പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഈ മനുഷ്യൻ നമുക്കാരാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവി കുറ്റിക്കാട്‌

“ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പാണ്‌ ഞാൻ ജസ്‌റ്റിസ്‌ വി.ആർ. കൃഷണയ്യരെ കാണാൻ ചെല്ലുന്നത്‌. ദേശാഭിമാനി വാരികക്കുവേണ്ടി അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുക എന്നതായിരുന്നു ദൗത്യം. എന്റെ ആഗ്രഹമുന്നയിച്ചപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു - അത്ര വലിയ പൊതു ജീവിതമൊന്നും എനിക്കില്ല. ഒരു ന്യായാ​‍ാധിപനായിരുന്ന ഒരാളുടെ ജീവിതത്തിന്‌ ജനങ്ങൾക്കിടയിൽ എന്ത്‌ പ്രസക്തി?

ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ അദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ടി.സി. ഗോവിന്ദൻ നമ്പ്യാർ (ഏതാനുംനാൾ മുമ്പ്‌ അദ്ദേഹം മരിച്ചു. നമ്പ്യാരുടെ കാര്യം പറഞ്ഞപ്പോൾ ഈയിടെ പോലും കൃഷ്‌ണയ്യരുടെ കണ്ണുനിറയുന്നത്‌ ഞാൻ കണ്ടു) എന്റെ ചെവിയിൽ പറഞ്ഞു വിടാതെ പിടിച്ചോളൂ. സ്വാമി വഴങ്ങാതിരിക്കില്ല.

നമ്പ്യാർ പറഞ്ഞപോലെ വിടാതെ പിടിച്ചപ്പോൾ സ്വാമി എനിക്ക്‌ വഴങ്ങി. തുടർന്ന്‌ ഒന്നരവർഷം നിഴൽപോലെ ഞാൻ പിന്തുടർന്നു. നീണ്ട ട്രെയിൻ യാത്രകൾ, പൊതുയോഗങ്ങളിലേക്ക്‌ ഒന്നിച്ചു കാറിൽ. സ്വാമിയുടെ ഓഫീസ്‌ മുറിയിൽ തിരക്കൊഴിയുമ്പോൾ എന്റെ പ്രത്യക്ഷപ്പെടൽ, എറണാകുളം നഗരത്തിൽ നടക്കാൻ ഇറങ്ങുമ്പോൾ കൂടെ.... ഈ മനഷ്യനെ ഞാൻ തൊട്ടറിയുകയായിരുന്നു.

സാധാരണക്കാരിൽ സാധാരണക്കാരൻ മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുന്ന പച്ച മനുഷ്യൻ. ഭ്രൂതദയയും മനുഷ്യസ്‌നേഹവും നീതിമാനുമൊക്കെയായ കൃഷ്‌ണയ്യർ ഏറെ ദൗർബല്യങ്ങളുള്ള മനുഷ്യനായിരുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. അതേപോലെ മറ്റുള്ളവരാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനും. വിമർശനങ്ങൾ വരുമ്പോൾ അക്ഷോഭ്യനായി അദ്ദേഹം പറയുമായിരുന്നു. ”ഞാൻ എന്റെ കർമ്മം ചെയ്യുന്നു. നാളെ എന്റെ നിലപാട്‌ ശരിയാണെന്ന്‌ തെളിയും.“

