പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഒരു കാറും കുറെ സ്വപ്‌നങ്ങളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

എഡിറ്റോറിയൽ

പത്തൊമ്പതാം നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ്‌ സ്വപ്‌നമായിരുന്നു ദൈനംദിന ജീവിതത്തിലെ സൗന്ദര്യത്തിന്റെ ആ വാഹനം. ഇരുപതാം നൂറ്റാണ്ടിലെ ക്യാപ്പിറ്റലിസ്‌റ്റ്‌ സ്വപ്‌നവും ഇതുതന്നെയായിരുന്നു. കാറ്‌ എന്ന വാഹനം കണ്ടുപിടിക്കപ്പെട്ട്‌ കുതിരയ്‌ക്കു പകരം പെട്രോൾ മനുഷ്യപുരോഗതിയുടെ ഇന്ധനം ആയതാണ്‌ ശരിക്കും ആദ്യത്തെ വിപ്ലവം. ഹെന്റി ഫോർഡ്‌ തന്റെ ഫാക്‌ടറിയിൽ നിർമ്മിച്ച കാറിന്റെ വില കുറച്ചു. ഒപ്പം തന്റെ തൊഴിലാളികളുടെ വേതനം ഇരട്ടിച്ചു. കാറുണ്ടാക്കുന്ന തൊഴിലാളിക്ക്‌ കാറു വാങ്ങാനുളള കെല്പുണ്ടാകണം. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്‌റ്റ്‌ പ്യൂരിറ്റൻസ്‌ ഇതിനെ കൺസ്യൂമറിസമെന്ന്‌ പുച്ഛിച്ചെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അവരും ചെന്നെത്തുന്നത്‌ ഇതേ ഉപഭോഗ സംസ്‌ക്കാരത്തിലാണ്‌. കേരളം അതിൽ മുൻപന്തിയിലാണ്‌. സുന്ദരമായ പാക്കിംഗ്‌ ഇല്ലെങ്കിൽ നാം ഒന്നിനെയും അംഗീകരിക്കുകയില്ല. രാമായണത്തെയും ബൈബിളിനെയും പോലും. കേരളത്തിലെ തീവ്രവിപ്ലവകാരികൾ പോലും ഈ കൺസ്യൂമറിസത്തോടുളള പുച്ഛം വാക്കുകളിൽ മാത്രമായി ഒതുക്കിക്കഴിഞ്ഞു.

ചെറുപ്പക്കാരനായ പിതാവ്‌ മൂന്നു വയസ്സായ മകനെയും കൊണ്ട്‌ കടയിൽ പോയി. കളിപ്പാട്ടം വാങ്ങണം. കുട്ടി ചുറ്റും നോക്കി. പച്ചയും മഞ്ഞയും ലൈറ്റും നിലത്തുവെച്ചാൽ തന്നത്താൻ ഓടുന്നതുമായ കാറ്‌ കൈയിലെടുത്തു. അച്‌ഛൻ അതിനെക്കാൾ വലിയ, പക്ഷെ, അത്രയും യന്ത്രങ്ങളില്ലാത്ത കാറ്‌ സെലക്‌ടു ചെയ്‌തു. വിലക്കുറവ്‌, ഈടും നിൽക്കും. പയ്യൻ ഇരുപത്തൊന്നാം നൂറ്റാണ്ടുകാരനാണ്‌. അവൻ വാശിപിടിച്ചില്ല. പക്ഷെ പറഞ്ഞു. അച്‌ഛന്റെ കൈയിൽ നല്ല കാറു മേടിച്ചു തരാൻ പൈസയില്ല. അല്ലിയോ? സ്‌നേഹിതന്‌ ഇപ്പോഴേ മകനെ ഭയമാണ്‌.

എല്ലാവരും പരസ്യങ്ങളെ കുറ്റം പറയും. ഒട്ടും ആവശ്യമില്ലാത്ത ഉപഭോഗവസ്‌തുക്കൾ നമ്മെക്കൊണ്ട്‌ വാങ്ങിപ്പിക്കുക. പക്ഷെ കുട്ടികളുടെ ആവശ്യങ്ങൾക്ക്‌ മറ്റൊരു വശം കൂടിയുണ്ട്‌. ഇന്ന്‌ അവരുടെ കഴിവുകൾ വികസിക്കാനുളള സാധ്യത മുതിർന്ന തലമുറയ്‌ക്ക്‌ അചിന്ത്യമായിരുന്ന നിലയിലേക്ക്‌ വളർന്നിട്ടുണ്ട്‌. ആ വികാസത്തിനുളള സൗകര്യം ഉണ്ടാക്കുന്നതിൽ മാതാപിതാക്കന്മാർ പരാജയപ്പെടുമോ എന്ന ഭയം ഇരുകൂട്ടരുടെയും ഉപബോധമനസ്സിൽ എപ്പോഴും ഉണ്ട്‌. അത്‌ മാറ്റാൻ ഒറ്റവഴിയെ ഉളളൂ. മുതിർന്നവരും വിദ്യാർത്ഥികളാകുക. പുതിയ ആശയങ്ങൾ ഉൾക്കൊളളാൻ ശ്രമിക്കുക. വരും തലമുറയുടെ സുഹൃത്തുക്കളായി മാറുക.

കെ.എൽ. മോഹനവർമ്മ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.