പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചില ആത്മഹത്യക്കുറിപ്പുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

ലേഖനം

“ജീവിതം നല്ലതാണ്‌.

ചിലപ്പോൾ ചിലർക്ക്‌,

മരണം അതിനേക്കാൾ നല്ലതാണ്‌.” - സച്ചിദാനന്ദൻ

കടലിന്റെ അഗാധമായ ആഴപ്പരപ്പിലേക്ക്‌ ആലംബമറ്റ മനസ്സുപോലെ, കയറഴിഞ്ഞ്‌ അകന്നുപോകുന്ന കടത്തുവളളത്തിന്റെ വിദൂരദൃശ്യം. “കാഴ്‌ചകൾ അവസാനിക്കുന്നു. ഞാൻ ഉറങ്ങട്ടെ. ശാന്തമായി. ഉണർത്തരുത്‌. വേണമെങ്കിൽ പുതപ്പ്‌ കൊണ്ട്‌ മെല്ലെ മൂടുക. മുഖത്തൊഴികെ. സ്വപ്‌നങ്ങൾക്ക്‌ ശ്വാസം മുട്ടാതിരിക്കട്ടെ.”

സ്വപ്‌നങ്ങൾക്ക്‌ ശ്വാസം മുട്ടിയപ്പോഴായിരിക്കണം മിസ്‌.കുമാരി ആത്മഹത്യ ചെയ്‌തത്‌. മിസ്‌.കുമാരി, പ്രസിഡണ്ടിന്റെ വെളളിമെഡൽ കരസ്ഥമാക്കിയ പി.ഭാസ്‌ക്കരന്റെ നീലക്കുയിലിലെ നീലിപ്പുലയിയെ അനശ്വരയാക്കിയ മലയാളിത്വമുളള നായിക. മിസ്‌.കുമാരി ആത്മഹത്യ ചെയ്‌തിട്ട്‌ മുപ്പത്തിയഞ്ചു വർഷം പിന്നിടുന്നു. കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത്‌ പാവപ്പെട്ട തയ്യൽ തൊഴിലാളിയുടെ മകളായിട്ടാണ്‌ ത്രേസ്യാമ്മ എന്ന മിസ്‌.കുമാരി ജനിച്ചത്‌. ഉദയായുടെ വെളളിനക്ഷത്രത്തിലൂടെയാണ്‌ മിസ്‌.കുമാരി സിനിമാലോകത്ത്‌ എത്തുന്നത്‌. തുടർന്ന്‌ അഭിനയത്തികവിന്റെ പതിനഞ്ചുവർഷങ്ങളിൽ ഇരുപത്തിയൊൻപതോളം ചിത്രങ്ങൾ. ‘പെറ്റവൾ കണ്ട പെരുവാഴ്‌വ്‌’, ‘ചാർമണമകൾ’ എന്നീ തമിഴ്‌ചിത്രങ്ങളിലും അഭിനയിച്ചു. ദാമ്പത്യജീവിതത്തിന്റെ വൃദ്ധിക്ഷയങ്ങളായിരുന്നു മിസ്‌.കുമാരിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്‌. സംതൃപ്‌തമായ കുടുംബജീവിതം കാംക്ഷിച്ച അവർക്ക്‌ അതുവരെയുളള സന്തോഷവും സമാധാനവും നഷ്‌ടപ്പെടുകയായിരുന്നു. ഒടുവിൽ അപസ്വരങ്ങൾ മാത്രം കേൾപ്പിച്ച ദാമ്പത്യം അവശേഷിപ്പിച്ചത്‌ വേദനയും രോഗവുമാണെന്നറിഞ്ഞപ്പോൾ അവർ ആത്മഹത്യയിൽ അഭയം കണ്ടെത്തുകയായിരുന്നു.

