പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

“ഞാൻ... എന്റെ ശൈലി....അത്‌ മരിക്കുവോളം...”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി. പത്മനാഭൻ

ലേഖനം

ഞാൻ എറണാകുളം നഗരത്തിൽ ആദ്യമായി എത്തുന്നത്‌ നമ്മുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്‌; അത്രയ്‌ക്കൊക്കെ ഇവനുണ്ടോ എന്ന്‌ ചിലർക്കൊക്കെ തോന്നിയേക്കാം, എങ്കിലും വന്നത്‌ അതിന്റെ ഭാഗമായിട്ട്‌ തന്നെയായിരുന്നു. അന്ന്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വിദ്യാർത്ഥി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത്‌ വച്ച്‌ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. കണ്ണൂരിലെ ചിറയ്‌ക്കൽ താലൂക്ക്‌ വിദ്യാർത്ഥി കോൺഗ്രസ്‌ കാര്യദർശി എന്ന നിലയ്‌ക്ക്‌ ഞാനതിൽ പങ്കെടുത്തിരുന്നു. പിന്നീട്‌ ഞാനിവിടെ സ്ഥിരതാമസമാക്കുന്നത്‌, അമ്പലമുകളിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനായ ശേഷമാണ്‌. ഏറെനാൾ എറണാകുളം നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമായി ഞാൻ ജീവിച്ചു. ഒടുവിൽ എന്റെ ഔദ്യോഗിക ജീവിതം അവസാനിച്ച്‌ പിരിഞ്ഞു പോരുമ്പോൾ എന്റെ സുഹൃത്തുക്കൾ ഒരു സല്‌ക്കാരം നടത്തുകയും അവിടെവച്ച്‌ അവരിൽ ചിലർ ഒരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇത്രയും ഏറെക്കാലം ഇയാൾ എറണാകുളത്ത്‌ ജീവിച്ചെങ്കിലും ഇയാളുടെ കണ്ണൂർ ഭാഷയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇയാൾ ഇന്നും കണ്ണൂരുകാരനായി തന്നെയാണ്‌ ഇരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. സത്യത്തിൽ ഞാൻ കണ്ണൂർക്കാരനായി തുടരാനായി യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നു മാത്രമല്ല, ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്‌ എന്റെ വിരമിക്കൽ ചടങ്ങിൽവച്ച്‌ എന്റെ സുഹൃത്തുക്കൾ സൂചിപ്പിച്ചപ്പോൾ മാത്രമാണ്‌. വിദേശയാത്രകൾ കുറെ നടത്തിയ ഒരാളാണ്‌ ഞാൻ. ഓരോ യാത്രയിലും ഞാൻ ധരിക്കാറുളളത്‌ മുണ്ടും ഖദർഷർട്ടുമാണ്‌. അല്ലാതെ കോട്ടും സൂട്ടുമൊന്നുമല്ല. ആ പതിവ്‌ എനിക്കില്ല. ഓരോരുത്തർക്കും ഓരോ രീതികളും, ശൈലികളുമുണ്ട്‌. മറ്റുളളവരെ രസിപ്പിക്കാൻ വേണ്ടിമാത്രം എനിക്ക്‌ സംസാരിക്കാനും പ്രവർത്തിക്കാനുമാവില്ല.

