പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അമേരിക്കൻ ഭീകരതയ്‌ക്ക്‌ 62 വയസ്സ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.കെ കൊടുങ്ങല്ലൂർ

1945 ആഗസ്‌റ്റ്‌ 6 സമയം 8 മണി കഴിഞ്ഞ്‌ 15 മിനിറ്റ്‌ 17 സെക്കന്റ്‌. 3,43,000 ജനങ്ങൾ താമസിക്കുന്ന ഹിറോഷിമ നഗരം പതിവ്‌ പോലെ ഉറക്കമുണർന്ന്‌ ദിനകൃത്യങ്ങളിലേർപ്പെട്ടിരിക്കുകയാണ്‌. അപ്പോഴതാ കേൾക്കുന്നു വിമാനത്തിന്റെ ഇരമ്പൽ. അന്നേരം രണ്ടു വിമാനങ്ങൾ ആകാശത്തെ പ്രകമ്പനം കൊള്ളിച്ച്‌ പറന്നടുക്കുകയാണ്‌. ഉടനെ വിമാനാക്രമണത്തെ സൂചിപ്പിക്കുന്ന സൈറണും മുഴങ്ങി. പക്ഷെ ഒന്നും സംഭവിച്ചില്ല. വിമാനം കടന്നുപോയി. അപകടം തരണം ചെയ്ത ആശ്വാസത്തോടെ നിശ്വസിച്ചുകൊണ്ടിരിക്കെ, മറ്റൊരു വിമാനം പ്രത്യക്ഷപ്പെട്ടു. നൂറുകണക്കിന്‌ വിമാനങ്ങളുടെ നിരവധി ബോംബാക്രമണങ്ങൾ കണ്ട്‌ തഴക്കം വന്ന അവർക്കതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. അപായ സൈറൺ മുഴങ്ങിയതുമില്ല. എങ്കിലും വിമാനത്തിന്റെ ഗതിയും ദിശയും നോക്കി ചിലരെങ്കിലും അതിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്തോ ഒരു കറുത്ത സാധനം അതിൽ നിന്ന്‌ വീഴുന്നത്‌ അവരിൽ ചിലർ കണ്ടു. ഒപ്പം വേറെ ചില സാധനങ്ങളും.

വിമാനത്തിൽ നിന്ന്‌ വീണ കറുത്ത സാധനം 1870 അടി ഉയരത്തിൽ വച്ച്‌ പൊട്ടി. പരസഹസ്രം സൂര്യന്മാർ ഒന്നിച്ച്‌ കത്തുന്നതുപോലെയുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധോരണി. പതിനായിരം മേഘഗർജ്ജനങ്ങൾ ഒരുമിച്ച്‌ ശബ്ദിക്കുന്നതു കണക്കെയുള്ള കർണ്ണകഠോരശബ്ദം. വിമാനം നയിച്ച വൈമാനികൻ ഇതുകണ്ട്‌ “ദൈവമേ” എന്ന്‌ ഉറക്കെ വിളിച്ചുപോയി. അതൊരു സാധാരണ ബോംബായിരുന്നില്ല. മനുഷ്യരാശിക്കുമേൽ പതിച്ച ആദ്യത്തെ അണുബോംബായിരുന്നു, 1945 ആഗസ്ത്‌ 6-​‍ാം തിയതി ഹിറോഷിമയിൽ വീണ പ്രസ്തുത തീ ബോംബ്‌, സൂര്യബിംബം അടർന്നുവീണ പ്രതീതി ജനിപ്പിച്ച വിസ്‌ഫോടനത്തിന്‌ നിദാനമായ കൊച്ചുകുട്ടി എന്ന്‌ നാമകരണം ചെയ്യപ്പെട്ട അണുബോംബ്‌, അമേരിക്കയുടെ കൈവശമുണ്ടായിരുന്ന രണ്ടെണ്ണത്തിൽ ഒന്നായിരുന്നു. മനുഷ്യഭാവനയ്‌ക്കതീതമായി ദുരിതം വിതച്ച അതിന്റെ വിസ്‌ഫോടനത്തിൽ നാല്പതിനായിരം അടി ഉയരത്തിൽ പൊങ്ങിയ പുക അനേക കാതം ദൂരത്തിൽ വരെ കണ്ടു. പുക അമർന്നപ്പോൾ 7 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഹിറോഷിമയുടെ നാല്‌ ചതുരശ്രമൈൽ സ്ഥലത്തെ ജീവജാലങ്ങൾ കരിഞ്ഞ്‌ ചാമ്പലായി. 70,000പേർ തൽക്ഷണം മരിച്ചു. 1,30,000 പേർ മാസങ്ങൾക്കുശേഷവും. 37,000പേർ പൊള്ളലേറ്റ്‌ വികൃതരൂപികളായി ജീവച്ഛവങ്ങളേപ്പോല ജീവിച്ചു. ഹിറ്റ്‌ലർ ആഷ്വിറ്റ്‌സിൽ 15 ദിവസം കൊണ്ട്‌ നടത്തിയ ഹിംസ അമേരിക്കക്കാർ 15 നിമിഷം കൊണ്ട്‌ നടത്തി!

