പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സിംഗപ്പൂർ വിശേഷം - 7

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാഹുലേയൻ പുഴവേലിൽ

ടൂറിസ്‌റ്റുകൾ എന്തുകൊണ്ട്‌ സിംഗപ്പൂർ ഇഷ്‌ടപ്പെടുന്നു?

നാല്‌പത്തഞ്ചുലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചുരാജ്യത്ത്‌ ഓരോവർഷവും കോടിക്കണക്കിനു വിനോദസഞ്ചാരികളാണ്‌ എത്തുന്നത്‌. ഞാനവിടെ ഉള്ളപ്പോൾ ആ വർഷം വന്ന 99,99,999 വിനോദസഞ്ചാരികൾക്കുശേഷം അടുത്തതായി എത്തിയ ടൂറിസ്‌റ്റ്‌ ഒരു ഇന്ത്യാക്കാരനായിരുന്നു. ആ ടൂറിസ്‌റ്റ്‌ എത്തിയതോടെ, ആ വർഷം അന്നേ തീയതിവരെ, അവിടെ വന്ന വിനോദസഞ്ചാരികളുടെ എണ്ണം ഒരുകോടി തികഞ്ഞു. സിംഗപ്പൂർ, ആ ടൂറിസ്‌റ്റിനു നൽകിയത്‌, ഒരു രാജകീയ സ്വീകരണവും അനവധി ആനുകൂല്യങ്ങളുമാണ്‌. പിറ്റെ ദിവസത്തെ പത്രത്തിൽ അതൊരു പ്രധാന വാർത്തയുമായിരുന്നു.

പ്രകൃതിഭംഗിയുടെ കാര്യത്തിൽ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അടുത്തെത്താനുള്ള യോഗ്യത സിംഗപ്പൂരിനില്ല. പർവതങ്ങളോ വലിയ മലകളോ അതിലൂടെ ഒഴുകിയെത്തുന്ന അരുവികളോ പുഴകളോ ഒന്നും അതിന്റെ ശരിയായ അർത്ഥത്തിൽ അവിടെ ഇല്ല. പേരു കേട്ട സിംഗപ്പൂർ പുഴയും അതിലൂടെയുള്ള ബോട്ടുയാത്രയും ശ്രദ്ധിക്കപ്പെടുന്നത്‌ മറ്റു പലകാരണങ്ങൾകൊണ്ടാണ്‌. നമ്മുടെ കുമരകത്തുകൂടെയോ, കുട്ടനാട്ടിലൂടെയോ ഉള്ള ഒരു ബോട്ടുയാത്രയുടെ സുഖവും സന്തോഷവുമൊന്നും സിംഗപ്പൂരിലെ ഒരു ബോട്ടു യാത്രയിൽ നിന്നും കിട്ടില്ല.

എങ്കിലും ടൂറിസ്‌റ്റുകൾ സിംഗപ്പൂർ ഇഷ്‌ടപ്പെടുന്നു. നല്ല മണ്ണും നല്ല വായുവും നല്ല വെള്ളവും ഒരു പ്രധാന ഘടകംതന്നെയാണ്‌. അഴുക്കോ ചെളിയോ, ചീഞ്ഞുനാറി ദുർഗന്ധം പരത്തുന്ന ജൈവപദാർത്ഥങ്ങളോ ഒരിടത്തും കാണില്ല. പുകയും പൊടിയും മൂലമുള്ള വായുമലിനീകരണവും വളരെ കുറവാണ്‌. വേറൊരു പ്രധാന കാരണം ശുദ്ധ ജലത്തിന്റേതാണ്‌. കുപ്പികളിൽ കിട്ടുന്ന കുടിവെള്ളത്തിനേക്കാൾ, പരിശുദ്ധമാണ്‌ അവിടെ പൈപ്പുകളിലൂടെ എല്ലായിടത്തും എപ്പോഴും ഒഴുകിയെത്തുന്ന വെള്ളം. റോഡുകളും യാത്രാസൗകര്യവും ഹോട്ടലുകളും ഒന്നാംതരമാണ്‌. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിനോദസഞ്ചാരികളെ ആകർഷിക്കാൻ, എന്തൊക്കെയാണ്‌ വേണ്ടതെന്നു മനസിലാക്കി, അതൊക്കെ അവരവിടെ ഒരുക്കിയിട്ടുണ്ട്‌ എന്നുള്ളതാണ്‌. അതിനുവേണ്ടി എത്ര ആയിരം കോടി ഡോളർ ചെലവാക്കാനും അവർക്കൊരുമടിയുമില്ല. അങ്ങനെ അവർ വികസിപ്പിച്ചെടുത്ത ഒരു സ്‌ഥലമാണ്‌ സെന്റോസ എന്ന ചെറിയ ദ്വീപ്‌.

