പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഷാലിമാർ - തിരുവനന്തപുരം എക്‌സ്‌പ്രസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ആർ. ഇന്ദിര

‘ഷാലിമാർ എന്ന പോലെ മനോഹരമായ ഒരു പേരായിരുന്നു തിരുവന്തപുരത്തിനു പകരം വേണ്ടിയിരുന്നത്‌ - ടിക്കറ്റ്‌ ബുക്കുപെയ്യുമ്പോൾ ആലോചിച്ചു. എന്തായാലും ബംഗാളികളുടെ സൗന്ദര്യബോധം സമ്മതിയ്‌ക്കണം. ’ഹൗറ‘, ’സിയാൽദാ‘, ’ഷാലിമാർ‘ റെയിൽവേ സ്‌റ്റേഷനായാൽ ഇങ്ങനത്തെ പേരുകൾ വേണം അല്ലാതെ ചങ്ങലം പരണ്ട എന്നൊന്നുമല്ല.

ഇച്ഛാഭംഗത്തിന്‌ ഇതിൽപ്പരം ഇനിയെന്തു വേണം? നഗരത്തിൽ നിന്നകന്ന്‌ ബഹുദൂരം രണ്ടു റെയിൽവേ ട്രാക്കുകളും രണ്ടുപ്ലാറ്റ്‌ഫോമുകളും ഒരു ഗോവണിയും ഫ്ലാറ്റ്‌ഫോമിൽ രണ്ടു കുടിവെള്ളടാപ്പുകളും പെട്ടിക്കടകളും. സ്‌റ്റേഷനിൽ പൊതുകക്കൂസ്‌ ഉണ്ടോ എന്ന്‌ നോക്കാൻ കഴിഞ്ഞില്ല. ഭക്ഷണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു. കിട്ടിയില്ല ഭക്ഷണം എന്ന്‌ പ്രത്യേകം പറയട്ടെ. സ്‌റ്റേഷന്റെ പരിസരത്ത്‌ ചുരുക്കം ചില ചായമക്കാനികളും പെട്ടിക്കടകളും മാത്രമേ ഉള്ളൂ.

തിരിഞ്ഞുനോക്കിയപ്പോൾ വണ്ടിവന്നു കിടക്കുന്നതു കണ്ടു. കംപാർട്ട്‌മെന്റുകൾ തുറന്നിട്ടില്ല. വെളിച്ചമില്ല. തീവണ്ടിയങ്ങനെ കറുത്തിരുണ്ട്‌ നീണ്ടു നിവർന്നു കിടപ്പാണ്‌. സമാന്തരമായി ചെറിയ ഒരു തീവണ്ടി വേറെയുമുണ്ട്‌. കറുത്തിരുണ്ട ചെറിയ മനുഷ്യരുടെ നിരയാണത്‌. ഇവരെന്തിനാണ്‌ വണ്ടിയിൽ കയറാൻ ക്യൂ നിൽക്കുന്നത്‌? ടിക്കറ്റെടുക്കാനല്ലേ മനുഷ്യർ ക്യൂ നിൽക്കാറുള്ളു? തിരിച്ചു ചെല്ലുമ്പോൾ ചോദിയ്‌ക്കാം എന്നു കരുതി. പക്ഷേ അതു നടന്നില്ല. തിരിച്ചെത്തുമ്പോഴേയ്‌ക്കും ക്യൂ അപ്രത്യക്ഷമായിരുന്നു. അതുകൊണ്ട്‌ അക്കാര്യം മറന്നുപോയി.

കരിയും ചളിയും പുരണ്ട അസംഖ്യം മനുഷ്യർ ഓരോ ബോഗിയിലുമുണ്ട്‌. ടിക്കറ്റുണ്ടോ അവരുടെ കൈയിൽ? റിസർവേഷനുണ്ടോ അവർക്കെല്ലാം? ആർക്കറിയാം. മുൻകൂട്ടി ടിക്കറ്റ്‌ റിസർവ്‌ ചെയ്‌തവർ വിഡ്‌ഢികളായി. ടിക്കറ്റ്‌ എക്‌സാമിനർ എന്ന വെള്ളക്കുപ്പായക്കാരൻ ആവഴിയൊന്നും വന്നതേയില്ല. അട്ടിയിട്ടു കിടക്കുന്ന മനുഷ്യരെ തടഞ്ഞ്‌ വാഷ്‌ബെയ്‌സിനിൽ മുഖം കഴുകാനാവാതെ കക്കൂസിൽക്കയറാൻ വിഷമിച്ച്‌ രണ്ടു രാത്രിയും രണ്ടു പകലും പല സംസ്‌ഥാനങ്ങളിലൂടെ ഷാലിമാർ തിരുവനന്തപുരം എക്‌സ്‌പ്രസ്‌ പാഞ്ഞു. പല റെയിൽവേ ഡിവിഷനുകളിലൂടെ കടന്നുപോയി. പല ടിക്കറ്റ്‌ എക്‌സാമിനർമാർ നിഴൽപറ്റി കടന്നുപോയി. ഒരാളും ടിക്കറ്റ്‌ പരിശോധിച്ചില്ല. ഒരാളെയും ബോഗിയിൽ നിന്ന്‌ പുറത്തിറക്കി വിട്ടില്ല.

കേരളത്തിലേയ്‌ക്ക്‌ തൊഴിൽ തേടിയിറങ്ങിയ ബംഗാളി കൂലിപ്പണിക്കാർക്കുവേണ്ടി മമതാദീദി ദാനം നൽകിയ വണ്ടിയായിരിക്കുമോ ഇത്‌? ഹൗറയിലും സിയാൽദയിലും അവരെക്കൊണ്ട്‌ ശല്യം ഉണ്ടാകാതിരിയ്‌ക്കാൻ വേണ്ടിയായിരിയ്‌ക്കുമോ ഷാലിമാർ എന്ന ക്വാറന്റൈൻ ഉണ്ടാക്കിയിരിയ്‌ക്കുന്നത്‌? എന്തായാലും റിസർവേഷൻ യാത്രക്കാരോട്‌ ഇതു വേണ്ടായിരുന്നു.

അനുഭവങ്ങൾ ഗുരുക്കൾ!

കെ.ആർ. ഇന്ദിര

മേഴത്തൂർ, ആകാശവാണി, തൃശൂർ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.