വിവരമറിഞ്ഞ പോർട്ട്‌സ്‌ ഡാം സമ്മേളനം കഴിഞ്ഞ്‌ തിരിച്ചുപോകുന്നവഴിക്ക്‌ ‘അഗസ്‌റ്റ’ എന്ന കപ്പലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്രസിഡന്റ്‌ ട്രൂമാൻ തുള്ളിച്ചാടി. ‘ചരിത്രത്തിലെ മഹത്തായ സംഭവ’മെന്ന്‌ വിശേഷിപ്പിച്ച ഈ ബീഭത്സ വിസ്‌ഫോടനത്തിന്റെ വാർത്ത കേട്ട്‌ യുദ്ധകാര്യ സെക്രട്ടറി സ്‌റ്റിംസൺ ഹൃദയാഘാതമേറ്റ്‌ കിടപ്പിലായി. ട്രൂമാന്റെ സന്തോഷത്തിനു കാരണം 250 കോടി ഡോളർ ചിലവിട്ട്‌ ഉണ്ടാക്കിയ ബോംബിന്റെ ഫലപ്രാപ്തിയും നശീകരണശേഷിയും വിജയകരമായി പരീക്ഷിച്ചറിഞ്ഞതാണ്‌. രണ്ടാം ലോകമഹായുദ്ധത്തിന്റെ യൂറോപ്യൻ രംഗത്തിന്‌ 1945 മേയ്‌ 9ന്‌ തിരശ്ശീല വീണെങ്കിലും ജപ്പാന്‌ മുൻതൂക്കമുള്ള ഏഷ്യൻ മുന്നണിയിലെ യുദ്ധം അവസാനിച്ചിരുന്നില്ല. ശാന്തസമുദ്രത്തിൽ ആധിപത്യമുള്ള അമേരിക്ക തന്നെ വിചാരിക്കണമായിരുന്നു അതിന്‌. വിജയം സുനിശ്ചിതമാണെങ്കിലും 18 മാസം വരെ നീണ്ടുനിൽക്കാവുന്ന അവസാനയുദ്ധത്തിൽ അമേരിക്ക അഞ്ചുലക്ഷം ഭടന്മാരെ കുരുതികൊടുത്തെങ്കിൽ മാത്രമേ വിജയം കരഗതമാകുകയുള്ളൂ എന്നാണ്‌ അമേരിക്കൻ സൈനിക നേതൃത്വം കണ്ടെത്തിയത്‌. അതൊഴിവാക്കാൻ ഒരേയൊരു എളുപ്പവഴിയേയുള്ളു. ആറ്റംബോംബ്‌!

ജാപ്പാൻകാരുടെ നിശ്ചയദാർഢ്യവും മനക്കരുത്തും സാഹസികതയും ഒത്തിണങ്ങിയ യുദ്ധമുറ നന്നായി മനസ്സിലാക്കിയ അമേരിക്കക്കാർക്ക്‌ വിജയത്തിനായി, ഇതിനകം നഷ്ടപ്പെട്ട രണ്ടുലക്ഷം ഭടന്മാർക്ക്‌ പുറമേ മറ്റൊരു അഞ്ചുലക്ഷത്തേക്കൂടി ബലിയർപ്പിക്കുക എന്നത്‌ അചിന്ത്യമായിരുന്നു. മാത്രമല്ല, യൂറോപ്പിലെ യുദ്ധം അവസാനിച്ചത്‌ റഷ്യൻ ആധിപത്യത്തിലാണ്‌. പൂർവ്വേഷ്യൻ യുദ്ധത്തിന്റെ പര്യവസാനമെങ്കിലും പാശ്ചാത്യ മേൽക്കോയ്മയിൽ വിശിഷ്യാ അമേരിക്കൻ മേധാവിത്വത്തിലായിരിക്കണമെന്ന്‌ നിർബന്ധമുണ്ടായിരുന്നു, കമ്മ്യൂണിസത്തിന്റെ വ്യാപനത്തിൽ ആശങ്കാകുലരായ അവർക്ക്‌. 1945ന്റെ തുടക്കത്തിൽ തന്നെ ജപ്പാൻ അടിയറവു പറയാൻ തയ്യാറായിരുന്നുവെങ്കിലും റഷ്യയെ വിരട്ടുക, ഏഷ്യയിലെ ദേശീയവാദികളെ ഭയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളൊക്കെ നേടിയെടുക്കുവാനുള്ള കുറുക്കുവഴിയായിട്ടാണ്‌ ആറ്റംബോംബ്‌ നിർമ്മിക്കാനുള്ള 250 കോടി ഡോളറിന്റെ മൻഹാട്ടൻ പ്രോജക്ടിന്‌ രൂപം കൊടുത്തത്‌. രണ്ടുലക്ഷം പേർ അഹോരാത്രം പണിയെടുത്തുകൊണ്ടിരുന്ന പ്രസ്തുത സംരംഭത്തിലെ ആർക്കും തന്നെ എന്താണ്‌ നിർമ്മിക്കുന്നതെന്ന കാര്യം അജ്ഞാതമായിരുന്നു. 1945 ജൂലായ്‌ 16ന്‌ രാവിലെ 5.30ന്‌ ന്യൂ മെക്സിക്കോയിലെ ഉട്ടാഹ്‌ മരുഭൂമിയിൽവച്ച്‌ അണുബോംബിന്റെ പ്രഥമ പരീക്ഷണം നടന്നു. പതിനായിരം സൂര്യന്മാർ ഒരുമിച്ച്‌ പൊട്ടിച്ചിതറിയ പ്രതീതി ജനിപ്പിച്ച അണുബോംബ്‌ മനുഷ്യന്റെ ആയുധപ്പുരയിലെത്തിയെന്ന്‌ അറിയാൻ ഹിറോഷിമയിലെ ദുരന്തം വരെ കാത്തിരിക്കേണ്ടിവന്നു. എന്നാൽ ‘ഹിറ്റ്‌ലറുടെ ബോംബ്‌’ എന്ന ഗ്രന്ഥം രചിച്ച ബർലിനിലെ ചരിത്രകാരൻ റെയ്‌നർ കാൽഷും അമേരിക്കയിലെ മാർക്ക്‌വാക്കറും സമർത്ഥിക്കുന്നതു ന്യൂമെക്സിക്കോയിലെ പരീക്ഷണത്തിനു മുമ്പ്‌ തന്നെ 1944ൽ ജർമ്മനി അണുബോംബ്‌ പരീക്ഷണ വിസ്‌ഫോടനം നടത്തിയെന്നാണ്‌. പക്ഷെ വിഹ്വലതയുടെ വാൾമുനയിൽ നിറുത്തി ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലർ പിന്നെ എന്തുകൊണ്ടതു പ്രയോഗിച്ചില്ല എന്നതുമാത്രമാണ്‌ ദുരൂഹം.