ഞാൻ ആദ്യം സെന്റോസയിൽ പോയത്‌ ആതിരമോൾ, നേഹമോൾ എന്ന കൊച്ചുമക്കളോടും വീട്ടിലെ മറ്റെല്ലാകുടുംബാംഗങ്ങളോടും ഒപ്പമായിരുന്നു. എല്ലാവരും കൂടെ ഒന്നിച്ചുള്ള യാത്ര ആയതുകൊണ്ട്‌ വീട്ടിൽ നിന്നും യാത്രതിരിക്കാൻ താമസിച്ചു. സെന്റോസയിലൂടെ ഒരോട്ടപ്രദക്ഷണത്തിനുള്ള സമയമേ അന്നു കിട്ടിയുള്ളൂ.

സെന്റോസ ദ്വീപ്‌

അടുത്തയാഴ്‌ച ഞാൻ വീണ്ടും സെന്റോസയിൽ പോയി. തനിച്ചാണ്‌ പോയത്‌. ട്രയിൻ യാത്രക്കിടയിൽ ഒരറ്റം വളഞ്ഞ വലിയ കാലൻ കുടകളുമായി രണ്ടു ചെറുപ്പക്കാരികൾ എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു. ഇവിടെ കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്കുപോലും, ഇത്തരം വലിയ കാലൻ കുടയുമായി നടക്കാൻ ഒരു മടിയുമില്ല. അവർ കണ്ണെഴുതുകയും പൊട്ടുതൊടുകയും ചെയ്യാറില്ല. കഴുത്തിൽ മാലയും കയ്യിൽ വളകളും വേണമെന്നില്ല. നാലും അഞ്ചും വയസ്‌ പ്രായമുള്ള കൊച്ചുപെൺകുട്ടികൾ, നീണ്ട മുടി ഭംഗിയായി ചീകി ഒതുക്കി, പിന്നിയിട്ടു നടക്കുന്നതുകാണാം. പക്ഷെ വലിയ പെൺകുട്ടികൾ മുടി നീട്ടിവളർത്താൻ താല്‌പര്യം കാണിക്കാറില്ല. പാന്റ്‌സും ഷർട്ടുമാണ്‌ കൂടുതൽ പേരുടെയും വേഷം. ചില ചെറുപ്പക്കാരികൾക്കും വളരെ ഇറക്കം കുറഞ്ഞ ഷോർട്‌സ്‌ ആണിഷ്‌ടം, ഷോർട്‌സിന്റെ ഓരോകാലിലേക്കുമുള്ള ഇറക്കം രണ്ടിഞ്ചോ ഒരിഞ്ചോ ആണെങ്കിൽ പോലും മറ്റു യാത്രക്കാരാരും ഇതൊന്നും ശ്രദ്ധിക്കാറേയില്ല.

സിംഗപ്പൂരിന്റെ തെക്കുഭാഗത്ത്‌ കടൽ തീരത്തുള്ള ഹാർബർഫ്രണ്ട്‌ എന്ന സ്‌ഥലത്തുനിന്നും നോക്കിയാൽ സെന്റോസ ദ്വീപ്‌ വ്യക്തമായി കാണാം. ആയിരം ഏക്കറോളം മാത്രം വിസ്‌തീർണ്ണമുള്ള ഒരു ചെറിയ സ്‌ഥലം. രണ്ടു കരക്കുമിടയിൽ ശാന്തമായ കടൽ. സെന്റോസയിലേക്കു പോകാൻ കടൽ പാലത്തിലൂടെ ബസ്‌ സർവീസുണ്ട്‌. സെന്റോസ എക്‌സ്‌പ്രസ്‌ എന്ന പേരിലറിയപ്പെടുന്ന ഒറ്റ റെയിലിലോടുന്ന ചെറിയ തീവണ്ടിയുമുണ്ട്‌. കടൽ നിരപ്പിൽ നിന്നും 90 മീറ്റർ ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള കമ്പിയിലൂടെ പോകുന്ന കേബിൾ കാറിൽ കയറിയും സെന്റോസയിലെത്താം.