വെളളിത്തിരയുടെ നക്ഷത്രലോകത്ത്‌ നിന്നടർന്ന്‌ ആത്മഹത്യയിലൂടെ ജീവിതത്തിന്റെ പടിയിറങ്ങി മറഞ്ഞവരുടെ എണ്ണം ഒരു മിസ്‌.കുമാരിയിൽ മാത്രം തങ്ങി നിൽക്കുന്നില്ല. വിജയശ്രീ, റാണി പത്മിനി, ശോഭ, സ്‌മിത, പ്രത്യുഷ, മൊണാൽ എന്നിങ്ങനെ തുടരുന്നു അതിന്റെ നിര. സിനിമ എന്ന മായികത സമ്മാനിക്കുന്ന സൗഭാഗ്യങ്ങൾക്ക്‌ പരിധിയില്ല. ഉപമകളിൽ ഒതുക്കിനിർത്താൻ കഴിയാത്ത പ്രശസ്തി. ആവശ്യത്തിലും അതിലധികവും പണം. എന്നിട്ടും നമ്മുടെ നായികമാർ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നത്‌ എന്തുകൊണ്ടാവാം. “ഇന്ത്യൻ സിനിമയിലെ സ്‌ത്രീ ഒരു ഉപഭോഗവസ്‌തു മാത്രമാണ്‌. പുരുഷൻമാർക്ക്‌ സ്വന്തം സ്വപ്‌നങ്ങളിലെ കാമനകൾ പൂർത്തീകരിക്കാനുളള വിഗ്രഹങ്ങൾ”. നടിയും നാടകപ്രവർത്തകയും സംവിധായകൻ അനുപ്‌സിങ്ങിന്റെ ഭാര്യയുമായ മിതാവസിഷ്‌ഠിന്റെ തുറന്ന അഭിപ്രായപ്രകടനമാണിത്‌. അവരുടെ വാക്കുകൾക്കൊപ്പം സഞ്ചരിച്ചാൽ ‘ജീവിക്കാൻ തോന്നുന്നില്ല. അതുകൊണ്ട്‌ മരിക്കുന്നു’ എന്ന്‌ എഴുതിവെച്ച്‌ ആത്മഹത്യ ചെയ്ത നാട്ടിൻപുറത്തുകാരി പെൺകുട്ടിയെപ്പോലെ വെളളിത്തിരയുടെ തിളക്കത്തിലേക്ക്‌ ആകർഷിക്കപ്പെട്ട്‌ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതായവരുടെ സ്വയംഹത്യയുടെ പൊരുൾ വായിച്ചെടുക്കാനാകും.

