പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പരിത്രാണായ സാധൂനാം.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുസുംഷലാല്‍

ഈ നാടിനു പേ പിടിക്കുകയാണോ...?

കലിയുഗമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണോ..? സമകാലിക സാമൂഹിക ജീവിതത്തിന്റെ അകത്തള വ്യാപാരങ്ങള്‍ കീഴടക്കുന്നത് മനുഷ്യസങ്കല്‍പ്പങ്ങളെയും പൗരാവകാശങ്ങളേയും ഇത:പര്യന്തമുള്ള സംസ്കൃതിയെയുമാണ് . ഇതു തന്നെ വ്യത്യസ്ത വീഥികളിലൂടെ , വ്യത്യസ്ത കര്‍മ്മനിര്‍വഹണത്തിലൂടെയൊക്കെ ആണെങ്കിലും പര്യവസാനം പതനത്തിന്റെ പാതാളം തന്നെയാണ് . ഇതിഹാസം , ലോകത്തിന് ഒരു ഈഡിപ്പസിനെ പരിചയപ്പെടുത്തുമ്പോള്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്ന അഭിനവ ഈഡിപ്പസുകള്‍ , മനുഷ്യബുദ്ധിയും സംസ്ക്കാരവും അതിന്റെ പാരമ്യ പരിധിയില്‍ എത്തിനില്‍ക്കുന്ന ഈ സമയത്തും , നാടിളക്കി മറിക്കുന്ന മ്ലേച്ഛതരമായ വേഴ്ചാവാഴ്ചകള്‍ എങ്ങും ദിനക്കാഴ്ചകളായി തീര്‍ന്നിരിക്കുന്നു.

ലോകം അവസാനിക്കുന്നത് അധര്‍മ്മം, അനീതി, അത്യാഗ്രഹം, അസൂയ, അപഹരണം, അപഹസനം, എന്നീ അനാശാസ്യങ്ങളുടെ വ്യാപാരം നൈതിക സമൂഹത്തില്‍ നിരന്തര വ്യാപനം കൊള്ളുമ്പോഴാണ്. ഇപ്പറഞ്ഞവ ഓരോന്നായും ഒന്നായും ജീവിത ബോധത്തെ ആക്രമിക്കുകയും ക്രമേണ ഇത് ‘തെറ്റല്ലെ’ന്ന ബോധ്യമാകുകയും പിന്നീടത് ‘ ശരിയായും' സമൂഹം ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്. ഈ ഉള്‍ക്കൊള്ളല്‍ സാധ്യമായ സമൂഹം തിന്മകളുടെ ന്യായീകരണമാവുകയും പതുക്കെ പതുക്കെ നന്മയുടെ ക്രിയാത്മകതയെ നിഷ്ക്രിയമാക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ സൂക്ഷ്മസ്പന്ദനം ശ്രദ്ധിക്കുന്ന വിദഗ്ദനേത്രങ്ങള്‍ക്ക് കാണാനാകും. ‘അത്യാഗ്രഹം ആപത്ത്’ എന്നത് വളരെ പഴയൊരു ചൊല്ലാണ്. ഇതിഹാസകാലം മുതല്‍ ഇന്നലെയോളം ഇതിന്റെ മൂല്യം ദൈനന്തിനം വര്‍ദ്ധിക്കുകയായിരുന്നു . അത് നീതിസാരത്തില്‍ ഇങ്ങനെ പകര്‍ത്തിയിരിക്കുന്നു.

അതിദാനദ്ധത കര്‍ണ്ണ: അതിലൊരു സുയോധന: അതികാമ ദശഗ്രീവ: അതി സര്‍വ്വത്ര വര്‍ജ്ജയേല്‍

അതിയായ ലോഭത്താല്‍ ദുര്യോധനനും അതിയായ കാമത്താല്‍ രാവണനും അതിയായ ധര്‍മ്മത്താല്‍ യുധിഷ്ഠിരനും നശിച്ച ‘ ചരിത്രം’ അറിയുന്ന നമ്മള്‍ , ജീവിതത്തില്‍ നിന്നും ‘ അതി’ യെ അകറ്റി സ്വയം വിജയിക്കട്ടെ എന്ന ഈ ഉദ്ബോധനശ്ലോകം ഉള്‍ക്കൊള്ളാന്‍ പൊതു സമൂഹത്തിനെന്നല്ല പുണ്യപുരാണപാരായണന്മാര്‍ക്കും സാധിക്കുന്നില്ല.

