വേണ്ടി പണം സ്വരൂപിച്ചിരി​‍്‌ക്കുന്നതെന്ന്‌ ബോദ്ധ്യമാവുന്നത്‌. ലാൻഡ്‌മാഫിയ, മണൽമാഫിയ, അനധികൃത മദ്യവ്യാപാരമുൾപ്പെടെയുള്ള എല്ലാ അംഗീകൃതവും അല്ലാത്തതുമായ വ്യാപാരവ്യവസായ സ്‌ഥാപനങ്ങളിൽ നിന്നും കേന്ദ്രങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നതുക - ഈ തുകയിൽ ഒരു ഭാഗമെങ്കിലും അവർ ലക്ഷ്യമിടുന്ന കാര്യങ്ങൾക്കായി ചിലവിട്ടിരുന്നെങ്കിൽ! ഇവരുടെയൊക്കെ യാത്രയ്‌ക്ക്‌ ഒറ്റലക്ഷ്യമേയുള്ളു. അധികാരത്തിൽ കയറിപ്പറ്റുക - അല്ലെങ്കിൽ ഉള്ള അധികാരം നിലനിർത്തുക - അധികാരത്തിൽ പങ്കാളികളായാൽ മാത്രമേ പല പദ്ധതികൾക്കുവേണ്ടി വിവിധ ഏജൻസികൾ വഴി ഖജനാവിലെ പണം സ്വന്തം കൈകളിൽക്കൂടി കടന്നുപോകാനുള്ള മാർഗ്ഗം ലഭിക്കുകയുള്ളു. ചിലവിടേണ്ട തുകയുടെ നേർപകുതിപോലും ഈ പദ്ധതികൾക്കൊന്നും ലഭ്യമാവുന്നില്ല എന്നതാണ്‌ വസ്‌തുത.

കടക്കെണിമൂലമുള്ള കർഷകരുടെ അത്‌മഹത്യ, ഭൂമാഫിയയുടെ നീരാളിപ്പിടുത്തം, കുടിവെള്ളത്തിനുവേണ്ടിയുള്ള നെട്ടോട്ടം, നനഞ്ഞുചോരുന്നതും പഴക്കം ചെന്നതുമായ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, അടഞ്ഞുകിടക്കുന്ന തൊഴിൽ ശാലകൾ, വ്യവസായസ്‌ഥാപനങ്ങൾ ഇതിനിടയിൽ ടൂറിസം മാത്രമുണ്ട്‌ കൊട്ടിഘോഷിക്കാൻ പറ്റിയ ഒരേ ഒരു മേഖല, പക്ഷേ, അവിടെയും കയ്യിൽ സമ്പാദ്യമുള്ളവർക്ക്‌ മാത്രമേ കടന്നുചെല്ലാനാവൂ എന്നതാണ്‌ വസ്‌തുത. ക്രമസമാധാനം പാടെതകർന്ന അവസ്‌ഥയിൽ മനുഷ്യജീവന്‌ അലഞ്ഞ്‌ തിരിഞ്ഞു നടക്കുന്ന നായയുടെ വിലപോലുമില്ല എന്നതാണ്‌ ഭീകരമായ സത്യം.

ഈ സ്‌ഥിതി വിശേഷം നിലനിൽക്കണം എന്നതാണ്‌ ഈ പര്യടനജാഥകൾ നടത്തുന്നവരുടെയും ഉള്ളിലിരുപ്പ്‌. എങ്കിൽ മാത്രമേ കോടിക്കണക്കിനുള്ള പണം ഈ കെടുതികളാക്കെ പരിഹരിക്കാനെന്ന വ്യാജേന പലപല പദ്ധതികൾക്കായി പലപല ഏജൻസികൾവഴി കൈമറിയുകയുള്ളു. ഫെബ്രുവരിയിൽ നടത്തൂന്ന ഈ വികസന മാർച്ചുകളുടെ ലക്ഷ്യം എങ്ങനെയും അധികാരത്തിൽ പങ്കുപറ്റാനുള്ള യത്‌നം സാദ്ധ്യമാക്കുക എന്നതാണ്‌. ജനങ്ങളുടെ സ്വത്തിനും ജീവനും രക്ഷനൽകാൻ പ്രാപ്‌തമല്ലാത്ത ഈ മാർച്ചുകൾ നിസ്സംഗമായി നോക്കിക്കാണാനേ പൊതുജനത്തിനാവുന്നുള്ളു. പ്രതികരണശേഷി നഷ്‌ടപ്പെട്ട പൊതുജനം ഉള്ളിടത്തോളം കാലം മാർച്ചുകൾ ഇനിയുമുണ്ടാകും.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.