പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വിജയകുമാർ കുനിശ്ശേരിയുടെ കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പി.രമേഷ്‌

ലേഖനം

ദുഃഖിതന്റെ ചിരിയും കലാരാഹിത്യകലയും

വിജയകുമാർ കുനിശ്ശേരിയുടെ പുതിയ കവിതാഗ്രന്ഥമായ ‘ഒറ്റക്കണ്ണോക്കി’നെക്കുറിച്ച്‌ പറയുമ്പോൾ, അദ്ദേഹം മലയാള കവിതാചരിത്രത്തിലുണ്ടാക്കിയ മുദ്രകളെക്കൂടി സ്‌പർശിക്കേണ്ടിവരുന്നു. വാക്കും പൊരുളും രൂഢമൂലമാകുന്ന ഒരു വ്യവസ്ഥിതിയിൽ, ചരിത്രത്തിന്റെ സമകാലികതയെ പിടിച്ചുനിർത്തി കാവ്യാത്മകമായി വ്യാഖ്യാനിക്കാനാണ്‌ വിജയകുമാർ കുനിശ്ശേരി ആഗ്രഹിക്കുന്നത്‌. ഒരു ഭാഗത്ത്‌ സാമൂഹികതിന്മകളോട്‌ ഇടയുമ്പോഴും മറുവശത്ത്‌ കാവ്യാനുശീലനമടക്കമുളള പാരമ്പര്യമൂല്യങ്ങളോട്‌ സ്വന്തം വിചാരത്തിന്റെ ഊർജ്ജത്തെ സമന്വയിപ്പിച്ചുകൊണ്ട്‌ നവീനമായ ഒരു ചിട്ട രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌ അദ്ദേഹം. മലയാളത്തിൽ സമീപകാലത്ത്‌ ഉയർന്നുവന്ന ചില ബിംബങ്ങളോടും കല്‌പനകളോടും കൃത്യമായ മറുപടി പറഞ്ഞുകൊണ്ടാണ്‌ കുനിശ്ശേരിക്കവിത ചിരിക്കുന്നത്‌. ഭാവനയെ ചുഴറ്റിയടിക്കാൻ വിട്ടുകൊണ്ട്‌ ഭാഷയെ പൂർണമായും കരസ്ഥമാക്കുവാനുളള വെമ്പൽകൂടി അതിലുണ്ട്‌.

‘ഭൂതാവിഷ്‌ടരുടെ ഛായാപടങ്ങൾ’ എന്ന കവിതാഗ്രന്ഥത്തിന്റെ ഭാവാന്തരങ്ങൾ പില്‌ക്കാലത്ത്‌ ‘കരിങ്കോലം’, ‘നിഴൽക്കോലം’ എന്നിവയിലേക്ക്‌ പടരുന്നുണ്ട്‌. വർത്തമാനകാലത്തിൽ നിലാവുകൾ കിട്ടുന്നില്ലെന്നും ഭ്രാന്തിന്റെ ഉച്ചവെയിലുകൾ മാത്രമാണ്‌ സാക്ഷികളെന്നും ആ കവിതകൾ പറയാതെ പറയുന്നുണ്ട്‌. പിതൃരൂപങ്ങളുടെ കാർക്കശ്യങ്ങളെക്കുറിച്ചുളള പരോക്ഷധ്വനികളുടെ സാരം അതാണ്‌. അതിനാൽ, വിജയകുമാർ പലപ്പോഴും മാതൃബിംബമുളള ഭൂമികയിലേക്ക്‌ തീർത്ഥാടനം ചെയ്യുന്നു. അമ്മ രൂപത്തിലേക്ക്‌ ഉൻമീലമാകുവാനുളള സർഗ്ഗാത്മക ത്വര ‘അമ്മപ്പാട്ട്‌’ തുടങ്ങിയ കവിതകളിൽ തീവ്രവർണ്ണങ്ങളായി ആവിഷ്‌കരിക്കപ്പെടുന്നു.