മൻഹാട്ടൻ പ്രോജക്ടിൽ 250 കോടി ഡോളർ ചിലവിട്ടു ‘മെലിഞ്ഞ മനുഷ്യ’നെയും ‘തടിച്ച മനുഷ്യ’നെയും നിർമ്മിച്ചു. റൂസ്‌വെൽട്ടിന്റെയും ചർച്ചിലിന്റെയും ശരീരപ്രകൃതിയെ അനുസ്മരിപ്പിക്കും വിധമാണ്‌ ബോംബുകൾക്ക്‌ പേരിട്ടത്‌. മെലിഞ്ഞ മനുഷ്യനെ പിന്നീട്‌ കൊച്ചുകുട്ടിയാക്കി പേരുമാറ്റി. ആഗസ്‌റ്റ്‌ 5-​‍ാം തീയതി അഞ്ചുടൺ ഭാരമുള്ള കൊച്ചുകുട്ടിയെ വിമാനത്തിൽ കയറ്റി. എനോള ഗേ എന്ന പ്രസ്തുത വിമാനത്തെ കേണൽ ടിബറ്റ്‌സ്‌ ആണ്‌ നയിച്ചത്‌. മേജർ ഫെറബി എന്ന സാങ്കേതിക വിദഗ്‌ദ്ധനായിരുന്നു ബോംബ്‌ ഇടുന്ന ചുമതല. ക്യാപ്‌റ്റൻ സ്വീനി നയിച്ച “വലിയ കലാകാരൻ” എന്ന വിമാനത്തിൽ നിരീക്ഷണോപകരണങ്ങളും കയറ്റി. ബോംബിടേണ്ട നഗരങ്ങളുടെ ഒരു പട്ടിക അമേരിക്കൻ സൈനികനേതൃത്വം നേരത്തെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ഹിറോഷിമ, കോക്കുറ, നിഗാട, നാഗസാക്കി എന്നിവയായിരുന്നു ആ നിർഭാഗ്യ നഗരങ്ങൾ. മുൻഗണനാക്രമമനുസരിച്ച്‌ നിർഭാഗ്യത്തിന്റെ ആദ്യനറുക്ക്‌ വീണത്‌ ഹിറോഷിമക്കായിരുന്നു. അണുബോംബ്‌ സ്‌ഫോടനത്തിൽ നഗരം വെന്തെരിഞ്ഞു. ഹിറോഷിമയിലെ വൻദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ജപ്പാൻ ശ്രമിച്ചെങ്കിലും കീഴടങ്ങാൻ തയ്യാറായിരുന്നില്ല. അക്കാരണത്താൽ, ന്യായീകരണമില്ലെങ്കിലും മറ്റൊരു കടുംകൈ ചെയ്ത്‌ ജപ്പാനെ മുട്ടുകുത്തിക്കാൻ ശേഷിച്ച “തടിയനെ” പ്രയോഗിക്കുവാൻ അമേരിക്ക തീരുമാനിച്ചു.

ആഗസ്‌റ്റ്‌ 8-​‍ാം തീയതി ബോക്സ്‌ കാർ എന്നറിയപ്പെടുന്ന വിമാനത്തിൽ “തടിച്ച മനുഷ്യനെ” കയറ്റി. സ്വീനിയായിരുന്നു പൈലറ്റ്‌. സഹവൈമാനികൻ ആഷ്‌വർത്തിനോടൊപ്പം, സ്വിച്ചമർത്തി നിർദ്ദിഷ്ട സ്ഥാനത്ത്‌ ബോംബിടേണ്ട ചുമതലയുള്ള, 27 വയസ്സുമാത്രം പ്രായമുള്ള കേർമിറ്റും അതേ വിമാനത്തിലുണ്ടായിരുന്നു. ബോംബ്‌ പൊട്ടുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങൾ ചിത്രണം ചെയ്യാനുള്ള ഉപകരണങ്ങളായിരുന്നു മറ്റു രണ്ടു വിമാനങ്ങളിലും. രണ്ടാം ലോമഹായുദ്ധത്തിന്റെ കൂട്ടക്കലാശത്തിന്റെ ദൃക്‌സാക്ഷിവിവരണം നൽകുന്നതിനും ലേഖനങ്ങൾ തയ്യാറാക്കുന്നതിനും പ്രസിദ്ധ പത്രപ്രവർത്തകൻ വില്യം ലോറൻസും അക്കൂട്ടത്തിൽ യാത്രചെയ്യുന്നുണ്ടായിരുന്നു. തലേദിവസം രാത്രി ചെയ്യാൻ പോകുന്ന പാതകത്തെയോർത്ത്‌ അവർക്കാർക്കും അത്താഴം കഴിക്കാൻ കഴിഞ്ഞില്ല. എങ്കിലും കാര്യങ്ങൾ മുറപോലെ നീക്കി. അവർ കോക്കുറ ലക്ഷ്യമാക്കി പറന്നു.

