പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചൂഷിതരാവുന്ന ഫ്‌ളോറൻസ്‌ നൈറ്റിംഗൽസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രസന്നകുമാർ ന്യൂഡൽഹി

ലോകത്തിൽ ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിൽപ്പെട്ട ഏറ്റവും അധികം ആളുകൾ ആഘോഷിക്കുന്ന സുദിനം ഏതാണ്‌? ഉത്തരം ക്രിസ്‌തുമസ്സെന്നോ നബിദിനമെന്നോ ഈസ്‌റ്റർ എന്നോ പറഞ്ഞാൽ നമുക്കു തെറ്റി. അന്താരാഷ്‌ട്ര വനിതദിനമാണ്‌ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആഘോഷിക്കുന്നത്‌. കാരണം ലോകജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്‌ത്രീകളാണുളളത്‌. മാർച്ച്‌ 8 എല്ലാവർഷവും അന്താരാഷ്‌ട്ര വനിതദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ വനിതാ ദിനാചരണത്തിന്‌ ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. 1908 മാർച്ച്‌ 8 ന്‌ 15,000 സ്‌ത്രീകൾ ശമ്പളവർദ്ധനവ്‌, വോട്ടവകാശം, പ്രവൃത്തിസമയം കുറയ്‌ക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ ന്യൂയോർക്കിൽ നടത്തിയ മാർച്ചിന്റെ 100-​‍ാം വാർഷികമായിരുന്നു 2008 മാർച്ച്‌ 8. 100 വർഷം മുമ്പ്‌ ന്യൂയോർക്കിലെ സ്‌ത്രീകൾ സമരം ചെയ്‌ത്‌ നേടിയെടുത്ത ആ അവകാശങ്ങൾ ജനാധിപത്യരാഷ്‌ട്രമായ ഇന്ത്യയിലെ സ്‌ത്രീകൾക്ക്‌ ഇന്നും ഒരു മരീചികയാണ്‌. പഞ്ചായത്തീരാജ്‌ നിയമം മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തിൽ സ്‌ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും പാർലമെന്റിലെ സ്ഥിതി ഇന്നും ദയനീയമാണ്‌. പാർലമെന്റിലും നിയമസഭകളിലും സ്‌ത്രീകൾ ഇന്നും പാർശ്വവത്‌​‍്‌ക്കരിക്കപ്പെട്ടിരിക്കുകയാണ്‌.

മനുഷ്യൻ നായാടിയായി കാട്ടിൽ വസിച്ചിരുന്ന കാലത്ത്‌ പുരുഷന്മാരും സ്‌ത്രീകളും തുല്യരായിരുന്നു. കായ്‌കനികൾ ഭക്ഷിച്ചും പച്ചമാംസം തിന്നും അവർ ജീവിച്ചു പോന്നിരുന്നു. എന്നാൽ പിന്നീട്‌ അവർക്ക്‌ തീയിൽ വെന്ത മാംസം ഭക്ഷിക്കുന്നതിനോടായി താല്‌പര്യം. അതിന്‌ അവൻ കാട്ടുതീ കെടാതെ സൂക്ഷിച്ചുവെയ്‌ക്കാനായി ഗുഹകളിൽ സ്‌ത്രീകളെ ചുമതലപ്പെടുത്തി. പകരം പുരുഷന്മാർ നായാട്ടിനായി പോയി തുടങ്ങി. കാലചക്രം പിന്നെയും കറങ്ങി. കാട്ടുതീ തീപ്പെട്ടിയായി രൂപാന്തരണം പ്രാപിച്ചു. പക്ഷേ അന്ന്‌ ഗുഹകളിൽ തീ കെടാതെ സൂക്ഷിക്കാനായി തങ്ങിയ സ്‌ത്രീകൾ ഇന്നും ഗുഹയാകുന്ന അടുക്കളയിൽ തന്നെ കുടുങ്ങി ജീവിതം കഴിച്ചു നീക്കുന്നു. പിന്നീട്‌ മനുഷ്യൻ (പുരുഷൻ) മതങ്ങളുണ്ടാക്കി. മതഗ്രന്ഥങ്ങളുണ്ടാക്കി.

