പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഫാസിസത്തിന്റെ കാണാവഴികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.എം.കെ.ചാന്ദ്‌ രാജ്‌

ലേഖനം

മനുഷ്യമനസ്സുകളെ മെരുക്കിയെടുക്കുന്ന ഫാസിസത്തിന്റെ നാനാതരം കെണികളെക്കുറിച്ച്‌ നാം വേണ്ടത്ര ബോധാവാന്മാരാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. മാനവപുരോഗതിക്കു വിലങ്ങുതടി സൃഷ്‌ടിച്ചും പ്രതിലോമപരതയുടെ എണ്ണമറ്റ ചതിക്കുഴികൾ തീർത്തും ഫാസിസം പടർന്നു കയറുകയാണ്‌. സോഷ്യലിസം, കമ്മ്യൂണിസം, ഡമോക്രസി, ലിബറിലിസം തുടങ്ങിയ രാഷ്‌ട്രീയ പദാവലികളിൽ നിന്നൊക്കെ വേറിട്ടതും അവ്യക്തത നിറഞ്ഞതുമായ പദമാണ്‌ ഫാസിസം. പദാർത്ഥം സൂചിപ്പിക്കുന്നതുപോലെത്തന്നെ ഫാസിസത്തിന്റെ ഉത്ഭവം, വളർച്ച എന്നിവയും അവ്യക്തതയിൽ അമർന്നിരിക്കുന്നതായി കാണാം. (ഫാസിയോ എന്നത്‌ ലാറ്റിൻ പദമായ ‘ഫാസെസ്‌’ എന്നതിൽ നിന്നാണുൽഭവിച്ചത്‌ - അർത്ഥംഃ ഐക്യം, കെട്ടുറപ്പ്‌ എന്നിത്യാദി)

പ്രതിലോമപരമായ സാമൂഹ്യവ്യവസ്ഥിതിയിലൊക്കെത്തന്നെ വ്യക്തികൾ ഷണ്ഡവൽക്കരണത്തിന്‌ വിധേയരാകുന്നു. സൃഷ്‌ടിപരമായ ശക്തി നശിപ്പിക്കലാണ്‌ ഈ പ്രക്രിയയിലൂടെ സംഭവിക്കുന്നത്‌. നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുവാൻ ഉദ്യമിക്കുന്ന സൃഷ്ട്യ്ന്മുഖശക്തികളെ ഇല്ലാതാക്കുകവഴി പ്രതിലോമശക്തികൾക്കു തങ്ങളുടെ സിംഹാസനമുറപ്പിക്കാൻ എളുപ്പം സാധിക്കുന്നു. ഇതുകൊണ്ടാണ്‌ ഒരു യാന്ത്രികസമൂഹത്തിന്റെ വളരെ സമർത്ഥമായ സമുദായഘടനയാണു ഫാസിസം എന്നു നിർവചിക്കപ്പെട്ടിരിക്കുന്നത്‌. ജർമനിയിൽ ഹിറ്റ്‌ലറുടെയും ഇറ്റലിയിൽ മുസ്സോലിനിയുടെയും പിൻപേ ആട്ടിത്തെളിച്ച ആട്ടിൻപറ്റങ്ങളെപ്പോലെ ജനസമൂഹം അണിനിരന്നതിനു പിന്നിൽ ഈ തന്ത്രമാണുണ്ടായിരുന്നത്‌.

ഇന്ത്യയെപ്പോലുളള ഒരു ജനാധിപത്യരാജ്യത്തുടനീളം ഫാസിസം പ്രച്ഛന്ന ജനാധിപത്യമായി സംക്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്‌ച കാണുവാൻ കഴിയും. ആയിരമായിരം ജിഹ്വകളിലൂടെ അതിന്റെ ഗീബൽസിയൻ കുതന്ത്രങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നു. പൊതുവെ ന്യൂറോട്ടിക്കായ സമൂഹത്തിൽ അരാഷ്‌ട്രീയവാദത്തിന്റെ വിത്തുകൾ ജനമനസ്സുകളിൽ വിതച്ച്‌ അതു നൂറുമേനി കൊയ്യാൻ കാത്തിരിക്കുന്നു. ഒരിക്കലും ഒരു പുതിയ കാര്യവും ഉളളിൽ കടക്കാൻ കഴിയാത്ത രീതിയിൽ കനത്തമറകൾ തീർത്ത്‌ ജനമനസ്സുകളെ വിഷലിപ്തമാക്കുക എന്നതാണ്‌ ഫാസിസത്തിന്റെ മൗലിക ധർമ്മം. ഹിറ്റ്‌ലർക്ക്‌ തന്റെ കിരാതമായ ‘നാഷണൽ ഡമോക്രസി’ നടപ്പിലാക്കാൻ കഴിഞ്ഞത്‌ സദാചാരത്തിന്റെയും വംശശുദ്ധിയുടെയും മറവിലാണ്‌ എന്നതു മറന്നുകൂടാ.

