പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

എം.കൃഷ്‌ണൻ നായർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

സാഹിത്യത്തിൽ എന്നും കർക്കശക്കാരനായ ഒരു റഫറിയുടെ റോളായിരുന്നു എം.കൃഷ്‌ണൻനായർക്ക്‌. ഭാവനാപൂർണ്ണമെന്നും പ്രോജ്വലമെന്നും കരുതുന്ന കളിനീക്കങ്ങൾ ഗോളിലേയ്‌ക്ക്‌ നീളുമ്പോഴായിരിക്കും നേർത്ത ഒരു പിഴവിലേക്ക്‌ വിരൽ ചൂണ്ടി റഫറിയുടെ വിസിലുയരുക. കളിക്കാരത്രയും ഒരുവേള കാണികളും അപ്പോൾ അയാളുടെ മറുചേരിയിലായേക്കാം. അനിഷ്‌ടങ്ങളുടെ അസഭ്യവർഷങ്ങൾ അയാൾക്കുമേൽ പതിച്ചേക്കാം. പക്ഷെ; അയാളുടെ പ്രാഥമിക ബാധ്യത തന്റെ കണിശതയാണ്‌. നൂലിഴ തെറ്റാത്ത കണിശത. കൃഷ്‌ണൻനായർ മൂന്നര പതിറ്റാണ്ടു കാലം വിസിൽ ഊതുക തന്നെ ചെയ്‌തു. ദയാരഹിതങ്ങളായ വാക്കുകൾ കേട്ട്‌ പുതുമുകുളങ്ങൾ ഉളളാലെ സന്തോഷിച്ച്‌, പുറമെ ക്ഷോഭിച്ചു. നക്ഷത്രങ്ങളെന്ന്‌ നാം വാഴ്‌ത്തുന്നവയെ നോക്കി കൃഷ്‌ണൻനായർ പുൽക്കൊടിയെന്നു വിളിച്ചു. അതിന്റെ ദൂരമളന്ന്‌ പരിഹാസമുയർത്തി. മൗലികമെന്ന്‌ കൊട്ടിഘോഷിച്ചവയുടെ ഒറിജിനൽ നമ്മെ വായിച്ചു കേൾപ്പിച്ചു. ഒരു മനുഷ്യന്‌ എഴുത്തിൽ എത്ര ധീരനാകാം എന്ന്‌ കാണിച്ചു തന്നു. എഴുത്ത്‌ മാത്രമാണ്‌ കൃഷ്‌ണൻനായർക്ക്‌ ശത്രുക്കളെയും മിത്രങ്ങളെയും സമ്മാനിച്ചത്‌. വിമർശനത്തിന്റെ അഗ്നിശരങ്ങളേറ്റ്‌ പൊളളിയവർ തെളിവിളികളുമായി അദ്ദേഹത്തെ പൊതിഞ്ഞു. മരിക്കുന്നതിന്‌ ഏതാനും നാളുകൾക്ക്‌ മുമ്പ്‌ അതിന്റെ രൂക്ഷതയും കേരളം കണ്ടു. അപ്പോഴൊക്കെയും ശാന്തമായി, വിറയാർന്ന കൈവിരലുകൾ കൊണ്ട്‌ വിശ്വസൗന്ദര്യത്തിന്റെ ജാലകങ്ങൾ അദ്ദേഹം തുറന്നിരുന്നു. മഹാദർശനങ്ങളുടെ അകംപൊരുളുകൾ ആർക്കും സാധ്യമാകാത്തത്ര ലളിത സുഭഗമായി പറഞ്ഞു തന്നിരുന്നു. ഇനിയൊരു എഴുത്താളർക്കും വാക്കിനാൽ മുറിവേൽക്കില്ല. ഒരു അസംബന്ധ രചനയ്‌ക്കും നേരെ മഹാനായ ആ അധ്യാപകന്റെ ചൂരൽ ഉയരില്ല. പക്ഷെ അനാഥമാകുന്ന ഒന്നുണ്ട്‌. എഴുത്തുലോകത്തിന്റെ ചതുരംഗപലകയിലെ കരുനീക്കങ്ങളിൽ ശരിയേത്‌ തെറ്റേത്‌ എന്ന്‌ കൃത്യമായി അറിയാൻ വെമ്പുന്ന മലയാള ഭാഷയെ ഇഷ്‌ടപ്പെടുന്ന വായനക്കാർ.

ലോക സാഹിത്യത്തിലെ മഹത്‌ഗ്രന്ഥങ്ങളെ തുറന്ന്‌ വച്ച്‌ മലയാള ഭാഷയിലെ ഇത്തിരിക്കുഞ്ഞന്മാരോട്‌ നിങ്ങൾ ജീവിക്കുന്നത്‌ വെറുമൊരു പൊട്ടക്കിണറ്റിലാണെന്ന്‌ തന്റേടത്തോടെ പറഞ്ഞ ഈ വിമർശന പത്രപ്രവർത്തകന്റെ വിയോഗം വലിയൊരു ശൂന്യതയാണ്‌ നല്‌കിയിരിക്കുന്നത്‌. എഴുത്തിന്റെ വാരഫലം കുറിക്കാൻ ഇനി കൃഷ്‌ണൻനായർ ഇല്ല.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.