‘കവിത എന്നത്‌ മറ്റൊരു കവിതയ്‌ക്കുളള പ്രതികരണമാണെന്നു പറയുമ്പോൾ കവിതാഖ്യാനത്തെക്കുറിച്ചുകൂടി സൂചനയുണ്ട്‌. അങ്ങനെയാവുമ്പോൾ, ഒരു കവിതയുടെ വ്യാഖ്യാനം പ്രസ്‌തുത കവിത മറ്റൊരു കവിതയെ വ്യാഖ്യാനിച്ചതിന്റെ വ്യാഖ്യാനം പോലുമായിത്തീരുന്നു“ എന്ന്‌ ഹരോൾഡ്‌ ബ്ലൂം പ്രസ്‌താവിച്ചിട്ടുണ്ട്‌. വിജയകുമാർ കുനിശ്ശേരിയുടെ പ്രതികരണം കാവ്യചരിത്രത്തിലെ പുതിയ ഭാവുകത്വത്തിന്റെ മുന്നോടിയാവുന്നതു നോക്കുക.

”പിച്ചവെച്ചു നടത്തിച്ചതും നിങ്ങൾ

പിച്ചതെണ്ടിക്കുന്നതും നിങ്ങൾ“

എന്ന വരികളിൽ പൂന്താനത്തിന്റെ വിഭക്തി മറയുന്നു. ’സംഭോഗാമി യുഗേ യുഗേ‘ എന്ന വരി ഇന്നത്തെ ഭഗവദ്‌ഗീതയുടെ സാക്ഷ്യപത്രമായിത്തീരുന്നു.

”അനന്തം

അജ്ഞാതം

അവർണനീയമീകൃതി

മനനം

മനോജ്ഞം

മാസ്‌മരമീകൃതി-

പ്രകൃതി.“

എന്നെഴുതുമ്പോൾ നാലപ്പാടന്റെ കണ്ണുനീർത്തുളളി ആനന്ദവാദത്തോടടുക്കുന്നു.

”സ്വാതന്ത്ര്യം തന്നെ മൃതം

സ്വാതന്ത്ര്യം തന്നെ വീതം

പാരതന്ത്ര്യം മാനവർക്ക്‌

പായസം പോൽ രസാത്മകം

മനപ്പായസംപോൽ സരസാത്മകം“

എന്നെഴുതുമ്പോൾ കുമാരനാശാന്റെ കല്‌പനയ്‌ക്ക്‌ സമകാലിക ജനത ഏല്‌പിച്ച വൈകല്യം ബോധ്യപ്പെടുന്നു.

”മദ്യമേതായാലും

ലഹരി നന്നാവണം“

”ഒരു ബ്രാന്റ്‌

ഒരു പെഗ്ഗ്‌

ഒരു നേരം-

മനുഷ്യന്‌“

എന്ന വരികളിൽ ഇന്നത്തെ ശ്രീനാരായണൻ മുഖം ചുളിച്ചെന്നുവരില്ല!