ആത്മഹത്യ ചെയ്യുന്നവരുടെ മനസ്സ്‌ മെഴുകുപ്രതിമപോലെയാണ്‌. സ്‌നേഹചാലകങ്ങളിൽ നിന്ന്‌ പ്രവഹിക്കുന്ന ഒരൽപ്പം വൈദ്യുതി മതി അത്‌ ഉരുകിയൊലിക്കാൻ. സ്‌നേഹചാലകങ്ങളെന്ന്‌ വിശ്വസിച്ചവരിൽനിന്നുളള വൈദ്യുതിയുടെ പ്രവാഹം പൊടുന്നനെ നിലച്ചപ്പോഴായിരിക്കണം, ചെന്നൈയിലെ സാലിഗ്രാമത്തിലെ സ്വവസതിയിൽ ഏറെകാലം നമ്മുടെ അധമവികാരങ്ങൾക്ക്‌ രൂപം നൽകി പരിപോഷിപ്പിച്ച ശരീരം ഒരു സാരിത്തുമ്പിൽ തൂക്കിനിർത്തി സ്‌മിത മരണംകൊണ്ട്‌ ജീവിതത്തിന്‌ അടികുറിപ്പെഴുതിയത്‌. സ്‌മിതയെ നിങ്ങളറിയും. പേരിനുമുന്നിൽ സിൽക്ക്‌ എന്നുകൂടി ചേർത്ത്‌ ഓർമ്മിപ്പിച്ചാൽ. സിൽക്ക്‌ സ്മിത നമുക്ക്‌ വെറുമൊരു ഉപഭോഗവസ്‌തു മാത്രമാണ്‌. ഇച്ഛയുടെ കണങ്ങളെ ശരീരനഗ്‌നതയുടെ സമ്പന്നതയിൽ, ത്രസിപ്പിക്കുന്ന ചലനങ്ങളിലൂടെ സ്വപ്‌നസഫലീകരണത്തിന്റെ മാതൃകയായി ഉയർത്തുന്ന, ഉളളിലെ അഹംബോധത്തെ തൃപ്‌തിപ്പെടുത്തുന്ന വെറുമൊരു ഉൽപ്പന്നം. പ്രേക്ഷകന്‌ ഇന്ദ്രിയാനുഭൂതി പകരുന്ന നഗ്‌നതയുടെ വന്യവും, യാന്ത്രികവുമായ ചലനങ്ങളിലൂടെയുളള ആത്മരതി തന്നെയായിരുന്നു സ്‌മിതയ്‌ക്ക്‌ അഭിനയം. മറ്റൊരുതരത്തിൽ പറഞ്ഞാൽ പ്രേക്ഷകരുടെ ലൈംഗികാസക്‌തിയുടെ നീതിബോധത്തെ തിരശ്ശീലയിലെ നഗ്‌നമേനികളുടെ പ്രദർശനത്തിലൂടെ പരിവർത്തിപ്പിക്കുന്ന ചലച്ചിത്ര ഉൽപ്പന്നഫാക്‌ടറികൾ അസംസ്‌കൃതവസ്‌തുവെപ്പോലെ അവരെ ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാൽ മോഹിപ്പിക്കുന്ന ആ പെണ്ണുടലിനുളളിൽ ഏതൊരു സ്‌ത്രീയേയുംപോലെ പിടയുന്ന ഒരു ഹൃദയമുണ്ടായിരുന്നു. അതിനുളളിൽ ഘനീഭവിച്ചുപോയ കുറെ സങ്കടങ്ങളും. നമ്മൾ സൗകര്യപൂർവ്വം മറന്നുപോയ ഒന്ന്‌. അതുകൊണ്ടാണല്ലോ, ആ പാവം സ്‌ത്രീയുടെ ആത്മഹത്യ കപടസദാചാരത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞ്‌ ഒരു കളളച്ചിരിയോടെ നമുക്ക്‌ ആഘോഷിക്കാൻ കഴിഞ്ഞത്‌.