വിധിനിർണ്ണായകദിവസം അന്തരീക്ഷം മേഘാവൃതമായി കാണപ്പെട്ടു. 5.50ന്‌ നേരം പുലർന്നു. വിമാനങ്ങൾ മൂന്നു കാർമേഘങ്ങളെ തുളച്ചുകടന്നു. സൂര്യകിരണങ്ങളേറ്റ്‌ അവ വെട്ടിത്തിളങ്ങി. പക്ഷെ അവരുടെ ലക്ഷ്യമായ കഗോഷിമ എന്ന ജപ്പാനീസ്‌ പട്ടാളത്താവളം മുഴുവൻ കട്ടിയുള്ള മൂടൽമഞ്ഞിൽ മൂടി കിടന്നു. ലക്ഷ്യം കാണാതെ ബോംബിടരുതെന്ന കല്ലുപിളർക്കും കല്പന അവരുടെ കൃത്യനിർവ്വഹണത്തെ നിയന്ത്രിച്ചു. ഒരവസരത്തിൽ ടോക്കിയോവിൽ ബോംബിട്ടെങ്കിലോ എന്നുപോലും അവർ ആലോചിച്ചതാണ്‌. ഒരു പഴുതുകാണുവാൻ നഗരത്തെ പലവട്ടം ചുറ്റിപ്പറന്നു. നേരം 12 മണിയോടടുക്കുന്നു. വിമാനത്തിലെ ഇന്ധനമാണെങ്കിൽ ശോഷിച്ചു വരികയാണ്‌. ഇനിയെന്തുവേണമെന്ന്‌ അവർ മൂവ്വരും ആലോചിച്ചു. അടുത്ത ലക്ഷ്യമായ നാഗസാക്കിയിലേക്ക്‌ പറക്കുകതന്നെ. അവർ തീരുമാനിച്ചു. അതു കോക്കറയുടെ ഭാഗ്യവും നാഗസാക്കിയുടെ നിർഭാഗ്യവുമായി പരിണമിച്ചു.

അന്നേരം, നാഗസാക്കിയും മൂടൽമഞ്ഞിൽ പൊതിഞ്ഞു കിടക്കുകയായിരുന്നു. ജപ്പാനിലെ മനോഹരമായ കൊമ്പീറാ മലയുടെ താഴെക്കൂടി വളഞ്ഞൊഴുകുന്ന ഉറക്കാമി നദിയുടെ തീരത്താണ്‌ നാഗസാക്കി നഗരം. എന്തെങ്കിലും അശുഭമായി സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാത്ത നഗരവാസികൾ അവരവരുടെ കൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അന്നേരം. കൊച്ചു കുട്ടികൾ പാഠങ്ങൾ വായിക്കുന്നു, കൃഷിക്കാർ ഉരുളക്കിഴങ്ങ്‌ തോട്ടത്തിൽ പണിയെടുക്കുന്നു. അടുത്തുള്ള പടുകൂറ്റൻ ഭദ്രാസനപ്പള്ളിയിൽ വെള്ളത്തുണികൾ കൊണ്ട്‌ തലമൂടിയ ക്രൈസ്തവ വനിതകൾ പ്രാർത്ഥനയിൽ ലയിച്ചിരിക്കുകയാണ്‌. മലഞ്ചെരിവിലെ മധുരക്കിഴങ്ങ്‌ ചെടികളിൽ തങ്ങിനിന്ന മഞ്ഞിൻ കണങ്ങൾ സൂര്യകിരണങ്ങളേറ്റ്‌ വൈഡൂര്യ മണികളായി തിളങ്ങി.

“എന്തു മനോഹരമായ സ്ഥലമാണീ നാഗസാക്കി, എത്ര കണ്ടാലും മതിവരില്ല” സ്‌റ്റേഡിയത്തിനടുത്തുകൂടെ നടന്നുപോയ ലേഡി ഡോക്ടർ യമാഡ സഹപ്രവർത്തകയായ മിസ്‌ സുജിത്തയോട്‌ പറഞ്ഞു.

