പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇത്‌ ‘ഭരത്‌ഗോപി’ രണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ പോൾ

ഗോപി അല്ലെങ്കിലും അങ്ങിനെയായിരുന്നുവല്ലോ..... നടനായി പ്രവർത്തിക്കുമ്പോൾ ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും വന്നുചേർന്ന താരപരിവേഷം ഒരിയ്‌ക്കലും ഗോപി ആസ്വദിച്ചിട്ടില്ല. ആരാധകരുടെ വൃന്ദം എന്നും ഗോപിയെ വിളറിപിടിപ്പിച്ചിട്ടേയുള്ളൂ. അവരോട്‌ ഈർഷ്യ കാണിച്ചിട്ടുമുണ്ട്‌. അംഗീകാരത്തിന്റെ അനുബന്ധമായ ആദരവിനോടല്ല ഗോപി പുറംതിരിഞ്ഞുനിന്നത്‌. താൻ തന്റെ ധർമ്മം നിർവ്വഹിക്കുന്നു. ലഭിക്കുന്ന കഥാപാത്രങ്ങളെ തന്റെ ജീവിതത്തോടു ചേർത്തു പുനർവ്യാഖ്യാനിക്കുന്നു. സിനിമയിലായാലും നാടകത്തിലായാലും നടനല്ല പ്രധാനം സിനിമയാണ്‌, നാടകമാണ്‌. നല്ല സിനിമയുടെ നല്ല നാടകത്തിന്റെ ഭാഗമാകുവാനായിരുന്നു ഗോപിയുടെ ശ്രമമത്രയും. അങ്ങിനെയാകും എന്നു ബോദ്ധ്യം തോന്നാത്ത പരിവൃത്തത്തിൽ അഭിനയിക്കുവാൻ തയ്യാറാകാതെ നിസ്സങ്കോചം ഒഴിഞ്ഞു മാറുവാനും ഗോപി മടിച്ചിട്ടില്ല. അതിന്റെ പേരിൽ “അഹങ്കാരി” എന്നു പേരുകേട്ടതോ, ഒരുപാടു പേരുടെ നീരസം നേടിയതോ ഒന്നും ഗോപി കാര്യമാക്കിയതുമില്ല. ചിലപ്പോഴൊക്കെ ഇണങ്ങാത്ത ചിത്രവും വേഷവുമെന്ന മുൻധാരണയിൽ ഇതുപോലെ തിരസ്‌ക്കരിച്ച സന്ദർഭങ്ങൾ പിന്നീടൊരു വീണ്ടുവിചാരത്തിൽ അങ്ങിനെയായിരുന്നില്ലെന്നു ബോദ്ധ്യപ്പെട്ട സന്ദർഭങ്ങളുമുണ്ട്‌. അതിൽ പശ്ചാത്താപപൂർവ്വം ഖേദം പ്രകടിപ്പിക്കുവാൻ ഗോപി തയ്യാറായിരുന്നത്‌ നഷ്‌ടപ്പെട്ട അഭിനയാവസരങ്ങളുടെ പേരിലുമായിരുന്നില്ല. തന്നെകൂടി ചേർത്തു അവർ വിഭാവനം ചെയ്‌തിരുന്ന ചലച്ചിത്രസങ്കല്‌പം യാഥാർത്ഥ്യമാകുന്നതിന്‌ തന്റെ ഒഴിഞ്ഞുമാറ്റം ഇടർച്ചവരുത്തിയതിലായിരുന്നു ഗോപിയുടെ മനഃസ്‌താപം‘

