പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഉപ്പിലെ രാഷ്ട്രീയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിലമ്പൂര്‍ കെ.ആര്‍.സി

‘മുറിഞ്ഞേടത്ത് ഉപ്പു പുരട്ടാത്തവന്‍’‘- അറുപിശുക്കന്മാരെക്കുറിച്ചുള്ള നാട്ടിന്‍ പുറത്തെ പരാമര്‍ശം തിരുത്തേണ്ടിയിരിക്കുന്നു. കാരണം സ്വാഭാവിക ഉപ്പിന്റെ ഔഷധഗുണം രാസപ്രക്രിയയിലൂടെ മാറ്റിമറിക്കപ്പെട്ടിരിക്കുകയാണ്. അയഡൈസ്ഡ് ഉപ്പാണ് ഇതിലെ വില്ലന്‍. രണ്ടു പതിറ്റാണ്ടായി ജനങ്ങളെ ‘ ഫ്രി ഫ്ലോ’ ഉപ്പിലൂടെ കുത്തക കമ്പനികള്‍ സേവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പരമോന്നത നീതിന്യായക്കോടതി കേറി ഇടപെട്ടത്.

ഇന്ത്യയിലെ ജനങ്ങളില്‍ പത്തുശതമാനത്തോളം പേര്‍ക്ക് അയഡിന്റെ കുറവുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതു മൂലം ഗോയിറ്റര്‍ എന്ന തൊണ്ട വീക്കമുണ്ടാവാമെന്നും മുന്നറിയിപ്പു നല്‍കുന്നു. ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്താതെയാണ് ബാക്കി തൊണ്ണൂറു ശതമാനം പേര്‍ക്ക് ആവശ്യത്തിലേറെ അയഡിന്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇതു വഴി ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുവാനുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ ശക്തി കുറയുമെന്നും അത് ഹൈപ്പോതൈറോയ്ഡിസം പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്നും കേരള മെഡിക്കല്‍ ജേര്‍ണലില്‍ ചൂണ്ടിക്കാട്ടുന്നു. അയഡിന്റെ ആധിക്യം മൂലം കൂടുതല്‍ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിച്ചാലും അസുഖമുണ്ടാകുമത്രെ. പലവിധ രോഗങ്ങള്‍ക്കാണിത് നാന്ദി കുറിക്കുന്നത്. ക്ഷീണം, മുടികൊഴിച്ചില്‍ , ബുദ്ധിമാന്ദ്യം, മാസമുറയിലെ വ്യത്യാസം, അലസത, ടെന്‍ഷന്‍, ഗോയിറ്റര്‍ തുടങ്ങിയവ ചിലതാണ്. ഇത്തരം രോഗികളുടെ വര്‍ദ്ധനവിനാല്‍ തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ് ( ടി. എഫ്. ടി ) ക്ലിനിക്കല്‍ ലാബോട്ടറികളില്‍ കൂടുന്നതായാണ് കാണുന്നത്.

അയഡിന്റെ കുറവുകൊണ്ടാണ് രോഗം ഉണ്ടാകുന്നതെങ്കില്‍ മലയാളികള്‍ക്കത് ബാധിക്കാനേ പാടില്ല. ഭക്ഷണത്തില്‍ കറികള്‍ക്കു പുറമെ ഉപ്പു ധാരാളമുള്ള അച്ചാര്‍, പപ്പടം, ഉണക്കമീന്‍ എന്നിവ ദിവസേനേയെന്നോണം അകത്താക്കുന്നുണ്ട്. സര്‍ക്കാരിന്റെ പേരിലുള്ള പരസ്യങ്ങളുടെ സ്വാധീനത്താല്‍ അയഡൈസ്ഡ് ഉപ്പു മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇതിനു പുറമെ കടല്‍ മീനും ധാരാളമായി കഴിക്കുന്നു. കൂടാതെ കടല്‍ സാമീപ്യത്താല്‍ അന്തരീക്ഷത്തില്‍ പോലും അയഡിന്‍ കണികകളുണ്ട്.

ഉപ്പുപരലിന്റെ കഥ കഴിക്കുവാനുള്ള നീക്കത്തിന്റെ ആരംഭത്തില്‍ തന്നെ അത് വിപരീത ഫലം സൃഷ്ടിക്കുമെന്ന് പ്രമുഖ എന്‍ഡോക്രൈനോളജിസ്റ്റായ ഡോ. ആര്‍. പി സിംഗ് പ്രസ്താവിക്കുകയുണ്ടായി. ‘ മഴവെള്ളത്തില്‍ അയഡിന്‍ ഒലിച്ചുപോകുന്ന ഹിമാലയന്‍ പ്രദേശങ്ങളില്‍ മാത്രമേ രാജ്യത്ത് അയഡിന്‍ കൃത്രിമമായി നല്‍കേണ്ട ആവശ്യമുള്ളു. മറ്റു ഭാഗങ്ങളില്‍ ഭക്ഷ്യ വസ്തുക്കളില്‍ തന്നെ ആവശ്യത്തിലധികം അയഡിനുണ്ട്. വിശേഷിച്ച് തീരപ്രദേശങ്ങളില്‍