“ശരിതന്നെ. പക്ഷെ നാം രണ്ടുമാസം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോൾ ഈ നഗരം ഇങ്ങനെയായിരിക്കുമോ? - അതാണെന്റെ സംശയം” - ഇത്‌ നശിപ്പിക്കപ്പെടുമെന്നെനിക്കൊരു ഭയമുണ്ട്‌“ - അത്‌ അറം പറ്റിയ വാക്കുകളായി ഭവിച്ചു. അവരുടെ സംഭാഷണത്തിന്‌ വിരാമമിട്ടുകൊണ്ട്‌ പൊടുന്നനെ ഒരറിയിപ്പുവന്നു. ‘കിയൂഷുവിന്‌ മുകളിൽ ശത്രുവിമാനങ്ങൾ’ - ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. ഒപ്പം സൈറണും. പിന്നീട്‌ ശത്രുവിമാനങ്ങൾ പോയെന്ന അറിയിപ്പും വന്നു. കുറച്ചുകഴിഞ്ഞ്‌ വീണ്ടും ഒരു വിമാനം വന്നു. നഗരത്തെ മൂടിയിരുന്ന മൂടൽമഞ്ഞിൽ അവർ ഒരു പിളർപ്പുകണ്ടു. പിന്നെ താമസിച്ചില്ല. പന്ത്രണ്ടടിക്കാൻ നിമിഷങ്ങളേയുള്ളൂ. അമ്പത്‌, അമ്പത്തിയഞ്ച്‌, അമ്പത്തിയൊമ്പത്‌....

‘അതാ വീഴുന്നു’ വിമാനത്തിൽ ആരോ വിളിച്ചു പറഞ്ഞു. ‘അതിന്റെ ഉദരത്തിൽ നിന്ന്‌ ഒരു കറുത്ത വസ്തു താഴോട്ടു വീണു. അപ്പോൾ ഉച്ചയ്‌ക്ക്‌ 12 മണി അടിച്ചുകഴിഞ്ഞു. ജപ്പാനിലെ പ്രധാന ക്രൈസ്തവ കേന്ദ്രമാണ്‌ നാഗസാക്കി. അവിടത്തെ അമലോത്ഭവ മാതാവിന്റെ ഭദ്രാസനപ്പള്ളിയിലെ പെരുന്നാളിന്റെ ഒരുക്കത്തിലായിരുന്നു ജനങ്ങൾ അന്നേരം. കുമ്പസരിക്കാനായി അനേകം ഭക്തജനങ്ങൾ ആ ’ദുരന്തവ്യാഴാഴ്‌ച‘ അവിടെ കൂടിയിരുന്നു.

12.01 ആയപ്പോൾ അതു സംഭവിച്ചു. മജിയാമചോവിന്റെ മുകളിൽ 550 മീറ്റർ ഉയരത്തിൽ വെച്ച്‌ തടിച്ച മനുഷ്യൻ പൊട്ടിച്ചിതറി. കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശധോരണി... നീലയും ചുവന്നതുമായ പ്രകാശനാളങ്ങൾ ചുറ്റുപാടും ചീറിപ്പാഞ്ഞു. ചൂട്‌ 9000 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയർന്നു. പൊട്ടിത്തെറിയുടെ കേന്ദ്രത്തിൽ രൂപംകൊണ്ട ശൂന്യത എല്ലാറ്റിനെയും മുകളിലേയ്‌ക്ക്‌ വലിച്ചുപൊക്കി. മണിക്കൂറിൽ അറുനൂറ്‌ മൈൽ വേഗമുള്ള ഒരൂക്കൻ കാറ്റ്‌ ആഞ്ഞടിച്ചു. സൂര്യബിംബത്തിന്റെ മുഖംപോലെ ആറായിരം ഡിഗ്രി സെൽഷ്യസ്‌ ചൂടുള്ള ഒരു തീച്ചൂളയായി മാറി നാഗസാക്കി. കത്തുന്ന മരക്കഷ്ണങ്ങളും ചാരവും പുകയും അവിടെയെല്ലാം ചൂളിപ്പറന്നു. സൂര്യബിംബം തകർന്നുവീണോ എന്ന സംശയമുണർത്തുകയും വിധം പാതിരാത്രിയിലെ കൂരിരുട്ട്‌ നട്ടുച്ചനേരത്ത്‌ അവിടെ വ്യാപിച്ചു. ആദ്യത്തെ സ്‌ഫോടനം കഴിഞ്ഞ്‌ നാല്പത്തിയഞ്ച്‌ നിമിഷങ്ങൾക്കകം വേറെ നാല്‌ വിസ്‌ഫോടനങ്ങൾ കൂടി ഉണ്ടായി. ഭീമാകൃതിയിലുള്ള തീപ്പന്തുകൾ ഭൂമിയുടെ ഉദരത്തിൽ നിന്ന്‌ തെറിച്ചുപൊങ്ങി. ഞൊടിയിടയ്‌ക്കുള്ളിൽ അവയെല്ലാം ഒരുമിച്ച്‌ ചേർന്ന്‌ 10000 അടി ഉയരമുള്ള ഒരു പടുകൂറ്റൻ തീതൂണായി വളർന്നു. അതിന്റെ കറുത്തിരുണ്ട അടിത്തട്ടിന്‌ മൂന്നുമൈലിലധികം വ്യാപ്തിയുണ്ടായിരുന്നു. മുകൾഭാഗത്തിന്റെ നിറം മഞ്ഞയും ചുവപ്പും കലർന്ന്‌ കാണപ്പെട്ടു. അടുത്തനിമിഷം അതെല്ലാം അരമൈൽ ദൈർഘ്യമുള്ളതും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒരുതരം വെള്ളമേഘമായി വളർന്നു. അവിടെനിന്ന്‌ ഒരു രാക്ഷസക്കൂൺ പൊട്ടി വിരിഞ്ഞതോടെ തീനാളങ്ങളുടെ ഉയരം 45000 അടിയായി ഉയർന്നു. പ്രസ്തുത അഗ്നിപർവ്വതത്തിന്റെ നാളങ്ങൾ 200 മൈലകലം വരെ വെട്ടിത്തിളങ്ങി. ഏതാനും മിനിട്ടുകൾക്കുള്ളിൽ പട്ടണം മുഴുവൻ കത്തുന്ന കടലായി തീർന്നു. മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി. സസ്യങ്ങളും വൃക്ഷങ്ങളും കരിഞ്ഞൊടുങ്ങി. അന്നുരാത്രി നാഗസാക്കി മുഴുവൻ കത്തു. ചുടലക്കളമായിട്ടാണ്‌ കാണപ്പെട്ടത്‌. ചുവന്ന രാത്രി.