അറിവിനെയും ആനന്ദത്തെയും ബന്ധിപ്പിക്കുക എന്ന കർത്തവ്യം വിജയകുമാർ ഏറ്റെടുക്കുന്നുണ്ട്‌. ഭാഷയുടെ ഉളളറിവുകൾ വെളിപ്പെടുത്തുമ്പോഴാണ്‌ ഇത്‌ മലയാള കവിതയ്‌ക്ക്‌ അസാധാരണമായ അനുഭവമായിത്തീരുന്നത്‌. വാക്കുകൾക്ക്‌ പുതിയ ആകാശം നൽകുന്നിടമാണ്‌ ആ കവിതകൾ എന്ന്‌ പൊടുന്നനെ ഭാവബദ്ധമാകുന്നുണ്ടെങ്കിൽ, അതിനുളള മുഖ്യകാരണം ഈ പ്രക്രിയയാണ്‌. വാക്ക്‌ എന്നത്‌ മാന്ത്രികവും ആർഥികവും ശബ്‌ദികവുമാണെന്ന പൊതുധാരണ അപനിർമ്മിക്കപ്പെടുന്ന വേളയിൽ, ആനന്ദത്തിലൂടെ അറിവിന്റെ രശ്‌മികളുതിർക്കുവാനും അറിവിന്റെ മറുകരതേടി ആനന്ദത്തിലെത്താനുമാണ്‌ കവി ശ്രമിക്കുന്നത്‌. വികാരത്തിന്റെ അമിതാവേശങ്ങളല്ല, വിചാരത്തിന്റെ ഗാഢവർണ്ണങ്ങളാണ്‌ അവിടെ നിറയുന്നത്‌.

അറിവ്‌ എന്നത്‌ അധികാരത്തിന്റെയും പീഡനത്തിന്റെയും മാധ്യമമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ, കവിത എന്നത്‌ മനനാനന്തരജീവിതം തന്നെയാണെന്ന്‌ വിജയകുമാർ ധ്വനിപ്പിക്കുന്നു. കവിതയെ കവിഞ്ഞുനിൽക്കുന്ന ജീവിതാവബോധത്തിന്റെ മദ്ധ്യാഹ്‌നത്തിലാണ്‌ ആ നിരീക്ഷണം പിറവികൊളളുന്നത്‌. കവിക്ക്‌ കിട്ടുന്ന ഒരേയൊരു ഭക്ഷണം വാക്കായതിനാൽ, കവി അതിനെ വീണ്ടും വീണ്ടും തിന്നുകയും അങ്ങനെ പരോക്ഷമായി സാംസ്‌കാരികാസ്വാദനം നടക്കുകയും, പിന്നീടൊരുനാൾ ആ അറിവിനെ പരിത്യജിച്ച്‌ ജ്ഞാനിയായിത്തീരുകയും ചെയ്യുന്നു.

ഛന്ദസ്സിന്റെ പിൻബലത്തിൽ പദ്യവത്‌കരണം നടത്തുന്നതിനെക്കാൾ നല്ലത്‌ മുക്തഛന്ദസ്സിൽ ആശയ സാമ്രാജ്യം പണിതുയർത്തുകയാണ്‌ എന്നു തിരിച്ചറിഞ്ഞ കവികളുടെ കൂട്ടത്തിൽ വിജയകുമാറും ഉൾപ്പെടുന്നു. പക്ഷേ, ’വികടഹൈകു‘ ഇതിന്‌ അപവാദമായതിന്‌ മറ്റൊരു ന്യായം കൂടിയുണ്ട്‌. മലയാളേതരമായ ഒരു ഛന്ദസ്സിന്റെ അനുഷ്‌ഠാനമാണ്‌ ആ രചന. 5-7-5 എന്നിങ്ങനെ 17 മാത്രകളുളള ഹൈകുവിന്റെ സമുദാത്തമാതൃക ബാഷോവിന്റെ രചനകളാണ്‌. ഉദാഹരണം ഇതാഃ

ജാപനീസ്‌ ലിപ്യന്തരണം

”ഫ്യൂ-റീ-ഇ-കെ-യാ

ക-വാ-സൂ-തോ-ബീ-കോ-മു

മി-സു-നൊ-ഓ-തൂ“

മലയാള വിവർത്തനംഃ

”പഴയകുളം

ഒരു തവള ചാടി

സലിലരവം.“

ഇനി വിജയകുമാറിന്റെ ഹൈകൂഃ

1. ”നാടുവാഴിയെ

ഭ്രാന്തൻനായ കടിച്ചു

നായ ചത്തുപോയ്‌.“

2. മക്കളെല്ലാരും

ഉദ്ധാരണ ചിഹ്‌നങ്ങൾ

ഉദ്ധരണികൾ.”