ഒരിക്കൽ ഒരു ട്രെയിൻ യത്രക്കിടയിലാണ്‌, ഒരാൾ സ്വാമിയുടെ (കൃഷ്‌ണയ്യരുമായി വളരെ അടുപ്പമുള്ളവർ വിളിക്കുന്നത്‌ അങ്ങനെയാണ്‌) അടുത്തുവന്നു പറഞ്ഞു ”സർ, എറണുകുളം ജനറൽ ആശുപത്രിയിലെ കാൻസർ വാർഡിലെ സ്‌ഥിതി മോശമാണ്‌. മരുന്നില്ല, റേഡിയേഷൻ യന്ത്രംപോലും പ്രവർത്തിക്കുന്നില്ല“ സ്വാമി അയാളെ ആശ്വാസിപ്പിച്ചു പറഞ്ഞയച്ചു. പിന്നെ ഏറെ നേരം മൗനം, അഭിമുഖത്തിനായി തയ്യാറെടുത്ത എന്നോട്‌ ”ഞാൻ ആലോചിക്കുന്നത്‌ കേരള ഹൈക്കോടതിയിൽ ജഡ്‌ജിയായി പ്രവേശിച്ചപ്പോൾ ഞാൻ വിധി പറയേണ്ടിവന്ന ഒരു കാൻസർ രോഗിയുടെ കേസിനെക്കുറിച്ചാണ്‌. ബാങ്കിൽനിന്ന്‌ വായ്‌പയെടുത്ത ആ രോഗിക്ക്‌ പണമടയ്‌ക്കാൻ കഴിഞ്ഞില്ല കീഴ്‌ക്കോടതി ശിക്ഷിച്ച ആ കേസ്‌ എന്റെ മുന്നിൽ വന്നു. അയാളെ മരിക്കാൻ അനുവദിക്കുകയും, ബാങ്കിൽ അടക്കേണ്ട സംഖ്യ കൊടുപ്പിക്കുകയും വേണോ. അതോ, രോഗത്തിനാണ്‌ പ്രാധാന്യം നൽകിയത്‌. ചികിത്സ നയിക്കാൻ അനുവാദം നൽകി“ എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർവാർഡ്‌ ഇന്നത്തെ ആധുനിക ചികിത്സാ സൗകര്യത്തിലേക്ക്‌ എത്തിച്ചതിനു പിന്നിൽ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരായിരുന്നുവെന്ന കാര്യവും ഈ കോടതി വിധിയോടൊപ്പം നിങ്ങൾ കൂട്ടിവായിക്കുക.

കൃഷ്‌ണയ്യർ ഇ.എം.എസിന്റെ മന്ത്രിസഭയിൽ ആഭ്യന്തര - ജയിൽ പരിഷ്‌കരണമന്ത്രിയായിരുന്ന കാലം. പോലീസ്‌ സ്‌റ്റേഷനുകളും ജയിലുകളും സന്ദർശിക്കലായിരുന്നു മന്ത്രിയുടെ പ്രധാന ജോലി. ജയിലിൽ ജോലി ചെയ്യുന്ന തടവുകാർക്ക്‌ മെച്ചപ്പെട്ട കൂലിയും വായിക്കാൻ പുസ്‌തകങ്ങളും നല്ല ഭക്ഷണവും ലഭിച്ചു തുടങ്ങിയത്‌ അക്കാലം മുതലാണ്‌. ഒരിക്കൽ പൂജപ്പുര ജയിലിൽ ജീവപര്യന്തം തടവുകാരനായിരുന്ന ഒരു ഭാഗവതർ മന്ത്രി കൃഷ്‌ണയ്യർക്ക്‌ ഒരു പോസ്‌റ്റ്‌കാർഡ്‌ അയച്ചു - ”എന്റെ കുടുംബം പട്ടിണിയിലാണ്‌. എനിക്ക്‌ ആകാശവാണിയിൽ പാടാൻ അനുവാദം കിട്ടിയാൽ ആ പണം വീട്ടുകാർക്ക്‌ ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയായി.“ കൃഷ്‌ണയ്യർക്ക്‌ വേറെ ഒന്നും ആലോചിക്കേണ്ടിവന്നില്ല അനുവാദം നൽകി.