കവാബിറാ മലയുടെ മുകളിൽ പുല്ലുവെട്ടുകയായിരുന്നു സുചിമോത്തോ. അവിടെ നിന്നു മൂന്നുകിലോമീറ്റർ അകലെ തെക്കു പടിഞ്ഞാറായി നാഗസാക്കിയുടെ ഭാഗമായ ഉറക്കാമി പ്രദേശം അയാൾക്ക്‌ കാണാൻ കഴിഞ്ഞു. പെട്ടന്നൊരു മൂളൽ അയാളുടെ ചെവിയിൽ വന്നലച്ചു. അയാൾ ചാടിയെഴുന്നേറ്റ്‌ ആകാശത്തെ നിരീക്ഷിക്കുവാൻ തുടങ്ങി. ഇരമ്പൽ ക്ഷയിച്ചു കൊണ്ടിരുന്നു. അയാൾ സൂക്ഷിച്ചു നോക്കി. അതൊരു ബി 29 വിമാനമാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു. ആ ചെറിയ വസ്തു കൊച്ചുമേഘത്തിന്റെ അടുത്തായിരുന്നു. മേഘത്തിന്റെ ഉയരം 8000 മീറ്ററായിരിക്കുമെന്ന്‌ അയാൾ ഊഹിച്ചു. ”നോക്കൂ, അവരെന്തോ അവിടെ വീഴിച്ചു. കറുത്ത നീണ്ട ഏതോ ഒരു സാധനം’ അതു ബോംബാണ്‌ ബോംബ്‌“ അയാൾ വിളിച്ചുപറഞ്ഞു.

സുചിമോത്തോ നിലം ചേർന്നു കിടന്നു. നിമിഷങ്ങൾ കടന്നുപോയി. അഞ്ച്‌, പത്ത്‌, ഇരുപത്‌ ഒരു മിനിട്ട്‌. കണ്ണഞ്ചിക്കുന്ന പ്രകാശം ആകാശത്തിൽ പാളി. ‘ഭയപ്പെടുത്തുന്ന ഒരു പ്രകാശം’ അയാൾ ആത്മഗതം ചെയ്തു. കത്തീഡ്രൽപള്ളിയുടെ സ്ഥാനത്തു ഒരു പടുകൂറ്റൻ ധൂമസ്തംഭം മുളച്ചുവന്നു. വെള്ളമേഘത്തിനു താഴെ ഒരു കൊടുങ്കാറ്റടിക്കുന്നതു അയാൾ കണ്ടു. അതയാളുടെ രക്തധമനികളെ മരവിപ്പിച്ചു. വഴിയിലുള്ള സകലതിനെയും തൂത്തുവാരി നിരപ്പാക്കുന്ന പ്രചണ്ഡമാരുതൻ ബുൾഡോസർ കണക്കെ കടന്നുപോയി. ആ നിമിഷം ഒരു ഭയങ്കരശബ്ദം അയാളുടെ കർണ്ണങ്ങളിൽ വന്നലച്ചു. അഞ്ചുമീറ്റർ അകലെയുള്ള ഒരു കന്മതിലിലേക്ക്‌ അയാൾ എടുത്തെറിയപ്പെട്ടു.

ഉറക്കാമിയിൽ നിന്നു രണ്ടുകിലോമീറ്റർ അകലെയായി ഒരു വഴിയിലൂടെ എരുമയെയും കൊണ്ടുപോകുകയായിരുന്ന തക്കാമിക്ക്‌, പെട്ടന്നൊരു ചുടുകാറ്റ്‌ അടിക്കുന്നതായി തോന്നി. അതത്ര തീഷ്ണമാണെന്ന്‌ തോന്നിയില്ല. എങ്കിലും എരുമയ്‌ക്ക്‌ പൊള്ളലേറ്റു. ഉടനെ ചൂളംവിളിയുടെ ശബ്ദമുണ്ടാക്കികൊണ്ട്‌ തീപ്പന്തുകൾ അവരുടെ ദേഹത്തു പതിക്കാൻ തുടങ്ങി. അതിലൊന്ന്‌ അയാളുടെ കാലിൽകൊണ്ട്‌ പൊട്ടുകയും വെള്ളപ്പുക അവിടെ വ്യാപിക്കുകയും ചെയ്തു. കത്തിയ മെഴുകുതിരിയുടെ ഗന്ധം അവിടെ പരന്നു. തീമഴയുടെ ഫലമായി കെട്ടിടങ്ങൾ കത്താനും തുടങ്ങി. അന്നുരാത്രി നാഗസാക്കി മുഴുവൻ കത്തുന്ന ചുടലക്കളമായിട്ടാണ്‌ കാണപ്പെട്ടത്‌.

