പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഈഴവ ശിവൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെമ്മനം ചാക്കോ

1987 ഡിസംബർ മാസം 31-​‍ാം തിയതിയാണ്‌ ഇതെഴുതുന്നത്‌. നൂറുകൊല്ലം മുമ്പു നടന്നതാണ്‌ സംഭവം. സംഗതി നേരുമാണ്‌. ഭാരതദേശത്തിന്റെ തെക്കുതെക്കൊരു കോണിൽ ‘കൊടിതൂക്കിമല’യുടെ ഉച്ചിയിലുള്ള ഗുഹാന്തരത്തിൽ ബ്രഹ്‌മധ്യാനനിരതനായ ഒരുയോഗി. യോഗനിദ്രയിൽ നിന്നും ഉണർന്ന സന്യാസി വര്യനായ നാരായണൻ ചരിത്രത്തിൽ സ്‌ഥാനം അർഹിക്കുന്ന ഒരു സാഹസിക കൃത്യം നിർവഹിക്കുകയുണ്ടായി. മാടൻ, മറുത, ചാമുണ്ടി, പൂതത്താൻ തുടങ്ങിയ ആരാധനമൂർത്തികൾക്ക്‌ കോടയും ചാരായവും കോഴിയും മറ്റും നിവേദിച്ച്‌ ഇരുളിൻ കയങ്ങളിൽ ഈശ്വരനെ തപ്പുന്ന മൂഢഹൃദയങ്ങളിൽ പുതിയ വെളിച്ചം പരത്തുന്ന ഒരു പ്രവൃത്തിയായിരുന്നു അത്‌. ന്യൂനപക്ഷമായ മേലാളരുടെ മുന്നിൽ കുമ്പിട്ടു വാക്കൈ പൊത്തി നിൽക്കാനും, അവർക്കു വേണ്ടി നുകം വലിച്ചലയാനും വിധിക്കപ്പെട്ടവർ പുതിയ സ്വാതന്ത്ര്യബോധത്തിന്റെ കരുത്താൽ സമത്വമെന്തെന്നറിഞ്ഞ്‌ ഉയർത്തെഴുന്നേൽപ്പിന്റെ കാഹളം വിളിക്കാൻ പഠിച്ച ഒരു കർമ്മമായിരുന്നു അത്‌.

കൊല്ലവർഷം 1063-ലെ ശിവരാത്രി വന്നെത്തി. തെക്കൻ കേരളത്തിലെ അരുവിപ്പുറം പുഴക്കരുകിൽ കിഴക്കു ഭാഗത്തുള്ള പാറപ്പുറത്ത്‌ ഒരു ചെറിയ മുല്ലപ്പൂപന്തൽ കെട്ടിയൊരുക്കിയിരുന്നു. ഭക്തന്മാരുടെ ഒരു സംഘം കൈയിൽ ഇരുട്ടിനെ തുണ്ടുതുണ്ടാക്കുന്ന വിളക്കുകളും പൂക്കളുമായി അവിടെ കൂടിനിൽക്കുന്നു. സാത്വികമായ ആരാധനാ രീതികൊണ്ട്‌, താഴ്‌ത്തട്ടിലൂള്ളവർ ദുർദ്ദേവതകളെ പൂജിക്കുന്ന പതിവിനു വിരാമമിടാൻ തീരുമാനിച്ചുറച്ച ഗുരു നവചൈതന്യത്തോടെ നദിയിലിറങ്ങി മുങ്ങിത്തപ്പി ശിവലിംഗ രൂപാഢ്യമായ ഒരു ശിലാഖണ്ഡം എടുക്കുന്നു. അതും കൈയിൽത്താങ്ങി പൂപ്പന്തലിലെത്തി മഹായോഗി പാതിരാമുതൽ ധ്യാനനിരതനായി ഒരേനിൽപ്പു നിൽക്കുന്നു. അവശവർഗക്കാരുടെ നിത്യനായകനായ ഗുരുവിന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നു. താണ ജാതിക്കാരുടെ അഭ്യുത്ഥാനത്തിന്റെ മാന്ത്രികരഥംപോലെ യാമം നിശ്ശബ്‌ദഘോഷം ഇഴഞ്ഞു നീങ്ങി. ദിക്കുകൾ ശ്വാസം മുട്ടി നിൽക്കുമ്പോൾ തൃക്കരം ഉറപ്പുള്ള പാറയുടെ മുകളിൽ ശിവലിംഗം പ്രതിഷ്‌ഠിച്ചു. ആർദർശധീരത ഉൾക്കൊണ്ടു നിവർന്ന നട്ടെല്ലുകൾ പുതിയ പ്രതിഷ്‌ഠക്കു നമിച്ചു.

‘അഗ്നിഹോത്രികൾക്കു മാത്രം ചെയ്യാൻ അവകാശപ്പെട്ട ശിവപ്രതിഷ്‌ഠക്ക്‌ ഒരു ഈഴവൻ മുതിർന്നെന്നോ?’ആഢ്യവർഗത്തിൽ വാർത്ത തീപോലെ പടർന്നു. ‘ ഏതു വിധിപ്രകാരം പ്രതിഷ്‌ഠ നടത്തി?’ എന്ന ചോദ്യം ഗുരുവിന്റെ മുന്നിലും എത്തി. ഈടാർന്ന ഒരു ഉൽകൃഷ്‌ട ലാഘവത്തോടെ പറഞ്ഞു. ‘ ഈഴവശിവനെയാണല്ലോ ഞാൻ പ്രതിഷ്‌ഠിച്ചത്‌.’.

