പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ജനകീയ സിനിമയുടെ അപ്പസ്തോലൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.

ജോൺ എബ്രഹാമിന്റെ വേർപാടിന്‌ 20 വർഷം

(1987 മെയ്‌ 30 - 2007 മെയ്‌ 30)

ഇവിടെ,

ഈ സെമിത്തേരിയിൽ

കോൺക്രീറ്റു കുരിശു രാത്രിയിൽ

മൂർദ്ധാവിലിംഗാല-

മലിനമാം മഞ്ഞു പെയ്താത്മാവു

കിടുകിടുക്കുന്നു, മാംസം മരയ്‌ക്കുന്നു

എവിടെ ജോൺ

ഗന്ധകാംലം നിറച്ച നിൻ-

ഹൃദയഭാജനം -?

ശൂന്യമീ കല്ലറയ്‌ക്കരികിൽ

ആഗ്നേന സൗഹൃദത്തിൻ

-ധൂമ വസനമൂരിയെറിഞ്ഞ

ദിംഗംബര ജ്വലനം

- ബാലചന്ദ്രൻ ചുള്ളിക്കാട്‌.

ജനകീയ സിനിമയുടെ ഉപജ്ഞാതാവ്‌ എന്നു വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ വേർപാടിന്‌ രണ്ടു പതിറ്റാണ്ട്‌ പൂർത്തിയാകുന്നു.

സിനിമയുടെ പ്രത്യയശാസ്ര്തം എന്തായിരിക്കണമെന്നു നിർവ്വചിക്കുകയും അതിന്റെ പ്രയോഗപരീക്ഷണങ്ങൾ, ഒരു ഡിപ്ലോമ സിനിമയുൾപ്പെടെയുള്ള തന്റെ അഞ്ചു സിനിമയിലൂടെ നിർവ്വഹിക്കുകയും ചെയ്ത അതുല്യനായ ജോൺ എബ്രഹാമിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്‌ക്ക്‌ പ്രത്യേകിച്ച്‌ മലയാള സിനിമയ്‌ക്കുള്ള അമൂല്യ ഉപഹാരമായി കണക്കാക്കപ്പെടുന്നുണ്ട്‌.

1937 ആഗസ്‌റ്റ്‌ 11ന്‌ കുന്നംകുളത്താണ്‌ ജോൺ ജനിച്ചത്‌. പിതാവ്‌ ചേന്നങ്കരി വാഴക്കാട്ട്‌ വി.ടി. എബ്രഹാം, അമ്മ കോട്ടയം അടിമത്ര സ്വദേശി സാറാമ്മ. ബാല്യകാലവും പ്രൈമറി വിദ്യാഭ്യാസവും പിതാവിന്റെ നാടായ കുട്ടനാട്ടിലായിരുന്നു. കോട്ടയം സി.എം.എസ്‌. ഹൈസ്‌കൂൾ, എം.ഡി. സെമിനാരി സ്‌കൂൾ തിരുവല്ല എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം, തുടർന്ന്‌ തിരുവല്ലാ മാർത്തോമ്മാ കോളേജിൽ നിന്ന്‌ ഇക്കണോമിക്സിൽ ബിരുദം നേടി. പിന്നീട്‌ കർണ്ണാടക ധാർവാഡ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എയ്‌ക്ക്‌ ചേർന്നെങ്കിലും അതു പൂർത്തിയാക്കിയില്ല. ഇതിനിടയിൽ മൂന്നുകൊല്ലം എൽ.ഐ.സിയിൽ ഉദ്യോഗസ്ഥനായി. 1965ൽ ജോലി രാജിവെച്ച്‌ പൂനാ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചേർന്നു. 1969ൽ സ്വർണ്ണമെഡൽ സഹിതം സംവിധാനത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു.

ജോൺ എബ്രഹാം എന്ന സംവിധായകന്റെ തുടക്കം ഇങ്ങനെയായിരുന്നു. ഫിലിം ഡിവിഷനുവേണ്ടി ഹിമാലയത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെൻട്രിയുടെയും മണി കൗളിന്റെ ‘ഉസ്‌ കി റൊട്ടി’ എന്ന ചിത്രത്തിന്റെ അസോസ്സിയേറ്റായും പ്രവർത്തിച്ചു. ജോണിന്റെ പ്രഥമ സിനിമയെന്നു വിശേഷിപ്പിക്കാവുന്നത്‌ അരമണിക്കൂർ ദൈർഘ്യമുള്ള ‘പ്രിയ’യാണ്‌. ഇൻസ്‌റ്റിറ്റ്യൂട്ടിലായിരിക്കുമ്പോൾ നിർമ്മിച്ച ഡിപ്ലോമ ചിത്രം.