ഒരിക്കൽ കൊല്ലത്തേക്കൊരു യാത്ര. കൂടെ ജസ്‌റ്റീസ്‌ ടി.എം. വിശ്വാനാഥയ്യരും ഞാനും ഇരുവരും സുപ്രീംകോടതിയിലെ ന്യായാധിപന്മാരെക്കുറിച്ചും അവരുടെ വിധിന്യായങ്ങളെക്കുറിച്ചും സുദീർഘമായ ചർച്ചയിൽ ഇടയ്‌ക്ക്‌ സ്വാമി പറഞ്ഞു - ” നമ്മുടെ ജഡ്‌ജിമാർ ഒരു മാസമെങ്കിലും ജയിലിൽ കിടക്കണം. എങ്കിലെ ജയിൽ ജീവിതം എന്തെന്ന്‌ അറിയൂ.“

(കൃഷ്‌ണയ്യരെ കമ്മ്യൂണിസ്‌റ്റ്‌ അനുഭാവി എന്ന പേരിൽ 1948-ൽ കള്ളക്കേസൽ കുടുക്കി ജയിലിൽ അടച്ചു. ഒരു മാസത്തോളം ജയിലിലും ഒരു രാത്രി മഴുവൻ ലോക്കപ്പിലും കിടന്നു. ഇതൊരനുഭവമായിരുന്നു. ഈ അനുഭവമാണ്‌ തടവുകാരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ സ്വാമിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. സുപ്രീം കോടതി ജഡ്‌ജിയായിരുന്നപ്പോൾ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായങ്ങൾ കുറ്റവാളികൾക്ക്‌ നീതി നിഷേധിക്കുന്ന നിലപാടുകൾക്ക്‌ എതിരായിരുന്നു.)

കൃഷ്‌ണയ്യർ സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും പറയാനുള്ള ഒരു വാചകമുണ്ട്‌. എന്നിൽ ഭ്രൂതദയ എന്ന വികാരം ഉണർത്തിവിട്ടത്‌ എന്റെ അമ്മയാണ്‌. സഹായ അഭ്യർത്ഥനയുമായി വരുന്ന ആരെയും അമ്മ സഹായിക്കാതെ പറഞ്ഞയച്ചിരുന്നില്ല. എന്നിൽ മനുഷ്യസ്‌നേഹത്തിന്റെ പ്രാഥമിക പാഠം കാണിച്ചുതന്നത്‌ പി കൃഷ്‌ണപ്പിള്ളയും എകെജിയുമാണ്‌.

ഒരിക്കൽ കൃഷ്‌ണയ്യർ കോഴിക്കോട്‌ രോഗിയായി കഴിയുന്ന സഹോദരി ഡോ. മീനാക്ഷിയെ കാണാൻ എന്നെയുംകൊണ്ടുപോയി. ഞാൻ അവരുമായി ദീർഘനേരം സംസാരിച്ചു ഇടക്കവർ പറഞ്ഞ വാചകം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു - ”ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാം വയസ്സിലാണ്‌ വിവാഹം നടന്നത്‌. താമസിയാതെ ഭർത്താവ്‌ മരിച്ചു. ബ്രാഹ്‌മണ സമുദായത്തിൽ ഭർത്താവ്‌ മരിച്ച സ്‌ത്രീയുടെ ജീവിതം ഞാൻ പറയാതെ നിങ്ങൾക്കറിയാമല്ലോ. പക്ഷേ ജേഷ്‌ഠൻ സമുദായ വിലക്ക്‌ വകവെക്കാതെ എന്നെ പഠിപ്പിച്ചു. ഞാൻ ഡോക്‌ടറേറ്റ്‌ എടുത്ത്‌ അമേരിക്കയിൽ ജോലി ചെയ്‌തു. അതു ചെയ്‌തില്ലായിരുന്നെങ്കിലോ? ജേഷ്‌ഠൻ എനിക്ക്‌ ഹീറോയാണ്‌.“

(ആ പ്രിയ സഹോദരി മരിച്ചപ്പോൾ കണ്ണീരോടെ മുഖം കുനിച്ചിരുന്ന കൃഷ്‌ണയ്യരുടെ രൂപവും ഇന്ന്‌ എന്റെ മനസ്സിലുണ്ട്‌)

