പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വായിക്കാത്ത അധ്യാപകരും വായിപ്പിക്കാത്ത അധ്യാപകരും ചേർന്ന്‌ സമൂഹത്തെ രൂപപ്പെടുത്തുമ്പോൾ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ശ്രീകുമാർ

വിദ്യാഭ്യാസ പ്രക്രിയയിലെ നെടും തൂണായാണ്‌ അധ്യാപകനെ കണക്കാക്കുന്നത്‌. പുത്തൻ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ അധ്യാപകന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന വേവലാതി ഇന്നത്തെ മിക്ക അധ്യാപകർക്കുമുണ്ട്‌. ക്ലാസ്സ്‌ റൂമിനുള്ളിൽ വെറുമൊരു നോക്കുകുത്തിയായി അധ്യാപകനെ അധഃപ്പതിപ്പിച്ചിരിക്കുകയാണ്‌ പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ എന്നും മറ്റുമുള്ള പരാതികൾ കേരളത്തിൽ ഇന്ന്‌ ഉയർന്നു കേൾക്കുന്നുണ്ട്‌. ‘മാതാപിതാ ഗുരു ദൈവം’ എന്ന സങ്കല്പം തകർന്ന്‌ ഗുരു ഇന്ന്‌ ഏറ്റവും കുറച്ച്‌ ആദരിക്കപ്പെടുന്ന ഒരു വിഭാഗമായി മാറിയിട്ടുണ്ട്‌. പഴയകാലത്തെ ഗുരുഭക്തി ഇന്നത്തെ തലമുറയ്‌ക്കില്ല എന്നതു നേരുതന്നെ എങ്കിലും ഇതിൽ അധ്യാപകർക്ക്‌ ഒരു പങ്കുമില്ലെന്ന്‌ ആർക്കും പറയാൻ ആവില്ലല്ലോ. പഴയ ഗുരുഭൂതന്മാർ പണ്ഡിതകേസരികളും അറിവിന്റെ കേന്ദ്രങ്ങളും ആയിരുന്നു. അധ്യാപനം ജീവിതവും. അവരുമായി ഇന്നത്തെ അധ്യാപകജോലിക്കാരെ താരതമ്യപ്പെടുത്താൻ ഒരുങ്ങിയാൽ ഗുരുവിന്റെ ദൈവസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളിൽ ചിലതെങ്കിലും കണ്ടെത്താം.

എനിക്കറിയാവുന്ന ഒരു അധ്യാപകനുണ്ട്‌. താൻ ഡിഗ്രി നേടിയതിനുശേഷം വർത്തമാനപ്പത്രങ്ങളല്ലാതെ ഒന്നും തന്നെ വായിച്ചിട്ടില്ലെന്നും എന്നിട്ടും താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക്‌ ഒരു മാർക്കുപോലും അതുകൊണ്ട്‌ നഷ്ടപ്പെട്ടിട്ടില്ലെന്നും കൂടെക്കൂടെ വീമ്പിളക്കാറുണ്ട്‌ ഇദ്ദേഹം. വർത്തമാനപ്പത്രങ്ങളിലെ പെൺവാണിഭ കഥകളും മറ്റും വിസ്തരിച്ചുവായിക്കുന്ന ഒരു നാട്ടിൻപുറത്തുകാരനെ മാത്രമാണ്‌ അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടുള്ളത്‌. ഒരിക്കൽപോലും പത്രത്തിലെ ഫീച്ചറുകളോ കവർസ്‌റ്റോറിയോ സാന്ദ്രവാർത്തകൾ പോലുമോ ഇയാൾ ശ്രദ്ധിക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല. ഇത്‌ ഒറ്റപ്പെട്ട ഒരു കാര്യമല്ല. ഇത്തരക്കാരാണ്‌ നമ്മുടെ സമൂഹത്തിൽ കൂടുതലും. ഇത്തരം അധ്യാപകർക്ക്‌ എന്താണ്‌ ഈ സമൂഹത്തിൽ ചെയ്യാൻ പറ്റുക?