ക്ഷിപ്രകോപിയായിരുന്ന ഗോപി. പരുക്കൻ സ്വഭാവം മുഖംമറയായിരുന്നില്ല ഒരിയ്‌ക്കലും. വളരെ സൂക്ഷിച്ചേ, കരുതലോടെയേ, ആരുമായും അടുക്കൂ....... അടുപ്പമില്ലാത്തവർ തന്റെ സ്വകാര്യതയിൽ നുഴഞ്ഞുകയറുവാൻ ഒരിയ്‌ക്കലുമനുവദിക്കില്ല. മനസ്സുകൊണ്ടടുത്താൽ എന്തും പങ്കുവയ്‌ക്കും. സ്‌നേഹവും സമയവും കരുതലും സ്വകാര്യവും..... മനസ്സുതന്നെയും! അത്രയും അടുപ്പമുണ്ടെന്നു കരുതി പരുഷവാക്കുകൾക്ക്‌ ഒഴിവൊന്നും പ്രതീക്ഷിക്കരുത്‌. “പരിചയമുള്ള പോലീസുകാരൻ രണ്ടിടി കൂടുതൽ തരുമെന്നു പറയുംപോലെ കൂടുതലടുപ്പമുള്ളവരോടു മനസ്സിലപ്പോഴപ്പോൾ തോന്നുന്നത്‌ ഒരു മറയും കൂടാതെ പരുഷമായെങ്കിൽ പരുഷമായി, ആർദ്രമായെങ്കിൽ ആദ്രമായി, ശബ്‌ദിമിടറിയെങ്കിൽ ശബ്‌ദമിടറി സത്യസന്ധമായി അതേവിധം പ്രകാശിപ്പിക്കും. ആ പ്രകാശനം അല്‌പം കടുത്തു പോയെന്നോ അല്ലെങ്കിൽ ആ പ്രതികരണം അല്‌പം രൂക്ഷമായെന്നോ തോന്നിയാൽ അക്ഷണം തിരുത്തും. സ്‌നേഹവായ്‌പ്പോടെ ചുമലിൽ കൈയ്യിട്ടു തന്നോടുചേർത്തണച്ചുകൊണ്ടൊരു ചിരി. ക്ഷമാപണത്തിനു പിന്നെ ഔപചാരികവാക്കുകൾ എന്തിന്‌? അതിൽ തീരും, എല്ലാം! ഇണങ്ങുമ്പോഴും പിണങ്ങുമ്പോഴും ഈ സത്യസന്ധത അവസാന നിമിഷംവരെ പുലർത്തിയിരുന്നു ഗോപി. സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മാത്രമല്ല; ഭാര്യ ജയലക്ഷമിയോടും (ആരോഗ്യവകുപ്പിലെ ഉദ്യോഗസ്‌ഥയായിരുന്നു) മകൾ മിനുവിനോടും (ഡോക്‌ടർ) മകൻ ഉണ്ണി (മുരളികൃഷ്‌ണൻ ഃ മാധ്യമപ്രവർത്തകൻ, നടൻ തിരക്കഥാകൃത്ത്‌) യോടും എല്ലാം ഒരുപോലെ!

’പാളങ്ങളുടെ ലൊക്കേഷനിൽ ഞാൻ കടന്നു വരുമ്പോൾ, ഭരതന്റെ മുറിയിൽ ഗോപി ഭരതനോടും ലളിതയോടും സറിനാവഹാബിനോടുമൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു. ഭരതൻ എന്നെ പരിചയപ്പെടുത്തി.

”ഗോപിയണ്ണാ ഇത്‌..........“ മുഴുമിപ്പിക്കേണ്ടി വന്നില്ല.

”അറിയാം .... ജോണല്ലേ?“ എത്രയോ കാലമായി അടുപ്പമുള്ള ഒരാളോടെന്നതുപോലെയാണു ഗോപി ആദ്യം കാണുമ്പോഴേ എന്നോടു പെരുമാറിയത്‌. ഉപചാരങ്ങളും മുഖവുരയും അപ്രസക്തമായിരുന്നു. ഷൂട്ടിംഗ്‌ പിറ്റേന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.... കിട്ടിയ സമയംകൊണ്ടു തന്റെ കഥാപാത്രത്തിന്റെയുള്ളിലേയ്‌ക്കു ചുഴിഞ്ഞിറങ്ങുവാൻ എന്റെ സാന്നിദ്ധ്യത്തെ പരമാവധി ഉപയോഗിച്ചു ഗോപി. കഥാപാത്രത്തിന്റെ പ്രകൃത പാർശ്വങ്ങൾ വരെ ചോദിച്ചറിഞ്ഞു. തിരക്കഥാകൃത്തിനോടും സംവിധായകനോടും ഇതുപോലെ ഒരുകൊടുക്കൽ വാങ്ങൽ ഗോപിയ്‌ക്കാവശ്യമായിരുന്നു. അതെങ്ങിനെയും ശഠിച്ചു സാധ്യമാക്കുമായിരുന്നു. സ്വന്തം വ്യാഖ്യാനത്തിന്റെ പ്രത്യക്ഷ ശൈലിയിൽ കഥാപാത്രത്തെ പുനഃസൃഷ്‌ടിക്കുമ്പോൾ ഉപബോധമനസ്സിന്റെ അറകളിൽ നിന്നും ആ നിമിഷംവരെ അജ്ഞാതമായ ആർജ്ജിത സംസ്‌കൃതിയുടെ മിന്നായങ്ങൾ ചാർത്തി കഥാപാത്രങ്ങൾക്കു അതിശയമാനങ്ങൾ തീർക്കുമ്പോൾ, തന്റെ വ്യാഖ്യാനമത്രയും ചിത്രത്തിന്റെ പൊതു സത്തയ്‌ക്കു വിധേയമായിരിക്കണം എന്ന നിഷ്‌ഠ പുലർത്തിയിരുന്നു ഗോപി.

