പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വഴിയമ്പലത്തിലെ ധ്യാനസ്ഥൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ.രാജശേഖരൻ

ലേഖനം

എഴുത്തച്ഛന്റെ ആ സങ്കല്പത്തിൽനിന്നാണ്‌ ഒ.വി.വിജയൻ തുടങ്ങിയത്‌. പാന്ഥർ വന്നുകൂടി കഥകൾ പറഞ്ഞു താൻതാൻ വഴി പിരിയുന്ന വഴിയമ്പലം എന്ന സങ്കല്പത്തിൽനിന്ന്‌. മലയാള നോവലിന്റെ ചരിത്രത്തിൽ വിച്ഛേദത്തിന്റെ രേഖ ആഴത്തിൽ വരച്ച ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ ഒന്നാമധ്യായത്തിന്‌ ‘വഴിയമ്പലം തേടി’ എന്ന പേരിട്ടതിൽ അതുകാണാം. കഥയുടെയും കഥ പറയുന്ന ഭാഷയുടെയും അപരിചിതമായ വഴിയമ്പലങ്ങൾ തേടി വിജയന്റെ ഭാവന ദേശാടനം നടത്തി. അകൽച്ചയും ദുഃഖവും മാത്രമുളള, കർമപരമ്പരയുടെ സ്‌നേഹരഹിതമായ കഥകളാണു വിജയൻ പറഞ്ഞു തുടങ്ങിയത്‌. വന്യതയും കാമവും ജുഗുപ്‌സയും രൂക്ഷതയും നിറഞ്ഞ ഭാവങ്ങളിലൂടെ അതു പിന്നെ സ്‌നേഹത്തിലേക്കും പ്രശാന്തിയിലേക്കും മടങ്ങിവന്നു. കരുണത്തിൽനിന്ന്‌ ശാന്തത്തിലേക്കുളള രസപരിണാമം.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിൽ ഒ.വി.വിജയൻ ഉണ്ട്‌. ആധുനികതയുടെ ആരാധകർക്കു കുലദൈവമായി, കമ്യൂണിസ്‌റ്റുകൾക്കു പിന്തിരിപ്പനും വിരുദ്ധനുമായി, പാരമ്പര്യവാദികൾക്ക്‌ ആധുനിക ജീർണതയുടെ പ്രതീകമായി, പാരമ്പര്യവാദികൾക്ക്‌ ആധുനിക ജീർണതയുടെ പ്രതീകമായി, മതേതര നാട്യക്കാർക്ക്‌ ആത്മീയവാദിയായി. ബോധപൂർവ്വം സൃഷ്‌ടിച്ചെടുത്ത ഭാഷകൊണ്ടു വ്യാമോഹിപ്പിച്ചും അചുംബിതമായ ആശയങ്ങൾ പ്രസരിപ്പിച്ചും പുകഴ്‌ത്തിയവരെയും ഇകഴ്‌ത്തിയവരെയും വീണ്ടും വീണ്ടും തന്നിലേക്കു മാടിവിളിക്കുകയായിരുന്നു ഇക്കാലമത്രയും വിജയന്റെ ഭാവന. വിജയൻഅനുഭവം എന്നു മാത്രം പേരിടാനാവുന്ന ആ പാരായണപ്രിയത്വമാണ്‌ ഒ.വി.വിജയൻ സൃഷ്‌ടിച്ച പൈതൃകം.