ആദത്തിന്റെ വാരിയെല്ലിൽ നിന്നും ഹവ്വയെ സൃഷ്‌ടിച്ച്‌ ആദത്തിന്റെ പുറകെ നടക്കാൻ ഹവ്വയെ വിധിച്ച ദൈവവും പുരുഷനാകാനേ സാധ്യതയുളളൂ. “ന സ്‌ത്രീ സ്വാതന്ത്ര്യമർഹതെ” എന്ന്‌ പറഞ്ഞ മനുവും പുരുഷവർഗ്ഗത്തിൽപ്പെട്ടയാൾ തന്നെ. സ്‌ത്രീകളെ പർദ്ദയ്‌ക്കുളളിൽ ഒതുക്കിയ ഖുറാൻ രചിച്ച മുഹമ്മദ്‌ നബിയും പുരുഷവർഗ്ഗത്തിന്റെ വക്താവ്‌ ആയിരുന്നു. ഭൂമിയേയും രാഷ്‌ട്രങ്ങളേയും സ്‌ത്രീയായി സങ്കൽപ്പിക്കുമ്പോഴും അവയുടെ ചരിത്രത്തെ ഇംഗ്ലീഷിലാക്കിയപ്പോൾ ‘അവന്റെ കഥ’ എന്നർത്ഥം വരുന്ന History എന്ന പദം ഉപയോഗിച്ചവരും പുരുഷന്മാർ തന്നെ. കന്യകയേയും വേശ്യയേയും അന്വേഷിച്ചു നടക്കുമ്പോഴും അവയുടെ പുല്ലിംഗത്തെ കണ്ടെത്താൻ കഴിയാതാക്കിയതും അവൻ തന്നെ.

പക്ഷേ സ്‌ത്രീകളെ സമൂഹത്തിന്റെ ഭാഗമായി കണ്ടിരുന്ന എത്രയോ മഹാന്മാർ ഉണ്ടായിരുന്നു. ഷുലാമിത്ത്‌ ഫയർസ്‌റ്റോൺ തന്റെ The Dialectics of Sex എന്ന കൃതിയിൽ സ്‌ത്രീകളെക്കുറിച്ച്‌ പരാമർശിച്ചിരിക്കുന്നത്‌; ചരിത്രപരമായി വീക്ഷിക്കുമ്പോൾ മനുഷ്യകുലത്തെ മുന്നോട്ടു നയിക്കുന്നതിൽ പുരുഷന്മാരുടേതിനേക്കാൾ വലിയ പങ്ക്‌ സ്‌ത്രീകളുടേതായിരുന്നു എന്നും മനുഷ്യവർഗത്തെ പുനരുൽപ്പാദിപ്പിക്കുന്നതിന്റെയും പോറ്റി വളർത്തുന്നതിന്റെയും കടുത്ത യാതനകളും ഭാരവും ഏറെയും വഹിച്ചത്‌ സ്‌ത്രീകളായിരുന്നു എന്നുമാണ്‌. റഷ്യയിലെ വനിതദിനം ദേശീയഅവധിയായി പ്രഖ്യാപിച്ചുകൊണ്ട്‌ മഹാനായ ലെനിൻ പറഞ്ഞത്‌; അടുക്കളയിലെ അടിമത്തത്തെ ചെറുക്കാനുളള ദിവസമാണിതെന്നും എല്ലാത്തരം അടിച്ചമർത്തലുകളോടും വീട്ടുജോലിയുടെ കിരാതത്വത്തോട്‌ അരുതെന്ന്‌ പറയാൻ സ്‌ത്രീകൾക്ക്‌ കഴിയണമെന്നുമാണ്‌. 1977 ൽ മാർച്ച്‌ 8 ലോകവനിതാ ദിനമായി അംഗീകരിച്ചുകൊണ്ട്‌ ഐക്യരാഷ്‌ട്ര സഭ നടത്തിയ പരാമർശവും ശ്രദ്ധേയമാണ്‌. ലോക സമാധാനം കൈവരിക്കുന്നതിനും സാമൂഹികപുരോഗതിക്കും മനുഷ്യാവകാശസംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനും അനുപേക്ഷണീയമായി വേണ്ടത്‌ സ്‌ത്രീകളുടെ ക്രിയാത്മകവും തുല്യനിലയിലുളള പങ്കാളിത്തവുമാണ്‌ എന്ന്‌ യു.എൻ. അംഗീകരിച്ച പ്രമേയത്തിൽ പറയുന്നത്‌. നമ്മുടെ കൊച്ചു കേരളത്തിൽ പോലും സ്‌ത്രീവിമോചനത്തിനായി പോരാടിയ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. വി.ടിയുടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്‌ എന്ന നാടകം ഈ രംഗത്തെ ഒരു വിപ്ലവം തന്നെയായിരുന്നു.