ഞാൻ എഴുത്തച്ഛൻ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്‌ നടത്തിയ പ്രസംഗത്തെക്കുറിച്ച്‌ മലയാളത്തിലെ വലിയ പണ്ഡിതൻമാരൊക്കെ ഏറെ കുറ്റം പറഞ്ഞ്‌ എഴുതിയതായി ഞാൻ കേൾക്കുകയും വായിക്കുകയും ചെയ്‌തു. അതിന്‌ മറുപടിയായിട്ടാണ്‌ ഞാൻ ഇത്രയും പറഞ്ഞത്‌. എനിക്ക്‌ എന്റെ ശൈലി, അത്‌ മാറ്റുവാൻ കഴിയില്ല. ഈ പറഞ്ഞത്‌ ആത്‌മപ്രശംസയാണെന്ന്‌ ചിലർ കണക്കാക്കുന്നതിൽ ഒരു വിഷമവും എനിക്കില്ല. ഞാൻ കോട്ടും സൂട്ടുമണിഞ്ഞ്‌ യൂറോപ്പിൽ പോയതിനുശേഷം, ഇവിടെവന്ന്‌ ഖദർ ഷർട്ടും മുണ്ടുമാണ്‌ ധരിച്ചിരുന്നത്‌ എന്ന്‌ പറയുന്നതാണ്‌ ആത്മവഞ്ചന. സത്യമായ കാര്യം പറയുന്നതിൽ എന്തുതെറ്റ്‌.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രസാധകരായ ഡിസി ബുക്‌സ്‌ അവരുടെ പുസ്‌തകങ്ങളിൽ ‘ആദ്യമായി ഇന്ത്യയിൽ ഐ.എസ്‌.ഒ സർട്ടിഫിക്കറ്റ്‌ കിട്ടിയ പ്രസാധകർ’ എന്ന്‌ അച്ചടിക്കാറുണ്ട്‌. ഇത്‌ പ്രശംസയല്ലേ...എങ്കിലും സത്യമാണ്‌. മറിച്ച്‌ മറ്റേതെങ്കിലും പ്രസാധകന്‌ ഇതു കിട്ടിയിട്ടുണ്ടെങ്കിൽ ഡിസി കാണിക്കുന്നത്‌ ആത്മവഞ്ചനയായിരിക്കും. അങ്ങിനെയല്ലാത്ത കാലത്തോളം അഭിമാനപൂർവ്വം ഇത്‌ അച്ചടിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇത്തിരി സുഖം ഒരാൾക്ക്‌ കിട്ടുന്നതിൽ, മറ്റുളളവർക്കെന്തിന്‌ വിഷമം? എന്താണ്‌ മറ്റുളളവരുടെ ഉറക്കം ഇക്കാരണത്താൽ നഷ്‌ടപ്പെടുന്നത്‌?

ഒരു പെയ്‌ന്റിംഗ്‌ എക്സിബിഷൻ ബ്രോഷറിൽ ഓരോ കലാകാരനെക്കുറിച്ചും എന്തൊക്കെ വിവരണങ്ങളും വിശേഷണങ്ങളുമാണ്‌ കാണുക. ഒരു സംഗീതജ്ഞന്റെ പരിപാടിയിൽ പങ്കെടുക്കുമ്പോഴും ഇത്തരം വിശേഷണങ്ങൾ കാണാം. ഇതിലൊക്കെ തെറ്റുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. എന്നാൽ തെറ്റുണ്ടെന്ന്‌ വിശ്വസിക്കുവാനുളള സ്വാതന്ത്ര്യം മറ്റുളളവർക്കുണ്ടെന്ന്‌ ഞാൻ സമ്മതിക്കാനും തയ്യാറാണ്‌.

ഞാൻ ഒരു എഴുത്തുകാരനായതുകൊണ്ട്‌ എനിക്ക്‌ മനസ്സിലായ ഒരു കാര്യമുണ്ട്‌; ഇനിയും ചിലരുടെ സുഖത്തിനുവേണ്ടി അത്ര വലിയ എഴുത്തുകാരനല്ലായെന്നും ഞാൻ കൂട്ടിച്ചേർക്കാം; എന്നാലും എഴുത്തുകാരൻതന്നെ. സാഹിത്യമെന്നത്‌ സമാനഹൃദയർക്കുളളതാണ്‌. ഇത്‌ സാഹിത്യത്തിനു മാത്രമല്ല മറ്റ്‌ കലകൾക്കും ബാധകമാണ്‌. അതുകൊണ്ടാണ്‌ സുഗതകുമാരി എഴുതിയത്‌ “സമാനഹൃദയാ...നിനക്കായി പാടുന്നു ഇന്നു ഞാൻ...” സമാനഹൃദയരോട്‌ മാത്രമെ നമുക്ക്‌ പാടാൻ കഴിയൂ, കഥ പറയാൻ കഴിയൂ. അല്ലാതെ മൂർഖരോടും ഖലരോടും നാം എന്ത്‌ പാടാനാണ്‌. എന്തു പറയാനാണ്‌. അങ്ങിനെ ചെയ്‌താൽ അത്‌ പന്നിയുടെ മുന്നിൽ മുത്തുവാരിയിടും പോലെയാകും.