എഴുത്ത്‌ എന്നതിന്‌ ’ദേശത്തെ എഴുതൽ‘ എന്ന കർത്തവ്യം കൂടിയുണ്ടെങ്കിൽ അത്‌ ’ചാനൽവേല‘, ’പാലക്കാടത്തം‘, ’കൊടുമ്പാവി‘ എന്നീ കവിതകളിൽ കാണാം. മാതൃരൂപത്തെക്കുറിച്ചു സൂചിപ്പിച്ചുവല്ലോ. ഊഷരഭൂമിയിൽ ഉർവരതയുടെ സംഗീതമുണർത്തുക എന്ന ലക്ഷ്യം പൂർത്തിയാക്കാനാണ്‌ ’കൊടുമ്പാവി‘ എന്ന കവിത ശ്രമിക്കുന്നത്‌. കൊടുമ്പാവി&ഉർവരത എന്ന ദ്വന്ദ്വത്തെ ആസ്‌പദിച്ചാണ്‌ ഈ കവിതയുടെ ഘടകങ്ങൾ പൊരുത്തപ്പെടുന്നത്‌. തിൻമയുടെമേൽ നന്മ നേടുന്ന ആത്യന്തിക വിജയമാണ്‌ നാട്ടറിവിന്റെ സുഗന്ധമായി പ്രസരിക്കുന്നത്‌. ’മഴ കാക്കുന്ന വേഴാമ്പൽ‘ പോലുളള ജീർണ്ണബിംബങ്ങൾക്കു പകരം വെക്കാവുന്ന ജൈവസ്വരൂപം തേടി, നാട്ടുവഴക്കങ്ങൾ വാണരുളുന്ന ഗ്രാമഹൃദയത്തിലേക്ക്‌ തിരിച്ചുപോവുകയാണ്‌ കവി. അനന്തരം, ദ്രാവിഡസ്വത്വം കണ്ടെത്തുകയും അതിനെ നവീനമായ പൊരുളാക്കി വിന്യസിപ്പിക്കുകയും ചെയ്യുന്നു. കൊടുമ്പാവി എന്നത്‌ മാനവവിരുദ്ധമായ ബിംബമായതിനാൽ, അതിനെ ഇല്ലായ്‌മ ചെയ്യുകയാണ്‌ നാട്ടകത്തിന്റെ സ്വാഭാവികലക്ഷ്യം. ഒടുവിൽ, കൊടുമ്പാവിയുടെ കോലം പെരുവഴിയിലിട്ടു കത്തിക്കുകയും അതിന്റെ വെളിച്ചം മിന്നലായുയരുകയും ചെയ്യുന്നു.

“ഇടിമിന്നൽ ദേശത്തെയുണർത്തുന്നു.

കോടക്കാർ മുടിയഴിച്ചിട്ടാടുന്നു

കോടപ്പെരുമഴയിൽ

ഭൂമിക രതിമൂർച്ഛയിലാവുന്നു

നന്മയുടെ വിതപൊട്ടുന്നു

നാട്ടകം കണ്യാർകളിക്കൊരുങ്ങുന്നു!”

എന്ന്‌ കവി കുറിക്കുന്നു. ഒരു ദേശത്തിന്റെ സ്വത്വമെന്ന വിത്തിനെ കവിതയാൽ വിതയ്‌ക്കുന്ന ഉർവരതയുടെ സംഗീതം ഈ വിധത്തിലാണ്‌ നമുക്ക്‌ ഹൃദ്യമായിത്തീരുന്നത്‌.

ചീരാപ്പ്‌, വട്ടത്തിരിയുക, ചറളി, മൂത്താര്‌, പെടുക്കുക, പോക്കണംകെട്ടവൻ, അകിറുക, തിമിര്‌ തുടങ്ങിയ പ്രാദേശിക പദങ്ങളുടെ പുതിയ ചേരുവകൾക്ക്‌ വിജയകുമാർ സന്ദർഭമൊരുക്കുന്നുണ്ട്‌.