2088

ഇരുന്നൂറു വർഷം കടന്നുപോകുന്നു. അന്ന്‌ ഈ കവിത വായിക്കുന്നവരും ഇന്നു ജീവിച്ചിരിക്കുന്നവരും ആരും കാണുകയില്ല. അതുകൊണ്ട്‌ സുഹൃത്തുക്കളേ, നമുക്ക്‌ സങ്കല്പ വിമാനത്തിൽ കയറി ഭാവിയിലേക്കു യാത്ര ചെയ്യാം. അന്നത്തെ അരുവിപ്പുറത്തു നമുക്കു വിമാനത്തിൽ നിന്നിറങ്ങാം. കാടായ കാടത്രയും തെളിച്ച്‌ സാംസ്‌ക്കാര വാടാമലർക്കാവാണെന്നു തോന്നും ഇപ്പോൾ അരുവിപ്പുറം കണ്ടാൽ. നാരായണ ഗുരു പ്രതിഷ്‌ഠിച്ച ഈഴവശിവന്റെ ക്ഷേത്രത്തിനു സമീപം മറ്റൊരു അമ്പലമന്ദിരം ഉയർന്നുവന്നിരിക്കുന്നു. പുതിയ ക്ഷേത്രത്തിന്റെ മുഖവാരത്തിൽ പോക്കുവെയിലടിച്ച്‌ ഈ വിധം തിളങ്ങുന്നതു കാഴ്‌ചക്കാർക്കു വായിക്കാം. ‘ഒരു ജാതി’, ഒരു മതം, ഒരു ദൈവം മനുഷ്യന്‌‘.

ഗുരുവിന്റെ സന്ദേശം വ്യാപകമായതിൽ കൃതാർത്ഥതയോടെ നിൽക്കുമ്പോൾ ആ മന്ദിരത്തിൽ നിന്നും മണിനാദം വിണ്ണിലുയരുന്നു. തുറന്നിട്ട വാതിലിന്റെയും അകത്തു കത്തുന്ന ഭദ്രദീപത്തിന്റെയും മുന്നിൽ ഒരുപറ്റം ഈഴവർ കൂപ്പുകൈയുമായി നിൽക്കുന്നു. മേൽത്തരം വെണ്ണക്കല്ലിൽ തീർത്ത ശ്രീനാരായണ പ്രതിമക്കു ചുറ്റും പൂമാലകൾ സാമ്പ്രാണിത്തിരികൾ. ഗുരുമുഖം ചന്ദനാലേപം ചാർത്തി ശോഭിക്കുന്നു. വന്ദനശ്ലോകത്തോടെ പൂജാരി പുഷ്‌പാർച്ചന നടത്തുന്നു. ജ്വലിക്കുന്ന കർപ്പൂര പ്രഭക്കൊപ്പം ജനങ്ങളിൽ നിന്നും ശ്രീനാരായണ സ്‌തോത്രം ഉയരുന്നു. ഗുരുദേവനെ പൂജിച്ച്‌ തിരിച്ചിറങ്ങുന്ന ആളുകൾ ഗുരു സ്‌ഥാപിച്ച ഈഴവ ശിവനെക്കുടി പേരിനു തൊഴുത്‌ സ്‌ഥലം വിടുന്നു. സമസ്‌ത ജാതികൾക്കും ’ഒതു ദൈവം‘ എന്ന സമാധാന തത്ത്വശാസ്‌ത്രം ഉപദേശിച്ച തന്നെപ്പിടിച്ചു ദൈവമാക്കുമെന്ന്‌ ആ ശുദ്ധ ഹൃദയൻ സ്വപ്നത്തിലും വിചാരിച്ചിരിക്കാനിടയില്ലല്ലോഃ

2388

പിന്നെയും മുന്നൂറു വർഷങ്ങൾ കൂടി കടന്നുപോയി. ഗുരുദേവ വചനങ്ങളും ചെയ്‌തികളും നാട്ടിൽ ഐതിഹ്യത്തിന്റെ നിലയിലേക്കു നീങ്ങി. അരവിപ്പുറത്തെ ഈഴവ ശിവപ്രതിഷ്‌ഠാ മന്ദിരവും ഗുരുദേവ പൂജാ ഗൃഹവും രണ്ടും പൊളിച്ച്‌ മാർബിൾക്കല്ലിൽ ഒരു വലിയ ക്ഷേത്രം പണിയിച്ചിരിക്കുന്നു. വീർത്ത പണസഞ്ചിയും കൂറ്റൻ കാറുകളുമായി എത്തുന്ന തീർത്ഥാടകർ രാത്രിയും പകലും പൂജക്കായി തിരക്കു കൂട്ടുന്നു. അഞ്ഞൂറു കൊല്ലം മുന്നം സദ്‌ഗുരു പ്രതിഷ്‌ഠിച്ച ശിലാഖണ്ഡം കളയാതെ അകത്താക്കി, പത്തടി ഉയരത്തിൽ പ്രതിഷ്‌ഠിച്ച ശ്രീനാരായണന്റെ ശുദ്ധ വെങ്കല രൂപം ക്ഷേത്രത്തിൽ തിളങ്ങുന്നു. കാലു രണ്ടും തുടച്ചെങ്കിൽ നിങ്ങൾക്കു ക്ഷേത്രത്തിനകത്തു കയറാം. പ്രതിഷ്‌ഠയ്‌ക്കടുത്തു ചെല്ലാം. മേൽമുണ്ടും പുതച്ചല്ലോ ശിവൻ അവിടെയിരിക്കുന്നു. രാജാവിനു വസ്‌ത്രമില്ല.

(കടപ്പാട്‌ സാംസ്‌ക്കാരിക പൈതൃകം)

ചെമ്മനം ചാക്കോ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.