”കൃഷ്‌ണയ്യരെക്കുറിച്ച്‌ ശത്രുക്കൾ പറഞ്ഞ്‌ പരത്തിയിരുന്ന ഒരാരോപണമുണ്ട്‌. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിനുമുമ്പ്‌ സ്വത്ത്‌ നഷ്‌ടപ്പെടാതിരിക്കാൻ കുടുംബട്രസ്‌റ്റ്‌ ഉണ്ടാക്കിയെന്ന ആരോപണം ഇപ്പോഴും ചിലർ ഉന്നയിക്കാറുണ്ട്‌. ഞാൻ അക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു - ഈ ആരോപണം നിയമസഭയിൽ ഒരു മുസ്ലീംലീഗ്‌ അംഗം ഉന്നയിച്ചപ്പോൾ വേദനയോടെ കേട്ടിരുന്നവനാണ്‌ ഞാൻ. അച്ഛൻ ട്രസ്‌റ്റ്‌ രൂപീകരിച്ചതിൽ എനിക്ക്‌ പങ്കില്ലെന്ന്‌ ഞാൻ ഏതു പടച്ചോന്റെ മുമ്പിലും സത്യം ചെയ്യാം. അച്ഛൻ നല്ല വക്കീലായിരുന്നു. പണം കടംകൊടുത്താൽ അദ്ദേഹം പ്രോനോട്ട്‌ വാങ്ങിയിരുന്നു. സമ്പാദിച്ച സ്വത്തിൽ ഭൂരിഭാഗവും ഇൻർമീഡിയറ്റ്‌ റൈറ്റായി കിട്ടിയതാണ്‌. പാട്ടം പിരിക്കാനുള്ള അവകാശം മാത്രം. ട്രസ്‌റ്റിലും ക്രയവിക്രയാദികാരം അദ്ദേഹത്തിനായിരുന്നു. ഭൂപരിഷ്‌കരണം വന്നതോടെ പാട്ടഭൂമിയിലെ അവകാശം പോയി. പിന്നെ കിട്ടിയത്‌ കോമ്പൻസേഷനാണ്‌. ആകെ 4400 രൂപ. അദ്ദേഹത്തിന്റെ കാലശേഷം ട്രസ്‌റ്റും പോയി. കൊയിലാണ്ടിയിലെ വീട്‌ സഹകരണ സംഘത്തിന്‌ തീറെഴുതിക്കൊടുത്ത കഥ നാട്ടുകാർക്കറിയാം.“

ഭാര്യ ശാരദയുടെ വേർപാടിന്റെ വേദന സ്വാമിയെ എപ്പോഴും വേട്ടയാടിയിരുന്നു. എറണാകുളത്തെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലും ഭക്ഷണമുറിയിലും ഓഫീസ്‌ മുറിയിലും ശാരദയുടെ പുഞ്ചിരി തൂകുന്ന ചിത്രം ചില്ലിട്ട്‌ വച്ചിരുന്നു. കട്ടിലിന്‌ ഒരരുകിൽ അവർ ഉപയോഗിച്ചിരുന്ന വീണയും തിരക്കിനിടയിൽ ഷർട്ടിന്റെ ബട്ടൻസ്‌ ഇടാനും ദിനചര്യകളുമൊക്കെ മറക്കുന്ന സ്വാമിക്ക്‌ അമ്മയുടെയും ഭാര്യയുടെയും കൂട്ടുകാരിയുടെയും ഉപദേശകയുടെയും പങ്ക്‌ നൽകിയിരുന്നത്‌ ശാരദയായിരുന്നു. എന്തിന്‌ സ്വാമിയുടെ ‘സദ്‌ഗമയ’ വീടിന്റെ നിർമ്മാണവേളയിൽ മേൽ നോട്ടവുമൊക്കെ വഹിച്ചിരുന്നത്‌ സ്‌നേഹസമ്പന്നയായ ഭാര്യയായിരുന്നു. പൊതു ജീവിതത്തിലും ശാരദ സ്വാമിക്ക്‌ തുണയായിരുന്നു. അതുകൊണ്ടാണ്‌ ആ വേർപാട്‌ സ്വാമിക്ക്‌ ഒരിക്കലും താങ്ങാനാവാതിരുന്നത്‌. ഭാര്യയുടെ ആത്മാവുമായി സ്വാമി സംസാരിക്കുന്നുവെന്ന പ്രചാരണവും ഇടക്കിടെ കേട്ടിരുന്നു. അതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞു - ”ഞാൻ ഭാര്യയുമായി നേരിട്ട്‌ സംസാരിച്ചുവെന്ന്‌ പറഞ്ഞിട്ടില്ല. മരിച്ചവരുടെ ആത്മാവുമായി സംസാരിക്കാൻ കഴിയുമെന്ന ചില ശാസ്‌ത്രീയ പരീക്ഷണങ്ങൾ തെളിയിക്കാൻ തുടങ്ങിയിട്ടുണ്ട്‌. അതിനെ വിമർശിക്കാൻ ഞാൻ തയ്യാറല്ല. നാളെ ഫലം കാണുമെന്ന്‌ എനിക്ക്‌ പ്രതീക്ഷയുണ്ട്‌“ ഈ ചിന്ത സ്വാമിക്ക്‌ ആശ്വാസം നല്‌കിയിരിക്കാം.