‘കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഭരത്‌ അവാർഡ്‌ ലഭിച്ച വിവരം ഫോണിലൂടെ അറിയിച്ച മാവേലിക്കര രാമചന്ദ്രനോട്‌ അതിനേക്കാൾ പ്രാമുഖ്യം നൽകി, ഗോപി ആരാണത്‌ ’കൊടിയേറ്റത്തിനു ലഭിക്കുന്ന ബഹുമതി എന്താണെന്നായിരുന്നു. സിനിമയിൽ നിന്നു വേറിട്ട അഭിനയത്തെ കാണാൻ തയ്യാറില്ലാത്ത ഈ നിലപാട്‌ ആദ്യന്തം പുലർത്തിയിരുന്നു ഗോപി.

വൈകിട്ട്‌ ചെറുതുരുത്തി പാലത്തിനരികിലൂടെ ഭാരതപ്പുഴയുടെ മണൽത്തിട്ടയിലേയ്‌ക്കിറങ്ങി ഇത്തിരിവെള്ളത്തിൽ കാലുകളിറക്കിവെച്ചു പാതിരാവോളം ഞങ്ങൾ സംസാരിച്ചിരുന്നു. എപ്പോഴെല്ലാമോ പറയുവാനായികരുതിവച്ചിരുന്നതത്രയും പറഞ്ഞുതീർക്കുംപോലെ! അന്നുമാത്രം നേരിൽ പരിചയപ്പെട്ട എന്നോടിത്രമാത്രം അടുപ്പമോ എന്നു ഞാനത്ഭുതപ്പെടുമ്പോൾ എന്റെ മനസ്സുവായിച്ചിട്ടെന്നോണം ഗോപി പറഞ്ഞു.

”വിടപറയും മുൻപേയിൽ ഞാനഭിനയിച്ചില്ലേ..... ജോണെഴുതിയ കഥാപാത്രമായി മാറുമ്പോൾ ഞാനറിഞ്ഞത്‌ ജോണിനെയായിരുന്നില്ലെ? പകർന്നാടിയത്‌ ജോണിന്റെയും മോഹന്റെയും മനസ്സായിരുന്നില്ലേ ?......“

ആ സമർപ്പണത്തെ മനസ്സുകൊണ്ടു നമിക്കുവാനേ കഴിഞ്ഞിട്ടുള്ളൂ...., അന്നും തുടർന്നങ്ങോട്ടുള്ള എല്ലാ ഊഴങ്ങളിലും.