“പാലക്കാടൻ മട്ട

വെളളച്ചോറും

നങ്കിമീൻ വർത്തതും

മൊളകോർത്ത പുളിയും

മൂക്കറ്റം തിന്ന ചെക്കൻ

അമ്മേ, പയം പയമെന്നകിറിയപ്പോൾ

മട്ടക്കുറ്റിയിൽ പൊട്ടീ രണ്ട്‌-

വാകീറിയ ഭഗോതിയേയും

വയർകീറിപ്പെറ്റ തളളയേയും

തന്നാരം കൊണ്ട്‌ ജപിച്ചു ചെക്കൻ!”

എന്നെഴുതുമ്പോൾ ഭക്ഷണഭാഷണഭേദങ്ങൾ സമന്വയിക്കുന്നു. വാക്കുകൾക്ക്‌ ഭാഷാന്തരവും ദേശാന്തരവുമായ നിർണയങ്ങൾ സംഭവിക്കുന്നത്‌ ഇത്തരത്തിലാണ്‌.

’ബുദ്ധിമാനായ ഒരുവൻ ചന്ദ്രനിലേക്കു വിരൽ ചൂണ്ടുമ്പോൾ, വിഡ്‌ഢിയായ മനുഷ്യൻ ആ വിരലുകളിലേക്കുമാത്രം നോക്കുന്നു‘ എന്ന ചൈനീസ്‌ പഴമൊഴിയെ ഓർമയിലെത്തിക്കുന്ന ഒരു തലം കുനിശ്ശേരിക്കവിതയുടെ പാരായണത്തിൽ വരുന്നുണ്ട്‌. കുഞ്ചൻ നമ്പ്യാർ, വി.കെ.എൻ. എന്നിവരിലെ ചരിത്രഗന്ധങ്ങൾ തിരിച്ചറിയാതെ അവരിലെ ഫലിതരസം മാത്രം വിലയിരുത്തപ്പെട്ട സന്ദർഭങ്ങളെയാണ്‌ സൂചിപ്പിക്കുന്നത്‌. ഒരുപക്ഷേ, കുനിശ്ശേരിക്കവിത നേരിടാനിടയുളള വലിയ അപകടവും ഇതായിരിക്കും! ഫലിതകാന്തികൾക്കപ്പുറം വിളഞ്ഞുകിടക്കുന്ന ഭാഷയുടെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വയലുകൾ നാം ദർശിച്ചേ തീരൂ. ചിരിച്ചു ചിരിച്ചു മറക്കാനല്ല, ഓരോ ചിരിയേയും വീണ്ടെടുപ്പിന്റെ ഓർമപ്പെരുന്നാളാക്കി മാറ്റാനാണ്‌ ആ രചനകൾ ആവശ്യപ്പെടുന്നത്‌.