രാഷ്‌ട്രീയപാർട്ടികൾ എല്ലാം ചീഞ്ഞുനാറുന്ന അഴിമതിക്കാരാണെന്ന ധാരണയുണ്ടാവുമ്പോൾ അരാഷ്‌ട്രീയവാദക്കാരുടെ എണ്ണം പെരുകുകയും ഫാസിസത്തിന്റെതായ കാഴ്‌ചകളിൽ ജനം അസ്തപ്രജ്ഞരാവുകയും ചെയ്യുന്നു. അതാണ്‌ ഇന്നത്തെ ഇന്ത്യയിലെ ദുരവസ്ഥ. ഇന്ത്യ തിളങ്ങുന്നു എന്ന്‌ വിളംബരം ചെയ്തുകൊണ്ട്‌ (ഇൻഡ്യാ ഈസ്‌ ഷൈനിങ്ങ്‌ എന്ന പരസ്യം) കറുത്തപാടുകൾക്കു വെളളപൂശാനുളള ശ്രമമാണ്‌ എമ്പാടും. സോഷ്യലിസം, ജനാധിപത്യം, മതനിരപേക്ഷത എന്നീ ആദർശങ്ങൾ മുറുകെ പിടിക്കേണ്ട രാഷ്‌ട്രീയ പാർട്ടികളിൽ മായം കലരുകയും അവരുടെ സൈദ്ധാന്തിക നിലപാടുകളെ പ്രതിലോമ ബാഹ്യശക്തികൾ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ ജനത അരാഷ്‌ട്രീയവാദത്തിന്റെ കരിമ്പടത്തിൽ അഭയം കൊളളുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആശ്വാസവാഗ്‌ദാനങ്ങളുമായി അരങ്ങു തകർക്കുന്ന ജീവനകലാഗുരുക്കന്മാരുടെയും ആൾദൈവങ്ങളുടെയും ധ്യാനസദാചാര കേന്ദ്രങ്ങളുടെയും പിന്നാലെ ഹിസ്‌റ്റീരിയ ബാധിതരായി ഉഴറി നടക്കുന്ന ജനങ്ങളുടെ സംഖ്യ ദിനംപ്രതി വർദ്ധിക്കുന്നതും ഇതുകൊണ്ടാണ്‌.

ഇത്തരമൊരവസ്ഥയിൽ ആദ്യമായി പ്രതിരോധം സൃഷ്‌ടിക്കേണ്ടത്‌ ഇവിടത്തെ ജനനേതാക്കളും രാഷ്‌ട്രീയ പാർട്ടികളുമാണ്‌. തിരഞ്ഞെടുപ്പെന്ന കടമ്പ കടക്കാൻ തന്ത്രങ്ങൾ മെനയുക എന്നതിൽ കവിഞ്ഞ്‌ ജനനന്മയെ ലാക്കാക്കിയുളള താത്വിക നിലപാടുകളോ ആശയസംഘട്ടനങ്ങളോ ഇവിടെ നടക്കാറില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞ്‌ ഏതെങ്കിലും കക്ഷിക്ക്‌ അധികാരക്കുറി വീണുകിട്ടിയാൽ അവിടേക്കു പായാൻ കച്ചമുറുക്കിയിരിക്കുന്ന അവസരവാദികളാണ്‌ ഏറിയ കൂറും. ജയലളിത ബി.ജെ.പി. മുന്നണിയിൽ ചേർന്നു ഭരിച്ചാൽ ഡി.എം.കെ. ജനാധിപത്യമതേതര മുന്നണിയിൽ ചേരും. ഡി.എം.കെ. ബി.ജെ.പിയുടെ പാളയത്തിലെത്തിയാൽ ജനാധിപത്യമുന്നണിയുടെ അമരത്ത്‌ ജയലളിതയുണ്ടാവും! ഇതിനനുസൃതമായി മറ്റു പാർട്ടികളും നിലപാടുതറകൾ മാറ്റിക്കൊണ്ടിരിക്കും. ഇത്തരം അശ്ലീലപ്രവൃത്തികൾ ജനങ്ങൾ എത്രനാൾ പൊറുക്കും?

