പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ക്രിമിനലുകളെ സൃഷ്‌ടിക്കുന്നവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

എഡിറ്റോറിയൽ

ഒരു ചെറുഗ്രാമത്തിലെ നൂറ്റിയമ്പതോളം ചെറുപ്പക്കാർ കൂട്ടംകൂടുകയും നാട്ടുകാരെ ഭയപ്പെടുത്തി ആ ഗ്രാമവും പരിസര പ്രദേശങ്ങളും തങ്ങളുടെ ഭരണത്തിന്റെ കീഴിലാക്കുകയും ചെയ്‌തു എന്ന്‌ ഒരാൾ പറഞ്ഞാൽ ഇത്‌ കേരളത്തിലായിരിക്കില്ല എന്ന്‌ കരുതുന്നവരായിരിക്കും ഭൂരിപക്ഷവും. എന്നാൽ ഇത്‌ നടന്ന സംഭവമാണ്‌. എറണാകുളം ജില്ലയിലെ ആലങ്ങാട്‌ എന്ന പ്രദേശം ഇതിന്‌ കൃത്യമായ ഉദാഹരണമാണ്‌. രാഷ്‌ട്രീയ-മത-ജാതിപരമല്ലാതെ ഇവിടത്തെ നൂറ്റിയമ്പതോളം ചെറുപ്പക്കാർ ക്രിമിനൽകൂട്ടമായി മാറി. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മുതൽ കൂലിത്തൊഴിലാളികൾവരെ ഈ കൂട്ടത്തിലുണ്ട്‌. കൂടാതെ ഉന്നതവിദ്യാഭ്യാസം നേടിയവരുടെ എണ്ണവും കുറവല്ല. പട്ടാപകൽപോലും നാടൻ ബോംബുകളും വടിവാളുകളും, കൈത്തോക്കുകളുമായി ഈ ഗ്രാമത്തിൽ തേർവാഴ്‌ച നടത്തുന്നവരാണിവർ. ഈ ഗ്രാമത്തിലെ പ്രശ്‌നങ്ങളിൽ പോലീസ്‌ ഇടപെട്ടാൽ, അന്വേഷിക്കാൻ വരുന്ന പോലീസുകാരെ തല്ലി കൈകാലുകൾ ഒടിച്ച്‌ ഗ്രാമാതിർത്തിയിൽ സുരക്ഷിതമായി എത്തിക്കുകയാണ്‌ ഇവരുടെ പതിവ്‌. ഇവരെ പേടിച്ച്‌ ഒളിച്ചോടിയ (?) ഒരു പോലീസുകാരനെക്കുറിച്ച്‌ ഒരു വിവരവും ഇന്നുവരെ കിട്ടിയിട്ടില്ല.

ഈയിടെ ഒരു രാഷ്‌ട്രീയ സംഘടനയുടെ നേതൃത്വത്തിൽ മറ്റൊരു കൂട്ടർ ഒരു ക്ഷേത്രോത്സവസമയത്ത്‌ ഈ ക്രിമിനൽ സംഘത്തെ ആക്രമിക്കുകയും അതിന്റെ പേരിൽ പരസ്‌പരം ഉണ്ടായ സംഘട്ടനത്തിൽ ആ ഗ്രാമം തന്നെ കത്തിയെരിയുകയും ചെയ്‌തു. നിരപരാധികൾ അടക്കം ഒരുപാടാളുകൾ ബോംബാക്രമണത്തിൽ പരിക്കേറ്റും വെട്ടേറ്റും ആശുപത്രികളിലാണ്‌. സ്‌ത്രീകൾക്കു നേരെ മാനഭംഗശ്രമം നടന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്‌. ഏറ്റവും വലിയ ആശ്ചര്യകരമായ കാര്യം ഈ ക്രിമിനൽ സംഘത്തലവനും ഇതിലെ പ്രമുഖരും ഇവരെ ആക്രമിച്ച രാഷ്‌ട്രീയ കക്ഷിയുടെ പ്രധാന പ്രവർത്തകർ തന്നെയാണെന്നാണ്‌. ഇങ്ങിനെ ഒരു സംഭവം നടന്നപ്പോൾ ക്രിമിനൽ സംഘത്തെ രക്ഷിക്കാൻ എതിർരാഷ്‌ട്രീയകക്ഷികൾ ഓടി എത്തി. ഇനി ആക്രമണങ്ങൾ വിപുലമാകാൻ വേറെന്തു വേണം? കുറച്ചു മത-ജാതിയത കൂടിയായാൽ അസ്സലായി.

