പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

സ്വാതന്ത്ര്യദിനത്തിൽ ഓർത്തുപോകുന്നത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

വീണ്ടുമൊരു സ്വാതന്ത്ര്യലബ്‌ധിയുടെ ഓർമ്മപുതുക്കൽദിനം കൊണ്ടാടുകയാണ്‌ ഭാരതം. അമ്പത്തിയേഴാണ്ടിന്റെ ചരിത്രം ഭാരതത്തെ ഏതുരീതിയിലാണ്‌ മാറ്റിയിരിക്കുന്നത്‌ എന്ന ചോദ്യം ഏറെ പ്രസക്തമാകുന്ന ഒരു കാലമാണിത്‌. ഭാരതം സ്വതന്ത്രമായത്‌ കുറെ സ്വപ്നങ്ങൾ ഉണർത്തിക്കൊണ്ടാണ്‌. അത്‌ ഭാരതത്തിന്റേത്‌ മാത്രമായ ഒന്നായിരുന്നില്ല. അധിനിവേശത്തിന്റെ വടുക്കൾ വീണ രാജ്യങ്ങളുടെയും മറ്റ്‌ ദുർബലരാജ്യങ്ങളുടെയും സ്വപ്‌നങ്ങൾ കൂടി ഉൾക്കൊണ്ടതായിരുന്നു അത്‌. നെഹ്‌റുവിന്റെ സോഷ്യലിസ്‌റ്റ്‌ സങ്കല്പത്തിലെ നയതന്ത്രരീതികൾ എന്നും ഇരകളാക്കപ്പെട്ട രാഷ്‌ട്രങ്ങൾക്കൊപ്പമായിരുന്നു. ദുർബലരുടെ കരുത്തുകൂട്ടാൻ ഒരുമിച്ച്‌ നിൽക്കണം എന്ന ധാർമ്മികത അന്ന്‌ ഭാരതം കൈക്കൊണ്ടിരുന്നു. ഒരു ചേരികൾക്കൊപ്പവും നിൽക്കാതെ സ്വതന്ത്രമായ നിലപാടുകൾ എടുക്കുവാൻ ശക്തരായിരുന്നു നമ്മൾ.

ചേരികളുടെ കൊഴിഞ്ഞുപോകലും ശക്തിപ്പെടലുകളും ഇക്കാലത്തിനിടയിൽ നടന്നുവെന്ന സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെ, ഭാരതത്തിന്റെ നയതന്ത്രരംഗത്ത്‌ മാറ്റങ്ങൾ അനിവാര്യമാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ട്‌. അത്‌ ധാർമ്മികതയെ മുച്ചൂടും നശിപ്പിക്കുന്നതാകുമ്പോഴാണ്‌ ചിലർക്കെങ്കിലും വേദനയുണ്ടാവുന്നത്‌. നെഹ്‌റുവിൽനിന്ന്‌ മൻമോഹൻസിങ്ങിലെത്തുമ്പോൾ ഇരയ്‌ക്കൊപ്പം നടന്നിരുന്ന നാം, ഇരയ്‌ക്കൊപ്പം കിതയ്‌ക്കുന്നുവെന്ന മുഖംമൂടി അണിയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയും ചെയ്യുകയാണ്‌. എന്നും ദുരന്തങ്ങൾ മാത്രം പേറിയിരുന്ന പാലസ്തീൻ ജനതയുടെ കൂടെയായിരുന്നു ഭാരതത്തിന്റെ മനസ്സ്‌. പക്ഷെ ഇന്നാകട്ടെ പാലസ്തീനോട്‌ സഹതപിക്കുകയും ഇസ്രായേലിനൊപ്പം പ്രതിരോധ സഹകരണം ഉണ്ടാക്കുകയും ചെയ്യുന്നു. ശാക്തീക ചേരിയുമായി ചേർന്ന്‌ ആണവകരാറുകളിൽ ഒപ്പിടുമ്പോൾ, ഇറാനിലൂടെ വരേണ്ട എണ്ണക്കുഴൽ വെറും മായയായി മാറുന്നു. ഇറാഖിന്റെ ദുരന്തത്തിൽ അപലപിക്കുമ്പോഴും ശക്തമായ നിലപാടെടുക്കാൻ നമ്മുടെ കാലുകൾ പതറുന്നു. ഗാന്ധിയും നെഹ്‌റുവും ഇന്ദിരയുമൊക്കെ ഉയർത്തിയ ധാർമ്മികതയുടെ തിരിവെട്ടങ്ങൾ തിരഞ്ഞ്‌ ഗതികേടിലാകുന്ന അവസ്ഥയിലാണ്‌ ഇന്നു നാം. മൻമോഹൻസിങ്ങാകട്ടെ, വാജ്‌പേയ്‌ ആകട്ടെ, ഏതു പാർട്ടിയുമാകട്ടെ വേട്ടക്കാരനൊപ്പം കുതിക്കുന്ന രസത്തിലാണു നാം. നമുക്ക്‌ നഷ്‌ടപ്പെട്ടതാകട്ടെ ഭാരതത്തിന്റെ വേറിട്ട വ്യക്തിത്വവും. ആരെയും ശത്രുക്കളാക്കണം എന്നല്ല ഇതിനർത്ഥം. ശക്തിയേറിയവനോട്‌ സൗഹൃദത്തിലാകുന്നതുപോലെ ദുർബലനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കഴിയണം. അതിനു കഴിഞ്ഞില്ലെങ്കിൽ ഒരുപാട്‌ പേരുടെ ത്യാഗത്തിന്റെ ഫലമായി കിട്ടിയ സ്വാതന്ത്ര്യത്തിന്‌ ഏറെ കളങ്കമേൽക്കും. ഈ സ്വാതന്ത്ര്യദിനം ഇരകൾക്കൊപ്പം നിന്ന്‌ ഓർമ്മിക്കാം. കാരണം ഭാരതത്തിനു കിട്ടിയ സ്വാതന്ത്ര്യത്തിന്‌ വളരെ വലിയ മാനങ്ങളുണ്ട്‌.

എഡിറ്റർ

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.