ഞാൻ ബസ്സിനാണ്‌ പോയത്‌. ഒഴിവുദിവസമായതുകൊണ്ടാകാം ബസ്സിൽ നല്ല തിരക്കാണ്‌. കുടുംബസഹിതം സെന്റോസ കാണാനെത്തിയവരാണ്‌ കൂടുതലും, വിദേശത്തു നിന്നുള്ള ടൂറിസ്‌റ്റുകളും കുറവല്ല. പതിനഞ്ചു മിനിട്ടിനകം ഞങ്ങൾ സെന്റോസയിലെത്തി. സെന്റോസക്കകത്തുള്ള യാത്ര വേറെ ബസ്സിലാണ്‌. ഇതിനായി യെല്ലോലൈൻ, ബ്ലൂലൈൻ, റെഡ്‌ ലൈൻ എന്നീ പേരിൽ മൂന്നുതരം ബസ്സുകളുണ്ട്‌. ഇവയെല്ലൊം സെ​‍േൻ​‍ാസയിലെ, ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി എപ്പോഴും ഓടിക്കൊണ്ടിരും. ബട്ടർഫ്ലൈ പാർക്ക്‌, സ്‌കൈ ടവർ, അണ്ടർവാട്ടർ വേൾഡ്‌, ഡോൾഫിൻ ലഗൂൺ, ഫ്ലൈയിംഗ്‌ ട്രപ്പീസ്‌, സെന്റോസ 4ഡി മാജിക്‌ തുടങ്ങി വിനോദസഞ്ചാരികൾ ഇഷ്‌ടപ്പെടുന്ന നിരവധി സ്‌ഥലങ്ങളുണ്ടിവിടെ. പുതിയ പലകേന്ദ്രങ്ങളുടെയും നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്‌. സെന്റോസയിലെ കാഴ്‌ചകളെല്ലാം കാണാൻ ഒന്നോ രണ്ടോ ദിവസം മതിയാകുകയില്ല, ഞാനാദ്യം കാണാൻ പോയത്‌ അണ്ടർവാട്ടർ വേൾഡാണ്‌.

വെള്ളത്തിനടിയിലെ ലോകം

ഞങ്ങൾ സിംഗപ്പൂരിലേക്കു യാത്ര പുറപ്പെടുന്നതിനു മുമ്പു തന്നെ ഇതിനെപ്പറ്റി ധാരാളം കേൾക്കുകയും വീഡിയോ ചിത്രങ്ങൾ കാണുകയും ചെയ്‌തിരുന്നു. കൈപോലും നനയാതെ സ്രാവുകളെയും മറ്റ്‌ അനേകം മത്സ്യങ്ങളേയും തൊട്ടുരുമ്മി കടലിനടിയിലൂടെ ഒരു യാത്ര എന്നാണ്‌ കേട്ടിരുന്നത്‌. കേട്ടതിൽ തെറ്റൊന്നുമില്ല. കയ്യും കാലും ഷർട്ടുമൊന്നും നനയാതെയാണ്‌ കടലിനടിയിലൂടെ നടക്കുന്നത്‌. നമ്മുടെ മുന്നിലും പിന്നിലും മുകളിലുമെല്ലാം വലിയ കടൽമത്സ്യങ്ങളാണ്‌. നമുക്കു ചുറ്റും ഓടിനടക്കുന്ന വലിയ കൊമ്പൻ സ്രാവുകളെ നമുക്കു തൊടുകയും തലോടുകയും ചെയ്യാൻ തോന്നും. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ സന്തോഷം നൽകുന്ന ഒരു യാത്രയാണിത്‌. വളരെ അപകടകാരികളായ ചില കടൽ ജീവികൾ, നമ്മുടെ കണ്ണിൽ നിന്നും ഏതാനും മില്ലിമീറ്റർ മാത്രം അകലെയിരുന്ന്‌ നമ്മെ തുറിച്ചു നോക്കുന്നതുകാണാം.

ടിക്കറ്റെടുത്തശേഷം താഴോട്ടിറങ്ങിചെന്നത്‌ ഒരു വലിയ ടണലിലേക്കാണ്‌. 83 മീറ്റർ നീളമുള്ള എത്രപേർക്കുവേണമെങ്കിലും ഒരേ സമയം നിൽക്കുകയും നടക്കുകയും ചെയ്യാവുന്ന ഒരു വലിയ അക്രിലിക്‌ ടണലാണിത്‌, കാഴ്‌ചകൾ കാണാൻ നാം ഇതിലൂടെ നടക്കണമെന്നില്ല. സ്വയം നീങ്ങുന്ന ഒരു ട്രാവലർ ഇതിലുണ്ട്‌. അതിൽ കയറി നിന്നാൽ മതി. അത്‌ സ്വയം നീങ്ങിക്കൊണ്ടിരിക്കുന്നതുകൊണ്ട്‌, കാഴ്‌ചകൾ കണ്ട്‌ നമുക്ക്‌ ടണലിന്റെ മറുഭാഗത്തെത്താം, സെന്റോസയിലെത്തുന്നവരിൽ, വെള്ളത്തിനടിയിലെ ഈ ലോകം കാണാതെ, തിരിച്ചു പോകുന്നവർ ചുരുക്കമാണ്‌.