ഈ വർഷത്തെ വനിതാദിനത്തോടനുബന്ധിച്ച്‌ നടന്ന ഒരു ചടങ്ങിൽ വച്ച്‌ നമ്മുടെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി കേരളത്തിലെ പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾക്കായി പ്രത്യേകം കംഫർട്ട്‌ സ്‌റ്റേഷനുകൾ പണിയുമെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. ഇത്‌ തികച്ചും സ്വാഗതാർഹമാണ്‌. യാത്ര ചെയ്യുന്ന സ്‌ത്രീകൾ നേരിടുന്ന ഏറ്റവും ദയനീയമായ സ്ഥിതിവിശേഷമായിരിക്കും ഇതിലൂടെ പരിഹരിക്കാൻ പോകുന്നത്‌. ഇതേ സൗകര്യങ്ങൾ സ്‌ത്രീകൾ ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലും ഉറപ്പുവരുത്താൻ ബഹുമാനപ്പെട്ട മന്ത്രി ശ്രദ്ധിക്കേണ്ടതാണ്‌. സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ചു നടക്കുന്ന നമ്മുടെ രാഷ്‌ട്രീയനേതാക്കന്മാർ കണ്ടിട്ടും കാണാതെ പോയതായി നടിക്കുന്ന ഒരു വിഭാഗം സ്വകാര്യ നേഴ്‌സുമാരെയാണ്‌ ഈ വനിതാദിനത്തിൽ അവതരിപ്പിക്കുന്നത്‌.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെയും ടെക്‌നിക്കൽ സ്‌റ്റാഫിന്റെയും ജീവിതം വളരെ ദയനീയമാണ്‌. ഇവിടെ അവർക്ക്‌ തൊഴിൽ ഉറപ്പാണ്‌; പക്ഷേ ശമ്പളത്തിന്‌ ഉറപ്പില്ല. ആയിരക്കണക്കിന്‌ പെൺകുട്ടികളെയാണ്‌ സ്വകാര്യ ആശുപത്രിക്കാർ ചൂഷണം ചെയ്യുന്നത്‌. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ ഉറക്കം എന്നത്‌ ആഗോള നിയമമാണ്‌. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ കൂടുതൽ അറിവുളളവരാണ്‌ മലയാളികൾ. സംഘടനകൊണ്ട്‌ ശക്തരാകുവാൻ ശ്രീ നാരായണഗുരു പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം മനസ്സിൽ പോലും ചിന്തിക്കാത്തവരെ വരെ സംഘടിപ്പിച്ച്‌ നമ്മൾ പ്രശസ്‌തരായി. അങ്ങനെ കേരളത്തിലെ വേശ്യകൾക്കു വരെ സംഘടനയുണ്ടായി. അവർക്കുവേണ്ടി വാദിക്കുവാൻ ആളുകളും ഉണ്ടായി. അസംഘടിതമേഖലയിൽ വരെ യൂണിയനുകൾ ഉണ്ടായി. ഇപ്പോഴിതാ ഐറ്റി രംഗത്തും യൂണിയനുകൾ കാൽമുദ്ര പതിപ്പിച്ചു കഴിഞ്ഞു. എന്നാൽ സംഘടനയുണ്ടെങ്കിലും സംഘടിതരല്ലാത്ത ഒരു വിഭാഗം തൊഴിലാളികളാണ്‌ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സിംങ്ങ്‌, ടെക്‌നിക്കൽ മേഖലയിലെ ജോലിക്കാർ.

