പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വേദനകൾക്ക്‌ വിടനൽകുന്ന നാദോപാസന....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അരുൺകുമാർ ഇളയിടം

ലേഖനം

വിധിയ്‌ക്കുമുന്നിൽ തോൽക്കുവാനിഷ്‌ടപ്പെടാത്ത മനസ്സിന്‌ കർണ്ണാടക സംഗീതരാഗങ്ങൾ സഹായഹസ്തങ്ങളായി മാറി....പിന്നെ സ്വരരാഗഗംഗയിലൂടെ വീണ്ടും ജീവിതത്തിലേക്ക്‌...കൃത്രിമകൈക്കുമ്പിളിൽ ഭാരതീയ സംഗീതസാഗരത്തിലെ അമൂല്യമുത്തുകൾ കോരിയെടുക്കുമ്പോൾ അംഗീകാരങ്ങളുടെയും, പുരസ്‌കാരങ്ങളുടെയും പ്രവാഹം....

ഇരുകൈകൾ നഷ്‌ടമായിട്ടും സംഗീതത്തിലൂടെ, സംഗീതത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ‘ഗാനരത്ന’ ഡോ.എസ്‌.ഹരിഹരൻ നായരെക്കുറിച്ച്‌....

ദുർവ്വിധിയുടെ കരങ്ങൾ തീർത്ത പ്രതിബന്ധങ്ങൾ മറികടന്ന്‌ സംഗീതസപര്യയിൽ ഏകാന്തപഥികനായ ഹരിഹരൻനായർ പാടുമ്പോൾ പതിവുകച്ചേരികൾ കേട്ടുമടുത്ത സദസ്സിന്‌ നാദനിർവൃതി. കൃത്രിമ കൈകളാൽ താളമിട്ട്‌ ആലാപനം തുടരുമ്പോൾ ആഗ്രഹങ്ങളുടെ ഇളംനാമ്പുകൾക്കുമേൽ കനലുകൾ വാരിയെറിഞ്ഞ്‌ 33 വർഷങ്ങൾക്കുമുമ്പ്‌ സംഭവിച്ച അപകടത്തിൽ പാടേ തകർന്ന ഹരി ഇന്ന്‌ സംഗീതത്തിന്റെ വിവിധ മേഖലകളുടെ വിജയവീഥികളിലൂടെ ജീവിക്കുന്നു എന്ന വസ്‌തുത വിസ്‌മയമായി മാറുന്നു.