ജീവിതത്തിലെ പല ആപൽഘട്ടങ്ങളിലും ഒരു നിയോഗത്താലെന്നതുപോലെ ഗോപി സാന്ത്വനത്തിന്റെയും സഹായത്തിന്റെയും പ്രതിരൂപമായി എന്റെ മുൻപിൽ അവതരിച്ചിട്ടുണ്ട്‌. നിസ്സാരകാരണങ്ങളുടെ പേരിൽ പിണങ്ങി അകന്നു നടന്നിട്ടുമുണ്ട്‌. രണ്ടും ആത്മാർത്ഥമായിത്തന്നെയായിരുന്നു എന്നറിഞ്ഞിരുന്നതുകൊണ്ട്‌ ഒരിയ്‌ക്കലുമതിൽ പരിഭവം തോന്നിയിട്ടില്ല. മനസ്സിലെ കാറും കോളുമൊഴിയുമ്പോൾ ഉറപ്പാണ്‌ മുന്നറിയിപ്പുകളില്ലാതെ നേരെ മുൻപിലേയ്‌ക്കൊരു കടന്നു വരവ്‌. അല്ലെങ്കിലൊരു ഫോൺ. കടങ്ങളെല്ലാം വീട്ടി മനസ്സിലെ ആർജ്ജവമത്രയും വാക്കുകളായി വിളമ്പി നിമിഷനേരം കൊണ്ടു മുൻപുണ്ടായിരുന്നതിലുമേറെ മുഗ്‌ദ്ധഹൃദ്യമായ സൗഹൃദത്തിന്റെ ഇഴയടുപ്പത്തോടെ വരിഞ്ഞു മുറുക്കും ഗോപി!

ആൾക്കൂട്ടത്തിൽ നിന്നകന്നു നിൽക്കാൻ ഗോപി ആഗ്രഹിച്ചതു അവരോടുള്ള അകൽച്ചകൊണ്ടല്ല. തന്റെ സർഗ്ഗീയതയ്‌ക്കാവശ്യമായ സ്വകാര്യതയെ കരുതിയാണ്‌. തന്റെ ധർമ്മം, കർമ്മം, താനഗ്രഹിക്കുന്നവിധം തനിയ്‌ക്കനുഷ്‌ഠിക്കുവാൻ ആരവഭരിതമായ സാന്നിദ്ധ്യങ്ങൾ അലോസരം തീർക്കുമെന്നു ഗോപിയ്‌ക്കറിയാമായിരുന്നു. ആസ്വാദകന്‌ കാഴ്‌ചയിൽ സ്വന്തം ജീവിതത്തോടു ചേർത്തു കാണാനും വിലയിരുത്തുവാനുള്ള ജീവിത വ്യാഖ്യാനങ്ങൾ പകർന്നു കിട്ടാൻവേണ്ടി വാഹകനും വിന്യാസകനുമായി സ്വന്തം സത്തയെ സമർപ്പിക്കുമ്പോഴും സ്വീകർത്താവിൽ നിന്നും പാലിയ്‌ക്കേണ്ട അകലങ്ങളെക്കുറിച്ചു ഗോപി ബോധവാനായിരുന്നു. ഒപ്പം സഹജമായ കുട്ടികളുടെ മനസ്സിന്റെ ശാഠ്യങ്ങളും ഉൽക്കണ്‌ഠകളും ധാരണകളും പ്രകൃതത്തിന്റെ ഭാഗമായി. ആ മനസ്സിലെ നേരുതന്നെയാണല്ലോ എം.ജി.ആറിനോട്‌ ”അരുതേ; വരരുതേ....“ എന്നപേക്ഷിക്കുവാൻ ഗോപിയെ പ്രേരിപ്പിച്ചതും.!

സ്വപ്‌നങ്ങളേറെ പങ്കിട്ടിരുന്നു ഗോപി ഞാനുമായി. അവയിലേറെയും സ്വപ്‌നങ്ങളായി ബാക്കി നിറുത്തി ഗോപി ഒരോർമ്മയായി കടന്നുപോയിട്ട്‌ ജനുവരി 29ന്‌ ഒരു വർഷമാകുന്നു. മഹാനടന്റെ മരിയ്‌ക്കാത്ത ഓർമ്മയ്‌ക്കു പ്രണാമമായി അഭിനയസാക്ഷ്യങ്ങളുണ്ട്‌; തോൽവിയിലും ജയത്തിലും ആഹ്ലാദത്തിലും നൊമ്പരത്തിലും കുതിപ്പിലും ഇടർച്ചയിലും മനസ്സിനൊപ്പം നിന്ന ചങ്ങാതിയ്‌ക്കോ? നിവർത്തിക്കാതെ ബാക്കിവച്ച സ്വപ്‌നങ്ങൾ തന്നെ പ്രണാമം..... നിത്യപ്രണാമം! സ്വസ്‌തി!

ജോൺ പോൾ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.