ഡോൾഫിൻ ലഗൂൺ

അണ്ടർവാട്ടർ വേൾഡിൽ നിന്നും കുറെ അകലെയാണിത്‌. കടലിനടുത്തുള്ള വലിയ ഒരു തടാകത്തിലാണ്‌ ഡോൾഫിൻ ഉള്ളത്‌. തടാകകരയിൽ കസേരകൾ നിരത്തിയിട്ടിട്ടുണ്ട്‌. നേരത്തെ എത്തിയതുകൊണ്ട്‌, ഇരിക്കാൻ എനിക്കു സൗകര്യപ്രദമായ സീറ്റുകിട്ടി. കാഴ്‌ചക്കാർ കൂടുതലും സിംഗപ്പൂരിൽ നിന്നുമുള്ളവർതന്നെയാണ്‌.

സുന്ദരിയായ ഒരു പെൺകുട്ടി, വെള്ളത്തിനടുത്തേക്കു നടക്കുന്നതു കണ്ടപ്പോൾ, സ്‌കൂളിൽ പഠിക്കുന്ന ഏതോ ഒരു കുട്ടി ആയിരിക്കും. എന്നാണ്‌ ഞാൻ കരുതിയത്‌. അരക്കൊപ്പം വെള്ളത്തിലേക്കിറങ്ങിയിട്ട്‌, അവൾ തിരിഞ്ഞുനിന്നു കാഴ്‌ചക്കാരെ അഭിവാദ്യം ചെയ്‌തു. കൊച്ചുകുട്ടിയല്ലെന്നും അവളാണ്‌ ഡോൾഫിനെ പരിശീലിപ്പിക്കുന്ന ആൾ എന്നും അപ്പോഴാണ്‌ മനസിലായത.​‍്‌ കുറച്ചുകൂടി ആഴത്തിലേക്കിറങ്ങിയിട്ട്‌ അവൾ വെള്ളത്തിൽ ഒന്നു മുങ്ങി. പിന്നെ തല ഉയർത്തി രണ്ടുകൈകൊണ്ടും തലയിലെ വെള്ളം തുടച്ചുകളഞ്ഞു. ചുറ്റും ഒന്നു നോക്കിയിട്ട്‌ ഏതോ സിഗ്‌നൽ കൊടുത്തു. അപ്പോൾ വളരെ അകലെയുള്ള തടാകത്തിന്റെ ഒരു മൂലയിൽ നിന്നും ഒരു ഡോൾഫിൻ വെള്ളത്തിലൂടെ അതിവേഗം പാഞ്ഞു വരുന്നതുകണ്ടു. പെൺകുട്ടിയുടെ അടുത്തെത്തിയപ്പോൾ, ഡോൾഫിൻ അവളുടെ അരികിൽ നിന്നു. ആ കുട്ടി ഡോൾഫിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നതു കാണാമായിരുന്നു. തുടർന്ന്‌ ഡോൾഫിന്റെ പലതരത്തിലുള്ള പ്രകടനങ്ങൾ കണ്ടു. കാഴ്‌ചക്കാർ, പ്രത്യേകിച്ച്‌ കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാം കണ്ടുകൊണ്ടിരുന്നു. ഡോൾഫിന്റെ പ്രകടനം മാത്രമല്ല, പരിശീലകയുടെ സംസാരവും പെരുമാറ്റവും എല്ലാവർക്കും ഇഷ്‌ടപ്പെട്ടു.

സെന്റോസയിൽ നിന്നും ഹാർബർ ഫ്രണ്ടിലേക്ക്‌ തിരിച്ചുള്ളയാത്ര, സെന്റോസ എക്‌സ്‌പ്രസ്‌ എന്ന മോണോറെയിലായിരുന്നു. അവിടെ നിന്നും താമസസ്‌ഥലത്തേക്കു പോയത്‌ എം.ആർ.ടി.യിലാണ്‌.

ബാഹുലേയൻ പുഴവേലിൽ

ഏനാദി. പി.ഒ,

കെ.എസ്‌. മംഗലം, വൈക്കം,

കോട്ടയം ജില്ല,

പിൻ - 686 608.


Phone: 9947133557




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.