മിസ്‌.കുമാരി വിഷം കഴിച്ച്‌ മരിച്ചത്‌ അന്ന്‌ കോടമ്പാക്കത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു. എന്നാൽ ഇന്ന്‌ നായികമാരുടെയും, ചെറുകിട നടികളുടെയും ആത്മഹത്യ മഹാനഗരത്തിൽ ഒരു ചലനവും സൃഷ്‌ടിക്കാറില്ല. ആദ്യം കേൾക്കുമ്പോഴുളള കൗതുകം മാത്രം. അർഹിച്ചത്‌ അവർക്ക്‌ കിട്ടി എന്ന സാമാന്യതയിൽ അത്‌ ഒതുങ്ങി നിൽക്കുന്നു. ഉദയ, മേരിലാന്റ്‌ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന വിജയശ്രീയുടെ മരണം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ജീവിക്കാൻ മറന്ന സ്‌ത്രീ, അങ്കത്തട്ട്‌ എന്നീ സിനിമകളിലൂടെ തിളങ്ങി നിന്നിരുന്ന വിജയശ്രീയുടെ മരണം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന്‌ ആക്ഷേപമുയർന്നിരുന്നു. ഇതേ ദുരൂഹതകൾ നിലനിർത്തികൊണ്ടാണ്‌ ഫടഫട്‌ ജയലക്ഷ്‌മിയും, റാണി പത്‌മിനിയും മരണത്തിലേക്ക്‌ എടുത്തെറിയപ്പെട്ടത്‌. തീർത്ഥയാത്ര എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയലക്ഷ്‌മിയുടെ മരണത്തിന്‌ അന്നത്തെ ഉന്നതനായ രാഷ്‌ട്രീയനേതാവിന്റെ സഹോദരന്‌ പങ്കുണ്ടെന്ന്‌ ആരോപണമുണ്ടായിരുന്നു. പക്ഷേ, കേസ്‌ എങ്ങും എത്താതെ ആരെയും പ്രതികൂട്ടിൽ നിർത്താതെ തേഞ്ഞുമാഞ്ഞുപോയി. റാണി പത്‌മിനിയുടെ മരണം കൊലപാതകം തന്നെയായിരുന്നു. സ്വത്ത്‌ മോഹിച്ച്‌ അവരുടെ ഡ്രൈവർ കൊലപ്പെടുത്തിയതാണെന്ന്‌ വിധി വന്നു. ഈ നായികമാരുടെയെല്ലാം ജീവിതത്തിന്‌ ഏകതാനതയുണ്ട്‌. ഇവർക്കൊന്നും സ്വന്തം ശരീരത്തിനുമേൽ സ്വയം നിർണ്ണയാവകാശം ഇല്ലായിരുന്നു. ഉപയോഗിച്ചശേഷം തകരപ്പാട്ടപോലെ വലിച്ചെറിയുന്ന കോടമ്പാക്കത്തെ ദേവദാസി സംസ്‌ക്കാരത്തിന്റെ ഇരകളായിരുന്നു അവർ. സ്വന്തം സ്വത്വവത്‌ക്കരണത്തിന്‌ അവസരങ്ങളില്ലാതെ, സ്‌ത്രീ വെറും ശരീരം മാത്രമാണെന്ന ഉപഭോക്‌തൃ സംസ്‌കാരത്തിന്റെ ചുഴികളിൽപ്പെട്ട്‌ ആൾക്കൂട്ടത്തിൽ തനിച്ചായി പോയവർ.

നഷ്‌ടപ്പെട്ട ഒരു പകൽകിനാവുപോലെ നൊമ്പരപ്പെടുത്തുന്നതാണ്‌ ശോഭയുടെ ഓർമ്മ. ഉളളിൽ അടക്കിനിർത്തിയ വിങ്ങുന്ന ഒരു തേങ്ങൽ. 19-​‍ാമത്തെ വയസ്സിലാണ്‌ ശോഭ ആത്മഹത്യ ചെയ്‌തത്‌. യൗവനത്തിന്റെ വിസ്മയകാലം തുടങ്ങുന്നിടത്ത്‌ കരിയറിൽ തിളങ്ങിനിന്ന ഏറ്റവും നല്ല സമയത്ത്‌. മൂന്നാം വയസ്സിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു ശോഭ. 1971-ൽ സിന്ദൂരചെപ്പ്‌ എന്ന ചിത്രത്തിന്‌ ബാലനടിക്കുളള സംസ്ഥാന അവാർഡ്‌, ഓർമ്മകൾ മരിക്കുമോ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ സഹനടിക്കുളള അവാർഡ്‌. 1978-ലെ നീലാകാശം, 1980-ലെ പശി എന്ന തമിഴ്‌ചിത്രം എന്നിവയിലൂടെ മികച്ചനടിക്കുളള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ. എന്നിട്ടും ശോഭയുടെ ജീവിതം ആശ്വാസം കണ്ടെത്തിയത്‌ സാരിയിൽ തൂങ്ങിയുളള ഭീകരമായ മരണത്തിലാണ്‌. ശോഭ ഒരു പ്രതീകമായിരുന്നു. വല്ലാതെ ഒറ്റപ്പെടുമ്പോൾ മരണം എന്ന ഉത്തരത്തിൽ അഭയം കണ്ടെത്തുന്നവരുടെ പ്രതീകം.

