പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചാരു കസേര ഒഴിഞ്ഞുകിടക്കുന്ന വീട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്

'സാഹിത്യ വാരഫല'ത്തില്‍ എം കൃഷ്ണന്‍ നായര്‍ എഴുതുകയുണ്ടായി , നമ്പൂതിരിയെ പോലെ ചിത്രം വരക്കാന്‍ കഴിഞ്ഞാല്‍ , യേശുദാസിനെ പോലെ പാടാന്‍ കഴിഞ്ഞാല്‍ , മമ്മുട്ടിയെപോലെ സുന്ദരനാകാന്‍ കഴിഞ്ഞാല്‍ , ശോഭനയെ പോലെ ഒരു സ്ത്രീയാല്‍ സ്നേഹിക്കപ്പെടാന്‍ കഴിഞ്ഞാല്‍ ഒരാളുടെ ജീവിധം ധന്യമായി എന്ന്. ഒരാളുടെ ജീവിതം ധന്യമാണോ വ്യര്‍ത്ഥമാണോ എന്ന് തീരുമാനിക്കപ്പെടുന്നത് ചിന്തകളെയും സ്വപ്നങ്ങളെയും എത്രമാത്രം അയാളുടെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനും സഫലമാക്കാനും കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനതിലായിരിക്കാമെന്നതിനായിരിക്കാം സ്വീകാര്യത കൂടുതലെങ്കിലും , മുകളില്‍ പറഞ്ഞ ആദ്യത്തെ രണ്ട് വ്യക്തിത്വങ്ങളുടെ കാര്യത്തില്‍ ശരാശരി കേരളീയന്‍ അല്പം യോജിക്കുമെന്ന് തോന്നുന്നു. സുകുമാര്‍ അഴീക്കൊടിനെപോലെ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നുകൂടെ കൃഷ്ണന്‍ നായര്‍ എഴുതേണ്ടാതായിരുന്നു എന്ന് അഭിപ്രായപ്പെടാന്‍ വേണ്ടി മാത്രമാണ് ഇത്രയും ഇവിടെ എഴുതിയത്.

കൃഷ്ണന്‍ നായര്‍ സാഹിത്യത്തിലെ സുപ്രിം കോടതി ആയിരുന്നുവെങ്കില്‍ സുകുമാര്‍ അഴീക്കോട് സി.ബി.ഐ ആയിരുന്നു. ഭരിക്കുന്നവരുടെ അഭീഷ്ടങ്ങല്‍ക്കനുസരിച്ചു ചിലനേരങ്ങളില്‍ സി.ബി.ഐയുടെ ചലനാത്മകതക്ക് വേഗക്കൂടുതാലോ കുറവോ ഉണ്ടാകാം എന്നതുപോലെ , അഴീക്കോടിന്റെ വിമര്‍ശനങ്ങളും ചിലപ്പോഴൊക്കെ അവസരവാദപരമായിട്ടുണ്ട്. എങ്കിലും, ആ വാചാലത ശ്രോതാക്കളില്‍ വിചിന്തനങ്ങളുടെയും വ്യതി ചലനങ്ങളുടെയും പ്രകമ്പനങ്ങള്‍ തീര്‍ക്കുകയും അപഥ സഞ്ചാരികളായ ഭാരണാധികാരികളെ നിദ്രാ രഹിതരും ഭയചികിതരുമാക്കുകയും ചെയ്തിട്ടുണ്ട്. ആരൊക്കെ എപ്പോള്‍ എവിടെവെച്ച് വിമര്‍ശന വിധേയമാകപ്പെടുമെന്നു നിര്‍വചിക്കാനാകുമായിരുന്നില്ല ആ വാഗ്ധോരണിക്കിടയില്‍ . വിമര്‍ശിക്കുന്നതിന്റെ പതിന്മടങ്ങ്‌ വിമര്‍ശിക്കപ്പെട്ടും വിമര്‍ശിക്കപ്പെട്ടത്തിന്റെ നൂറിരട്ടി പ്രതികരിച്ചും ശത്രുക്കളോട് ഇണങ്ങിയും മിത്രങ്ങളോട് പിണങ്ങിയും കലഹിയായ ആ സംസ്കാര സംസ്ഥാപന അദ്ധ്യാപകര്‍‍ കേരളത്തെ ഈവിധമെങ്കിലും ആക്കിയെടുത്തു. ഋഷി സമാനമായ ജീവിതം നയിച്ച ആ ദേഹത്തിന് പകരം വെക്കാന്‍ മറ്റൊരു ദേഹമില്ല എന്നതും വഴിവിട്ട കേരളത്തിന്‌ താക്കീതു നല്‍കാന്‍ മറ്റൊരു ഉപദേശി ഇല്ല എന്നതും കൈരളിയുടെ കദനമാണ്... ഇനി , ആ ഉപദേശങ്ങളും ഉദ്ബോധനങ്ങളും പുനര്‍ വായനക്കും പുനപ്പരിശോധനക്കും വിധേയമാക്കുക നമ്മള്‍..