അധ്യാപകൻ തത്വശാസ്ര്തം പഠിച്ചവനാകണം എന്നു പറയാറുണ്ട്‌. അയാൾ രാഷ്ര്ട പുരോഗതിയിൽ അഭിനിവേശം ഉള്ളവനാവണം. മാത്രമല്ല അയാൾ സത്യാന്വേഷി കൂടി ആയിരിക്കണം. വെറും പരീക്ഷാ പരിശീലന കേന്ദ്രങ്ങളായി അധഃപ്പതിച്ചു കഴിഞ്ഞ കേരളത്തിലെ കലാശാലകളിൽ സത്യാന്വേഷകരും സ്വതന്ത്ര ചിന്തകരുമായ അധ്യാപകനെ കാണണമെങ്കിൽ മഷിയിട്ടു നോക്കണം. അധ്യാപകൻ അറിവുള്ളവനും അറിവ്‌ പുതുക്കുന്നവനുമാകണം. വർഷങ്ങൾക്കുമുമ്പ്‌ പഠിച്ചുവച്ച കുറേ കാര്യങ്ങൾ കാലംതോറും അയവിറക്കുന്ന പാവയായി അധ്യാപകൻ അധഃപ്പതിച്ചുകൂടാ. കാലത്തിനൊപ്പം സഞ്ചരിക്കാൻ ഗുരുവിനാകണം. അതിന്‌ വായന വേണം, ചിന്ത വേണം, കലകൾ ആസ്വദിക്കാനുള്ള കഴിവുണ്ടാകണം. എന്തിനേറെപ്പറയുന്നു പൈങ്കിളി വാർത്തകളിൽ കണ്ണുടക്കി പത്രം മടക്കുന്ന, നാലാംകിട സീരിയലുകളും റിയാലിറ്റിഷോകളും മുന്നിൽ ദൃശ്യമാധ്യമങ്ങളുടെ സാധ്യതകൾ അവസാനിപ്പിക്കുന്ന ഇന്നത്തെ ശരാശരി അധ്യാപകന്‌ സോഷ്യൽ എഞ്ചിനീയർ ഒന്നും ആകാൻ പറ്റില്ല. അയാൾക്ക്‌ ആദരം ലഭിക്കുകയുമില്ല. പണ്ടത്തെ ഗുരുക്കന്മാർ ആദരിക്കപ്പെട്ടിരുന്നുവെങ്കിൽ, അവരാരും സമൂഹത്തിലെ സാധാരണക്കാരന്റെ പ്രതിബിംബങ്ങളായിരുന്നില്ല എന്നും ഓർക്കണം. അവർക്ക്‌ അധ്യാപനം തൊഴിൽ മാത്രമായിരുന്നില്ല. ജീവിതവും അതുതന്നെയായിരുന്നു. അവർ സമൂഹത്തിൽ വേറിട്ട ജീവിതം നയിച്ചവരുമായിരുന്നു.

വിദ്യാഭ്യാസത്തിൽ വായനയ്‌ക്കുള്ള സ്ഥാനം

ഒരറിവും ശാശ്വതമല്ല. അറിവ്‌ വളർന്നുകൊണ്ടിരിക്കുകയാണ്‌. ഇന്നലെവരെ ശരിയെന്നു വിശ്വസിച്ചുകൊണ്ടിരുന്ന പല അറിവും ഇന്ന്‌ തെറ്റാണെന്ന്‌ തെളിയുന്നു. അതുകൊണ്ടുതന്നെ നേടിയ അറിവ്‌ കാലാകാലം പുതുക്കേണ്ടതുണ്ട്‌. അതിന്‌ വായനയല്ലാതെ മറ്റു മാർഗ്ഗമല്ല. വായനയുള്ളവരിൽ അറിവു വളരും. അറിവു വളരുമ്പോൾ ശരിയായ ജീവിതവീക്ഷണം രൂപപ്പെടും. ചിന്താശീലം മെച്ചപ്പെടും. മനുഷ്യജീവിതമെന്ന മഹാപ്രതിഭാസത്തെ മൊത്തത്തിൽ നോക്കിക്കാണാൻ അവർക്കു കഴിയും.

