പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

വേട്ടക്കാരനൊപ്പം നിൽക്കുന്ന കോടതികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഇടയ്‌ക്കിടെ നമ്മുടെ നീതിപീഠം ഇങ്ങനെയൊക്കെയാണ്‌ പെരുമാറുക. നീതിബോധം ലവലേശമില്ലാതെ ശിക്ഷ നടപ്പിലാക്കുവാൻ കുരുക്കിനൊത്ത കഴുത്തിനെ തേടിനടക്കുന്ന സ്വഭാവം. സീനിയർ വിദ്യാർത്ഥികളാൽ ക്രൂരമായി മാനഭംഗത്തിനിരയായ കോട്ടയം സ്‌കൂൾ ഓഫ്‌ മെഡിക്കൽ എഡ്യുക്കേഷ(എസ്‌.എം.ഇ)നിലെ വിദ്യാർത്ഥിനിയെ നുണ പരിശോധനയ്‌ക്കും ബ്രെയിൻ മാപ്പിംഗ്‌ ടെസ്‌റ്റിനും വിധേയമാക്കാൻ ഉത്തരവിട്ട ഹൈക്കോടതി നടപടിയാണ്‌ ഇതിന്‌ അവസാന ഉദാഹരണം.

ഇരയാക്കപ്പെടുന്നവരുടെ വേദന ചെറുകണികയെങ്കിലും തിരിച്ചറിയണമെന്ന മാനുഷികത നഷ്‌ടപ്പെട്ടുപോകുന്ന തരത്തിൽ നമ്മുടെ നീതിവ്യവസ്ഥ തരംതാഴുന്നുണ്ടോ എന്ന്‌ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. റാഗിങ്ങിന്റെ പേരിൽ ഒരു പെൺകുട്ടി ഇവിടെ അതിക്രൂരമായാണ്‌ മാനഭംഗത്തിനിരയായത്‌. അതും ഒരുപറ്റം സീനിയർ വിദ്യാർത്ഥികളാൽ. സഹപാഠികളെന്ന വലിയൊരു ആത്മബന്ധം സൃഷ്‌ടിക്കപ്പെടേണ്ടിടത്ത്‌, കാട്ടാളത്തത്തിന്റെ ഏറ്റവും നീചമായ പരിഗണനയാണ്‌ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ആ പെൺകുട്ടിക്ക്‌ കാമ്പസിൽ നിന്നും അനുഭവിക്കേണ്ടിവന്നത്‌. പ്രതികളിൽ പലരും ഉന്നതകുല ജാതർ. ഇവരെ സഹായിക്കാൻ കോളേജ്‌ അധികൃതരും ആശുപത്രി അധികൃതരും തങ്ങളാൽ കഴിയുന്നതൊക്കെ ചെയ്തു. അന്നത്തെ കോലാഹലങ്ങളൊക്കെ മാധ്യമങ്ങളിലൂടെ നാം കണ്ടതും വായിച്ചതുമാണ്‌.

ഇവിടെ പ്രതികൾ ശിക്ഷിക്കപ്പെടുന്നതോ കുറ്റവിമുക്തരാക്കപ്പെടുന്നതോ അല്ല പ്രശ്‌നം. അത്‌ നിയമത്തിന്റെ വഴിയിലൂടെ പോകട്ടെ. പക്ഷെ ഇതൊക്കെ കണ്ടെത്താൻ കോടതി അവലംബിക്കുന്ന മാർഗ്ഗങ്ങളാണ്‌ വേദനാജനകമായിത്തീരുന്നത്‌.

മാനഭംഗക്കേസുകളിൽ ഇരയാകുന്ന പെൺകുട്ടികളുടെ മൊഴി പൂർണ്ണ വിശ്വാസത്തിലെടുത്തുവേണം കോടതികൾ പ്രവർത്തിക്കേണ്ടതെന്ന സുപ്രീം കോടതിവിധി നിലവിൽ ഇരിക്കെയാണ്‌ നമ്മുടെ ഹൈക്കോടതി ഈ കേസിലെ പെൺകുട്ടിക്ക്‌ നുണ പരിശോധന ടെസ്‌റ്റ്‌ നടത്തുവാൻ ഉത്തരവിട്ടിരിക്കുന്നത്‌. പോളിഗ്രാഫ്‌ തുടങ്ങിയ പരിശോധനകളുടെ ഫലം തെളിവായി കോടതികൾ പരിഗണിക്കാറില്ല എന്നതും ഇക്കാര്യത്തിൽ പ്രധാനപ്പെട്ട ഒരു സംഗതിയാണ്‌. അതിനുമപ്പുറം ഒന്നിലേറെപ്പേർ ചേർന്ന്‌ ഈ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട്‌ എന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്‌ദ്ധർ നേരത്തെ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്‌.

പിന്നെ ആർക്കുവേണ്ടിയാണ്‌ കോടതി ഈ അസംബന്ധനാടകം നടത്തുന്നതെന്ന ചോദ്യമുയരുന്നത്‌ സ്വാഭാവികം തന്നെ. ഇരയാക്കപ്പെട്ടവർ തന്നെ ഇത്തരം പരീക്ഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കും നിരന്തരം വിധേയരാക്കപ്പെടുന്നത്‌ ഏതൊരു നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാലും അധാർമ്മികം തന്നെ. ചില കുഴിമാടങ്ങളെ മാത്രം വെളളപ്പൂശാനുളള ത്വര കോടതികൾക്ക്‌ എങ്ങിനെ ഉണ്ടാകുന്നു എന്നതും സംശയാസ്പദം തന്നെ. ഇങ്ങനെ ചിന്തിച്ചുപോകുന്നതിൽ ആരോടും കെറുവിച്ചിട്ട്‌ കാര്യമില്ല താനും.

കാശും അധികാരവും കൈയ്യിലുളളവർ തങ്ങളുടെ മാനത്തിനു മുകളിൽ കൈവച്ചാൽ മിണ്ടാതിരിക്കുകയെ ഇനി സ്‌ത്രീകൾക്ക്‌ സാധിക്കുകയുളളൂ എന്ന അവസ്ഥയാണ്‌. കോടതി കയറിയാൽ വീണ്ടും വീണ്ടും മാനഭംഗങ്ങൾക്ക്‌ ഇരയാകുന്നു എന്ന അവസ്ഥയിൽ മറ്റെന്തു ചെയ്യാൻ.

തികച്ചും യാന്ത്രികമായ നിയമ നിലപാടുകൾ ഒരിക്കലും സാംസ്‌കാരിക ബോധമുളള ഒരു സമൂഹത്തിൽ നടപ്പാക്കുന്നത്‌ ഒരു കോടതിക്കും ആശാസ്യമായ ഒന്നല്ല. നിയമത്തിന്റെ നൂലാമാലകൾ കീറിമുറിച്ച്‌ നടപ്പാക്കുമ്പോൾ നീതിബോധത്തിന്റെ വലിയ കണ്ണ്‌ തുറന്ന്‌ വേണം നീതിപീഠം നിലപാടുകളെടുക്കാൻ. ഇരയ്‌ക്കും വേട്ടക്കാരനുമിടയിൽ നിഷ്‌പക്ഷനാകുമ്പോൾ, നമ്മുടെ പക്ഷം വേട്ടക്കാരനൊപ്പമെന്ന്‌ നാം വായിച്ചത്‌ നീതിബോധത്തിലേക്കുളള വലിയൊരു പാഠമാണ്‌.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.