"ഹൃദയത്തിലാണ് വെളിച്ചം. നാം സൃഷ്ടിച്ചിരിക്കന്ന അല്പത്വങ്ങളില്‍ വെളിച്ചമില്ല. നാം നമ്മുടെ പിറകില്‍ വെളിച്ചം വെച്ച് നമ്മുടെതന്നെ നിഴലിനെ കണ്ട് പേടിച്ച് നിലവിളിക്കുന്നു. വിളക്ക് വെളിച്ചമന്യേഷിക്കുന്ന സ്ഥിതിയിലാണ് ഇന്ന്‌ ഇന്ത്യ." 'ഭാരതീയവും സാഹിതീയവും' എന്ന ഗ്രന്ഥത്തിലെ ഈ വരികളെപോലെ, നാമെല്ലാവരും നമ്മുടെതന്നെ നിഴലുകളെ കണ്ടും ഗദകാലങ്ങളെ ഓര്‍ത്തും പേടിച്ചിരിക്കുകയാണ് ! ഒരാളുടെ ഏറ്റവും അടുത്ത സുഹൃത്തും അയാളും തമ്മിലുള്ള അകലം തന്നെയാണ് അയാളും പ്രപഞ്ചവും തമ്മിലുള്ള അകലം എന്ന് നിരീക്ഷിച്ച അഴീക്കോടിന് ആത്മാര്‍ത്ഥ സുഹൃത്തുക്കളായി ആരെങ്കിലും ഉണ്ടായിരുന്നോ എന്നറിവില്ല. ആത്മസഖിയെ പോലും ജീവിതത്തിലേക്കെടുക്കാതെ , തന്‍റെ ജീവിതം മുഴുവനും സാഹിത്യ - രാഷ്ട്രീയ വിമര്‍ശനങ്ങക്കും സാംസ്കാരി സമുദ്ധരണത്തിനും നീക്കി വെച്ച ആ ആത്മാവ് നിത്യശാന്തിയില്‍ അഭിരമിക്കുമാറാകട്ടെ.

ലാവ്‌ലിന്‍ അഴിമതിയെക്കാള്‍ കൂടുതലായി തനിക്ക് എതിര്‍പ്പ് നേരിട്ടത് , അഴീക്കോട് വിലാസിനി ടീച്ചര്‍ക്കയച്ച കത്തുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴായിരുന്നുവെന്ന് ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ പറഞ്ഞതിന്റെ മറുവശം , മത - രാഷ്ട്രീയ നേതാക്കളെക്കാള്‍ അഴീക്കോടിനുള്ള സ്വീകാര്യതയും സാംസ്കാരിക നായകരില്‍ കേരളം അര്‍പ്പിക്കുന്ന പ്രതീക്ഷയുമാണ്. " ആത്മാഭിമുഖമായി എവിടെയോ നമുക്കൊരു വ്യതിയാനം സംഭവിച്ചു.. അത് ഉടനടി തിരുത്തുകയാണ് വേണ്ടത് " എന്ന അഴീക്കോടിന്റെ വരികള്‍ ഓര്‍ത്തുകൊണ്ടും ആ മഹാത്മാവിനോടുള്ള ആദര സൂചകമായും , പറ്റിപ്പോയ തെറ്റുകളിലും തെറ്റിപ്പോയ ഭാഷണങ്ങളിലും കുറ്റകരമായ പ്രവര്‍ത്തികളിലും പാശ്ചാത്തപിക്കുക നമ്മള്‍ ; ഭാവിയിലെങ്കിലും തിരുത്താന്‍ ശ്രമിക്കുക നമ്മള്‍ . കാരണം പൂമുഖത്ത് , ഒഴിഞ്ഞുകിടക്കുന്ന ചാരുകസേരയുള്ള , കാരണവര്‍ മരിച്ചുപോയ വീടായിരിക്കുന്നു കേരളം!

എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്


E-Mail: ata_karuvarakundu@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.