ഒരു പ്രത്യേകവിഷയം പഠിക്കുന്ന കുട്ടി എന്തെല്ലാമറിയണമെന്നു നിർദ്ദേശിക്കുക മാത്രമാണ്‌ സിലബസ്സ്‌ ചെയ്യുന്നത്‌. ആ അറിവുകളോട്‌ അവനെ അടുപ്പിക്കുന്ന സഹായിയാണ്‌ പാഠപുസ്തകങ്ങൾ. യഥാർത്ഥത്തിൽ ഓരോ വിദ്യാർത്ഥിയും നേടേണ്ട അറിവിന്റെ കാൽഭാഗംപോ​‍ും പാഠപുസ്തകങ്ങൾക്ക്‌ നൽകാൻ കഴിയാറില്ല. അതിന്റെ അപ്പുറത്തേയ്‌ക്കുള്ള അറിവ്‌ നേടുന്നതിലാണ്‌ വിദ്യാർത്ഥിയ്‌ക്ക്‌ അധ്യാപകന്റെ സഹായം വേണ്ടത്‌. അതുകൊണ്ടുതന്നെ വിദ്യാർത്ഥിയുടെ വായനയും അധ്യാപകന്റെ വായനയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു.

കേരളത്തിലെ ഇന്നത്തെ തലമുറ സാമാന്യവിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്‌. പക്ഷേ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജീവിതമേഖലകളിലാണ്‌ മിക്കവരും എത്തിച്ചേരുന്നത്‌. ക്രമേണ ഇവർ നേടിയതെല്ലാം നഷ്ടപ്പെടുന്നതായി നമുക്കു മനസ്സിലാക്കാം. പക്ഷേ വായനാ ശീലമുള്ള ഒരു വ്യക്തി നേടുന്നതൊന്നും പാഴാവുന്നില്ല. നേടിയ അറിവ്‌ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ വായന കൊണ്ടു കഴിയും, ഒപ്പം കൂടുതൽ നേടാനും. പാഠപുസ്തകത്തിനും അദ്ധ്യാപകർക്കും നൽകാൻ കഴിയുന്ന അറിവിന്‌ പരിമിതികളാണ്‌ കൂടുതൽ. അറിവിന്റെ വിശാല മണ്ഡലത്തിലേയ്‌ക്ക്‌ നമ്മെ എത്തിക്കുന്നത്‌ വായന മാത്രമാണ്‌. വായന പുതിയ ആശയങ്ങൾ നമ്മളിലെത്തിക്കുന്നു. പുതിയ ചിന്തകൾ വളർത്തുന്നു. ഇങ്ങനെ നോക്കുമ്പോൾ ബേൺ പറഞ്ഞത്‌ കേവല യാഥാർത്ഥ്യം മാത്രമായിരുന്നെന്ന്‌ നമുക്കു മനസ്സിലാവും. ‘വായനയാണ്‌ ഒരുവനെ പൂർണ്ണനാക്കുന്നത്‌’. ‘വായിക്കേണ്ടത്‌ എങ്ങനെ എന്ന്‌ കുട്ടികളെ പഠിപ്പിക്കുകയാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം’ എന്ന്‌ കാർലൈൻ പറഞ്ഞതും ഇതേ കാര്യം മനസ്സിലാക്കിയതുകൊണ്ടാണ്‌. കുഞ്ഞുണ്ണി മാഷിന്റെ

‘വായിച്ചാലും വളരും

വായിച്ചില്ലെങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും’ എന്നീ വരികൾ തരുന്ന അർത്ഥവും ഇതു തന്നെ.