’വിളംബരം‘ എന്ന കവിത സ്വകവിതയിലേക്കുളള പ്രവേശകമായിത്തീരുന്നു. പക്ഷേ, നിലനിലയായി പൊട്ടിച്ചിതറുന്ന രീതിക്കു പകരം, ഒരു ജീവസ്വരത്തിലേക്ക്‌ വീണ്ടും വീണ്ടും വന്നണയുന്ന സൊനാടപോലെ കാവ്യനിർവചനത്തിന്റെ ആന്തരികവും ബാഹ്യവുമായ ആകാശങ്ങളെ സംസ്‌കാരത്തിന്റെ രസബോധങ്ങളോടു ബന്ധപ്പെടുത്തുവാനാണ്‌ കവി ശ്രമിക്കുന്നത്‌. “മരണാനന്തരമെനിക്ക്‌ ജന്മമില്ല- മനനാന്തരമെനിക്ക്‌ ജൻമമുണ്ടേ-കവിത” എന്ന്‌ മറ്റൊരിടത്തു പറയുന്നതും ശ്രദ്ധിക്കുക. കവിതയിൽ മാത്രമല്ല, പുതിയൊരു ഭാഷ സൃഷ്‌ടിക്കുന്നതിലും അപൂർവ്വമായ ഒരു ജീവിതമുണ്ടെന്നു നാം മനസ്സിലാക്കണം. അതുകൊണ്ട്‌, ചില ആസ്വാദകരോ വിജയകുമാർ കുനിശ്ശേരിതന്നെയോ അവകാശപ്പെടുന്നതുപോലെ, ആ രചനകളെ വെറും വികടകവിതകളായി പരിഗണിക്കുന്നത്‌ ശരിയായ വഴിയല്ലെന്നു തോന്നുന്നു. ’അസാധ്യമായതിനെ ചിഹ്നവത്‌കരിക്കാൻ വേണ്ടി രൂപങ്ങൾ അപ്രത്യക്ഷമാവുകയും വാക്കുകൾ അവശേഷിക്കുകയും ചെയ്യുന്നു‘ എന്ന്‌ ഐ ദി സുപ്രീം എന്ന നോവലിൽ റോആ ബാസ്‌തോസ്‌ രേഖപ്പെടുത്തിയത്‌ ഓർമ വരുന്നു. വാക്കുകൾക്ക്‌ പുതിയ സാക്ഷാത്‌കാരം നൽകിയ വ്യക്തി എന്ന നിലയിലാവും ഭാവിയിൽ വിജയകുമാർ കുനിശ്ശേരി വിലയിരുത്തപ്പെടുക.

“ധാന്യം ദേഹത്തിന്‌

ധ്യാനം ദേഹിക്ക്‌”

“ജ്ഞാനമുണ്ടായപ്പോൾ

ഞാനില്ലല്ലോ!”

എന്ന വരികൾ അന്തർവഹിക്കുന്നത്‌ ദർശനത്തിന്റെ ഉഗ്രമായ സ്‌ഫോടനങ്ങളെയാണ്‌. അപഗ്രഥനത്തിന്റെ സാങ്കേതിക നിമിഷത്തിൽ കവിതയും തത്ത്വചിന്തയും വെവ്വേറെയാണെങ്കിലും, മനനത്തിന്റെ വേളയിൽ ഇവ പൂരകങ്ങളാണെന്നു കാണാം. കുമാരനാശാന്റേത്‌ തത്ത്വചിന്തയുടെ കാവ്യരൂപമോ കാവ്യബദ്ധമായ തത്ത്വചിന്തയോ എന്ന സൗന്ദര്യാത്മക സന്ദേഹം ഇവിടെ സർഗ്ഗാത്മകമായി ഉയർന്നു വരുന്നു.

’കുനിശ്ശേരിക്കവിതകൾ‘ എന്ന കൃതിയിൽനിന്ന്‌ ’ഒറ്റക്കണ്ണോക്ക്‌‘ എന്ന സമാഹാരത്തിലെത്തുമ്പോൾ വലിയ മാറ്റങ്ങൾ കാണാം. വിജയകുമാർ പുതിയ പ്രശ്‌നങ്ങളോട്‌ ക്രിയാത്മകമായി പ്രതികരിക്കുകയാണിവിടെ. ആഗോളവത്‌കരണവും രാഷ്‌ട്രീയസിദ്ധാന്തങ്ങളുടെ വൈപരീത്യങ്ങളും മറ്റും അദ്ദേഹത്തിന്റെ പുതിയ കവിതകൾക്കുളള കാരണങ്ങളാകുന്നു.