പൊരുത്തക്കേടുകൾ നിറഞ്ഞ ഭാര്യാഭർത്തൃ ബന്ധത്തിന്റെ ഉള്ളറയിലേയ്‌ക്കാണ്‌ ജോൺ തന്റെ കന്നി സിനിമയുടെ ഫ്രെയിമുകൾ വെയ്‌ക്കുന്നത്‌. കലാലയ ജീവിതത്തിലേയ്‌ക്കും, ഹിന്ദി പ്രണയ സിനിമകളിലേയ്‌ക്കും തന്റെ മനസ്സ്‌ കലാലയകാലത്തെ തന്റെ കാമുകനിലേയ്‌ക്കും തിരിച്ച്‌ വിട്ടു ഉല്ലസിക്കുന്ന നായിക. ‘പ്രിയ’ എന്ന ഹൃസ്വചിത്രം മികച്ച ചിത്രമാണെന്ന്‌ പറയാനാവില്ലെങ്കിലും സിനിമയോടുള്ള ജോണിന്റെ കാല്പനികമായ അടുപ്പം ഈ ചിത്രത്തിൽ വെളിവാകുന്നുണ്ട്‌.

1969ൽ തന്നെ പുറത്തുവന്ന ജോണിന്റെ പ്രഥമ ഫീച്ചർ സിനിമയായ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ എന്ന ചിത്രം ഈ ചലച്ചിത്രകാരന്റെ സിനിമയോടുള്ള തന്റെ പ്രതിബന്ധത കൂടുതൽ പ്രകടിപ്പിക്കുന്നതായിരുന്നു.

ഒരു വിദ്യാലയത്തിന്റെ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഒരു പ്രതിമ (ആരുടേത്‌ എന്ന്‌ വ്യക്തമല്ലാത്ത) കുറെ കുട്ടികൾ കളിക്കുമ്പോൾ പന്തു തട്ടി ഉടയുന്നതും തുടർന്ന്‌ കുട്ടികൾ അതു പുനർനിർമ്മിക്കുന്നതുമാണ്‌ ചിത്രത്തിന്റെ പ്രമേയം. എന്നാൽ അതവിടെ അവസാനിക്കുന്നില്ല. കുട്ടികൾ വീണ്ടും കളിക്കുകയും പിന്നെയും ആ പ്രതിമ തകരുകയും ചെയ്യുമ്പോഴാണ്‌ സിനിമ അവസാനിക്കുന്നത്‌. വിശദമായ ഒരു കരകൗശലക്കാരന്റെ കരവിരുതോടെയുള്ള സംവിധായകനെയും, വിഗ്രഹഭഞ്ജകനായ ഒരു സംവിധായകനെയും ഒരേ സമയം ഈ സിനിമയിലൂടെ കാണുന്നു. രാമചന്ദ്രബാബുവാണ്‌ ഈ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്‌. എം.ബി. ശ്രീനിവാസൻ സംഗീതവും നൽകി.

ഏഴുവർഷത്തെ ഇടവേളയ്‌ക്കുശേഷം ജോണിന്റേതായി പുറത്തുവന്നത്‌ ‘അഗ്രഹാരത്തിലെ കഴുതൈ’ എന്ന തമിഴ്‌ ചിത്രമായിരുന്നു. കോളേജ്‌ പ്രൊഫസർ ആയ നാരായണസ്വാമിയും ചിന്നൻ എന്ന്‌ ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു കഴുതക്കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്‌ ജോൺ ഈ സിനിമയിലൂടെ അവതരിപ്പിച്ചത്‌. കോളേജിൽ നിന്നും പോന്ന പ്രൊഫസർ തന്റെ അഗ്രഹാരത്തിൽ ഒരു കഴുതയെ കൊണ്ടുവരുന്നു. എല്ലാവരുടേയും എതിർപ്പുകൾ ഏറ്റുവാങ്ങി കഴുതയെ പ്രൊഫസർ തന്റെ ഒപ്പം വളർത്തുകയാണ്‌. അയാളെ കൂടാതെ ഉമ എന്ന പെൺകുട്ടിയും കഴുതയെ സ്നേഹിക്കുന്നുണ്ട്‌. പിന്നീട്‌ ഒരു യാത്രപോയ പ്രൊഫസർ, തിരിച്ച്‌ അഗ്രഹാരത്തിലെത്തുമ്പോൾ കഴുതയെ എല്ലാവരും ചേർന്ന്‌ തല്ലിക്കൊന്നതായി മനസ്സിലാക്കുന്നു. തുടർന്ന്‌ ഗ്രാമത്തിൽ അശുഭകരമായ പലതും നടക്കുന്നു. കഴുതയ്‌ക്ക്‌ ഒരമ്പലം പണിയണമെന്നുള്ളതായിരുന്നു ഗ്രാമത്തിന്റെ തുടർന്നുള്ള തീരുമാനം.