സാഹിത്യ കൃതികളുടെ പാരായണവും കലകളുടെ ആസ്വാദനവും

ഉത്തമ സാഹിത്യകൃതികൾ ജീവിയ്‌ക്കേണ്ടത്‌ എങ്ങനെ എന്നു പറഞ്ഞുതരുന്നവയാണ്‌. മൂല്യബോധവും സംസ്‌കാരവും നമുക്കു പകർന്നു തരുന്നവകൂടിയാണ്‌ അവ. പലപ്പോഴും ഉത്തമഗ്രന്ഥങ്ങളുടെ പാരായണം, സങ്കുചിത വ്യക്തിത്വം വിശ്വപൗരത്വത്തിന്‌ വഴിമാറിക്കൊടുക്കുന്നതിന്‌ സഹായിക്കും. ദൃശ്യങ്ങളെക്കൊണ്ട്‌ സംസാരിപ്പിക്കുന്ന മഹത്തായ ചലച്ചിത്രങ്ങൾ ജീവിത പാഠങ്ങളും സംസ്‌കാരവും പകർന്നു നൽകുന്നവയാണ്‌. കല വിനോദത്തിനു മാത്രമുള്ളതാണെന്ന ധാരണ ധാരണ വിദ്യാലയങ്ങളിൽ നിന്നു തന്നെ തിരുത്തപ്പെടണം. ചിന്തിപ്പിക്കാൻ ശേഷിയുള്ള കലാരൂപങ്ങൾ ആസ്വദിക്കാനുള്ള പരിശീലനം വിദ്യാലയങ്ങളിൽ നിന്നു ലഭിക്കണം. കാഴ്‌ചയെ ഗൗരവപൂർണ്ണമാക്കാനുള്ള പരിശീലനവും വിദ്യാലയങ്ങളിൽ നിന്നു നൽകപ്പെടേണ്ടതാണ്‌. ഉത്തമ സാഹിത്യ കൃതികളും മഹത്തായ ചലച്ചിത്രങ്ങളും മറ്റു കലകളും ഹൃദയദ്രവീകരണക്ഷമവും മനഃശുദ്ധീകരണം സാധ്യമാക്കുന്നവയുമാണെന്ന ബോധം വിദ്യാലയങ്ങളിൽ നിന്നും ലഭിക്കേണ്ടതുണ്ട്‌. ഇതൊക്കെ സാധ്യമാകണമെങ്കിൽ കുറഞ്ഞപക്ഷം അധ്യാപകനെങ്കിലും നല്ല വായനക്കാരനും കലാസ്വാദകനും ആയിരിക്കണം. അഭിരുചികൾ സൃഷ്ടിക്കുന്നത്‌ പലപ്പോഴും അധ്യാപകനാണെന്നിരിക്കെ അധ്യാപകന്റെ ഉത്തരവാദിത്വങ്ങൾ ഏറുന്നു. ജനസംഖ്യ ഏറുമ്പോൾ ബഹുജനമാധ്യമങ്ങൾ (പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ) പ്രാധാന്യമേറും. പാശ്ചാത്യർക്ക്‌ ഇവ അധ്യയനമാധ്യമങ്ങൾ കൂടിയാണ്‌. ഇന്ത്യൻ ജനതയിൽ ചലച്ചിത്രങ്ങളുടെ സ്വാധീനം ഏറെയാണ്‌. അതുകൊണ്ട്‌ തന്നെ നമ്മുടെയിടയിൽ ഗൗരവപൂർണ്ണമായ ഒരു ചലച്ചിത്ര സംസ്‌കാരം ഉണ്ടാക്കേണ്ടതുണ്ട്‌. വിദ്യാലയങ്ങളിൽ നിന്നു മാത്രമേ ഇതു തുടങ്ങാൻ കഴിയൂ. ഈയ്യിടെ എനിക്കറിയാവുന്ന ഒരു വിദ്യാലയത്തിൽ ചില അധ്യാപകർ മുൻ കൈയ്യെടുത്ത്‌ അടൂർ ഗോപാലകൃഷ്ണന്റെ ഒരു സിനിമ പ്രദർശിപ്പിക്കുകയുണ്ടായി. ഗൗരവപൂർണ്ണമായ ഒരു ചലച്ചിത്രസംസ്‌കാരം വേരോടിയിട്ടില്ലാത്ത നമ്മുടെ സമൂഹത്തിന്റെ ഭാഗമായ കുട്ടികൾ പലരും സിനിമകണ്ട്‌ ഉറങ്ങിപ്പോയി എന്നതു വാസ്തവം. എങ്കിലും ചിലരെങ്കിലും ഇങ്ങനേയും സിനിമ എടുക്കാം അല്ലേ എന്നു സംശയിക്കുകയുണ്ടായി.