ഇത്‌ ആലങ്ങാട്‌ എന്ന ഗ്രാമത്തിന്റെ മാത്രം കഥയല്ല. നാളെ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കാവുന്ന ഒന്നാണ്‌. അതിന്റെ ലക്ഷണങ്ങൾ വളരെ വ്യക്തമായി തന്നെ തെളിഞ്ഞു കാണുന്നുണ്ട്‌.

എന്തുകൊണ്ടാണ്‌ കേരളത്തിലിങ്ങനെ സംഭവിക്കുന്നത്‌? ഉത്തരം ഒറ്റവാക്കിൽ പറയുക സാധ്യമല്ല. കാരണങ്ങൾ പലതാണ്‌. എങ്കിലും ഒരു പ്രധാന കാരണം പറയാതെ വയ്യ.

ഇന്ന്‌ കേരളത്തിലെ സാംസ്‌കാരിക-രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക്‌ എത്ര ചെറുപ്പക്കാരെ കിട്ടുന്നുണ്ട്‌ എന്ന്‌ നാം കണക്കെടുക്കുകയാണെങ്കിൽ വിരലിൽ മാത്രം എണ്ണാവുന്ന സംഖ്യയെ കിട്ടുകയുളളൂ. ബാക്കിയുളളവരെ തലതെറിച്ചവർ എന്നുപറഞ്ഞ്‌ നമുക്ക്‌ തളളിക്കളയാം. എന്നാൽ അവരെന്തുകൊണ്ട്‌ തലതെറിച്ചവരായി എന്ന്‌ അന്വേഷിക്കേണ്ട ഒരു ചെറിയ ചുമതല നമ്മിലുണ്ട്‌. ഇങ്ങനെ ഒരു തലമുറ തലതെറിച്ചവരാകാൻ ഒരു പ്രധാനകാരണം നന്മവറ്റിയ നമ്മുടെ രാഷ്‌ട്രീയ-സാംസ്‌കാരിക-സാഹിത്യനായകർ നന്നെയാണ്‌.

ഒരുകാലത്ത്‌ ജാതിക്കും മതത്തിനും പിന്നെ സാമൂഹ്യശിഥിലഘടകങ്ങൾക്കുമെതിരായി പോരാടിയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾ ഇന്ന്‌ തെരഞ്ഞെടുപ്പ്‌ ആകുമ്പോൾ മെത്രാന്മാർക്ക്‌ വീഞ്ഞു കലക്കാനും നാരായണപ്പണിക്കരുടേയും വെളളാപ്പിളളിയുടേയും പാദങ്ങൾപോലും കഴുകാൻ നടക്കുന്നവരാകുമ്പോൾ പുതിയ തലമുറ ഇങ്ങനെ ക്രിമിനലുകളാകുന്നതിൽ തെറ്റില്ല.