ജലത്തർക്കങ്ങളും നദിവില്‌പനയും ജിമ്മും സപ്‌തംബർ പതിനൊന്നും കൊക്കകോളയും ഗുജറാത്തും ഇറാഖും മറ്റും ഒരു പ്രത്യേക പ്രാദേശികതയിൽ നിന്നും വിട്ടുമാറി, മനുഷ്യന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ആഗോളപ്രശ്‌നമായിത്തീർന്ന സമകാലിക സാഹചര്യത്തിൽ ഈ കവിതകൾ അതീവ പ്രസക്തങ്ങളാണല്ലോ.

’കുഞ്ഞിരാമൻ മകൾ കാണാതായ യക്ഷി‘ എന്ന കവിത നോക്കുക. മലമ്പുഴ യക്ഷിയെ ഗ്ലോബൽ മീറ്റിങ്ങിലേക്കും ജലവില്‌പനയിലേക്കും ബന്ധപ്പെടുത്തിക്കൊണ്ട്‌ യക്ഷി എന്ന കലാസൃഷ്‌ടിക്കും മിത്തിനും ആധുനികകാലത്ത്‌ സംഭവിച്ച ആപത്‌ക്കരമായ തകിടംമറിച്ചിലുകളെ ഈ രചന വിശദമാക്കുന്നു. ആഗോളമായ ഒരു വിപത്തിനെ നേരിടാനുളള ആയുധമായി കുനിശ്ശേരി ഒരു ശക്തമായ പ്രദേശികമിത്തിനെ ഉയർത്തിപ്പിടിക്കുന്നു എന്നതാണ്‌ ശ്രദ്ധേയം. ഇളനീർ എന്ന പ്രാദേശിക രുചിയെ കൊക്കകോള എന്ന ആഗോളീയത വന്നു മൂടുമ്പോൾ, ഇളനീരിനെ പ്രോത്സാഹിപ്പിക്കുക എന്നത്‌ ഒരു ജനതയുടെ ധാർമ്മികതയാകുന്നതുപോലെയാണ്‌ പ്രസ്‌തുത കവിതയിലെ യക്ഷിബിംബം പ്രവർത്തിക്കുന്നത്‌.

മലയാളഭാഷയും തമിഴും തമ്മിൽ പരിഭാഷയുടെ പാരസ്‌പര്യവും സാംസ്‌കാരിക സാഹോദര്യവും നിലനിൽക്കുന്നുണ്ടെങ്കിലും, തമിഴിലെ ചില തത്‌പരകക്ഷികൾ ഇവിടെ മലയാളമിശിഹമാരായി അവതരിച്ച്‌ വിലസുന്നുണ്ട്‌. സമീപകാലത്ത്‌, മലയാളകവിതയുടെ സംരക്ഷണവും പ്രവചനവും ഇവരാണ്‌ ഏറ്റെടുത്തത്‌. ഇതൊരു പുതിയ സംഘകാലമായിത്തീരുന്നു! ’കപി(ശില്‌പ)ശാല‘ എന്ന കവിതയിലൂടെ വിജയകുമാർ ഇതിനെതിരെ ആഞ്ഞടിക്കുന്നു. കുറ്റാലത്തെ ഒരൊറ്റ കുളികൊണ്ട്‌ മലയാളകവിതയുടെ ഭാവുകത്വത്തെ മാറ്റാമെന്നു വ്യാമോഹിച്ചവർക്ക്‌ ഇതൊരു പാഠമാണ്‌.