അധ്യാപകൻ ചെയ്യേണ്ടതും ചെയ്യുന്നതും

പ്രശസ്ത ചിന്തകൻ ആഡംസ്‌ ഒരിക്കൽ പറഞ്ഞു. ചിന്താസരണികളും പെരുമാറ്റരീതികളും മാറ്റാൻ പര്യാപ്തമാവണം അറിവ്‌. അറിവു വിൽക്കുന്ന വ്യാപാരശാലകളാകരുത്‌ വിദ്യാലയങ്ങൾ. കേരളത്തിൽ അറിവു വിൽക്കുന്ന വ്യാപാരശാലകൾ എന്ന പടിയിൽ നിന്നും താണ്‌ സർട്ടിഫിക്കറ്റ്‌ നേടിക്കൊടുക്കുന്ന വ്യാപാരശാലകളായി മാത്രം വിദ്യാലയങ്ങൾ അധഃപ്പതിച്ചു തുടങ്ങിയിരിക്കുന്നു. ഇവിടെയിപ്പോൾ ബഹുമാനം നേടുന്നത്‌ ഏറ്റവും മികച്ച പരീക്ഷാ കോച്ചിങ്ങ്‌ നൽകുന്ന വിദ്യാലയങ്ങളും മികച്ച പരീക്ഷാ പരിശീലനം നൽകുന്ന അധ്യാപകരും മാത്രമാണ്‌.

വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തിയെടുക്കാൻ കഴിഞ്ഞാൽ വിദ്യാഭ്യാസത്തിന്റെ പാതിയിലേറെ ലക്ഷ്യം പൂർത്തിയായിക്കഴിഞ്ഞു എന്നു പറയാറുണ്ട്‌. ഇന്ന്‌ പുസ്തകങ്ങൾ മാത്രമല്ല ദൃശ്യശ്രാവ്യ മാധ്യമങ്ങൾ, ഇന്റർനെറ്റ്‌ എന്നിവയെല്ലാം വിദ്യാഭ്യാസത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. നല്ലതു തിരഞ്ഞെടുത്തു വായിക്കാനും കാണാനും കേൾക്കാനും വിദ്യാലയങ്ങളിൽ നിന്നും പരിശീലനം ലഭിക്കേണ്ടതുണ്ട്‌. ഇതിനെല്ലാം കഴിവുള്ള അധ്യാപകരെ വിദ്യാലയങ്ങളിൽ അതുകൊണ്ടുതന്നെ ആവശ്യമുണ്ട്‌. പക്ഷേ ഇത്തരം അധ്യാപകർ എത്ര പേരുണ്ട്‌ നമ്മുടെ വിദ്യാലയങ്ങളിൽ?