ഒരു കാര്യം കേട്ടാൽ, അത്‌ ആരെങ്കിലും പൊടിപ്പും തൊങ്ങലും വച്ച്‌ അവതരിപ്പിച്ചാൽ, കണ്ണടച്ചു വിശ്വസിക്കുന്ന ദൗർബല്യവും സ്വാമിക്കുണ്ടായിരുന്നു. അത്‌ മുതലക്കാൻ ശ്രമിക്കുന്നവരും ഉണ്ടായിരുന്നു. ഇതുകൊണ്ട്‌ സ്വാമി ഒരു സംഭവത്തെക്കുറിച്ച്‌ രണ്ടുതരത്തിൽ പ്രതികരിക്കുന്നുവെന്ന ആക്ഷേപം നിലനിന്നിരുന്നു. ഒരിക്കൽ ആലപ്പുഴയിൽ ഒരു യോഗത്തിൽ പങ്കെടുത്തു വരികയായിരുന്ന ഞങ്ങളുടെ കാറിൽ രണ്ടുപേർ കയറി. ഇരുവരുടെയും ചന്ദനക്കുറിയും കയ്യിലെ രക്ഷാബന്ധനും കണ്ടപ്പോൾ ആളുകളെ ഞാൻ തിരിച്ചറിഞ്ഞു. അവർ കാറിൽ കയറി ഉടൻ സ്വാമിയോട്‌ വാതോരാതെ തലശ്ശേരിയിലെ മാർകിസ്‌റ്റ്‌ ആക്രമണത്തെക്കുറിച്ച്‌ പറയാൻ തുടങ്ങി. ഭീകര രംഗങ്ങൾ വർണ്ണിച്ചു കേൾപ്പിച്ചു. ഒടുവിൽ ആക്രമത്തെക്കുറിച്ച്‌ അവർക്ക്‌ സ്വാമിയുടെ കൈഒപ്പിട്ട പ്രസ്‌താവന വേണമെന്ന്‌ ആവശ്യപ്പെട്ടു. സ്വാമി ഒന്നു മൂളി. തിരിഞ്ഞ്‌ എന്നോട്‌ എന്ത്‌ വേണമെന്നായി. നമുക്ക്‌ തലശ്ശേരിയിലെ മാർക്‌സിസ്‌റ്റുകാരെ വിളിച്ച്‌ അവരുടെ വിശദീകരണവും കേട്ട്‌ ഒരു പ്രസ്‌താവന കൊടുക്കുന്നതാവും നല്ലതെന്ന്‌ ഞാൻ പറഞ്ഞത്‌ സ്വാമി ശരിവെച്ചു. അവർ പോയി കഴിഞ്ഞപ്പോൾ സ്വാമി പറഞ്ഞു - ” അവർ പറഞ്ഞപ്പോൾ മനസ്സ്‌ അതിന്റെ കൂടെപോയി നിങ്ങൾ പറഞ്ഞതാണ്‌ നീതിയുക്തം.“

സ്വാമിയുടെ സ്‌നേഹത്തിനു മുന്നിൽ കീഴടങ്ങുന്ന ഈ ദൗർബല്യം ചില കടലാസ്‌ സംഘടനകൾ പലപ്പോഴും മുതലെടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റേ പേരിന്റെ മറവിൽ പിരിവുകളും മുതലെടുപ്പും നടത്താനും ചിലർ മടിക്കാറില്ല. തന്റെ തെറ്റ്‌ ബോധ്യപ്പെട്ടാൽ സ്വാമി പശ്ചാത്തപിക്കുകയും ചെയ്യാറുണ്ട്‌.