ലേഖ എന്ന നടിയെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന മാനസിക സംഘർഷങ്ങളുടെ ചിത്രണമായിരുന്നു കെ.ജി.ജോർജിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ബാക്ക്‌’. അതിലെ ലേഖ എന്ന നായിക വളരെ ശക്തമായിതന്നെ ശോഭയെ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും, സിനിമ എന്ന മാസ്‌മരിക ലോകം എങ്ങനെയാണ്‌ പെൺകുട്ടികളെ ആകർഷിക്കുന്നതെന്നും, ചതിയിൽ അകപ്പെട്ട അവർ ജീവിതം അവസാനിപ്പിക്കുന്നത്‌ എന്തിനാണെന്നുമുളളതിനെക്കുറിച്ചുമുളള സത്യസന്ധമായ അന്വേഷണത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ആ ചിത്രം. കെ.ജി.ജോർജ്ജിന്റെ ലേഖ അമ്മയുടെയും കാമുകന്റെയും ഇടയിൽപ്പെട്ട്‌ വ്രണിതയും അപമാനിതയുമായി ജീവിതം അവസാനിപ്പിക്കുന്നവളാണ്‌. ശോഭയും വ്യത്യസ്തയായിരുന്നില്ല. പണവും, പ്രശസ്തിയും അടക്കം ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം കൈയ്യകലത്തിൽ ഉളളപ്പോൾ, തന്നെക്കാൾ ഇരട്ടിപ്രായമുളള, വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ബാലുമഹേന്ദ്രയെന്ന സംവിധായകനെയാണ്‌ ശോഭ വിവാഹം കഴിക്കുന്നത്‌. ബാലുവുമായുളള ഇണപിരിയാത്ത സൗഹൃദം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ്‌ ശോഭ ബാലുവിനൊപ്പം താമസമാക്കിയത്‌. പക്ഷേ, വിധിവിഹിതം മറ്റൊന്നായിരുന്നു. ബാലുമഹേന്ദ്രയിൽനിന്ന്‌ വിവേകപൂർണ്ണമായ സ്‌നേഹം പ്രതീക്ഷിച്ച ശോഭയ്‌ക്ക്‌ നിരാശയായിരുന്നു ഫലം. ഒരുവശത്ത്‌ ബന്ധം ഉപേക്ഷിക്കണം എന്ന്‌ നിർബന്ധിച്ചുകൊണ്ട്‌ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മാനസികപീഡനം. മറുവശത്ത്‌ പങ്കുവെച്ചുപോകുന്ന സ്‌നേഹം. ജീവിതത്തിന്റെ ഉയർച്ച താഴ്‌ചകൾ അത്രയൊന്നും പരിചയിച്ചിട്ടില്ലാത്ത, പ്രശ്‌നങ്ങളെ പക്വതയോടെയും, വിവേകത്തോടെയും സമീപിക്കാൻ അറിയാത്ത പത്തൊമ്പതു വയസ്സുമാത്രം പ്രായമുളള നിഷ്‌കളങ്കയായ ഒരു പെൺകുട്ടി ആത്മഹത്യയല്ലാതെ മറ്റെന്തു ചെയ്യും. ശോഭയുടെ മരണം കോടമ്പാക്കത്ത്‌ കോളിളക്കങ്ങൾ തന്നെ സൃഷ്‌ടിച്ചു. മകളുടെ മരണത്തിന്‌ കാരണം ബാലുമഹേന്ദ്രയാണെന്ന്‌ ആരോപിച്ച്‌ അമ്മ പ്രേമ ബാലുവിനെതിരെ നിയമയുദ്ധം തുടങ്ങി. ഒടുവിൽ, എല്ലാ യുദ്ധങ്ങളും രാജിയാക്കിക്കൊണ്ട്‌ പ്രേമയും ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ചു.