കളമശ്ശേരി പ്രീമിയർ ടയേഴ്‌സിൽ ജീവനക്കാരനായിരിക്കെ 1971-ൽ ആയിരുന്നു ഹരിയുടെ ജീവിതത്തെ മാറ്റിമറിച്ച അപകടം. പൂന ആർട്ടിഫിഷ്യൽ ലിംബ്‌സെന്ററിൽനിന്നും കൃത്രിമ കൈകൾ ഘടിപ്പിച്ച്‌ ആത്മവിശ്വാസത്തിന്റെയും കഠിന പ്രയത്നത്തിന്റെയും കരുത്തോടെ ഹരി സംഗീതലോകം കീഴടക്കി. ദുരന്തപർവ്വത്തിനുശേഷം ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‌ ഏകാവലംബം സംഗീതം മാത്രമാണെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട്‌ ഹരി തന്റെ ജീവിതവും, മനസ്സും പൂർണ്ണമായും അതിനുവേണ്ടി സമർപ്പിച്ചു. കൂനമ്മാവ്‌ ലോനപ്പൻ ഭാഗവതർ, പളളുരുത്തി നടേശൻ ഭാഗവതർ, ചേർത്തല ഗോവിന്ദൻകുട്ടി ഭാഗവതർ, പ്രൊഫ.മാവേലിക്കര ആർ.പ്രഭാകരവർമ്മ, നെടുങ്കുന്നം വാസുദേവൻ എന്നീ പ്രശസ്‌ത സംഗീതജ്ഞരുടെ ശിക്ഷണത്തിൽ ഹരി കർണ്ണാടകസംഗീതം അഭ്യസിക്കുകയും, സംഗീതസംബന്ധമായ അനേകം ശാസ്‌ത്രഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കുകയും; അതിനുവേണ്ടി തമിഴ്‌, തെലുങ്ക്‌, സംസ്‌കൃതം, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളിൽ അവഗാഹം നേടുകയും ചെയ്‌തു. തമിഴ്‌നാട്‌ ഗവൺമെന്റിന്റെ സംഗീതം ഹയർഗ്രേഡ്‌ പരീക്ഷ കൃത്രിമ കൈകളുടെ സഹായത്തോടെ എഴുതി ഹരി ഫസ്‌റ്റ്‌ ക്ലാസ്സ്‌ നേടി. 1984-ൽ സ്വഗൃഹത്തിൽ ഇരുപതോളം വിദ്യാർത്ഥികളെ ഉൾക്കൊളളിച്ച്‌ ‘സരിഗ’ എന്ന പേരിൽ ഒരു സംഗീതവിദ്യാലയം ഹരി ആരംഭിച്ചു. ചാരിറ്റബിൾ ആക്‌ട്‌ പ്രകാരം രജിസ്‌റ്റർ ചെയ്തിട്ടുളള സരിഗ സംഗീത അക്കാദമിയിൽ ഇന്ന്‌ നൂറ്റിഅമ്പതോളം വിദ്യാർത്ഥികൾ കർണ്ണാടകസംഗീതം-വായ്പാട്ട്‌ അഭ്യസിച്ചു വരുന്നു. ഇവരിൽ 75% ത്തോളം വരുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക്‌ ഹരി തികച്ചും സൗജന്യമായി ക്ലാസ്സുകൾ നൽകിവരുന്നു. ശേഷിച്ച നാമമാത്രമായ വിദ്യാർത്ഥികളിൽനിന്നും ലഭിക്കുന്ന ചെറിയ തുക മാത്രമാണ്‌ ഹരിയുടെ ഏക വരുമാനമാർഗ്ഗം. സാമ്പത്തിക പരാധീനതകൾ വളരെയേറെയുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക്‌ വ്യത്യസ്‌തമായ ആലാപനശൈലികൾ സ്വായത്തമാക്കുന്നതിനായി പ്രശസ്തരായ സംഗീതജ്ഞരുടെ സംഗീതകച്ചേരികൾ മാസംതോറും നടത്തിവരുന്നു. ഡോ.എം.ബാലമുരളീകൃഷ്ണ, ഡോ.കെ.ജെ.യേശുദാസ്‌, കുന്നക്കുടി വൈദ്യനാഥൻ, യു.ശ്രീനിവാസ്‌, മധുരൈ ടി.എൻ.ശേഷഗോപാൽ, ടി.വി.ശങ്കരനാരായണൻ, നെയ്യാറ്റിൻകര വാസുദേവൻ, തൃശൂർ വി.രാമചന്ദ്രൻ, ബി.വി.രാമൻ-ബി.വി.ലക്ഷ്‌മണൻ, സുധ രഘുനാഥ്‌, ബോംബെ സിസ്‌റ്റേഴ്‌സ്‌, നെയ്യാറ്റിൻകര മോഹനചന്ദ്രൻ, എം.എസ്‌.ഗോപാലകൃഷ്‌ണൻ, ടി.വി.ഗോപാലകൃഷ്‌ണൻ, ടി.എൻ.കൃഷ്‌ണൻ, എൻ.രമണി, ചാരുമതി രാമചന്ദ്രൻ, ഗായത്രി അശോക്‌, ടി.കെ.ഗോവിന്ദറാവു തുടങ്ങിയവർ സരിഗയിൽ സംഗീതകച്ചേരികൾ നടത്തിയവരിൽ പ്രമുഖരാണ്‌. അഖില ഭാരതീയ ഗന്ധർവ്വമഹാവിദ്യാലയ മണ്ഡലിന്റെ (മുംബൈ) അഫിലിയേഷനും, കേരള സംഗീതനാടക അക്കാദമിയുടെ അംഗീകാരവും ഉളള സരിഗയ്‌ക്ക്‌ സംഗീതപ്രവേശിക മുതൽ സംഗീത ആചാര്യവരെയുളള അംഗീകൃതമായ പരീക്ഷകൾ നടത്തുവാൻ അനുമതിയുളള കേരളത്തിലെ ഏക സ്ഥാനമെന്ന ഖ്യാതി ലഭിച്ചിട്ടുണ്ട്‌. നാളിതുവരെയുളള പരീക്ഷകളിൽ എല്ലാം നൂറുശതമാനം വിജയം സരിഗ കരസ്ഥമാക്കിയിട്ടുണ്ട്‌.