എഴുത്തിലും വരയിലും ചിന്തയിലും സ്വയം പരസ്യപ്പെടുത്താത്ത വിമതനായിരുന്നു വിജയൻ എന്നു കാണാൻ വിഷമമില്ല. ഇത്രയും വ്യത്യസ്‌തമായ മേഖലകളിൽ പ്രവർത്തിച്ച മറ്റൊരെഴുത്തുകാരൻ നമ്മുടെ സമീപകാലാനുഭവങ്ങളിൽ ഇല്ല. നോവൽ, ചെറുകഥ, ആക്ഷേപഹാസ്യം, രാഷ്‌ട്രീയചിന്ത, പംക്തിരചന, കാർട്ടൂൺ- ഈ രംഗങ്ങളില്ലെല്ലാം മുൻനിരയിൽത്തന്നെ അദ്ദേഹം നിന്നു, വിമതനായ വിമോചന സൈനികനായി. പരന്നു മുഷിഞ്ഞ യഥാതഥ നോവലിൽനിന്നു മലയാളത്തെ മോചിപ്പിക്കുകയായിരുന്നു ‘ഖസാക്കിന്റെ ഇതിഹാസം’. അങ്ങനെ ഉണർന്നവരെ ഞെട്ടിപ്പിച്ചു ‘ധർമപുരാണം’. അധികാര ഇടനാഴികളിലെ രഹസ്യങ്ങളെക്കുറിച്ചുളള കൊച്ചുവർത്തമാനത്തിൽനിന്നു കോളമെഴുത്തിനെ രാഷ്‌ട്രീയചിന്തയുടെ പ്രതാപത്തിലേക്കു മോചിപ്പിക്കുകയായിരുന്നു വിജയന്റെ രാഷ്‌ട്രീയ ലേഖനങ്ങൾ. അതിനുശേഷം മലയാളത്തിൽ അങ്ങനെയൊന്നുണ്ടായില്ല. കമ്യൂണിസത്തിലെ ആന്തര വൈരുധ്യങ്ങളെക്കുറിച്ചും ആ പ്രത്യയശാസ്‌ത്രത്തിന്റെ സൈനികവത്‌കരണത്തെക്കുറിച്ചും അതു നേരിടാൻ പോകുന്ന പ്രതിസന്ധികളെക്കുറിച്ചും ഏതാണ്ടൊരു പ്രവചനസ്വഭാവത്തോടെ വിജയൻ എഴുതിക്കൊണ്ടിരുന്നു. വലതുപക്ഷരീതികളിൽനിന്നു വിരുദ്ധവും സ്‌നേഹപൂർണവുമായ ആ വിയോജനങ്ങൾ മനസ്സിലാക്കാൻ നിർഭാഗ്യവശാൽ കഴിയാതെ പോയത്‌ വ്യവസ്ഥാപിത കമ്യൂണിസ്‌റ്റുകൾക്കുമാത്രമായിരുന്നു. ദിനപത്രത്തിലെ കാർട്ടൂണിനെ ഒരു ഒഴുക്കൻ ചിരിക്കു വക നല്‌കുന്ന ചതുരത്തിൽനിന്നു മോചിപ്പിക്കുന്നതായിരുന്നു വിജയന്റെ കനമുളള കറുത്ത വരകൾ. രാഷ്‌ട്രീയ കാർട്ടൂൺ ചിന്താശൂന്യവും ജനപ്രിയ സംസ്‌കാര കമ്പോളത്തിൽനിന്ന്‌ ഊർജം സ്വീകരിക്കുന്നതുമായ ഒരു നേരമ്പോക്കു ചതുരമായിത്തീരുംമുമ്പായിരുന്നു അത്‌. ഒരുപക്ഷേ, ഈ വിമോചനപ്രക്രിയയിൽ മാത്രമായിരിക്കണം വിജയൻ പരാജയപ്പെട്ടത്‌. ചരിത്രബോധത്തിന്റെ കാതലും ചിന്തയുടെ തീവ്രതയുമുളള ആ ആക്ഷേപഹാസ്യത്തിനും പിന്തുടർച്ചാവകാശികളില്ലാതെ പോയി. ‘എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ’ എന്ന ആ ഒരൊറ്റ പാരഡി മതി വിജയന്റെ ഹാസ്യപ്രതിഭയുടെ സഞ്ഞ്‌ജയത്വം മനസ്സിലാക്കാൻ. സ്വന്തം കൃതികൾ ഇംഗ്ലീഷിലേക്ക്‌ ‘ട്രാൻസ്‌ക്രിയേറ്റ്‌’ ചെയ്‌തുകൊണ്ടു മറ്റൊരു കീഴ്‌വഴക്കവും വിജയൻ തുടങ്ങിവച്ചു.

മലയാള സാഹിത്യസ്ഥാപനത്തെ പിടിച്ചുലയ്‌ക്കുകയും വായനാസംസ്‌കാരത്തിൽ പുതുതരംഗങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടും സാഹിത്യസ്ഥാപനങ്ങൾ വിജയനെ കണ്ടത്‌ വളരെ വൈകിയാണെന്നതു കൗതുകകരമാണ്‌.

1969-ൽ ‘ഖസാക്കിന്റെ ഇതിഹാസം’ പുസ്‌തകരൂപത്തിൽ പുറത്തുവന്നിട്ടും അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചത്‌ 1990-ൽ മാത്രമാണ്‌, ‘ഗുരുസാഗര’ത്തിന്‌. രണ്ട്‌ പതിറ്റാണ്ടു നീണ്ട അനാസ്ഥ. മുപ്പത്തഞ്ചാം പതിപ്പിലെത്തി നില്‌ക്കുന്ന ‘ഖസാക്കി’നെ വമ്പൻ പുരസ്‌കാരങ്ങളൊന്നും തേടിച്ചെന്നുമില്ല, 1992-ലെ മുട്ടത്തുവർക്കി അവാർഡ്‌ ഒഴികെ.