ഒരുപാട്‌ സ്വപ്‌നങ്ങളും മോഹങ്ങളും ബാക്കിനിർത്തിയാണ്‌ മൊണാൽ യാത്രയായത്‌. ആരോ എപ്പോഴോ എഴുതിവെച്ച തിരക്കഥയിലെ സീനുകൾ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കുകയായിരുന്നു ആത്മഹത്യ ചെയ്‌ത എല്ലാ താരസുന്ദരികളും. തമിഴ്‌നാട്ടിലും കേരളത്തിലും ഹിറ്റായ സമുദ്രം, ചാർളി ചാപ്‌ളിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധമായ മൊണാലിന്റെ ആത്മഹത്യ പലരെയും പ്രതിസ്ഥാനത്ത്‌ നിർത്തി. പലരും നിഗൂഢമായി ആഹ്ലാദിച്ചു. കുട്ടികളുടെ മനസ്സുളള മുൻകോപക്കാരിയായിരുന്നു മൊണാൽ. ആരെങ്കിലും കളിയാക്കിയാൽപോലും പൊട്ടിക്കരയുന്ന പ്രകൃതം. ചെന്നൈയിലെ വടപളനിയിലുളള ആർക്കാട്‌ ടെറസ്സിലെ 4-​‍ാമത്തെ നിലയിലായിരുന്നു മൊണാൽ താമസിച്ചിരുന്നത്‌. ഇവിടെവെച്ചാണ്‌ ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ഒരു വിഷുനാളിൽ ദുപ്പട്ടയിൽ കെട്ടിത്തൂങ്ങി മൊണാൽ ആത്മഹത്യ ചെയ്യുന്നത്‌. തമിഴിലെ സൂപ്പർ നായിക സിമ്രാന്റെ അനുജത്തിയായിരുന്നു മൊണാൽ. ‘പാർവെ ഒന്റേ പോതുമേ’ എന്ന ചിത്രത്തിൽ കരാർ ചെയ്‌തിരുന്ന സിമ്രാന്‌ അതിൽ അഭിനയിക്കാൻ കഴിയാതെ പോകുകയും ആ റോളിലേക്ക്‌ മൊണാലിനെ ശുപാർശ ചെയ്യുകയും ആയിരുന്നു. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആ ചിത്രത്തിനുശേഷം ബദ്‌രി, ചാർലി ചാപ്ലിൻ, അഴകാന നാട്‌കൾ, സമുദ്രം എന്നീ ചിത്രങ്ങളിൽ ഉപനായികയായി. ആദ്യ ചിത്രത്തിന്റെ നിർമ്മാതാവ്‌ ഒരുക്കുന്ന പേശാതകണ്ണും പേശുമേയിലും, രാമദാസ്‌ സംവിധാനം ചെയ്യുന്ന പ്രഭുവിലും അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മരണത്തിലേക്ക്‌ മൊണാൽ വഴിച്ചിഴയ്‌ക്കപ്പെട്ടത്‌.