പഴയ ആളുകളെ ശകാരിക്കുക എന്നത്‌ ഇന്ന്‌ എല്ലാനാട്ടിലും കാണാവുന്ന ഒരു രീതിയാണ്‌. ആരെയും കിട്ടിയില്ലെങ്കിൽ വി.ടി. ഭട്ടതിരിപ്പാടിനേയും ശകാരിക്കും ചിലർ. ബംഗാളിൽ ജ്യോതിബസു ഭരിച്ചിരുന്ന നാളുകളുടെ ഒടുവിൽ ഒരു സംഭവമുണ്ടായി. രാഷ്‌ട്രീയ സാമൂഹ്യ വ്യത്യാസമില്ലാതെ ഒത്തുകൂടിയ ബംഗാളിലെ പുതിയ എഴുത്തുകാർ ടാഗോർ സാഹിത്യകാരനല്ലെന്നും, ബംഗാളി ഭാഷയ്‌ക്കുവേണ്ടി അദ്ദേഹം ഒരു ചുക്കും സംഭാവന ചെയ്‌തിട്ടില്ലായെന്നും അഭിപ്രായപ്പെട്ടു. ഇത്‌ ബംഗാളിൽ മാത്രമല്ല ഇന്ത്യയിലാകമാനം ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. ഈ സംഭവം അറിഞ്ഞപ്പോൾ ബംഗാൾ അസംബ്ലിയിൽവച്ച്‌ നിറകണ്ണുകളോടെ കൈകൾ കൂപ്പി അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബാസു ലോകത്തോട്‌ മാപ്പു പറഞ്ഞു. ഇതു ഞാൻ കെട്ടിച്ചമച്ച ഒന്നല്ല. ടാഗോറിനെക്കുറിച്ച്‌ ആളുകൾക്ക്‌ ഇങ്ങനെ പറയാമെങ്കിൽ നിസ്സാരനായ എന്നെക്കുറിച്ച്‌ ഇവിടത്തെ ചിലർക്ക്‌ എന്താണ്‌ പറഞ്ഞുകൂടാത്തത്‌?

ഇതുപോലൊരു സംഭവം സത്യജിത്‌ റേയ്‌ക്കുമെതിരെ ബംഗാളിൽ ഉണ്ടാകുകയുണ്ടായി. റേ ബംഗാളി സിനിമയ്‌ക്ക്‌ ദ്രോഹവും അപമാനവും മാത്രമാണ്‌ വരുത്തിയിട്ടുളളതെന്ന്‌ അവിടുത്തെ പുതിയ സിനിമ പ്രവർത്തകർ ആരോപിച്ചു. ഇവരുടെയൊക്കെ വിഷമങ്ങൾ നമുക്ക്‌ മനസ്സിലാക്കാൻ കഴിയും. പക്ഷെ ഇത്‌ നിയമം മൂലം നിർത്തവെയ്‌ക്കാൻ കഴിയില്ല. ചിലർക്കിന്‌ ആത്‌മസംതൃപ്തി നല്‌കുന്ന ഒന്നാണ്‌. ഇത്തരം കാര്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