ആഗോളതലത്തിൽ നേഴ്‌സിംങ്ങ്‌ രംഗത്തുണ്ടാകുന്ന തൊഴിലവസരങ്ങളുടെ അനന്തസാധ്യത മനസ്സിലാക്കിയാണ്‌ ഇന്ന്‌ 90 ശതമാനം രക്ഷിതാക്കളും അവരുടെ മക്കളെ നേഴ്‌സിംങ്ങ്‌ പഠിപ്പിക്കുന്നത്‌. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഒരു ജോലി ഉറപ്പാണെന്ന തിരിച്ചറിവ്‌ പെൺകുട്ടികളെ ഈ രംഗത്തേക്ക്‌ കൂടുതൽ അടുപ്പിക്കുന്നു. ഈ പെൺകുട്ടികളുടെ കണക്കു പറഞ്ഞാണ്‌ കേരളത്തിൽ സ്വാശ്രയമെഡിക്കൽ കോളേജുകൾക്കുവേണ്ടി മുറവിളികൂടിയതും അവ സ്ഥാപിക്കാൻ എ.കെ. ആന്റണിയുടെ മന്ത്രിസഭ തീരുമാനമെടുത്തതും. കരാർ പ്രകാരം 50ഃ50 എന്ന മാനദണ്ഡം പോലും കാറ്റിൽ പറത്തിയ സ്വകാര്യമുതലാളിമാർ, ആന്റണിയേയും ഒപ്പം നമ്മുടെ പെൺകുട്ടികളെയും പറ്റിച്ചു. നമ്മുടെ സമ്പത്ത്‌ അന്യസംസ്ഥാനത്തേക്ക്‌ ഒഴുകിപോകുന്നു എന്നതാണ്‌ അവർ കണ്ടെത്തിയ പരമരഹസ്യം. പക്ഷേ ഇന്നും 75 ശതമാനം പെൺകുട്ടികളും മംഗലാപുരത്തും ബാംഗ്ലൂരിലും ഹൈദ്രാബാദിലും മറ്റുമാണ്‌ പഠിക്കുന്നത്‌. അതുകൊണ്ടാണല്ലോ ഇടയ്‌ക്കിടക്ക്‌ നേഴ്‌സിങ്ങ്‌ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു എന്ന വാർത്തകൾ നാം കേൾക്കേണ്ടി വരുന്നത്‌. പഠനകാലത്ത്‌ ശാരീരികവും മാനസികവുമായി ചൂഷണം ചെയ്യപ്പെട്ട്‌ അതിനെ അതിജീവിച്ച്‌ പുറത്തുവരുന്ന പെൺകുട്ടികൾ ഏതെങ്കിലും സ്വകാര്യ ഹോസ്‌പിറ്റലിൽ ജോലിയിലെത്തിയാൽ സാമ്പത്തികമായും ഇക്കൂട്ടർ ചൂഷണം ചെയ്യുന്നു. ഇങ്ങനെ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളടക്കം ചെറുതും വലുതുമായ ഹോസ്‌പിറ്റലുകളിലും ഡയഗ്‌നോസ്‌റ്റ്‌ക്‌ സെന്ററുകളിലും ലാബുകളിലും പണിയെടുക്കുന്ന പെൺകുട്ടികൾ അതിവിദഗ്‌ദ്ധമായി ചൂഷണം ചെയ്യപ്പെടുകയാണ്‌. പുറമെ വൻ സെറ്റപ്പുകളും പരസ്യങ്ങളും നൽകി എട്ടുകാലി വലവിരിച്ചിരിക്കുന്നതുപോലെ വലവിരിച്ച്‌ രോഗികളെ കശാപ്പുചെയ്യുന്ന ഒട്ടുമിക്ക ആശുപത്രികളിലും ജോലിയെടുക്കുന്ന നഴ്‌സുമാരുടെയും ടെക്‌നിക്കൽ സ്‌റ്റാഫിന്റെയും ശമ്പളം കേട്ടാൾ നമ്മൾ മൂക്കത്തു വിരൽ വച്ചുപോകും. ബോണ്ടെന്ന പേരിലും പ്രാക്‌ടീസ്‌ എന്നപേരിലും നേഴ്‌സിങ്ങ്‌ പഠിക്കുന്ന പെൺകുട്ടികളെ കൊണ്ട്‌ തന്നെ അതാത്‌ സ്ഥാപനങ്ങളിൽ ജോലിയെടുപ്പിച്ച്‌ മറ്റുളളവരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു. ആതുരസേവനം എന്നതിന്റെ അർത്ഥം രോഗികളെ സേവിക്കുകയെന്നല്ല മറിച്ച്‌ നേഴ്‌സുമാരും മറ്റ്‌ സ്‌റ്റാഫുകളും ഹോസ്‌പിറ്റലുകൾക്കു നൽകുന്ന ഫ്രീ സേവനം എന്നതാണ്‌.