തിരഞ്ഞെടുപ്പ്‌ ചെലവുകൾക്കായി വൻകിട മുതലാളിമാരിൽനിന്നും കുത്തകക്കമ്പനികളിൽനിന്നും രാഷ്‌ട്രീയപാർട്ടികൾ പറ്റുന്ന പണം അധികാരത്തിലേറിയാൽ അഴിമതി നടത്തി അത്തരക്കാർക്കുതന്നെ തിരിച്ചു നൽകാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാവുന്നു. അങ്ങനെ തിരഞ്ഞെടുപ്പിൽ തുടങ്ങുന്ന അഴിമതി ഭരണം തീരുവോളം തുടരുന്നു. ജനജീവിതം ദുസ്സഹമാകുകയെന്നതാണ്‌ ഈ സംവിധാനത്തിന്റെ അന്തിമഫലം. തിരഞ്ഞെടുപ്പു ചെലവുകൾക്കു പരിധി നിശ്ചയിക്കുകയും അതു സർക്കാർ ചെലവാക്കുകയും ഒരു നിശ്ചിതശതമാനം വോട്ടുനേടാൻ കഴിയാത്ത ജനപ്രതിനിധികളിൽ (സ്ഥാനാർത്ഥികളിൽ) നിന്ന്‌ തിരഞ്ഞെടുപ്പു ചെലവുകൾ തിരിച്ചു പിടിക്കുകയും ചെയ്‌താൽ ഈ രംഗത്തെ അഴിമതി ഒരു പരിധിവരെ കുറയും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള ലിസ്‌റ്റുമായി ലോക്കമാന്റിലേക്കും ഹൈക്കമാന്റിലേക്കുമുളള പരക്കം പാച്ചിൽ ഒഴിവാകും. ഇത്തരമൊരു നിയമം ലോക്‌സഭയിൽ കൊണ്ടുവരാൻ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടികൾ താൽപ്പര്യപ്പെടുമോ?

ഫാസിസമെന്ന വിപത്തിനെതിരെ പ്രതികരിക്കുകയും പ്രതിരോധത്തിന്‌ ആക്കം കൂട്ടുകയും ചെയ്യേണ്ട മറ്റൊരു വിഭാഗമുണ്ട്‌. ബുദ്ധിജീവികളും സാഹിത്യ സാംസ്‌കാരികനായകന്മാരും അടങ്ങുന്ന ക്രീമിലെയർ! കേരളത്തിലെ സ്ഥിതിയെന്താണ്‌? സാംസ്‌കാരികമൂല്യങ്ങളുടെ ഉടച്ചുവാർക്കലോ പുത്തൻ സൗന്ദര്യസങ്കല്പനങ്ങളെക്കുറിച്ചുളള ചർച്ചകളോ സാമൂഹികോന്നമനത്തിനായുളള താത്വിക സംവാദങ്ങളോ ഇക്കൂട്ടരെ അലട്ടുന്ന പ്രശ്നങ്ങളല്ല. മതേതര ജനാധിപത്യമൂല്യങ്ങൾക്കായുളള ആഹ്വാനങ്ങൾ തീരെ ദുർബലം-ചില ഒറ്റപ്പെട്ട ശബ്‌ദങ്ങളൊഴിച്ചാൽ.

അവാർഡുകളെന്ന എല്ലിൻ തുണ്ടുകൾക്കായി കടിപിടി കൂട്ടുന്നവർ. എസ്‌റ്റാബ്ലിഷ്‌മെന്റുകളിൽ കയറിപ്പറ്റാൻ നട്ടെല്ലെന്ന അവയവം റീപ്ലാന്റ്‌ ചെയ്യുന്നവർ. മൂപ്പിളമത്തർക്കത്തിന്‌ ഓശാന പാടുന്നവർ. ‘തനിക്കുശേഷം ഈ ലോകം മുടിഞ്ഞു കളളി പൊന്തു’മെന്നു തെറ്റിദ്ധരിക്കുന്ന ‘മഹാ’സാഹിത്യകാരന്മാർ. ഏതു പാർട്ടി ആദ്യം വിളിക്കുന്നുവോ അവർക്കൊപ്പം പോകാൻ അണിഞ്ഞൊരുങ്ങി വഴിക്കണ്ണുമായി വശ്യമായി ചിരിച്ചു നിൽക്കുന്നവർ. അപവാദക്കേസുകെട്ടുകളുമായി കോടതി വരാന്തകൾതോറും കയറിയിറങ്ങുന്നവർ-നമ്മുടെ സാംസ്‌കാരികമണ്ഡലത്തിന്റെ ഒരു പരിച്ഛേദമാണിത്‌!