‘അഗ്രഹാരത്തിൽ കഴുതൈ’ ഒരു തമിഴ്‌ സിനിമയായി ചെയ്തതിൽ ജോണിന്‌ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ അഗ്രഹാരങ്ങളെ ചുറ്റിപ്പറ്റി ജന്മം കൊണ്ട ഈ കഥ, ഒരു തമിഴ്‌ അന്തരീക്ഷത്തിലേ സജീവത്വം കൈവരിക്കുകയുള്ളൂവെന്നും കൂടാതെ പ്രമേയത്തിൽ ചില ദ്രാവിഡാംശങ്ങളുണ്ടെന്നും ജോൺ വിലയിരുത്തിയിരുന്നു. വെങ്കട്‌ സ്വാമിനാഥനാണ്‌ ഇതിന്റെ തിരക്കഥയെഴുതിയത്‌. കഥാകൃത്ത്‌ സക്കറിയ ആണ്‌ ജോണിന്‌ വെങ്കട്‌ സ്വാമിനാഥനെ പരിചയപ്പെടുത്തുന്നത്‌. ക്യാമറ ചലിപ്പിച്ചത്‌ രാമചന്ദ്രബാബുവും ആനന്ദക്കുട്ടനും ചേർന്നാണ്‌. രവി ചിത്രസംയോജനം നിർവ്വഹിച്ചു. സംഗീതസംവിധാനം എം.ബി. ശ്രീനിവാസൻ നിർവ്വഹിച്ചതു കൂടാതെ പ്രൊഫസറുടെ വേഷം അവതരിപ്പിക്കുകയും ചെയ്തു. ഇറ്റലിയിലെ പിസഗോ ഫിലിം ഫെസ്‌റ്റിവലിൽ ‘അഗ്രഹാരത്തിൽ കഴുതൈ’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കറുത്ത ഹാസ്യത്തിന്റെ തലത്തിലുള്ള ആദ്യത്തെ ഇന്ത്യൻ സിനിമയെന്നു നിരൂപകർ വിശേഷണം ചെയ്ത ജോണിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, സമകാലീന കുട്ടനാടൻ അവസ്ഥയുടെ കണ്ണാടിയായി മാറുന്നുണ്ട്‌. ഒരു സാമൂഹ്യ രാഷ്‌ട്രീയ ഡോക്യുമെന്ററി എന്ന തലത്തിൽ ഈ സിനിമ വരുന്നതിനോടാപ്പം ചെറിയാച്ചന്റെ മനസ്സിലെ രാപ്പകലുകൾ കാവ്യാത്മകമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു പേഴ്‌സണൽ സിനിമയായി ഇതു മാറുന്നു. സാമൂഹ്യജീവിതത്തെ ബാധിക്കുന്ന ഒന്നിനെയും വിമർശന വിധേയമാക്കാതിരിക്കുന്നില്ല എന്നതാണ്‌ ഈ സിനിമയുടെ സാമൂഹ്യ പ്രസക്തി. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത കർഷകത്തൊഴിലാളികളും, നഷ്ടപ്പെടാനുള്ളവയെ എന്തുവില കൊടുത്തും നിലനിർത്താൻ തയ്യാറാകുന്ന ജന്മിത്വവും തമ്മിലുള്ള സംഘർഷത്തിന്റെ നിസ്സഹായനായ മാപ്പുസാക്ഷിയാണ്‌ ചെറിയാച്ചൻ. കായൽരാജാവായ അവറാച്ചൻ മുതലാളിയും അയാളുടെ അനുചരന്മാരും ചേർന്ന്‌ കർഷകത്തൊഴിലാളികളെ കൊല ചെയ്തതിന്‌ ദൃക്‌സാക്ഷിയാകേണ്ടിവന്ന ചെറിയാച്ചൻ, പോലീസ്‌ തന്നെ തെരയുകയാണെന്ന ബോധാവസ്ഥയിലേക്ക്‌ നിപതിക്കുന്നു. തുടർന്ന്‌ അതിൽ നിന്നും മോചിതനാകുന്ന ചെറിയാച്ചൻ സഹോദരിയുടെ അവിഹിതവേഴ്‌ച കാഴ്‌ചകളിലേയ്‌ക്കും വീണുപോകുന്നുണ്ട്‌. പോലീസിനെ ഭയന്ന്‌ തെങ്ങിൽ കയറുന്ന ചെറിയാച്ചൻ അവിടന്ന്‌ വീണു മരിക്കുകയാണ്‌. ഏറ്റവും മികച്ച ഫ്രെയിമുകൾ ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്‌. മധു അമ്പാട്ടാണ്‌ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ളത്‌. സുരേഷ്‌ ബാബു, ബാലൻ എന്നിവർ എഡിറ്റിംഗ്‌ ജോലികൾ നിർവ്വഹിച്ചിരിക്കുന്നു. ജനശക്തി ഫിലിംസ്‌ 1980ൽ നിർമ്മിച്ച ഈ ചിത്രത്തിൽ അടൂർഭാസിയാണ്‌ ചെറിയാച്ചനെ അവതരിപ്പിച്ചിട്ടുള്ളത്‌. നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരും ഇതിലുണ്ട്‌. മികച്ച നടനുള്ള സംസ്ഥാന അവാർഡ്‌ അടൂർഭാസിയ്‌ക്കും, പ്രത്യേക സമ്മാനം ജോൺ എബ്രഹാമും നേടി.

