പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഭക്തി മൂത്താൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പീറ്റർ നീണ്ടൂർ

ഈശ്വരധ്യാനം, ഈശ്വരഭക്തി ഇവയെല്ലാം മനുഷ്യജീവിത ചർച്ചകളെ ന്യായമായും സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. ഇതുവഴി ദുർബലമനസ്സുകളെ ഒരു പരിധിവരെ തിന്മകളിൽ നിന്നും പിന്തിരിപ്പിക്കാമെന്നതും സമ്മതിക്കാം. ഇതേ ഭക്തിയും ആരാധനയുമൊക്കെ ചില വ്യക്തികൾക്ക്‌ വ്യക്തികളോടും തോന്നാറുണ്ട്‌. പക്ഷെ അതു പരിധിവിട്ടാലോ....?

നാം അമേരിക്കൻ മലയാളികളുടെയിടയിൽ പ്രചരിക്കുന്ന വാർത്തകളിലും വർത്തമാനങ്ങളിലും കണ്ടുവരുന്ന ചിലവ ഇവിടെ വെളിവാക്കട്ടെ. ഏതെങ്കിലും വിഷയത്തിൽ ഗവേഷണം നടത്തി പി.എച്ച്‌.ഡി ലഭിക്കുന്നയാളെ ഡോക്‌ടർ എന്നു വിളിക്കാറുണ്ട്‌. എന്നാൽ അയാൾ ഭിഷഗ്വരനാകുന്നതെങ്ങനെയാണ്‌.?

കോളേജിൽ പഠിപ്പിക്കുന്നയാൾ ലക്‌ച്ചറർ എന്നാണറിയപ്പെടുന്നത്‌. അയാൾ പ്രൊഫസർ ആകണമെങ്കിൽ അതിനു പല മാനദണ്ഡങ്ങളുമുണ്ട്‌.. ഒരാൾ ഏതോ കോളേജിൽ ആരുടെയോ ലീവു വേക്കൻസിക്ക്‌ ഒരുമാസം താല്‌കാലിക സേവനം മാത്രം ചെയ്‌തയാൾ എങ്ങനെ പ്രൊഫസറാകും.

ഇനി കഴിഞ്ഞ ദിവസം കണ്ട വാർത്തയിലേക്കു നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. ഡോ.എൻ.പി.ഷീല, വൈസ്‌ ചാൻസലർ, എന്നൊരു വാർത്ത. ഇത്‌ അവരുടെ മനഃസറിവോടെ കൊടുത്ത വിശേഷണമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല. അവർ കോളേജ്‌ അദ്ധ്യാപികയായിരുന്നു. ഡോക്‌ടറേറ്റും ഉണ്ടായിരിക്കാം. എന്നാലും വൈസ്‌ ചാൻസിലറാണോ? അതുപോലെ തന്നെ സാംസി കൊടുമൺ എന്ന കഥാകൃത്തിനെ നോവലിസ്‌റ്റാക്കി ഉയർത്തിപോലും. അദ്ദേഹം ഒരു പക്ഷെ മനഃസ്സിൽ നോവലിന്റെ ഇഴകൾ പാകിയിട്ടുണ്ടാകാം. ഒരുപക്ഷെ പിറക്കാനിരിക്കുന്ന നോവലിനായിരിക്കാം അവാർഡ്‌. വാർത്തകൾ ചമയ്‌ക്കുന്നവർ അല്‌പം ശ്രദ്ധകാണിക്കൂ. ദയവായി വായനക്കാരെ കബളിപ്പിക്കാതിരിക്കൂ!!!

ഇനി പറയാനുള്ളത്‌ മറ്റൊരുഭക്തിയുടെ കാര്യമാണ്‌. പണ്ട്‌ - എന്റെ ബാല്യകാലത്ത്‌ - കത്തോലിക്ക പള്ളികളിൽ വിശുദ്ധ കുർബ്ബാന സുറിയാനിഭാഷയിലായിരുന്നു. വിശുദ്ധകർമ്മങ്ങൾ മനുഷ്യർക്കു മനസ്സിലായില്ലെങ്കിൽ ഭക്തി തോന്നുകയില്ല എന്ന ചിന്ത വന്നപ്പോൾ കർമ്മങ്ങളെല്ലാം മലയാളഭാഷയിലാക്കി. അതിന്റെ തന്നെ പല രൂപങ്ങളും ഭാവങ്ങളും മാറി മാറിക്കണ്ടു. പണ്ടൊക്കെ മാസത്തിന്റെ എല്ലാ ആദ്യവെള്ളിയാഴ്‌ചകളിലും, വ്രതശുദ്ധിയോടെ ഒരു നേരം (ഒരു നേരം മാത്രം ആഹാരം കഴിക്കുക) നോക്കണം. എന്നായിരുന്നു. എന്നാൽ പിന്നീടു പലകാരണങ്ങൾ കണ്ടുപിടിച്ച്‌ ഉപവാസം ദുഃഖവെള്ളിയാഴ്‌ച മാത്രം മതി എന്നാക്കിയതാണ്‌ എന്റെ ഓർമ്മ.