സംഗീത കച്ചേരികളുടെയും ക്ലാസ്സുകളുടെയും തിരക്കിനിടയിലും വേദകാലം മുതൽ ഇന്നുവരെയുളള സംഗീതചരിത്ര ഗ്രന്ഥം രചിക്കുന്നതിനുളള ശ്രമത്തിലാണ്‌ ഹരി. കഴിഞ്ഞ 20 വർഷമായി നടത്തിവരുന്ന ഈ ഉദ്യമത്തിലൂടെ ഗ്രന്ഥത്തിന്റെ രണ്ടു വാല്യങ്ങൾ വരുന്ന 12000 ത്തോളം പേജുകൾ കൃത്രിമ കൈകളാൽ ഹരി എഴുതിത്തീർത്തു. “സംഗീതസാഗരം” എന്നു പേരു നൽകിയ ഈ ഗ്രന്ഥത്തിന്റെ രചനയെ മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ മാനവവിഭവശേഷിവകുപ്പ്‌ 1992, 1998 എന്നീ വർഷങ്ങളിൽ യഥാക്രമം ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പും, സീനിയർ റിസർച്ച്‌ ഫെലോഷിപ്പും നൽകി ആദരിച്ചു. എന്നാൽ ഈ ഗ്രന്ഥം സാമ്പത്തികബുദ്ധിമുട്ടുകളാൽ ഇതുവരെ പ്രസിദ്ധീകരിക്കുവാൻ സാധിച്ചില്ല എന്നതിൽ ഹരി ദുഃഖിതനാണ്‌.

1994-ൽ കേരള സംഗീതനാടക അക്കാദമിയുടെ നല്ല ഗായകനുളള അവാർഡ്‌ ലഭിച്ച ഹരിക്ക്‌ അതേവർഷം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശരാജ്യങ്ങളിൽ സംഗീതകച്ചേരികൾ അവതരിപ്പിക്കുന്നതിനുളള അംഗീകാരവും അനുമതിയും ഇൻഡ്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ നിന്നും ലഭിച്ചു. വളരെയേറെ നാളത്തെ കാത്തിരിപ്പിനുശേഷം ആദ്യമായി ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ഐ.സി.സി.ആർ മുഖാന്തരം ഹരിക്ക്‌ ശ്രീലങ്കയിൽ സംഗീതകച്ചേരി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. ഹരിയുടെ ആലാപന വൈദഗ്‌ദ്ധ്യം തിരിച്ചറിഞ്ഞ്‌ ശ്രീലങ്കൻ സർക്കാർ സാംസ്‌കാരിക വകുപ്പും, ആർട്‌സ്‌ കൗൺസിൽ ഓഫ്‌ ശ്രീലങ്കയും, ശ്രീലങ്കൻ തമിഴ്‌സംഘവും സംയുക്തമായി “ഗാനരത്ന പുരസ്‌കാരം” ഹരിക്കു നൽകി ആദരിച്ചു. സംസ്‌കൃതഭാഷയിൽ ഏകദേശം മുന്നൂറോളം കൃതികൾ ഹരി രചിച്ചിട്ടുണ്ട്‌. ശ്രീചക്ര-നവാവരണകൃതികൾ ഇവയിൽ പ്രസിദ്ധമായവയാണ്‌.