മിച്ചോനോവിൽ നിന്ന്‌ ഉറക്കാമിയിലേക്ക്‌ തിരിച്ചുപോവുകയായിരുന്നു ഫറുവേയ്‌ക്ക്‌ ഒരു വിമാനത്തിന്റെ സ്വരം കേട്ടതുപോലെ തോന്നി. അയാൾ മുകളിലേക്കു നോക്കി. ചോരനിറം പൂണ്ട ഒരഗ്നിഗോളം ആകാശത്തിൽ പ്രത്യക്ഷപ്പെട്ടു. അല്പനേരത്തിനകം ഗോളം നിലംപതിച്ചു. ഉടനെ ഒരു പൊട്ടലുണ്ടാക്കി. പ്രഭോജ്ജ്വലമായിരുന്നു ആ വിസ്‌ഫോടനം. അയാൾ വായുവിലേക്കു വലിച്ചെറിയപ്പെട്ടതുപോലെ തോന്നു. അനേകം മണിക്കൂറുകൾക്ക്‌ ശേഷമാണു ബോധമുണ്ടായത്‌ഃ അപ്പോഴയാൾ മറിഞ്ഞുവീണ സൈക്കിളിനുതാഴെ നെല്പാടത്തു കിടക്കുകയായിരുന്നു. അയാളുടെ ഒരു കണ്ണു പൂർണ്ണമായും നശിച്ചു.

ഈ ബഡവാഗ്നിയിൽ 25,000 പേർ തൽക്ഷണം മരിച്ചു. ഒരുലക്ഷം പേർക്ക്‌ പരിക്കേറ്റു. അവരിൽ 74000 പേർ പിന്നീട്‌ മരിച്ചു. ബോംബ്‌ പൊട്ടിയ സ്ഥലത്ത്‌ നിന്ന്‌ ഒരു കിലോമീറ്റർ അകലത്തിനുള്ളിൽ നിന്നവരെല്ലാം നിശ്ശേഷം കരിഞ്ഞു ചാമ്പലായി. സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്നും 500 മീറ്റർ അകലെയായി പൂർണ്ണ ഗർഭിണിയായ ഒരു സ്ര്തീ മരിച്ചു കിടന്നിരുന്നു. അവരുടെ ഉദരം പിളർന്ന്‌ കാണപ്പെട്ടു. ചിലരുടെ തലകൾ തെറിച്ചുപോയി. മറ്റു ചിലരുടെ കണ്ണുകൾ വെളിയിലേയ്‌ക്ക്‌ തെറിച്ചുവീണു. രക്ഷപ്പെട്ടവരുടെ തൊലി വലിച്ചു കീറപ്പെട്ടു. കീറിയ തൊലികൾ ശരീരത്തിൽ തൊങ്ങലുപോലെ തൂങ്ങി കിടന്നു. തൊലിപോയിടങ്ങളിൽ നിന്ന്‌ രക്തം കുത്തിയൊലിച്ചു അവർക്കെല്ലാം ആദ്യം അനുഭവപ്പെട്ടത്‌ ചൂടായിരുന്നില്ല. അസഹ്യമായ വേദനയായിരുന്നു. തുടർന്ന്‌ വല്ലാത്ത കുളിരും, അതോടൊപ്പം തൊലി വീർക്കുകയും വേഗം പൊളിഞ്ഞു പോവുകയും ചെയ്തു. ഇത്തരം യാതനകൾക്ക്‌ ഇരയായവർ ഉടനെ മരിക്കുകയും ചെയ്തു. ഇത്‌ സഹസ്രങ്ങളുടെ വേദനയല്ല. ദശസഹസ്രങ്ങളുടെ മരണാനുഭവങ്ങളാണ്‌.