അയഡിന്‍ ഉപ്പ് വിനയായി മാറുന്നതെങ്ങനെയെന്ന് ഇന്ദ്രപ്രസ്ഥത്തിലെ അപ്പോളോ ആശുപത്രിയിലെ ഡോ. സിംഗ് വിശദീകരിച്ചു. ‘ ഉപ്പില്‍ അയഡിന്‍ കലര്‍ത്തുന്നത് പൊട്ടാസ്യം അയഡൈഡ് ചേര്‍ത്താണ്. എന്നാല്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതു മൂലവും അന്തരീക്ഷവുമായുള്ള സമ്പര്‍ക്കത്താലും ഓക്സീകരണം നടക്കുന്നു. ഫലമോ, പൊട്ടാസ്യം അയഡൈഡ് പൊട്ടാസ്യം അയഡേറ്റ് എന്ന തൈറോയ്ഡ് ഗ്രന്ഥിക്ക് കേടുവരുത്തുന്ന മറ്റൊരു രാസസംയുക്തമായി മാറുന്നു. അയഡിന്റെ അപര്യാപ്തത അനുഭവപ്പെടുന്നിടത്തു പോലും അയഡിന്‍ കലര്‍ന്ന ഉപ്പ് ഇപ്പോഴത്തെ രീതിയില്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനമില്ല. പാചകവേളയില്‍ ഉപ്പു ചേക്കുന്നതിനാല്‍ ചൂടു മൂലം അയഡിന്‍ നഷ്ടപ്പെടുകയാണ് പതിവ്.

രാ‍ജ്യത്ത് ഒരു വര്‍ഷം അമ്പതുലക്ഷം ടണ്‍ ഭക്ഷ്യയോഗ്യമായ ഉപ്പു വേണം. കല്ലുപ്പ് നിരോധിച്ച് അയഡിന്‍ ഉപ്പ് അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നില്‍ വന്‍ കിട സ്വകാര്യകമ്പനികളുടെ കച്ചവട താല്പര്യമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ശാസ്ത്രീയവും വിശ്വാസയോഗ്യവുമായ പഠനം നടത്താതെയാണ് അയഡൈസ്ഡ് ഉപ്പ് നിര്‍ബന്ധമാക്കിയതെന്ന് സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. 1962 മുതല്‍ അയഡൈസ്ഡ് ഉപ്പിനായി കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിരുന്നെങ്കിലും 1992 - ല്‍ ആണ് ഉത്തരവിറക്കിയത്. അയഡൈസ്ഡ് അല്ലാത്ത ഉപ്പ് നിരോധിക്കുവാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും പാലിക്കാത്തതിനാല്‍ 1998 - ല്‍ കേന്ദ്രം നിയമം കൊണ്ടു വന്നു. കേരളം, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയവ മാറി നിന്നു. തുടര്‍ന്നാണ് 2005 നവംബെര്‍ 17 ന് അയഡൈസ്ഡ് ഉപ്പല്ലാതെ മറ്റൊന്നും ഉപയോഗിക്കുവാന്‍ പാടില്ലെന്ന കര്‍ശന ഉത്തരവിറങ്ങിയത്. കാലങ്ങളായി കല്ലുപ്പു നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരങ്ങള്‍ പട്ടിണിയിലാവുമെന്ന വസ്തുത പോലും അധികൃതര്‍ കണക്കിലെടുത്തില്ല. നൂറ്റാണ്ടുകളായി ഉപ്പു രംഗത്തുണ്ടായിരുന്ന ചെറുകിട - ഇടത്തരം കമ്പനികളെ ഭീമന്‍ കുത്തക കമ്പനികള്‍ വിഴുങ്ങി. തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളിലുള്ള തൊഴിലാളികള്‍ ജീവിക്കുന്ന രക്തസാക്ഷികളായി.

രാജ്യത്തെ പരിസ്ഥിതിയുടെ പ്രത്യേകത പരിഗണിക്കാതെ മുമ്പ് ഇതുപോലെ ഫ്ലൂറൈഡ് കലര്‍ത്തിയ ടൂത്ത് പേസ്റ്റ് വിപണനം ചെയ്തിരുന്നു. ഉറപ്പുള്ള പല്ലുകള്‍‍ക്ക് ഫ്ലൂറൈഡ് ആവശ്യമാണ്. എന്നാല്‍ ഫ്ലൂറൈഡിന്റെ അപര്യാപ്തതയുള്ള രാജ്യങ്ങളില്‍ മാത്രമേ ഫ്ലൂറൈഡ് കലര്‍ന്ന പേസ്റ്റിന്റെ ആവശ്യമുള്ളു. ഫ്ലൂറിന്‍ അധികമായാല്‍ എല്ലിനേയും പല്ലിനേയും ബാധിക്കും. ഫ്ലൂറിന്‍ മറ്റു വഴികളിലൂടെ ലഭ്യമാകുന്ന ഇന്ത്യയില്‍ ഫ്ലൂറൈഡ് കലര്‍ന്ന ടൂത്ത് പേസ്റ്റ് വിനയാണെന്ന് തിരിച്ചറിയുവാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഫ്ലൂറിന്റെ രാസ കുടുംബത്തില്‍ പെട്ടതാണ് അയഡിന്‍ എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

കടപ്പാട്:- ജ്വാല മാസിക

നിലമ്പൂര്‍ കെ.ആര്‍.സി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.