എന്തായാലും കാലം മാറിയപ്പോൾ ക്രിസ്‌തുവിന്റെ അപ്പസ്‌തോല പദവിലേക്ക്‌ തങ്ങളെ ഉയർത്തപ്പെട്ടിരിക്കുന്നു എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട്‌, വൈദികരെക്കാൾ തങ്ങൾ മെച്ചമെന്നു വീമ്പിളക്കുകയും തെളിയിക്കാൻ പെടാപ്പാടുപെടുകയും ചെയ്യുന്ന ‘ധ്യാന’ നേതാക്കൾ ധാരാളമായി ഉദയം ചെയ്‌തു കാണുന്നു. ഇതിൽ പ്രവചനവരം ലഭിച്ചവരുണ്ട്‌, ശുശ്രൂഷാവരം ലഭിച്ചവരുണ്ട്‌, രോഗശാന്തി വരം ലഭിച്ചവരുണ്ട്‌. അങ്ങിനെ പലവരത്തിലും - വാരത്തിലും. ഏതായാലും കാലത്തിന്റെ കരണം മറിച്ചിൽ ആസ്വാദ്യകരമാണ്‌.

അങ്ങിനെ തേങ്ങാപ്പൂളുള്ള ‘ഗുരുക്കളും,’ അതില്ലാത്ത ഗുരുക്കളും തമ്മിൽ ഒരു തരം ശീതസമരം തന്നെ ആരംഭിച്ചിട്ടില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇവരെല്ലാവരും കൂടി വിശ്വാസികളെ വിശുദ്ധിയുടെയും വരദാനത്തിന്റെയും പാതയിലേക്കെന്ന വ്യാജേന കുടുംബജീവിതത്തിൽ വിഷം കലർത്തിക്കൊണ്ടിരിക്കയാണ്‌.

എല്ലാ വെള്ളിയാഴ്‌ചകളിലും വ്രതശുദ്ധിയോടെ ഉപവാസത്തിലും പ്രാർത്ഥനയിലും ജീവിക്കണം. അത്‌ ആണ്ടിൽ അമ്പത്തിരണ്ടു ദിവസമായി. ഇനി അമ്പതുനോമ്പ്‌. ഇരുപത്തഞ്ചു നോമ്പ്‌, ചിലക്രിസ്‌തീയവിഭാഗത്തിൽ പതിമൂന്നു നോമ്പുണ്ട്‌, പിന്നെ എട്ടുനോമ്പ്‌, മൂന്നു നോമ്പ്‌, എല്ലാംകൂടി എത്രയായി? കൂടാതെ ആർത്തവകാലങ്ങളിലെ നിഷിധദിനങ്ങൾ. മുന്നൂറ്റിഅറുപത്തഞ്ചു ദിവസങ്ങളുള്ളതിൽ മേൽപറഞ്ഞവകൂട്ടി - കിഴിച്ചാൽ ബാക്കി വരുന്ന ആസ്വദിക്കാനുതകുന്ന ദാമ്പത്യദിനങ്ങൾ എത്ര...? ഇത്‌ അവിവാഹിതരായ പുരോഹിത വർഗ്ഗത്തിനു മാന്യമായി കുടുംബജീവിതം നയിക്കുന്നവരോടുള്ള അസൂയ മൂലമാണോ?

ഇത്തരം സാഹചര്യങ്ങളിൽ സന്തോഷ്‌ മാധവന്മാരോ, ദിവ്യ ജോഷിമാരും, മറ്റുവേലിചാട്ടക്കാരോ സമൂഹത്തിലുണ്ടാകുന്നു എങ്കിൽ അതിനുത്തരവാദികളാര്‌? കള്ളപ്രവാചകരെയും, കാപട്യക്കാരെയും സൂക്ഷിക്കുക. പ്രവാസി മലയാളികളെ പ്രബുദ്ധരാകു.

പീറ്റർ നീണ്ടൂർ


E-Mail: vcpndrkavi@hotmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.