സ്വാമിയുടെ ഓർമ്മശക്തി അസൂയാവഹമാണ്‌ പുസ്‌തകഷെൽഫിൽ നിന്ന്‌ പുസ്‌തകങ്ങൾ എടുത്ത്‌ കൃത്യമായി പേജെടുത്ത്‌ ഉദ്‌ധരിക്കുന്നത്‌ കാണാം. അതുപോലെ ഓർമ്മയിൽ നിന്ന്‌ സംഭവങ്ങളും ബർണടാഡ്‌ ഷായുടെ ആരാധകനാണ്‌. ഷേക്‌സ്‌പിയറും ടാഗോറും ഹൃദിസ്‌ഥം തെറ്റുകൂടാതെ നല്ല ഇംഗ്ലീഷ്‌ എഴുതുന്നവരോട്‌ വല്ലാത്ത ആദരവാണ്‌. അരുന്ധതി റോയിയെക്കുറിച്ചും എപ്പോഴും പറയും - ആ പെൺകുട്ടിക്ക്‌ ഇംഗ്ലീഷ്‌ അറിയാം. അതേപോലെ നമ്മുടെ ചില ജഡ്‌ജിമാർക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലെന്നും (ഇന്റർമീഡിയേറ്റ്‌ പരീക്ഷക്ക്‌ ഒന്നാംവർഷത്തിൽ ഇംഗ്ലീഷ്‌ മനസ്സിലാക്കണമെങ്കിൽ ഡിക്ഷണറി വേണമെന്ന്‌ പത്രപ്രവർത്തകരായ സുഹൃത്തുക്കൾ പറയാറുള്ള കാര്യവും ഓർമ വരുന്നു.)

മലയാളത്തിൽ പ്രസംഗിക്കുകയാണെങ്കിൽ സ്വാമിയുടെ വായിൽ നിന്ന്‌ ഒരൊറ്റ ഇംഗ്ലീഷ്‌ വാക്കുപോലും വരില്ല. ശക്തമായ ഭാഷയിൽ തന്നെ കാര്യങ്ങൾ അവതരിപ്പിക്കും. പ്രസംഗം ഏറിയാൽ ഇരുപത്തഞ്ചോ മുപ്പതോ മിനിറ്റിൽ കൂടില്ല യോഗം വലിയതോ ചെറിയതോ എന്ന്‌ ശ്രദ്ധിക്കാറില്ല. ചെറിയ സംഘടനകളുടെ യോഗമാണെങ്കിൽ പോലും ചെല്ലാമെന്ന്‌ പറഞ്ഞാൽ ക്യത്യസമയത്തുതന്നെ ചെല്ലുകയും ചെയ്യും.