അസൂയയും അതിന്റെ ഉടല്‍പ്പിറപ്പായ അപഹസനവും കൊണ്ട്, സമൂഹം ഒന്നടങ്കം ഉന്നതരെന്ന് ഉദ്ഘോഷിക്കുന്നവര്‍പോലും പലപ്പോഴും കടിപിടികൂടുന്നത് ഇപ്പോള്‍ വാര്‍ത്തയേ അല്ല. അരനൂറ്റാണ്ടു മുമ്പ് , ജി. ശങ്കരക്കുറുപ്പ് കവിയല്ലെന്നും ടാഗോറിന്റെ നിഴലാണെന്നും തര്‍ക്കിച്ച ശ്രീ. അഴീക്കോട് , ചുള്ളിക്കാടും മോഹന്‍ലാലും വി.എസ്സു മായി വിവിധഘട്ടങ്ങളില്‍ കൊത്തിക്കീറിയത് എന്തുകൊണ്ടായിരുന്നു? അഴീക്കോടിനെ ആവേശിച്ച ആ ബാധ ഒരിക്കല്‍ ചുള്ളീക്കാടില്‍ കയറിയപ്പോള്‍ വയലാര്‍ കവിയല്ലെന്ന് - വയലാര്‍ ഒരു സ്ഥലമാണെന്ന ബോധത്താലാകാം പ്രലപനം ഉണ്ടായതും ചരിത്രം. ചെറുകഥക്കപ്പുറത്തെ ലക്ഷ്മണരേഖ മറികടക്കാനാവാത്ത പത്മനാഭന്റെ ജനിതക ഹുങ്ക് കൊണ്ടാണല്ലോ കുഞ്ഞുണ്ണിമാ‍ഷ് കവിയല്ലെന്ന് ആ മുഖത്തു നോക്കി ജല്‍പ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. മറ്റുള്ളവര്‍ നിസ്സാരരാണെന്നും എന്നാല്‍ അവര്‍ തങ്ങള്‍ക്കു മേലെ പ്രശസ്തരാകുന്നുവോ എന്ന വേദനയില്‍ നിന്നും ഉയിര്‍ കൊള്ളുന്ന അസൂയയും അതുവഴിയുള്ള അപഹസനവുമാണിത്. എന്നാല്‍ അപഹരണം ഇതില്‍ നിന്നെന്നെല്ലാം വിഭിന്നമായി സമൂഹത്തില്‍ നിരന്തരം നടക്കുന്ന ഒരു പ്രക്രിയയാണ് . ഇതിന്റെ നീരാളിക്കയ്യുകള്‍ സമ്പന്നനിലും ദരിദ്രനിലും ഒരു പോലെ പിടിമുറുക്കിക്കൊണ്ടിരിക്കയാണ്. മറ്റൊരു പ്രത്യേകത ഇതിന് നിയമപരമായ സുരക്ഷാവഴികള്‍ ഉണ്ട് എന്നതാണ്. ഏത് ഭരണകൂടമായാലും ഈ അപഹരണമൂര്‍ത്തികളുടെ സ്വച്ഛസഞ്ചാരം നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. അവരുടെ അണിയറ സഹായത്താല്‍ ജീവിതത്തിലും രാഷ്ട്രീയത്തിലും തടിച്ചു കൊഴുക്കുന്ന മേലാളന്‍മാര്‍ ഓച്ഛാനിച്ചു നില്‍ക്കാതെ പിന്നെന്തു ചെയ്യാന്‍? 2 ജി സ്പ്രെക്ടം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ലാ‍റ്റ്, യുദ്ധ സാമഗ്രി- കോടിക്കോടികളുടെ കുംഭകോണങ്ങള്‍ അങ്ങനെയാണുണ്ടാകുന്നത്. ഉന്നതങ്ങളില്‍ ഇങ്ങെനെയെങ്കില്‍ താഴെ, ഗ്രാമീണ ബി. പി. എല്‍ ജീവിതങ്ങളില്‍ നിന്നും നിത്യേന പിടിയരിക്കാശു പിടുങ്ങി , മണിച്ചെയിനുകളായും പൂവ്വല്‍ച്ചിട്ടികളായും സാന്ത്വനമെന്ന് ഇളിച്ചു കാട്ടി ‘ നിയമവിധേയ’ മാക്കി പഞ്ചനക്ഷത്രജീവിതം ആഘോഷിക്കുന്ന പാവം സന്യാസികൊക്കുകള്‍ എത്ര കോടികള്‍ ഇങ്ങനെ സ്വരൂപിച്ചിട്ടുണ്ടെന്ന് ഒരു സര്‍ക്കാരിനും തിട്ടം കാണില്ല. അനാഥാലയം നടത്തി കുഞ്ഞുങ്ങളെ ‘ എങ്ങനെയും’ തരപ്പെടുത്തി വിറ്റ് ലക്ഷങ്ങള്‍ കൊയ്യുന്ന ഹക്കിം വക്കീലന്മാരും അപഹരണത്തിന്റെ മറ്റൊരു വഴിയാത്രികരാണ്.