ഒരിക്കൽ ഒരു പ്രശസ്‌തനായ എഴുത്തുകാരൻ പറഞ്ഞത്‌ എന്റെ ഓർമ്മയിൽ വരികയാണ്‌. ലോകത്തിൽ ഏറ്റവും ഭയപ്പെടേണ്ട വ്യക്തി കഥയെഴുതാൻ ശ്രമിച്ച്‌ പരാജയപ്പെട്ടവനാണ്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ഞാൻ എന്റെ ചെറിയ ഒരനുഭവം പറയാം. ബോംബെയിൽ നിന്നും പുറത്തിറങ്ങുന്ന ‘ഡെ ബൊണയർ’ എന്ന അശ്ലീലമാസികയിൽ എന്റെ ‘ഗൗരി’ എന്ന കഥയുടെ ഇംഗ്ലീഷ്‌ വിവർത്തനം പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ ഇരുപത്തിരണ്ടാം വാർഷികപ്പതിപ്പിൽ ഇത്‌ പ്രസിദ്ധീകരിച്ചപ്പോൾ എന്റെ അനുവാദം വാങ്ങിക്കുകയോ പ്രതിഫലം തരികയോ ചെയ്തില്ല. കഥ പ്രസിദ്ധീകരിച്ച വിവരം ഒരു സുഹൃത്തുവഴി അറിഞ്ഞപ്പോൾ ഞാൻ എറണാകുളം ജില്ലാകോടതിയിൽ ഒരുലക്ഷം നഷ്‌ടപരിഹാരത്തിന്‌ മാസികയ്‌ക്കെതിരായി കേസുകൊടുത്തു. പിന്നീടുണ്ടായത്‌ രസകരമായ അനുഭവമാണ്‌. അന്നത്തെ ജില്ലാ ജഡ്‌ജി ഒരോ തവണവും എന്റെ ഫയൽ വിളിക്കുകയും, എന്നാൽ കേസ്‌ മുന്നോട്ട്‌ കൊണ്ടുപോകാതെ, അത്‌ മാറ്റിവച്ച്‌ എന്നെ ചീത്തപറയാൻ തുടങ്ങുകയും ചെയ്യും. കഥ നല്ലതോ ചീത്തയോ എന്നതോ, പത്‌മനാഭൻ നല്ലവനോ ചീത്തയാളോ എന്നതല്ലല്ലോ അഡ്‌ജുഡിക്കേഷൻ. എന്റെ ‘പീറക്കഥ’ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണല്ലോ പ്രശ്‌നം. ഇയാൾ എന്നെ ചീത്ത പറയുന്നത്‌ മൂന്നുനാലുവട്ടം ആവർത്തിച്ചപ്പോൾ, ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ, ഈ നീചാത്‌മാവിൽ നിന്നും എന്നെ രക്ഷിക്കണം എന്ന്‌ അപേക്ഷിച്ച്‌ ഞാനൊരു പെറ്റീഷൻ നല്‌കി. രസികനായ ഹൈക്കോടതി ജഡ്‌ജി, എന്റെ പെറ്റീഷൻ വായിച്ചശേഷം ശുദ്ധ മലായാളത്തിൽ ഇങ്ങനെ ഒരാത്മഗതം നടത്തി...“ജില്ലാജഡ്‌ജി ചെറുപ്പത്തിൽ കഥയെഴുതിയിട്ടുണ്ടാകും; അല്ലാതെ ഇത്തരത്തിൽ ചീത്ത പറയാൻ കാരണമൊന്നും കാണുന്നില്ല.” അയാൾ കഥയെഴുതി പരാജയപ്പെട്ടവൻ തന്നെയാണെന്നാണ്‌ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്‌. എന്നെ ഇഷ്‌ടപ്പെടാത്ത സുഹൃത്തുക്കൾ മനസ്സിലാക്കാൻ കൂടിയാണിത്‌ ഇപ്പോൾ പറയുന്നത്‌.... ഞാൻ പറഞ്ഞതുകൊണ്ടുമാത്രം ഇക്കാര്യം അസത്യമാവില്ല.