ഒരവസരത്തിൽ (സ്വാമി തീരെ സുഖമില്ലാതെയിരിക്കുകയായിരുന്നു) പാലക്കാട്‌ പ്രാദേശിക ടിവിക്കാരുടെ ഒരു പരിപാടി. എറണാകുളത്തുനിന്ന്‌ കാറിൽ ഇരുന്നും കിടന്നുമായിരുന്നു യാത്ര. ശരീരസുഖമില്ലാത്ത ഈ മനുഷ്യനെ ബുദ്ധിമുട്ടിച്ചതിൽ എനിക്കും പ്രയാസംതോന്നി. ആ യാത്രക്കിടയിൽ സ്വാമി ഒരു ചെറിയ ആഗ്രഹം പ്രകടിപ്പിച്ചു - പാലക്കാട്ടു കൽപ്പാത്തിപ്പുഴയുടെ തീരത്തുള്ള താൻ ജനിച്ചു വളർന്ന വൈദ്യനാഥപുരം ഗ്രാമം ഒന്നു കണ്ടാലോ. യാത്രയിൽ ആ ഗ്രാമത്തെക്കുറിച്ചായി വർണ്ണന. പ്രൈമറി സ്‌കൂൾ അധ്യാപകനായിരുന്ന മുത്തച്ഛൻ വെങ്കിടേശ്വര അയ്യരെക്കുറിച്ചും ഇരുപത്തിയേഴാമത്തെ വയസ്സിൽ മരിച്ചുപോയ തന്റ ജേഷ്‌ഠൻ വെങ്കിടേശ്വരനെക്കുറിച്ചും അനുജൻ രാമചന്ദ്രനെക്കുറിച്ചുമൊക്കെ സ്വാമി വാ തോരാതെ സംസാരിച്ചു. തന്റെ ആന ഭ്രാന്തിനെക്കുറിച്ചും രസകരമായ കഥകൾ വിവരിച്ച്‌ അവസാനിപ്പിച്ചത്‌ ”നാട്ടിൻപുറം നന്മകളാൽ സമൃദ്ധം“ എന്ന കവിതയോടുകൂടിയാണ്‌.

സംഗീതത്തിലും ഭ്രമമുള്ള ആളായിരുന്നു. യാത്രക്കിടയിൽ സ്വമിക്ക്‌ ബോറടിക്കാതിരിക്കാൻ കാറിൽ പഴയ സിനിമാ ഗാനങ്ങളുടെ കാസറ്റ്‌ ഇട്ട്‌ കേൾപ്പിച്ചുകൊടുത്തു. കുറെക്കഴിഞ്ഞ്‌ സ്വാമി പറഞ്ഞു - ആ വയലാർ ഇല്ലെ, നല്ല കവിയാണ്‌. മനുഷ്യസ്‌നേഹി. മതങ്ങൾ മനുഷ്യനെ സൃഷ്‌ടിച്ചു എന്നൊരു പാട്ട്‌ എഴുതിയിട്ടുണ്ടല്ലോ. അതെപോലെ പുഴകളെയും നദികളെയുംക്കുറിച്ചുള്ള പാട്ടുകൾ വളരെ മനോഹരം. എനിക്ക്‌ അദ്ദേഹവുമായി അടുത്ത പരിചയമുണ്ടായിരുന്നു. ഗാനഗന്ധർവനായ യേശുദാസിനെക്കുറിച്ചും വലിയ മതിപ്പായിരുന്നു സ്വാമിക്ക്‌. ദാസിനെ വളരെ കുട്ടിക്കാലത്ത്‌ തന്റെ വീട്ടിലേക്ക്‌ വിളിച്ചുകൊണ്ടുപോയി പാടിച്ച കഥ പറഞ്ഞു. ഇത്‌ ഒരിക്കൽ ഞാൻ ദാസേട്ടനോട്‌ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട്‌ മറുപടി - ശരിയാണ്‌. സ്വാമിക്ക്‌ അത്‌ ഇപ്പോഴും ഓർമയുണ്ട്‌ അല്ലേ?” എറണാകുളത്ത്‌ കച്ചേരിയോ ചെണ്ടമേളമോ ഉണ്ടെങ്കിൽ സ്വാമിയെ മുമ്പിൽ കാണാം. എറണാകും ശിവക്ഷേത്രത്തിൽ അദ്ദേഹം കമല കൈലാസനാഥന്റെ കച്ചേരികേട്ടുകൊണ്ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ പത്മവിഭൂഷൻ ലഭിച്ച വാർത്ത പത്രമോഫീസുകളിലെത്തുന്നത്‌. അദ്ദേഹത്തെ തേടി പത്രലേഖകന്മാർ പരക്കംപായുന്നതിനിടയിൽ അദ്ദേഹം ഉറപ്പായും കച്ചേരിക്കുമുമ്പിലുണ്ടാകുമെന്ന്‌ കരുതി ആദ്യം അവിടെയെത്തിയത്‌ ഞങ്ങളായിരുന്നു. ഭാര്യ ശാരദ നന്നായി വീണ വായിച്ചിരുന്നു. അവരിൽനിന്നാണ്‌ സ്വാമി വീണവായിക്കാനും പഠിച്ചത്‌. പ്രശസ്‌ത വീണ വിദ്വാൻ എസ്‌ ബാലചന്ദറാണ്‌ സ്വാമിക്ക്‌ വീണ സമ്മാനിച്ചത്‌. വീണ വായന തുടർന്നിരുന്നെങ്കിൽ പാലക്കാട്ടെ സംഗീതവിദ്വാന്മാരുടെ കൂട്ടത്തിൽ നമുക്ക്‌ വീണവിദ്വാൻ കൃഷ്‌ണയ്യരെയും ലഭിക്കുമായിരുന്നു.