സ്വകാര്യ നേഴ്‌സിങ്ങ്‌ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ തൊഴിൽ സമയം 8 മണിക്കൂറാക്കി നിജപ്പെടുത്തുന്നതിനും മറ്റും വേണ്ട നടപടികൾ എടുക്കുമെന്ന്‌ തൊഴിൽ വകുപ്പ്‌ മന്ത്രി പി.കെ. ഗുരുദാസൻ ഒരിക്കൽ പ്രസ്‌താവിച്ചിരുന്നു. എന്നാൽ നാളിതുവരെയായിട്ടഉം ഒരു തുടർനടപടികളും വകുപ്പുതലത്തിൽ നിന്നും ഉണ്ടായിട്ടില്ല. രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രികളിൽ 3 ഷിഫ്‌റ്റായിട്ടാണ്‌ ഡ്യൂട്ടിയെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിൽ അത്‌ രണ്ട്‌ ഷിഫ്‌റ്റാക്കി ചുരുക്കി. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ്‌ ഡേ ഡ്യൂട്ടി. ഇതിനിടയിൽ 5 മിനിട്ട്‌ നേരം ഉച്ചഭക്ഷണത്തിന്‌ സമയം കണ്ടെത്തേണ്ടത്‌ സ്‌റ്റാഫിന്റെ ഉത്തരവാദിത്വം ആണ്‌. ചില സമയങ്ങളിൽ ഉച്ചയ്‌ക്ക്‌ ഊണുകഴിക്കാൻ പോലും ഇവർക്ക്‌ സാധിക്കാറില്ല. വൈകുന്നേരം 5 മണി മുതൽ രാവിലെ 8 മണിവരെ നൈറ്റ്‌ ഡ്യൂട്ടി. അതായത്‌ 15 മണിക്കൂർ ഡ്യൂട്ടി. ഇതിനിടയിൽ നേഴ്‌സുമാർ ഉറങ്ങുന്നുണ്ടോ, വിശ്രമിക്കുന്നുണ്ടോ എന്ന്‌ അന്വേഷിക്കുവാനായി സെക്യൂരിറ്റിക്കാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഒട്ടുമിക്ക ഹോസ്‌പിറ്റലുകളിലും നേഴ്‌സുമാരുടെ മുറികളിൽ ഒരു ഫാനോ, ഇരിക്കാൻ ഒരു കസേരയോ ഇടാറില്ല. കാരണം ഇവർ ഡ്യൂട്ടി സമയത്ത്‌ അല്‌പസമയമെങ്കിലും റൂമിലെത്തി കാറ്റും കൊണ്ട്‌ ഇരുന്നാലോ എന്ന പേടി. ദൈവം സഹായിച്ച്‌ കേരളത്തിൽ ഇടയ്‌ക്കിടയ്‌ക്ക്‌ വിരുന്ന്‌ വരാറുളള പകർച്ചപ്പനികൾ മൂലം സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ ഉളള ഉറക്കം കൂടി നഷ്‌ടമായി.

എന്നാൽ പകർച്ചപ്പനി ‘ആഘോഷ’ സമയത്ത്‌ ആശുപത്രി മാനേജ്‌മെന്റ്‌ കോടികൾ കൊയ്യുമ്പോൾ നേഴ്‌സുമാർക്ക്‌ കിട്ടുന്ന ശമ്പളം അവർക്ക്‌ നാപ്‌കിൻ വാങ്ങാൻ പോലും തികയുന്നില്ല. കോട്ടയത്തുളള പ്രമുഖ ഡയഗ്‌നോസ്‌റ്റിക്‌ സെന്ററുകളിലെ നേഴ്‌സിങ്ങ്‌, ടെക്‌നിക്കൽ സ്‌റ്റാഫിന്റെ ശമ്പളം കേട്ടാൽ ആരും അയ്യേ എന്നു പറഞ്ഞുപോകും. മാസം 500 ഉം 600 ഉം രൂപ ശമ്പളത്തിന്‌ ജോലി ചെയ്യുന്ന ടെക്‌നിക്കൽ സ്‌റ്റാഫ്‌ ഉണ്ട്‌ ഇവിടെ. യാത്രക്കൂലി കഴിച്ചാൽ ബാക്കി കിട്ടുന്നത്‌ എത്രയാണെന്ന്‌ ഊഹിക്കാവുന്നതേയുളളൂ.