നമ്മുടെ നാട്ടിൽ ഇന്ന്‌ നല്ല ചലച്ചിത്രങ്ങൾക്ക്‌ ആസ്വാദകരില്ല, ഇവിടെ നല്ല പുസ്തകങ്ങൾ വിറ്റഴിയുന്നില്ല. നല്ല പരിപാടികൾക്ക്‌ ടെലിവിഷനിൽ സ്പോൺസർമാരില്ല. ഇത്തരമൊരു സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ മാറി വരുന്ന തലമുറയ്‌ക്കു മാത്രമേ കഴിയൂ. അതിനുള്ള നിലമൊരുക്കൽ നടത്താൻ അധ്യാപകനും കഴിയണം. നാലാംകിട പൈങ്കിളി സീരിയലുകളും റിയാലിറ്റിഷോകളും മുമ്പിൽ നേരം വെളുപ്പിക്കുന്ന, പുസ്തകം കണ്ടാൽ കോട്ടുവാ വരുന്ന, ഒരു അധ്യാപക വർഗത്തിന്‌ ഈ സമൂഹത്തിൽ ഒന്നും ചെയ്യാനില്ല. നിർഭാഗ്യകരമെന്നു പറയട്ടെ അത്തരം അധ്യാപകരാണ്‌ ഇന്നിവിടെ അധികവും! ഇന്നത്തെ വിദ്യാഭ്യാസകച്ചവടക്കാർക്കു വേണ്ടതും ഇത്തരക്കാരെത്തന്നെ എന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.

അറിവ്‌ വളരുകയാണ്‌. അതറിയുകയും, അതിനനുസരിച്ച്‌ വളർന്നുകൊണ്ടിരിക്കുകയും ചെയ്യേണ്ടവരാണ്‌ അധ്യാപകർ. പുതുതലമുറയുമായി പുതിയ അറിവുകൾ ചർച്ച ചെയ്യേണ്ടവരാണവർ. വിദ്യാഭ്യാസം തൊഴിൽ നേടാൻ വേണ്ടിയുള്ള ഒന്നാണ്‌ എന്നാണ്‌ ഇന്ന്‌ ഏറെക്കുറേ എല്ലാവരുടേയും ധാരണ. വിദ്യാഭ്യാസം ജീവിതത്തിനു വേണ്ടിയുള്ള ഒന്നാണ്‌ എന്നാണ്‌ ഇന്ന്‌ ഏറെക്കുറെ എല്ലാവരുടേയും ധാരണ. വിദ്യാഭ്യാസം ജീവിതത്തിനു വേണ്ടിയുള്ളതാണെന്നും അതാണ്‌ സംസ്‌കാരത്തിന്റെയും സാമൂഹികജീവിതത്തിന്റെയും അടിത്തറ എന്നതും ഇന്ന്‌ എല്ലാവരും മറക്കുന്നു. അത്‌ തൊഴിലിനുകൂടി ഉപകാരപ്പെട്ടാൽ നന്ന്‌ എന്ന സത്യം ഉൾക്കൊള്ളാനുള്ള ബുദ്ധിവികാസം പുതു തലമുറയ്‌ക്ക്‌ നഷ്ടപ്പെടാനുള്ള കാരണം മാത്രം മനസ്സിലാവുന്നില്ല.

ജനാധിപത്യത്തിൽ പത്രത്തിനും പത്രപാരായണത്തിനും വലിയ പങ്കുണ്ട്‌. ഗവൺമെന്റിന്റെ നയങ്ങൾ ജനങ്ങളിലെത്തുന്നത്‌ പത്രങ്ങളിലൂടെയാണ്‌. പലപ്പോഴും ജനങ്ങളുടെ പ്രതികരണം ഗവൺമെന്റ്‌ മനസ്സിലാക്കുന്നതും പത്രങ്ങളിൽ നിന്നാണ്‌. പത്രങ്ങളിൽ വായിക്കേണ്ടതു വായിക്കാൻ വിദ്യാർത്ഥികളെ ശീലിപ്പിക്കേണ്ട ഉത്തരവാദിത്വം അധ്യാപകനുണ്ട്‌. പത്രങ്ങളിലൂടെ പ്രതികരിക്കാനുള്ള പരിശീലനവും വിദ്യാലയങ്ങളിൽ നിന്നും ലഭിക്കേണ്ടതുണ്ട്‌.