ഒരു രാജ്യത്തെ സൈനികശക്തിയെ തോല്പിക്കാൻ വേണ്ടി മാത്രമായി നൂറ്റാണ്ടുകാലത്തെ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഇത്ര ഭീകരമായ പാതകം മനുഷ്യരാശിക്കെതിരെ വേണമായിരുന്നോ? വേണ്ടായിരുന്നുവെന്ന്‌ നിസ്സംശയം പറയാം. ചർച്ചിലിന്റെ നിരീക്ഷണവും അതു തന്നെയാണ്‌. ”അണുബോംബുകൊണ്ടാണ്‌ ജപ്പാന്റെ വിധി നിർണ്ണയിക്കപ്പെട്ടതെന്ന്‌ കരുതുന്നത്‌ മൗഢ്യമായിരിക്കും“ എന്നാണ്‌ അദ്ദേഹം തന്റെ സ്മരണകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. ”ആറ്റംബോംബ്‌ നിർമ്മിക്കാൻ ശുപാർശ ചെയ്തുകൊണ്ട്‌ പ്രസിഡന്റ്‌ റൂസ്‌വെൽട്ടിന്‌ ഞാനെഴുതിയ കത്ത്‌ വലിയ തെറ്റായിപ്പോയെ“ന്നാണ്‌ മരിക്കുന്നതിന്‌ മുൻപ്‌ റസ്സലിന്‌ എഴുതിയ കത്തിൽ ആറ്റംബോംബിന്റെ താത്വികാചാര്യനായ ഐൻസ്‌റ്റൈൻ കുറ്റം ഏറ്റുപറഞ്ഞ്‌ പശ്ചാത്തപിച്ചത്‌. ”ഇപ്പോൾ റഷ്യയുമായി തുടർന്നുവരുന്ന ശീതയുദ്ധത്തിന്റെ ഒന്നാമത്തെ മേജർ ഓപ്പറേഷനായിട്ടാണ്‌ ആറ്റംബോബിട്ടത്‌. അല്ലാതെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന സൈനീക നടപടി എന്ന നിലക്കായിരുന്നില്ല എന്ന അഭിപ്രായമാണ്‌ ബ്രിട്ടനിലെ പ്രൊഫ. ബ്ലാങ്കറ്റിനുമുള്ളത്‌. എന്തായാലും മാനവരാശിയുടെ മുഖത്തേല്പിച്ച കനത്ത മുറിവായി ന്യായീകരണമില്ലാത്ത ഈ അമേരിക്കൻ സൈനികാതിക്രമം എക്കാലത്തും സ്മരിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.

കീഴടങ്ങാൻ വൈകിയതിനെ തുടർന്ന്‌ ആഗസ്‌റ്റ്‌ 13ന്‌ 1000 വിമാനങ്ങൾ ചേർന്ന്‌ ടോക്കിയോവിൽ കനത്ത ബോംബിംങ്ങ്‌ നടത്തി. അവസാനം ആഗസ്‌റ്റ്‌ 14ന്‌ കീഴടങ്ങാൻ നിശ്ചയിക്കുകയും ചക്രവർത്തി അക്കാര്യം 15ന്‌ പ്രഖ്യാപിക്കാനും തീരുമാനമുണ്ടായി. ഇതേ തുടർന്ന്‌ കീഴടങ്ങൽ വിരോധികൾ കലാപമാരംഭിച്ചു. ചക്രവർത്തിയുടെ കീഴടങ്ങൽ പ്രഖ്യാപനത്തിന്റെ ടേപ്പ്‌ വരെ നശിപ്പിക്കാൻ ഒരു വിഫലശ്രമം നടത്തി. കലാപം അടിച്ചമർത്തപ്പെട്ടുവെങ്കിലും സൈനികമന്ത്രി അനാമി, കാമിക്കസെയുടെ ഉപജ്ഞാതാവായ അഡ്‌മിറൽ ഒനിഷി തുടങ്ങി നൂറുകണക്കിന്‌ സൈനികർ ഹരകീരി അനുഷ്‌ഠിച്ച്‌ ആത്മഹത്യ ചെയ്തു.

ആഗസ്‌റ്റ്‌ 15ന്‌ ചക്രവർത്തി “എന്റെ നല്ലവരും വിശ്വസ്തരുമായ പ്രജകളോട്‌” സഖ്യകക്ഷികളുടെ ആവശ്യം നാം അംഗീകരിക്കുന്നുവെന്ന്‌ പ്രഖ്യാപിച്ചു. ഇതുകേട്ട്‌ ജപ്പാൻകാർ പൊട്ടിക്കരഞ്ഞു. തോക്കുകൾ ഏറെക്കുറെ നിശ്ശബ്ദമായി. 26ന്‌ അമേരിക്കൻ സേന ജപ്പാനിലിറങ്ങി. പക്ഷെ മഞ്ചുറിയായിൽ ജപ്പാന്റെ വിശിഷ്ടസേന വിഭാഗമായ ക്വാങ്ങ്‌ ടങ്ങ്‌ സൈന്യം അപ്പോഴും ശക്തമായ ചെറുത്തു നില്പിലായിരുന്നു. റഷ്യൻ കരസേനയും കടൽസേനയും ചേർന്ന്‌ സെപ്തംബർ ഒന്നാം തീയതിയോടെ അതിനെ പൂർണ്ണമായി കീഴടക്കി. സെപ്തംബർ 2ന്‌ രാവിലെ 10.30ന്‌ അമേരിക്കൻ പടക്കപ്പലായ മിസൗറിയിൽവച്ച്‌ ജനറൽ ഉമേസു സഖ്യസേനയ്‌ക്ക്‌ കീഴടങ്ങിയ രേഖയിൽ ഒപ്പുവെച്ചു. ജപ്പാൻ മാക്‌ ആർതറുടെ കീഴിലായി. ജർമ്മൻ പതനത്തിന്റെ മുഖ്യശില്പി മാർഷൽ ഷുക്കോവായിരുന്നെങ്കിൽ ജപ്പാന്റേത്‌ മാക്‌ ആർതറായിരുന്നു. 6 വർഷം 21 മണിക്കൂർ 23 മിനിട്ട്‌ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന്‌ ഇതോടെ തിരശ്ശീല വീണു. മാപ്പില്ലാത്ത അണുബോംബ്‌ പ്രയോഗത്തിന്റെ ഭീകരസ്മരണ അവശേഷിപ്പിച്ചുകൊണ്ട്‌...

സി.കെ കൊടുങ്ങല്ലൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.