‘മ്യൂസിക്‌ തെറാപ്പി - സംഗീതത്തിലൂടെ രോഗശമനം’, ഇത്‌ പ്രായോഗികമാക്കുന്നതിനുളള തീവ്രപരിശ്രമത്തിലാണ്‌ ഹരി ഇന്ന്‌. ജന്മനാ മൂകതയും, ബുദ്ധിമാന്ദ്യവും സംഭവിച്ചവർക്കും, മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും മ്യൂസിക്‌ തെറാപ്പിയിലൂടെ ഹരി ആശ്വാസമേകി വരുന്നു. ‘സംഗീതത്തിലൂടെ വാക്‌സിദ്ധിയും, രോഗശമനവും സാധ്യമാക്കാമെന്ന ആചാര്യമൊഴികൾ യാഥാർത്ഥ്യമാക്കുവാൻ സാധിച്ചതിൽ ഹരി അതീവ സന്തുഷ്‌ടനാണ്‌. മ്യൂസിക്‌ തെറാപ്പിയിൽ ഉളള ഹരിയുടെ അവഗാഹത്തെ മാനിച്ച്‌ ഇൻഡ്യൻ ബോർഡ്‌ ഓഫ്‌ ആൾട്ടർനേറ്റീവ്‌ മെഡിസിൻസ്‌ (കൊൽക്കത്ത), ഹോണററി അഡ്‌വൈസർ, എഫ്‌.ആർ.എച്ച്‌.എസ്‌, ആർ.എം.പി എന്നീ പദവികളും, വിശിഷ്‌ടമായ പി.എച്ച്‌.ഡി (എ.എം) ബിരുദവും അടക്കമുളള ഡോക്‌ടറേറ്റ്‌ നൽകി ആദരിച്ചു. മ്യൂസിക്‌ തെറാപ്പി വിജയപ്രദമായി നടത്തുന്നതിന്‌ ആധുനിക സജ്ജീകരണത്തോടെയുളള ഒരു കൺസൾട്ടിങ്ങ്‌ സെന്റർ തുടങ്ങുവാൻ ഹരി ആഗ്രഹിക്കുന്നു. ഇതിനായി സഹായങ്ങൾ നൽകുവാൻ സന്നദ്ധരായ സംഘടനകളെയും, വ്യക്തികളെയും കണ്ടെത്തുവാനുളള ശ്രമത്തിലാണ്‌ ഹരി. സംഗീതത്തിനുപുറമെ തന്ത്രം, മന്ത്രം, യോഗ, ധ്യാനം, റെയ്‌ക്കി തുടങ്ങിയ വിഷയങ്ങളിലും ഹരി ക്ലാസ്സുകൾ നൽകിവരുന്നു. സമൂഹത്തിന്റെ സാംസ്‌കാരിമൂല്യങ്ങളെ ഉദ്ധരിക്കുവാൻ തന്റെ ഈ പാഠ്യപദ്ധതി ഉപകരിക്കുമെന്ന്‌ ഹരി അഭിപ്രായപ്പെടുന്നു. രാജമാതംഗി, ശ്രീചക്രം, സംഗീതശില്പങ്ങൾ തുടങ്ങിയവയുൾപ്പെടുത്തി ക്ഷേത്രമാതൃകയിൽ നിർമ്മിച്ചിട്ടുളള ഒരു ചെറിയ മണ്ഡപത്തിൽ വച്ചാണ്‌ ഇപ്പോൾ ക്ലാസുകൾ എടുത്തുവരുന്നത്‌.

