പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മിഠായ്‌ തെരുവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റഫീഖ്‌ പന്നിയങ്കര

പ്രതികരണം

കോഴിക്കോട്‌ മിഠായ്‌ തെരുവിലെ മൊയ്‌തീൻ പള്ളിറോഡ്‌ മുക്കാൽ ഭാഗത്തോളം കത്തിയമർന്നിരിക്കുന്നു. ഏഴ്‌ ജീവിതങ്ങൾ അതോടൊപ്പം അധികൃതരുടെ ഉദാസീനതയ്‌ക്ക്‌ രക്തസാക്ഷിയായി. ദുരന്തങ്ങൾ അരങ്ങേറിയ ശേഷം അതിനെപ്പറ്റി ചർച്ച ചെയ്യുകയും വീണ്ടുമതാവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുമെന്ന്‌ പറയുകയും ചെയ്യുന്ന പതിവുകാഴ്‌ച നമുക്കിവിടേയും ദൃശ്യമാവും. മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ടെ, എപ്പോഴും തിരക്കിൽ കലങ്ങുന്ന കച്ചവട കേന്ദ്രമായ മിഠായ്‌ തെരുവിലെ സ്ഥാപനത്തിൽ അമിതമായ രീതിയിൽ പടക്ക സാമഗ്രികൾ സ്‌റ്റോക്ക്‌ ചെയ്യുകയും ഒരുപാട്‌ പേരുടെ ജീവിതവഴികൾ തീയിലമരുകയും ചെയ്തതിന്റെ ഉത്തരവാദിത്വത്തിൽ അധികൃതർക്കുള്ള പങ്ക്‌ നിഷേധിക്കാനാവില്ല.

നിയമപാലകരെ കാണേണ്ട പോലെ കണ്ടാൽ പാടില്ലാത്ത പലതിനും മൗനാനുമതി ലഭിക്കുമെന്ന്‌ നമുക്കറിയാം. രക്ഷാപ്രവർത്തകരെ സഹായിക്കാനെത്തിയ ജനങ്ങളോടൊപ്പം പുറത്തേക്കെടുത്തു മാറ്റിയത്‌ ആയിരക്കണക്കിന്‌ രൂപയുടെ പടക്ക സാമഗ്രികളാണെന്ന്‌ നാം വാർത്തകളിലൂടെ അറിയുമ്പോൾ മൂന്നുമണിക്കൂർ കത്തിയശേഷവും പുറത്തേക്കെടുത്തു മാറ്റാൻ വൻ ശേഖരമുണ്ടാവുകയെന്നത്‌ മുമ്പ്‌ അവിടെ എത്രമാത്രമുണ്ടായിരുന്നു അവിടുത്തെ സ്‌റ്റോക്ക്‌ എന്ന്‌ അനുമാനിക്കാവുന്നതേയുള്ളൂ.

ഈസ്‌റ്റർ, വിഷു ആഘോഷങ്ങൾ പടിവാതിലിൽ വന്നെത്തി നിൽക്കുമ്പോൾ അതിനനുസരിച്ചുള്ള സാധനങ്ങൾ സ്‌റ്റോക്ക്‌ ചെയ്യുകയെന്നത്‌ സാധാരണമാണെങ്കിലും മനുഷ്യജീവന്‌ അപായമുണ്ടാക്കുന്ന രീതിയിലുള്ള വസ്‌തുക്കൾ ഇത്രമാത്രം കുന്നുകൂട്ടി വെയ്‌ക്കുന്നതിന്റെ അപാകത ദുരന്തമുണ്ടായതിനു ശേഷം മാത്രം ചിന്തിക്കുന്നത്‌ അനുകരണീയമല്ല. മണിക്കൂറുകൾ നിന്ന്‌ കത്തിയിട്ടും അവിടെ വേണ്ടരീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്താനുള്ള സംവിധാനം നമ്മുടെ ജില്ലാ ഭരണകൂടത്തിനില്ല എന്നത്‌ സാധാരണക്കാരെ അതിശയിപ്പിക്കുന്നു. നഗരവീഥികൾ വെള്ളച്ചായമടിച്ച്‌ മോടി കൂട്ടലും നഗരം കാണാനെത്തുന്നവർക്ക്‌ പച്ചപിടിച്ച പുൽതകിടിയൊരുക്കലും മാത്രമാണ്‌ നഗരവികസനമെന്ന്‌ തെറ്റിദ്ധരിച്ചവർ ഇത്തരം ദുരന്തമുണ്ടാകുമ്പോൾ അടിയന്തിര സുരക്ഷാ സഹായ ക്രമീകരണങ്ങളൊരുക്കാനും ജാഗ്രത കാണിക്കണം.

കുടുംബത്തിന്റെ അത്താണിയാവേണ്ടവന്റെ വിയോഗം അതനുഭവിക്കുന്നവർക്ക്‌ ഭരണാധികാരികളുടെ ഒരനുശോചന സന്ദേശത്തിലോ താൽക്കാലികമായി ലഭിക്കുന്ന അടിയന്തിര സഹായ ചില്ലറത്തുട്ടിലോ ഒതുക്കുന്നത്‌ പാവപ്പെട്ടവനോട്‌ ചെയ്യുന്ന വലിയ അനീതിയാണ്‌. മേലിൽ ഇത്തരം സംഭവം നമ്മുടെ കച്ചവട കേന്ദ്രങ്ങളിലുണ്ടാവാതിരിക്കാനാവണം അധികാരികളുടെ ശ്രദ്ധ പതിയേണ്ടത്‌.

റഫീഖ്‌ പന്നിയങ്കര

ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌.

ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം)

സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു.


Phone: 00966 553 363 454
E-Mail: panniyankara@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.