കോട്ടയത്തിനടുത്ത്‌ പളളം എന്ന സ്ഥലത്തുനിന്ന്‌ വന്ന്‌ ജോലി ചെയ്‌തിരുന്ന ഒരു പെൺകുട്ടി 6 മാസത്തോളം ജോലി നോക്കിയിട്ടും അഞ്ചു നയാപൈസ പോലും ശമ്പളം കിട്ടാതെ സ്വയം പിരിഞ്ഞുപോയ സംഭവം വരെയുണ്ടായി ഇതിൽ ഒരു സ്ഥാപനത്തിൽ. 5 മുതൽ 7 വർഷം വരെയായി ജോലിചെയ്യുന്ന സ്‌റ്റാഫിനുപോലും 2000 രൂപയിൽ അധികം കൊടുക്കാറില്ല. ബി.എസ്‌.സി. എം.എൽ.റ്റി പഠിച്ച കുട്ടികൾക്ക്‌ കൊടുക്കുന്ന ഏറ്റവും ഉയർന്ന ശമ്പളം 2000 രൂപയാണ്‌. എന്നാൽ ഈ കുട്ടികൾ വിദേശത്ത്‌ ജോലി നോക്കിയാൽ ലക്ഷങ്ങൾ കിട്ടുമെന്നതിൽ യാതൊരു സംശയവും വേണ്ട. തന്മൂലം ടെക്‌നിക്കൽ സ്‌കിൽ ഉളള മെഡിക്കൽ സ്‌റ്റാഫിന്റെ സേവനം കേരളത്തിലെ ഹതഭാഗ്യരായ രോഗികൾക്ക്‌ കിട്ടാതെ പോകുന്നു. ഇതൊരു ഉദാഹരണം മാത്രമാണ്‌. ഇതുപോലെ തന്നെയാണ്‌ മറ്റ്‌ സ്വകാര്യ സ്ഥാപനങ്ങളിലെയും സ്ഥിതി.

എസ്‌.എസ്‌.എൽ.സി പരീക്ഷ കഴിയുന്നതോടുകൂടി സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ വരവാകും. ഇവരിൽ പലരും അംഗീകാരമില്ലാത്തവരുമാണ്‌. കോട്ടയം ജില്ലയിലെ കുറവിലങ്ങാട്‌ ഇതിന്‌ പ്രസിദ്ധമാണ്‌. തങ്ങളുടെ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക്‌ ജോലി ഉറപ്പും ചെയ്യാറുണ്ട്‌ പലരും. പക്ഷേ ശമ്പളം എത്രകിട്ടും എന്ന്‌ മാത്രം ചോദിക്കരുത്‌. കിട്ടുന്നതോ മാസത്തിൽ 500-600 രൂപ. കേന്ദ്രതൊഴിൽ ഉറപ്പുനിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. അതിൻപ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പേരു രജിസ്‌റ്റർ ചെയ്‌താൽ 125 രൂപയോളം ദിവസകൂലി കിട്ടുന്ന ജോലി കിട്ടുമെന്ന്‌ ഉറപ്പുളളപ്പോഴാണ്‌ മാസം 500 രൂപ ശമ്പളം കിട്ടുന്ന ജോലിയ്‌ക്കായി പാഴ്‌വാഗ്‌ദാനം ചെയ്യുന്നതെന്നോർക്കണം. പക്ഷേ ഈ സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കുവാനോ അവയ്‌ക്ക്‌ പരിഹാരം കാണുവാനോ ആർക്കും യാതൊരു താത്‌പര്യവുമില്ല. തൊഴിലാളികളുടെയും സ്‌ത്രീകളുടെയും അവകാശങ്ങൾക്കുവേണ്ടി സമരംചെയ്‌ത്‌ വളർന്ന മന്ത്രിമാർ ഭരിക്കുന്ന നമ്മുടെ നാട്ടിലെ സ്വകാര്യ ഹോസ്‌പിറ്റലുകളിലെ ഫ്‌ളോറൻസ്‌ നൈറ്റിംഗൽസുമാരുടെ രക്തം ഊറ്റിക്കുടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്താനും അവിടങ്ങളിൽ ജോലിനോക്കുന്ന തൊഴിലാളികളുടെ ജോലിസമയം കുറയ്‌ക്കുന്നതിനും മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തുന്നതിനും ബഹുമാനപ്പെട്ട മന്ത്രിമാരായ പി.കെ. ശ്രീമതി ടീച്ചറും പി.കെ. ഗുരുദാസനും ശ്രദ്ധചെലുത്തുമെന്ന്‌ നമുക്കു വിശ്വസിക്കാം.

പ്രസന്നകുമാർ ന്യൂഡൽഹി


E-Mail: mp.prasannakumar@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.