പൊതുജീവിതമികവിനുളള സംസ്‌കൃതി അവാർഡ്‌, കേരള ഫൈൻ ആർട്ട്‌സ്‌ സൊസൈറ്റി അവാർഡ്‌, തന്ത്ര വിദ്യാപീഠപുരസ്‌കാരം തുടങ്ങിയവയും ഹരിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ആത്മാർത്ഥമായി, ശുദ്ധമായി സംഗീതത്തെ ഉപാസിക്കുന്നതിലൂടെ നാദരൂപിണിയായ സാക്ഷാൽ മൂകാംബികദേവി നൽകിയ അനുഗ്രഹമാണ്‌ തന്റെ സംഗീത ജീവിതമെന്ന്‌ ഹരി ഉറച്ച്‌ വിശ്വസിക്കുന്നു.

ആത്മവിശ്വാസത്തിന്‌ കരുത്തു കൂട്ടുവാനെന്നോണം സംഗീതാസ്വാദക വേദിയിൽ നിന്നുതന്നെ ജീവിതസഖിയെയും വർഷങ്ങൾക്കുമുമ്പ്‌ ഹരിക്ക്‌ ലഭിച്ചു. മഞ്ഞപ്ര കാർപ്പിളളിക്കാവ്‌ ക്ഷേത്രത്തിൽ ഹരിയുടെ സംഗീതകച്ചേരി കേൾക്കുവാനെത്തിയ നിർമ്മല ഹരിയുടെ ജീവിതപങ്കാളിയായി കടന്നുവന്നത്‌ എല്ലാം പൂർണ്ണമായും അറിഞ്ഞു തന്നെയായിരുന്നു. ഈ സംഗീത കുടുംബത്തിലേക്ക്‌ പിച്ചവച്ചുവന്ന ഏകമകൻ ശംഭുവും ഹരിയുടെ ശിഷ്യരോടൊപ്പം സപ്തസ്വരങ്ങൾ ഏറ്റുപാടുവാൻ അതീവതത്‌പരൻ.

സരിഗയുടെ വളർച്ചയ്‌ക്കും, സുഗമമായ നടത്തിപ്പിനും പ്രതികൂലമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനുളള മാർഗ്ഗം കണ്ടെത്തുവാനുളള ബദ്ധപ്പാടിലാണ്‌ എങ്കിലും, വരുംതലമുറകൾക്ക്‌ സംഗീതസംബന്ധമായ സർവ്വവും പകർന്നു നൽകുവാനുതകും വിധത്തിലുളള ഒരു സ്ഥാപനമാക്കി സരിഗയെ മാറ്റുക എന്നതാണ്‌ ഹരിയുടെ പ്രധാന ഉദ്ദേശവും, അഭിലാഷവും. ’സർവ്വകാലികവും, സർവ്വജനീനവും, സാർവ്വത്രികവുമായ സംഗീതത്തിന്റെ സാർവ്വഭൗമത്വം അനിഷേധ്യമാണ്‌. ഈശ്വരനെ അറിയുവാനും, അതിൽ ലയിക്കുവാനും, അതിലൂടെ ശാന്തിയും സൗഖ്യവും നിറഞ്ഞ; സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാനും സംഗീതത്തിനുളള സിദ്ധി അപാരമാണ്‌.‘ - ഈ വാക്കുകളിലെ നിശ്ചയദാർഢ്യത്തിൽ നിന്നും ഹരിയുടെ മനസ്സിന്റെ വ്യാപ്തിയും, നൈർമ്മല്യവും നമുക്ക്‌ മനസ്സിലാക്കാം; അഭിലാഷപൂർത്തിക്കായി പ്രാർത്ഥിക്കാം.

അരുൺകുമാർ ഇളയിടം

വിലാസം

അരുൺകുമാർ ഇളയിടം,

സരിക സംഗീത അക്കാദമി,

ഈസ്‌റ്റ്‌ കടുങ്ങല്ലൂർ,

ആലുവ - 2.


Phone: 0484 2607457




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.