ഇത്തരം രാഷ്‌ട്രീയ സാംസ്‌കാരികാപചയങ്ങൾ സൃഷ്‌ടിക്കുന്ന അസംബന്ധ നാടകങ്ങളിൽ ഫാസിസ്‌റ്റു വേഷങ്ങൾ അരങ്ങു കൈയടക്കുന്നു. വംശശുദ്ധി സിദ്ധാന്തം, അന്യമത ധ്വംസനം, സാംസ്‌കാരികാധിനിവേശം, പാഠ്യവിഷയങ്ങളിൽ വർഗ്ഗീയ പാഠഭേദം ചമയ്‌ക്കൽ, പ്രതിലോമ തന്ത്രങ്ങൾക്കുതകും പടി ചരിത്രാപനിർമാണം തുടങ്ങിയ അനേകമനേകം ഇരുണ്ട വഴികളിലൂടെയാണവ ആധിപത്യമുറപ്പിക്കുക.

ജനാധിപത്യ മതനിരപേക്ഷപാഠങ്ങൾ ഉൾക്കൊളളുകയും ഗീബൽസിയൻ കുതന്ത്രങ്ങൾക്കെതിരെ ജാഗ്രതയുടെ അഗ്നി കാത്തു സൂക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ വർത്തമാനകാല ഇന്ത്യൻ പൗരന്റെ കടമ.

ഡോ.എം.കെ.ചാന്ദ്‌ രാജ്‌

മലയാളം, ഫിലോസഫി എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. “മലയാള ഭാഷാപ്രഭാവം സ്വാതന്ത്ര്യാനന്തരകേരളത്തിൽ” എന്ന വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പി.എച്ച്‌.ഡി ലഭിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിത, കഥ, ലേഖനങ്ങൾ.

‘പ്രകാശഗീതങ്ങൾ’, ‘ചുവപ്പൊരു നിറമല്ല’. (കാവ്യസമാഹാരങ്ങൾ)

ജീവിതം അവസാനിക്കുന്നതെപ്പോൾ (കഥാസമാഹാരം)

നോവൽഃ ‘സ്വാതന്ത്ര്യക്കൂട്ടിൽ’ (ഹരിദാസനുമായി ചേർന്ന്‌ രചിച്ചു.) ദൂരദർശൻ, ഏഷ്യാനെറ്റ്‌ എന്നിവയിൽ കവിതാവതരണം. ആകാശവാണിയിൽ പ്രഭാഷണം, കഥ, കവിത, ലളിതഗാനരചന, നാടകരചന.

ആകാശവാണി നാടകംഃ ‘തടവറയിലെ കിനാക്കൾ’ (9 ഭാഗം), ‘കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ’ (104 ഭാഗം) എന്നിവയുടെ രചന. പോപ്പുലേഷൻ കമ്മ്യൂണിക്കേഷൻ ഇന്റർനാഷണൽ (യു.എസ്‌.എ) ചെന്നൈയിൽ സംഘടിപ്പിച്ച സ്‌ക്രിപ്‌റ്റ്‌ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു.

എം.കെ.ചാന്ദ്‌ രാജ്‌, ഹരിദാസൻ എന്നിവർ ചേർന്ന്‌ ‘ഹരിചാന്ദ്‌’ എന്ന പേരിൽ ദൂരദർശനുവേണ്ടി രചന നിർവഹിച്ച പരിപാടികൾഃ ‘മലയാളമെന്നപേർകേട്ടാൽ’ (ഡോക്യുമെന്ററി), ‘വഴികാട്ടികൾ’ (ഡോക്യുമെന്ററി), ‘മുരളീരവം’ (ഗാന ചിത്രീകരണം), ‘നൈവേദ്യം’ (ഗാന ചിത്രീകരണം), ‘ലോകാവസാനം’ (ന്യൂ ഇയർ പ്രോഗ്രാം), ‘മുത്തശ്ശി പറയും പൊന്നോണക്കഥകൾ’ (ഓണം സ്‌പെഷ്യൽ പ്രോഗ്രാം), ദൂരദർശനുവേണ്ടി ഗവേഷണം, രചന, സംവിധാനം എന്നിവ നിർവഹിച്ച പരിപാടികൾഃ ‘ഇവർ ജീവപാലകർ’ (ലൈഫ്‌ഗാർഡുകളെപ്പറ്റിയുളള ഡോക്യുമെന്ററി), ‘ആയുർവേദഗവേഷണ കേന്ദ്രം’ (ഡോക്യുമെന്ററി).

വിലാസംഃ

സാരംഗം,

6&1339,

പി.റ്റി.പി. സൈറ്റ്‌റോഡ്‌,

തിരുവനന്തപുരം

695013
Phone: 0471 362888
E-Mail: sarangchand@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.