തീവ്രശക്തിയുളള ഒരു ആന്തര വിശ്വാസസംഹിതയുടെ പാഠരൂപങ്ങളാണ്‌ വിജയന്റെ സാഹിത്യലോകത്തെ വേർതിരിച്ചു നിർത്തുന്നത്‌. ദർശനം, തത്ത്വചിന്ത, ജീവിതവീക്ഷണം, പ്രത്യയശാസ്‌ത്രം തുടങ്ങിയ കല്‌പനകൾകൊണ്ടൊക്കെ അതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. തത്ത്വചിന്താപരമായ ആധികളായും മതാത്മകതയോളം ചെന്നെത്തുന്ന ആത്മീയതയായും ആസക്തി നിറഞ്ഞ ഭൗതികതയായും വിധ്വംസകമായ രാഷ്‌ട്രീയബോധമായും ‘ഖസാക്കു’ മുതൽ ‘തലമുറകൾ’ വരെയുളള നോവലുകളിൽ അതു നിറഞ്ഞു നില്‌ക്കുന്നു. സൂക്ഷ്‌മ പ്രപഞ്ചത്തോടുളള സന്ദേഹവും സ്‌നേഹവും ആത്മീയതയും ഒരു വശവും മനുഷ്യന്റെയും പ്രകൃതിയുടെയും ഭാവിയെക്കുറിച്ചുളള ആശങ്ക മറ്റൊരു വശവും സ്വാതന്ത്ര്യത്തെയും ഗോത്രങ്ങളെയും വേട്ടയാടുന്ന രാഷ്‌ട്രം എന്ന സർവാധിപത്യസ്വരൂപത്തോടുളള ഭയാശങ്കയും വിദ്വേഷവും ഇനിയൊരു വശവും നായാടപ്പെടുന്ന ഗോത്രങ്ങളെക്കുറിച്ചുളള വിലാപങ്ങളും ഒറ്റമനുഷ്യന്റെ കർമദുഃഖങ്ങളും പിന്നെയുമൊരു വശവുമായി, അങ്ങനെ ബഹുസ്വരങ്ങൾ മേളിക്കുന്ന ഇടമായി നില്‌ക്കുന്നു വിജയന്റെ സ്വർഗപ്രപഞ്ചം. ‘ഇതിഹാസകാരൻ’ തുടങ്ങിയ ധൂർത്തമായ പത്രവിശേഷണങ്ങൾ നമുക്കു തളളിക്കളയാം. തന്റെ എഴുത്തുകൊണ്ട്‌ അദ്ദേഹം സ്‌പർശിക്കാൻ ശ്രമിച്ചത്‌ ധർമസങ്കടങ്ങളും സന്ദേഹങ്ങളും നിറഞ്ഞ മർത്ത്യജീവിതത്തിന്റെ സാധാരണതയെയാണ്‌. എന്നാൽ അത്‌ പ്രത്യയ ശാസ്‌ത്രങ്ങളുടെ സുനിശ്ചിത വർഗീകരണത്തിനു വഴങ്ങിനില്‌ക്കുന്ന സാധാരണതയല്ലെന്നു മാത്രം. ‘പാറകൾ’, ‘വിമാനത്താവളം’, ‘കടൽത്തീരത്ത്‌’ എന്നീ കഥകൾ മതി വിജയന്റെ ഭാവന ചെന്നുതൊട്ട മനുഷ്യവ്യസനത്തിന്റെ വലിയ ആഴങ്ങൾ ബോധ്യപ്പെടാൻ.