ഇനി കേരളത്തിലെ സാധാരണ ജനങ്ങളുമായി ബന്ധമുളള, അവരുമായി സംവദിക്കാൻ ആഗ്രഹിക്കുന്ന എത്ര സാഹിത്യ-സാംസ്‌കാരിക നായകർ കേരളത്തിലുണ്ട്‌. പ്രസംഗവേദിയിൽ നിന്ന്‌ പരസ്പരം വിഴുപ്പലക്കുന്നവരുടെ വ്യക്തിജീവിതത്തിന്റെ സത്യസന്ധത എത്രമാത്രമുണ്ട്‌. നമ്മുടെ മൺമറഞ്ഞ സാഹിത്യനായകരും സാംസ്‌കാരിക പ്രവർത്തകരും ഇങ്ങനെയായിരുന്നില്ല. അവർക്ക്‌ സമൂഹത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഭയമില്ലായിരുന്നു എന്നതാണ്‌ സത്യം. അത്‌ അവരുടെ നന്മ കൊണ്ടാണെന്നു മാത്രം. എനിക്ക്‌ ആരുടേയും വോട്ടുവേണ്ട എന്ന്‌ നാഴികയ്‌ക്ക്‌ നാൽപതുവട്ടം പറയുന്ന എഴുത്തുകാരെ നമുക്കിന്ന്‌ ധാരാളം കിട്ടിയിട്ടുണ്ട്‌. ഞാൻ പറയുന്നതും എഴുതുന്നതും മാത്രമാണ്‌ ശരി എന്ന മൂഢവിശ്വാസത്തിൽ ജീവിക്കുന്ന ഇവരൊക്കെയാണ്‌ സമൂഹത്തിലെ യഥാർത്ഥ ക്രിമിനലുകൾ. ഇവരൊക്കെയും ബുദ്ധിജീവി കസേരയിൽ മത്തുപിടിച്ചിരിക്കുന്നവരും ടെലിവിഷൻ ചാനലുകളിൽ കസർത്തുകൾ നടത്തുന്നവരുമായി മാറുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ഇവർക്കെവിടെ സമയം. തെക്കേ അമേരിക്കയിലേയും, ആഫ്രിക്കയിലേയും മനുഷ്യരുടെ വിലാപങ്ങൾ കേട്ട്‌ ഇവർ കവിതകളെഴുതുമ്പോൾ, മാറാടിയെക്കുറിച്ചും ആലങ്ങാടിനെക്കുറിച്ചും ഇവർ മിണ്ടാറില്ല എന്നത്‌ നമുക്കത്ഭുതമായിരിക്കുന്നു.

ഇന്ന്‌ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സാംസ്‌കാരികസംഘടനകളും ക്ലബ്ബുകളും നശിച്ചുകൊണ്ടിരിക്കുകയാണ്‌. ഓണാഘോഷപരികാടികളോ ക്ലബ്ബ്‌ പരിപാടികളോ നടത്താൻ ആർക്കും താത്‌പര്യമില്ലാതായിരിക്കുന്നു. വായനശാലകൾ ചിതലരിക്കുന്നു. നാടകസംഘങ്ങൾ നിർജ്ജീവമാകുന്നു. ചെറുപ്പക്കാരുടെ കൈയ്യുകളിൽ വടിവാളുകളും ബോംബുകളുമാണ്‌. കണ്ണുകളിലാകട്ടെ പരസ്പരം കടിച്ചുകീറാൻ കൊതിക്കുന്ന വൈരാഗ്യവും. ഇതില്ലാതാക്കാൻ സുഖലോലുപതയിലും അഹങ്കാരത്തിലും മതിമറന്ന്‌ ആറാടുന്ന രാഷ്‌ട്രീയക്കാരും സാംസ്‌കാരിക-സാഹിത്യ പ്രവർത്തകരും ചെറുപ്പക്കാരുടെ മനസ്സറിയാൻ ശ്രമിക്കണം. മറിച്ചാണെങ്കിൽ നാളെ നിങ്ങൾ പറയുന്നതും എഴുതുന്നതും തിരിഞ്ഞുനോക്കാൻപോലും ആരും ഉണ്ടാവില്ല. ഒപ്പം ഒറ്റയ്‌ക്ക്‌ പുറത്തിറങ്ങാൻപോലും പറ്റാതാകും. നിങ്ങൾ ആത്‌മാർത്ഥതയോടെ പറയുന്നവ കേൾക്കാൻ ഇന്നാളുണ്ടാവും നാളെ ഒരുപക്ഷെ ഉണ്ടാവില്ല.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.