അധ്യാപനം എന്ന തൊഴിൽ

അധ്യാപകനും മനുഷ്യനാണ്‌. അയാൾക്കും ജീവിതമുണ്ട്‌. തൊഴിൽ സുരക്ഷ അയാൾക്കും ആവശ്യമാണ്‌. എല്ലാം സമ്മതിക്കാം, പക്ഷേ അധ്യാപകന്റെ ഉത്തരവാദിത്വങ്ങൾ ഏറെയാണ്‌ എന്ന്‌ തിരിച്ചും സമ്മതിക്കേണ്ടിവരും. നാം തിരിച്ചറിയേണ്ടിയിരിക്കുന്നു, വായന വളർത്തുക എന്നത്‌ അധ്യാപകന്റെ ഏറ്റവും കുറഞ്ഞ കടമയാണ്‌. അതിന്‌ അയാൾ തന്നെ ഒരു വായനക്കാരൻ ആയിരിക്കണം. അല്ലാത്തവർ ഈ മേഖലയിൽ നിൽക്കാൻ യോഗ്യരല്ല. അധ്യാപനം കോഴിക്കച്ചവടമോ, സിനിമാ തീയേറ്ററിൽ ടിക്കറ്റു കൊടുക്കുന്ന പണിയോ, ബാങ്കിൽ കണക്കു കൂട്ടുന്ന ജോലിയോ അല്ല. അധ്യാപകന്‌ വഴി ഇടറുമ്പോൾ നൂറുകണക്കിനു വിദ്യാർത്ഥികളാണ്‌ നഷ്ടമുണ്ടാവുന്നത്‌. അതായത്‌ രാഷ്ര്ടത്തിന്‌. ഒരായുസ്സു മുഴുവൻ ഇത്തരക്കാർ രാഷ്ര്ടദ്രോഹം ആവർത്തിക്കുന്നത്‌ തടയേണ്ടതാണ്‌. അധ്യാപകർക്ക്‌ വർഷംതോറും അവനവന്റെ വിഷയത്തിൽ ചില പരീക്ഷകൾ നടത്തണം. പരാജയപ്പെടുന്നവരെ ഏകാധിപത്യ നിയമങ്ങൾ ഉപയോഗിച്ച്‌ പിരിച്ചുവിടണമെന്നൊന്നുമല്ല പറയുന്നത്‌, അവരെ ചില കോഴ്‌സുകൾക്കെങ്കിലും പറഞ്ഞയക്കണം. അതു ചിലർ സൗകര്യമുണ്ടാക്കിയേക്കാം. അതൊഴിവാക്കാൻ കോഴ്‌സുകൾ ഓരോരുത്തരും സ്വന്തം ചെലവിൽ കൂടണമെന്നും പാസ്‌ ആകാത്തവർ അടുത്ത പരീക്ഷ വരെ മാറി നിൽക്കേണ്ടിവരുമെന്നുള്ള സ്ഥിതി വരണം. ഇത്‌ അധ്യാപകപീഡനമല്ല മറിച്ച്‌ ഒരു രാഷ്ര്ടത്തിന്റെ ഭാവി സംരക്ഷിക്കാൻ അടിയന്തിരമായി ചെയ്യേണ്ട കാര്യം മാത്രമാണ്‌.

സി.ശ്രീകുമാർ

തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു.

വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌.

ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി.

2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌.

വിലാസംഃ

കരോട്ടുമഠത്തിൽ

തട്ടക്കുഴ (പി.ഒ.)

തൊടുപുഴ- 685 581.


Phone: 9496745304
E-Mail: csrikumar@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.