picture2

ആധുനികതാവാദത്തിന്റെ ലോകവീക്ഷണം പടിഞ്ഞാറൻ കാറ്റായി വീശിയടിച്ച ഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടാണ്‌ വിജയൻ എഴുതിത്തുടങ്ങിയത്‌. എന്നാൽ പാശ്ചാത്യമായ ആധുനികതാവാദത്തിന്റെ ലക്ഷണശാസ്‌ത്രം പിൻപറ്റിക്കൊണ്ടായിരുന്നില്ല അത്‌. നമ്മുടേതുമാത്രമായ ജീവിതവൈരുധ്യങ്ങളിലേക്കും മാന്ത്രിക യാഥാർത്ഥ്യങ്ങളിലേക്കും കരിമ്പനയിൽ ചൂളംകുത്തുന്ന കാറ്റുപോലെ അത്‌ ഇറങ്ങിച്ചെന്നു. യഥാതഥ പാരമ്പര്യക്കാരും കാല്‌പനിക യഥാതഥവാദികളും കോയ്‌മപുലർത്തിയ മുഷിഞ്ഞ ഭാവനാഭൂപടത്തെ ഉഴുതുമറിച്ചു. പദധ്യാനത്തിലൂടെ സൃഷ്‌ടിച്ചതെന്ന്‌ അദ്ദേഹം തന്നെ അവകാശപ്പെട്ട ആ ആഖ്യാനഭാഷ തലമുറകളെ വ്യാമുഗ്‌ധരാക്കി. വിജയൻ സ്വന്തം ഭാഷയുടെ തടവുകാരനായെന്ന്‌ പിൽക്കാലത്ത്‌ ആരോപിക്കപ്പെടാൻപോലും ഇടയാക്കിയ ഭാഷയുടെ ആ ലോഹസങ്കരവിദ്യ മലയാളിയുടെ സാഹിത്യപാരായണചരിത്രത്തിലെ ആനന്ദകരമായ ഒരു മേടാണ്‌. മുമ്പോ ശേഷമോ അധികമാരും ഇടപെട്ടിട്ടില്ലാത്ത ഒരു രസായനപരീക്ഷണശാല.

എന്തായിരുന്നു മലയാളിയുടെ ചിന്താജീവിതത്തിനും സാഹിത്യപാരമ്പര്യത്തിനും ഒ.വി.വിജയൻ നല്‌കിയ സംഭാവന. സ്വന്തം തലമുറയുടെ സൗന്ദര്യസമീപനത്തിലും ജീവിതസമീപനത്തിലും നിന്നുയർന്ന്‌ നമ്മുടെ സാഹിത്യത്തിലെ ക്ലാസിക്കുകളായി വിജയന്റെ കൃതികൾ മാറിയതെങ്ങനെയാണ്‌? ഒറ്റവാക്കിലോ രൂപകങ്ങളിലോ ഉത്തരം പറയാൻ വിഷമമാണ്‌. കഥപറച്ചിലിന്റെ ആ യഥാർത്ഥ ശേഷി, ഒരു സമൂഹത്തിന്റെ അനുഭവകോശങ്ങളിലത്രയും ചെന്നുതൊട്ട്‌ അതിന്റെ ധർമവ്യഥകളും സ്വപ്‌നങ്ങളും മിത്തുകളും യാഥാർത്ഥ്യങ്ങളും മായികതകളുമെല്ലാം വെളളമന്വേഷിച്ചുപോകുന്ന വേരുകളെപ്പോലെ വലിച്ചെടുത്ത്‌ കഥയിൽ നിറയ്‌ക്കാനുളള വിശേഷശേഷി വിജയനുണ്ട്‌. ഒപ്പം എഴുതിയവരിലും ആധുനികത എന്ന ചതുരക്കളളിയിലും നിന്നുയർന്ന്‌ വരിഷ്‌ഠശില്‌പികളുടെ നിരയിൽ അദ്ദേഹം നില്‌ക്കുന്നതും അതുകൊണ്ടാണ്‌. ഖസാക്കിനു മുമ്പും പിമ്പും എന്നു വ്യക്തമായി അതിർത്തിരേഖ വരയ്‌ക്കാവുന്ന രീതിയിൽ മലയാള സാഹിത്യചരിത്രത്തിൽ ഒരു വിച്ഛേദം വിജയൻ സൃഷ്‌ടിച്ചു. അതിനുശേഷം അദ്ദേഹമെഴുതിയ ഓരോ കൃതിയും മലയാളിയുടെ ചിന്താജീവിതത്തെയും വായനാജീവിതത്തെയും ഏതെങ്കിലുമൊക്കെ തരത്തിൽ പിടികൂടി ഇഷ്‌ടങ്ങളോ അനിഷ്‌ടങ്ങളോ സൃഷ്‌ടിച്ചു. ഒരു സമൂഹത്തിന്‌ ഒരെഴുത്തുകാരനെ ഒഴിവാക്കി ജീവിക്കാൻ വയ്യാതാവുന്ന ആ അവസ്ഥയാണ്‌ അയാൾക്കു ലഭിക്കാവുന്ന വലിയ ധന്യതയും. മലയാളത്തിന്‌ അങ്ങനെയാണ്‌ ഒ.വി.വിജയൻ.

(ഡിസി ബുക്‌​‍്‌സ്‌ പ്രസിദ്ധീകരിച്ച ഒ.വി.വിജയൻ ഓർമപ്പുസ്‌തകം എന്ന സമാഹാരത്തിന്‌ എഡിറ്റർ പി.കെ.രാജശേഖരൻ എഴുതിയ ആമുഖലേഖനം)

പി.കെ.രാജശേഖരൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.