എന്നാല് ‍അനീതി പലപ്പോഴും ആപേക്ഷികമായിട്ടാണ് കാ‍ണപ്പെടുന്നത്. പതിനായിരക്കണക്കായ ആദിവാസികളുടെ സമകാലിക ജീവിതം തന്നെ സംസാരിക്കുന്ന ചിത്രമായി നമുക്കു മുന്നിലുണ്ട്. പരിഷ്കൃത മനുഷ്യര്‍ ആദിവാസികളെ മനുഷ്യരായി അംഗീകരിച്ചിട്ടില്ലെന്നു ഉറപ്പിച്ചു പറയാനാകും. ആ ജീവിതയാതനകള്‍ കാണുമ്പോള്‍ ഏതു തെരുവുനായക്കു പോലും ആഹാരവും കിടപ്പ് സൗകര്യങ്ങളും ലഭ്യമാകുന്ന ഇക്കാലത്തും ഈ മനുഷ്യ കീടങ്ങള്‍ ‘ ഇങ്ങനെയോ’ എന്ന് അവരുടെ ഊരുകളിലെ ‘ പ്രാകൃത’ അകൃത ജീവിത പരിസരം ശരാശരി മനുഷ്യരെ ദണ്ണിപ്പിക്കുക തന്നെ ചെയ്യും. വാഗ്ദാനങ്ങളിലെ പൂമഴ...അനുഭവങ്ങളിലെ തീമഴ! നമുക്കെന്നാണു സഹജീവി ബോധമുദിക്കുക ?

ഇതൊക്കെയാണെങ്കിലും സമൂഹം തികച്ചും അധാര്‍മ്മികതയിലേക്കു ആണ്ടു പോകുന്ന കാഴ്ചകളും വാര്‍ത്തകളുമാണ് വര്‍ത്തമാനകാലത്തില്‍ അഗ്നിമഴയായി പെയ്തുകൊണ്ടിരിക്കുന്നത്. തിന്മകളുടെ വിഷത്തുള്ളികള്‍ വീണ് നന്മയുടെ അമൃതകുംഭങ്ങള്‍ വിഷമായി തീരുന്ന ദുഷ്ക്കാല പരിവര്‍ത്തന പ്രക്രിയ തുടരുകയാണ്.

‘’പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായാം സംഭവാമി യുഗേ യുഗേ’‘....

ദുഷ്ടതകളുടേയും വിനാശങ്ങളുടേയും ഇടയില്‍ പെട്ട് നട്ടം തിരിയുന്ന സജ്ജനങ്ങളുടെ സംരക്ഷണത്തിനായും ധര്‍മ്മം ഊട്ടിയുറപ്പിക്കുന്നതിനായി അതതു കാ‍ലങ്ങളില്‍ ഞാന്‍ അവതരിക്കുന്നുമെന്നു ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇനി ഒട്ടും വൈകിക്കൂട. മീന്‍, ആമ, പന്നി, നരസിംഹം , വാമനന്‍, പരശുരാ‍മന്‍, ബലരാമന്‍, ശ്രീരാമന്‍, കൃഷ്ണന്‍ എന്നീ വേഷങ്ങള്‍ എടുത്തത് അതതുകാലങ്ങളില്‍ അതിരു കടന്ന അധര്‍മ്മങ്ങളെ ഒടുക്കാനാണെന്ന് നമുക്കെല്ലാം മനസിലായിട്ടുള്ളതാണ്. എന്നാല്‍ ഈ സമകാലിക സാഹചര്യങ്ങളില്‍ നഗ്നമായി നടമാടുന്ന ധര്‍മ്മച്യുതിയോളം കാഠിന്യം നവാവതാര ഘട്ടങ്ങളിലുണ്ടായിട്ടില്ലെന്ന് മുന്നറിവും ഇന്നിന്റെ അനുഭവവും വച്ച് സാക്ഷ്യപ്പെടുത്താനാകും. തൂലികപോലും നാണിക്കുകയും നാറുകയും ചെയ്യുന്നത്ര ജുഗുപ്സാവഹമായ വിചിത്രരാസകേളികളാണ് എന്റെ കൃഷ്ണാ, ഇന്ന് ഇവിടുത്തെ ദൃശ്യ -ശ്രോത്തൃ വിസ്മയങ്ങള്‍!!.

വിവാഹവാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് തിരസ്ക്കരിക്കുന്നതും, പ്രണയം നടിച്ച് വിളിച്ചു വരുത്തി , കൂട്ടുകാരൊത്തു ചേര്‍ന്നുള്ള ഭോഗത്തിമിര്‍ത്താട്ടവും കൊച്ചമ്മൂമ്മ പ്രായത്തിലും മക്കള്‍പ്രായക്കാരൊത്ത് പുതുജീവിത സ്വപ്നം നെയ്ത് പ്രണയത്തേരില്‍ മിഥുനങ്ങളായി റാകിപ്പറക്കലുമെല്ലാം ഇന്നിവിടെ ഒട്ടും പുതുമയല്ലാതായി മാറിയിരിക്കുന്നു.

സ്വന്തം മകളെ ഭോഗിച്ച ശേഷം ഉപഭോഗാഗ്രഹികള്‍ക്ക് മോഹവിലക്ക് വിനിമയം നടത്തി ആര്‍ഭാടജീവിതം നയിക്കുന്ന വിവിധയിനം പിതാക്ക(!) ന്‍മാര്‍ ...അച്ഛനും മകനും ഊഴമിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രാപിക്കുക... അമ്മയും മകനും ചേര്‍ന്ന് വീടുവാടകക്കെടുത്ത് വേശ്യാലയം നടത്തുക, പെറ്റു പോറ്റിയ മകളെ വന്‍ തുകക്ക് വേശ്യാലയങ്ങള്‍ക്ക് വില്‍ക്കുക, ഇതൊക്കെയാകുന്നു ദൈവത്തിന്റെ നാട്ടിലെ പുതിയ രീതികള്‍ !! കാലത്തിന്റെ ശിലാഹൃദയത്തില്‍ ഇതൊരനുരണനവും സൃഷ്ടിക്കുന്നില്ല ! രണ്ടാം ദിവസം പഴം വാര്‍ത്ത!! മറ്റൊരു വഴിയിലെ , തുല്യപ്രാധാന്യമുള്ള മറ്റൊന്ന്: ഒമ്പതാം ക്ലാസുകാരന്‍ , പഠനം കഴിഞ്ഞ് രാത്രി ബസുകള്‍ കഴുകി കിട്ടുന്ന തുക ഒരു ടി. വി എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ മാറ്റി വക്കുന്നു. കുടിയനായ അച്ഛന് അതിനുള്ള വകയും കുടുംബത്തിന്റെ വിശപ്പു പരിഹരിക്കാനും കഷ്ടപ്പെടുന്ന ഒരു പതിനാലുകാരന്‍! പ്രയത്നശാലിയും കുടുംബസ്നേഹിയുമായ ആ കുരുന്നു ബാലനെ തനിക്കൊരു സിഗററ്റ് ലൈറ്റര്‍ വാങ്ങിത്തന്നില്ലെന്ന കാ‍രണത്താല്‍ തല ഭിത്തില്‍ ആഞ്ഞിടിച്ച് തലച്ചോര്‍ ചിതറിച്ച് കൊന്ന ഒരച്ഛന്‍!! ചപല ഭോഗികളുടെ നിര്‍ദ്ദയത്വത്തെക്കാളും നീചാത്മാവുകളുടെ നിര്‍ഭയത്വത്തെക്കാളും ഭീകരവും ക്രൂരവുമാകുന്നുണ്ട് ഇന്ന് ചില പിതൃ- മാതൃ മനസുകളും! എത്ര വേഗമാണ് ഈ സ്വപ്നഭൂമിയും അതിന്റെ പ്രതികരണ മനസും കല്ലായി മാറിയത്.

നിരന്തര സമ്പര്‍ക്കത്തില്‍ ഇരുട്ട് വെ‍ളിച്ചമാകുമ്പോലെ മര്‍ത്ത്യസംസ്കൃതി ചുട്ടെരിഞ്ഞ ചുടലനാറ്റം സഹിക്കാന്‍ നാം പരുവപ്പെട്ടു കഴിഞ്ഞുവോ... നമ്മുടെ ശിലമൗനം മറ്റെന്താണ് സൂചിപ്പിക്കുന്നത്... പേടിയാകുന്നു! പത്താമവതരം കഠിനനിയമത്തിന്റെ രൂപത്തില്‍ സംഹാരഖണ്ഡവുമായി അവതരിക്കേണ്ടിയിരിക്കുന്നു. ഈ നാടിന്റെ പുനര്‍നിര്‍മ്മിതിക്ക്!

കുസുംഷലാല്‍ ‘ശ്രീയാര്‍ദ്രം’ ചെറായി പി. ഒ 683514 എറണാകുളം ജില്ല 9446441388 Email - klalcy@yahoo.com

കുസുംഷലാല്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.