വിജയശ്രീ, ശോഭ, സിൽക്ക്‌ സ്‌മിത തുടങ്ങിയ താരങ്ങളുടെ ആത്‌മഹത്യയിൽ കലാശിച്ച കാരണങ്ങളിലെ ദുരൂഹത മൊണാലിന്റെ മരണത്തിലും ആവർത്തിക്കുന്നത്‌ കാണാം. മൊണാലിന്റെ കാൾഷീറ്റ്‌ കൈകാര്യം ചെയ്തിരുന്നതും, പ്രതിഫലം വാങ്ങിയിരുന്നതും വല്യമ്മ വീണയായിരുന്നു. ഇതിനെച്ചൊല്ലി രണ്ടുപേരും കലഹിച്ചിരുന്നു. പലപ്പോഴും അടിപിടിയിൽവരെ കലാശിച്ചിരുന്നു. വിഷുദിവസം രാവിലെയും വീണയും മൊണാലും തമ്മിൽ വഴക്കുണ്ടായി. പുതിയ സിനിമയ്‌ക്ക്‌ അഡ്വാൻസായി ലഭിച്ച മൂന്നുലക്ഷം രൂപയിൽ ഒരുലക്ഷം സ്വന്തം ആവശ്യത്തിന്‌ മൊണാൽ എടുത്തതാണ്‌ പ്രശ്‌നമായത്‌. മൊണാലിന്റെ മരണത്തിന്‌ ഉത്തരവാദി വീണയാണെന്നാണ്‌ മാനേജർ റിയാസ്‌ ചൂണ്ടിക്കാണിക്കുന്നത്‌. മൊണാൽ നൃത്തസംവിധായകൻ പ്രസന്നയുമായി പ്രണയത്തിലായിരുന്നെന്നും, ഗർഭിണിയായ മൊണാലിനോട്‌ പ്രസന്ന വിശ്വാസവഞ്ചന കാണിച്ചതാണ്‌ അവളെ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ വീണയും ആരോപിക്കുന്നു. സിനിമയിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രശസ്തയാവണം എന്ന്‌ മോഹിച്ചാണ്‌ മുംബെയിൽ മോഡലായ മൊണാൽ ചെന്നൈയിൽ എത്തുന്നത്‌. എന്നാൽ ഉപഭോക്തൃ സംസ്‌കാരത്തിലൂന്നി സമ്പന്നത മാത്രം കാംക്ഷിച്ച്‌ മനുഷ്യത്വം നഷ്‌ടപ്പെടുന്നവരുടെ ഇടയിൽ കളിയാക്കിയാൽ പോലും പൊട്ടിക്കരയുന്ന ഒരു പെൺകുട്ടിക്ക്‌ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയും. സിനിമ എന്ന അധോലോകത്തിന്റെ അഴുക്കുചാലുകളിൽ വീണുപിടയുന്ന നിസ്സഹായ ജീവിതങ്ങളുടെ പട്ടികയിൽ ഒരു മൊണാൽ കൂടി ഇടം പിടിക്കുന്നു.

നായികനിരയിൽ തിളങ്ങി നിൽക്കുമ്പോഴാണ്‌ പ്രത്യുഷയും ആത്മഹത്യ ചെയ്യുന്നത്‌. പ്രണയപരാജയമാണ്‌ പ്രത്യുഷയുടെ മരണത്തിൽ കലാശിച്ചതെന്ന്‌ പറയുന്നു. സിദ്ധാർത്ഥ റെഡ്‌ഢി എന്ന കോടീശ്വര പുത്രനുമായി പ്രത്യുഷ പ്രണയത്തിലായിരുന്നു. കാമുകന്റെ വീട്ടുകാർ വിവാഹത്തിന്‌ സമ്മതിക്കില്ലെന്ന്‌ ഉറപ്പായപ്പോൾ ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഹൈദരബാദിലെ ബഞ്ചാരഹിൽസ്‌ എന്ന നക്ഷത്രഹോട്ടലിനു സമീപം നിർത്തിയിട്ട കാറിനകത്ത്‌ ഇരുവരും വിഷം കഴിച്ചു. പ്രത്യുഷ കാറിൽതന്നെ മരിച്ചെന്നും, കാമുകൻ അവശനിലയിൽ ആശുപത്രിയിൽ ആയെന്നുമായിരുന്നു വാർത്ത. എന്നാൽ പ്രത്യുഷയുടെ അമ്മ സരോജിനിദേവി ഇത്‌ പാടെ നിഷേധിക്കുന്നു. പ്രത്യുഷ മരിച്ചെന്ന വിവരം ലഭിച്ച പ്രകാരം ഹോസ്‌പിറ്റലിൽ ചെന്ന അവർ കാണുന്നത്‌ ജീവനുളള പ്രത്യുഷയെ ആണ്‌. സിദ്ധാർത്ഥയുടെ അച്‌ഛൻ ഹോസ്‌പിറ്റലിൽ എത്തി ഒരു മണിക്കൂറിനുശേഷമാണ്‌ പ്രത്യുഷ മരിച്ചെന്ന വിവരം പറയുന്നത്‌. പോലീസും ഡോക്‌ടർമാരും പ്രത്യുഷയുടെ മരണം ആത്മഹത്യയാക്കാൻ മത്സരിക്കുകയാണെന്നും, കോൺഗ്രസ്‌ നേതാവുകൂടിയായ സിദ്ധാർത്ഥയുടെ അച്‌ഛൻ അതിന്‌ കൂട്ടുനിൽക്കുന്നുവെന്നും സരോജിനിദേവി ആരോപിച്ചു. അവരുടെ വെളിപ്പെടുത്തലുകൾ നിയമസഭയിൽവരെ ഒച്ചപ്പാടുകൾ ഉണ്ടാക്കി. ഒടുവിൽ കേസ്‌ സി.ബി.ഐയുടെ അന്വേഷണത്തിന്‌ വിടുകയായിരുന്നു.