ഇത്‌ ഞാൻ അവസാനിപ്പിക്കുന്നതിനുമുൻപ്‌ രണ്ടുകാര്യങ്ങൾ സൂചിപ്പിച്ചു കൊളളട്ടെ.

മലയാള ഭാഷയ്‌ക്ക്‌ ഏറ്റവും വലിയ നേട്ടങ്ങൾ നല്‌കിയ മഹാനായ എഴുത്തുകാരൻ, ഒ.വി.വിജയൻ; ഹൈദ്രബാദിലെ ഒരാശുപത്രിയിൽ രോഗത്തോട്‌ മല്ലടിച്ച്‌ കിടക്കുകയാണ്‌. അദ്ദേഹം എന്റെ തലമുറയിലെ എഴുത്തുകാരിൽ ഒന്നാമനാണ്‌. സി.വി.രാമൻപിളളയ്‌ക്കുശേഷം മലയാളം കണ്ട ഏറ്റവും മികച്ച നോവലിസ്‌റ്റ്‌. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുകയും മികച്ച കാർട്ടൂണുകൾ വരയ്‌ക്കുകയും ചെയ്‌ത വലിയ ചിന്തകൻ. അദ്ദേഹത്തിന്റെ രോഗാവസ്ഥ ഉടനെ മാറി ആരോഗ്യം തിരിച്ചു കിട്ടട്ടെയെന്ന്‌ ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു.

രണ്ടാമത്‌, രാഷ്‌ട്രീയമായോ പ്രവർത്തി സംബന്ധമായോ എന്തൊക്കെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഒരാൾക്കും അവഗണിക്കാൻ കഴിയാത്ത വലിയൊരു പത്രമാണ്‌ മലയാള മനോരമ. രണ്ടാഴ്‌ചയായിട്ടില്ല എന്നെപ്പറ്റി മോശമായി എഴുതിയിട്ട്‌. പക്ഷെ, അതുകൊണ്ട്‌ മനോരമ ചീത്ത പത്രമാകേണ്ടതില്ല. ഇവിടെ ഏതാണ്‌ നല്ല പത്രമെന്ന മറുചോദ്യവുമുണ്ട്‌. ഇതു മനസ്സിലാക്കിയാണ്‌ ഞാൻ മുൻപ്‌ പറഞ്ഞത്‌, രാഷ്‌ട്രീയമായോ പ്രവർത്തി സംബന്ധമായോ ഭിന്നാഭിപ്രയങ്ങൾ ഉണ്ടാകുമെങ്കിലും മനോരമയുടെ പ്രാധാന്യത്തെ ലഘൂകരിച്ച്‌ കാണാനാവില്ലയെന്ന്‌. ഇ.എം.എസ്സും നായനാരും ദേശാഭിമാനിയേക്കാളേറെ ഒരുപക്ഷെ മനോരമയിലായിരിക്കും എഴുതിയിട്ടുണ്ടാകുക. ഏറ്റവും കൂടുതൽ അഭിമുഖങ്ങളും അനുവദിച്ചു കൊടുത്തിരിക്കുന്നതും മനോരമയ്‌ക്കായിരിക്കും.

മലയാള മനോരമയുടെ പുതിയ എഡിഷൻ ഡൽഹിയിൽനിന്നും ഇറങ്ങുകയാണ്‌. അവരുടെ ഈ സംരംഭത്തിന്‌ എല്ലാ ഭാവുകങ്ങളും നേരാൻ നിങ്ങളും എന്റെയൊപ്പം ഉണ്ടാകും എന്നാണ്‌ എന്റെ വിശ്വാസം. ഇന്ത്യയ്‌ക്കുപുറത്തും മനോരമയ്‌ക്ക്‌ എഡിഷനുകൾ ഉണ്ടാകട്ടെയെന്ന്‌ ഞാൻ ആശംസിച്ചു കൊളളുന്നു.

(എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ ടി.പത്‌മനാഭന്‌ പ്രസാധകരുടെ കൂട്ടായ്‌മ നല്‌കിയ സ്വീകരണത്തിന്‌ മറുപടിയായി നടത്തിയ സംഭാഷണത്തിൽനിന്നും....)

ടി. പത്മനാഭൻ

1931ൽ കണ്ണൂരിനടുത്ത്‌ പളളിക്കുന്നിൽ ജനിച്ചു

അച്‌ഛൻഃ പുതിയിടത്ത്‌ കൃഷ്‌ണൻനായർ.

അമ്മഃ ദേവകി എന്ന അമ്മുക്കുട്ടിയമ്മ.

ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിലും മംഗലാപുരം ഗവണ്മെന്റ്‌ ആർട്‌സ്‌ കോളജിലും മദ്രാസ്‌ ലോ കോളജിലും പഠിച്ചു.

കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തശേഷം ഫാക്‌ടറിന്റെ കൊച്ചിൻ ഡിവിഷനിൽ ഉദ്യോഗം സ്വീകരിച്ചു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു.

1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജിമകൾ വന്നിട്ടുണ്ട്‌. കഥകൾ ഫ്രഞ്ച്‌, റഷ്യൻ, ജർമൻ, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലും വന്നിട്ടുണ്ട്‌. 1973-ൽ കേരള സാഹിത്യ അക്കാദമിയുടെ അവർഡ്‌ സാക്ഷി എന്ന സമാഹാരത്തിന്‌ ലഭിച്ചപ്പോൾ, അക്കാദമി എന്ന സങ്കല്‌പത്തോട്‌ പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ സ്വീകരിച്ചില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ എം.പി. പോൾ പ്രൈസ്‌ സാക്ഷിക്കു ലഭിച്ചിട്ടുണ്ട്‌. 1988-ൽ കാലഭൈരവന്‌ സാഹിത്യപരിഷത്തിന്റെ ആദ്യത്തെ ഗോൾഡൻ ജൂബിലി അവാർഡ്‌ കിട്ടി. 1991-ൽ പ്രസിദ്ധീകരിച്ച ‘ഗൗരി’ എന്ന കഥയ്‌ക്ക്‌ കഴിഞ്ഞ 6 കൊല്ലക്കാലത്തിനുളളിൽ മലയാളത്തിൽ വന്ന ഏറ്റവും മികച്ച കഥയ്‌ക്കുളള ‘സ്‌റ്റജ്‌ ഓഫ്‌ അൽ-ഐൻ’ അവാർഡ്‌ ലഭിച്ചു. ‘പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌’ എന്ന കഥയ്‌ക്ക്‌ 1996-ലെ പത്‌മരാജൻ പുരസ്‌കാരം കിട്ടി. ഗൗരിക്ക്‌ 1996-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. കടലിന്‌ 1995-ലെ അബുദാബി മലയാള സമാജം അവാർഡും 1996-ലെ ഓടക്കുഴൽ പുരസ്‌കാരവും. പുഴകടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ എന്ന സമാഹാരത്തിന്‌ 2000-ൽ അരങ്ങ്‌ (അബുദാബി) അവാർഡും ലഭിച്ചു. 1996-ൽ എം.കെ.കെ.നായർ അവാർഡ്‌. അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും യൂറോപ്പിലും നേപ്പാളിലുമൊക്കെ സഞ്ചരിച്ചിട്ടുണ്ട്‌. 15 കഥാസമാഹാരങ്ങളും ഒരു ലേഖനസമാഹാരവുമുണ്ട്‌ (എന്റെ കഥ, എന്റെ ജീവിതം). നോവൽ എഴുതിയിട്ടില്ല.

ഭാര്യഃ കല്ലന്മാർതൊടി ഭാർഗ്ഗവി.

വിലാസംഃ

15, രാജേന്ദ്രനഗർ സ്‌റ്റേജ്‌- 2

പളളിക്കുന്ന്‌

കണ്ണൂർ 670 004
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.