അഭിമുഖത്തിനിടയിൽ ഒരിക്കൽ ഞാൻ സ്വാമിയോട്‌ ചോദിച്ചു - ഇനിയൊരു ജന്മമുണ്ടെങ്കിൽ അങ്ങേയ്‌ക്ക്‌ ആരാകണം? ചോദ്യം കേട്ട്‌ സ്വാമി പൊട്ടിപ്പൊട്ടി ചിരിച്ചു. കൊള്ളാം നിങ്ങൾ കമ്മ്യൂണിസ്‌റ്റുകാർ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ..... ചോദ്യം പത്രക്കാരനായതിനാൽ പറയാം. ഈ ജന്മത്തിൽ കുറെ നല്ല കാര്യങ്ങൾ ചെയ്‌തു. അഭിഭാഷകനായിരുന്നപ്പോൾ ദരിദ്രർക്കുവേണ്ടി വാദിച്ചു. മന്ത്രിയായപ്പോൾ നല്ല കാര്യങ്ങൾ ചെയ്‌തു. ന്യായാധിപനായപ്പോൾ കോടതികൾ ജനങ്ങളുടെതാണെന്ന്‌ ധാരണ ഉണ്ടാക്കാൻ ശ്രമിച്ചു. എട്ടരകൊല്ലത്തെ ന്യയാധിപജീവിതത്തിൽ പുരോഗമനപരമായ പലതും ചെയ്യാൻ ശ്രമിച്ചു. ഇനിയൊരുജന്മം കിട്ടുകയാണെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട പലതും ചെയ്യണമെന്നാണ്‌ ആഗ്രഹം.

സ്വാമിയുടെ തൊണ്ണൂറാം പിറന്നാളിന്‌ ആശംസകളർപ്പിക്കാനാണ്‌ ഞാൻ ഈയിടെ ചെന്നത്‌. ആശംസകേട്ട്‌ സ്വാമി പറഞ്ഞു - “My days are numbered” മനസ്സിന്റെ വേഗതക്കൊപ്പിച്ച്‌ ശരീരം ഉഷാറാവാത്തതുകൊണ്ടാണോ സ്വാമി ഇത്‌ പറഞ്ഞത്‌? യാത്ര പറഞ്ഞിറങ്ങുമ്പോൾ സ്വാമിയുടെ പരിചാരകൻ പറഞ്ഞു “ പഴയപ്പോലെ പ്രസരിപ്പില്ല ക്ഷീണമാണ്‌ ഓർമ്മശക്തിയും കുറയുന്നു.

ഇപ്പോൾ ഞാൻ ആലോചിക്കുന്നു. ഈ മനുഷ്യൻ എനിക്കാരാണ്‌? നിങ്ങൾക്കാരാണ്‌? നമ്മുടെ നാട്ടിൽ മനുഷ്യത്വരഹിതമായ സംഭവങ്ങൾ നടക്കുമ്പോൾ അനീതി ചോദ്യം ചെയ്യാതെ പോകുമ്പോൾ നാം അഭയം പ്രാപിക്കുന്നത്‌ ഈ മനുഷ്യനെ ആയിരുന്നല്ലോ. ആ വാക്കുകൾ നമുക്ക്‌ വലിയൊരാശ്വാസമല്ലെ......

രവി കുറ്റിക്കാട്‌

ത്രിവേണി,

എളമക്കര,

കൊച്ചി-26.


Phone: 9895637118




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.