ചുരുങ്ങിയ കാലംകൊണ്ട്‌ തമിഴിലെ നായികനിരയിലേക്ക്‌ ഉയർന്നുവന്ന പ്രത്യുഷ സെക്കന്തരാബാദ്‌ സ്വദേശിയാണ്‌. ‘രായിഡു’ എന്ന തെലുങ്കുചിത്രത്തിൽ മോഹൻബാബുവിന്റെ മകളായി അഭിനയിച്ചാണ്‌ സിനിമയിൽ എത്തുന്നത്‌. തുടർന്ന്‌ കൃഷ്‌ണവംശിയുടെ സമുദ്രത്തിൽ അനിയത്തിവേഷം. പിന്നീട്‌ ഭാരതിരാജയുടെ ‘കടൽപൂക്കളിൽ’ മുരളിയുടെ നായികയായി. മനുനീതി, തമസി, സൂപ്പർ കുടുംബം തുടങ്ങിയ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും, തെലുങ്കിലും, കന്നടത്തിലുമായി നിരവധി ചിത്രങ്ങളിൽ പ്രത്യുഷ കരാർ ചെയ്യപ്പെട്ടിട്ടുണ്ട്‌.

പീഡിതന്റെ വിഹ്വലതകളുടെ നിശ്ശബ്‌ദ രോദനങ്ങളാണ്‌ ഓരോ ആത്മഹത്യയും. അത്‌ അവസാനിക്കുന്നുമില്ല. വിജയശ്രീയും, മിസ്‌.കുമാരിയും, ശോഭയും, സ്‌മിതയും, മൊണാലും, പ്രത്യുഷയുമെല്ലാം ഒരേ തൂവൽപക്ഷികളാണ്‌. മരണത്തോട്‌ എന്തെങ്കിലും ആകർഷണം തോന്നിയിട്ടല്ല ഈ താരസുന്ദരികൾ ഒരു സാരിത്തുമ്പിൽ പിടഞ്ഞത്‌. വ്യവസ്ഥാപിതമായ ചട്ടക്കൂടുകളിൽനിന്ന്‌ പുറത്തുകടക്കാൻ കഴിയാതെ ഉളളിൽ അലയൊടുങ്ങാത്ത തേങ്ങൽ അവശേഷിപ്പിച്ച്‌ വിധിയുടെ ചതുരംഗകളികൾക്കിടയിൽ വീണുടഞ്ഞതാണ്‌ അവരുടെ ജീവിതം. പൊതുസമൂഹം നടികളോട്‌ വച്ചുപുലർത്തുന്ന ആക്ഷേപകരമായ മനോഭാവവും, ജീവിതത്തിലെ ഒറ്റപ്പെടലും, ആശ്രയമില്ലായ്‌മയും എത്രത്തോളം അവരുടെ സ്വത്വത്തെ വെട്ടിയൊതുക്കുന്നുണ്ടെന്ന്‌ ഈ ആത്മഹത്യകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.