വലിയവന്റെ മരണത്തെ മഹാസമാധിയെന്നും വലിയവന്റെ നേട്ടത്തെ ദിഗ്വിജയമെന്നും വിളിച്ചുപോന്ന ചരിത്രരേഖകൾ നമുക്ക്‌ തന്നത്‌ ഒരുപാട്‌ നുണകളും വൈകല്യങ്ങളും കളങ്കങ്ങളുമാണ്‌. ഹിറ്റ്‌ലർ നിന്ദിക്കപ്പെടുകയും സ്‌റ്റാലിൻ ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലയളവിൽതന്നെയാണ്‌ നമ്മൾ ജീവിക്കുന്നത്‌ എന്നോർക്കുക. കുനിശ്ശേരിയുടെ ’റിപ്പബ്ലിക്കൻ (യു.എസ്‌.എ)‘, ’വൈരുദ്ധ്യ ഉന്മൂലകർക്ക്‌ വൈവിദ്ധ്യ മാനിഫെസ്‌റ്റോ‘ എന്നീ കവിതകൾ ഈ രണ്ടു മനോഭാവങ്ങളെയും ചോദ്യം ചെയ്യുന്നു. വ്യക്തിയെ ചരിത്രമായി പരിണമിപ്പിക്കുന്ന പ്രക്രിയയെയും ഇവ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്‌.

ഫലിതം നൽകുന്ന പ്രസന്നതയല്ല, ആക്ഷേപഹാസ്യം ചൊരിയുന്ന ശക്തിയാണ്‌ ഈ സമാഹാരത്തിലെ കവിതകൾക്കുളളത്‌. ആ വാക്കുകൾക്കുപിന്നിൽ അമർഷവും വ്യഥയുമുണ്ട്‌. വാക്കിന്റെ സൂക്ഷ്‌മാർത്ഥങ്ങളെയും അതിന്റെ വിചിത്ര സ്വരൂപങ്ങളെയും കാവ്യാത്മകമായ അനുഭൂതിയാക്കുന്നതിൽ കുനിശ്ശേരിക്കുളള സാമർത്ഥ്യം ഇവിടെയും കാണാം. അങ്ങനെ, ഇത്‌ സമകാലികതയെക്കുറിച്ചുളള എഴുത്തായിത്തീരുകയും ഒപ്പം ചരിത്രരേഖകൾക്ക്‌ താക്കീത്‌ നൽകുകയും ചെയ്യുന്നു.

ആത്മനെ തേടിത്തേടി, ഒടുവിൽ ആത്മനില്ലാത്ത അവസ്ഥയിലെത്തുന്നതിനെ ഭാരതീയത വേണ്ടുവോളം ശ്ലാഘിച്ചിട്ടുണ്ട്‌, ആചരിച്ചിട്ടുണ്ട്‌. ജ്ഞാനത്തിന്റെ പ്രകാശവർഷത്തിൽ ’ഞാൻ‘ എന്നത്‌ മറയുകയും അഹത്തിന്റെ ബദലാകാശം വിരിയുകയും ചെയ്യുന്നു. ആത്മബോധത്തിന്റെ അഭാവത്തെയാണ്‌ സെൻബുദ്ധിസം വരവേൽക്കുന്നത്‌. സാങ്കേതികമായ അറിവുകൊണ്ട്‌ സ്‌പർശിച്ചെടുക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്‌ കവിത എന്ന്‌ വിജയകുമാർ ഇടയ്‌ക്കിടെ ഓർമ്മപ്പെടുത്തുന്നുണ്ട്‌, താക്കീത്‌ ചെയ്യുന്നുണ്ട്‌. അബോധത്തെയും അവബോധത്തെയും ക്രിയാത്മകമായി മാറ്റിപ്പണിതുകൊണ്ട്‌ തന്റെ ചിട്ടകളെ അദ്ദേഹം കലാരാഹിത്യമുളള കലയായിത്തീർക്കുന്നത്‌ നമ്മൾ തിരിച്ചറിയണം. അവബോധത്തെ അതിശയിക്കുന്ന കാവ്യരീതിയുടെ നടനമാണത്‌.

വില - 50.00, സെർബ പബ്ലിക്കേഷൻസ്‌

കെ.പി.രമേഷ്‌

കെ.പി.രമേഷ്‌

സൊർബ പബ്ലിക്കേഷൻസ്‌

പൂങ്ങോട്ടുപ്പറമ്പ്‌

അയലൂർ പി.ഒ.

പാലക്കാട

678 510
Phone: 9447315971




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.