എഴുപതുകളിൽ കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങൾ നയിച്ച പ്രക്ഷോഭങ്ങളുടെ ചരിത്രപശ്ചാത്തലത്തിൽ ഒരു വ്യക്തിയുടെ ദുരന്തം അയാളുടെ സുഹൃത്തുക്കളുടെ ഓർമ്മകളിലൂടെ അനാവരണം ചെയ്യപ്പെടുന്ന സിനിമയാണ്‌ അമ്മ അറിയാൻ. ഹരി എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്ത വിവരം അവന്റെ അമ്മയെ അറിയിക്കാനുള്ള ദൗത്യം ഏറ്റെടുത്ത പുരുഷൻ എന്ന യുവാവ്‌. ഹരിയുടെ കഥ വിപ്ലവാവേശച്ചുഴിയിൽപ്പെട്ട്‌ അടിത്തെറ്റി വീണ്‌ മയക്കുമരുന്നുകളിലും ആത്മഹത്യയിലും അഭയം തേടുന്ന മുറിവേറ്റ യൗവ്വനങ്ങളുടെ യാഥാർത്ഥ്യത്തിന്റെ കല്പിത രൂപമാണ്‌ അമ്മ അറിയാൻ എന്ന സിനിമ. പുരുഷനും സുഹൃത്തുക്കളും നടത്തുന്ന പ്രയാണം, നടന്ന സംഭവങ്ങളുടെ പുനരാഖ്യാനമെന്ന നിലയിൽ ആ സംഭവങ്ങളുമായി ബന്ധപ്പെട്ടവർ ക്യാമറയ്‌ക്കു മുന്നിൽ വരുന്നുണ്ട്‌. ഒരു നാടിന്റെ മണ്ണും മനുഷ്യരും ചരിത്രവും ഒരു ജനതയുടെ രക്തത്തിലലിഞ്ഞിട്ടുള്ള പാരമ്പര്യങ്ങളും ആചാരങ്ങളും, കാലത്തിന്റെ കണ്ണീരിന്റെ ചൂടും ചൂരുംകൊണ്ട്‌ അർത്ഥപൂരിതമായ ഈ സിനിമ നമ്മുടെ പതിവു സൗന്ദര്യശാസ്‌ത്ര സങ്കല്പങ്ങൾക്കു വഴങ്ങിത്തരുന്നില്ല. എന്നാൽ പോലും ജനങ്ങളോട്‌ നന്നായി സംവദിക്കുന്നുണ്ടെന്നു പറയാം.

ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട്ടെ ഒഡേസാ മൂവീസ്‌ പ്രവർത്തകർ 1986ൽ നിർമ്മിച്ച ഈ സിനിമയുടെ ക്യാമറാമാൻ വേണു ആണ്‌. എഡിറ്റർ ബീനയും.

കെ.അശോക്‌ കുമാർ ചെയർമാനും, സക്കറിയ, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരടക്കമുള്ള 86ലെ സംസ്ഥാന ഫിലിം അവാർഡ്‌ ജഡ്‌ജിംഗ്‌ കമ്മറ്റിക്കു മുമ്പിൽ അമ്മ അറിയാൻ പ്രദർശിപ്പിച്ചപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു.

“ബഹുജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഈ സിനിമ നൽകുന്ന ശക്തമായ വികാരം സങ്കീർണ്ണവും, കഠിനാദ്ധ്വാനവും, ഏകാഗ്രതയും, ആസൂത്രണവും ഒന്നിലേറെ വ്യക്തികളുടെ സാമർത്ഥ്യങ്ങളും ഒത്തൊരുമിക്കേണ്ട ഒരു മാധ്യമത്തെ കൈകാര്യം ചെയ്യാൻ സുദുദ്ദേശവും ആദർശധീരതയും മാത്രം പോര, സംവിധായകന്റെ പ്രായോഗിക തലത്തിലുള്ള നിരന്തരവും, കോട്ടമില്ലാത്തതുമായ ശ്രദ്ധയും അച്ചടക്കവും വേണമെന്നതാണ്‌. ദാർശനിക തലത്തിലുള്ള ആശയ മാഹാത്മ്യവും അർപ്പണവും മാത്രം സിനിമയെ വിശ്വസനീയമാക്കുന്നില്ല”.

വ്യാഖ്യാനങ്ങളും, നിർവ്വചനങ്ങൾക്കുമപ്പുറം ജോൺ സിനിമകൾ നൽകിയ പ്രതിബദ്ധത കാലിക അവസ്ഥയോട്‌ സമരം ചെയ്യുന്നവയായിരുന്നു.

സിനിമയുടെ പ്രത്യയശാസ്‌ത്രങ്ങൾക്കനുസൃതമായി ജോൺ മുന്നോട്ടുവെച്ച സിനിമകൾക്ക്‌ പ്രസക്തി എന്തെന്നന്വേഷിക്കുന്ന നിരൂപകർക്കും ചലച്ചിത്ര വിദ്യാർത്ഥികൾക്കും ബൗദ്ധികമായ ഒരു ചലച്ചിത്രപാഥേയം നൽകി എന്നു കണ്ടെത്തുമ്പോൾ ഒരു ചലച്ചിത്രകാരന്റെ നിയോഗം അതു തന്നെയാകണം എന്ന ആശയത്തോട്‌ നമ്മൾ വിയോജിപ്പില്ലാത്തവരാകണം.

മലയാളത്തിലെ ഒരു കഥാകൃത്ത്‌ എന്ന നിലയിലും മിഴിവുണ്ടാക്കിയ ജോണും അദ്ദേഹത്തിന്റെ സർഗ്ഗകർമ്മങ്ങളും ഇനിയും പഠന വിധേയമാക്കേണ്ടതുണ്ട്‌.

ബി. ജോസുകുട്ടി.

അമ്പതോളം കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചില കഥാസമാഹാരങ്ങളിലും കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കവിതകളും എഴുതുന്നു. മേരിവിജയം മാസിക (തൃശ്ശൂർ) കഥാ അവാർഡുകൾ. ആലപ്പുഴയിലെ പ്രമുഖ ലൈബ്രറിയായ ഔവ്വർ ലൈബ്രറി കഥാ അവാർഡുകൾ, തിരുവനന്തപുരം ‘രചന’യുടെ കവിതാ അവാർഡ്‌, ബാംഗ്ലൂർ മലയാളി സമാജം അവാർഡ്‌, തൃശ്ശൂർ ‘തൂലിക’യുടെ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ പന്തലിൽ പറമ്പ്‌ തോണ്ടൻ കുളങ്ങര ആലപ്പുഴ - 688006.


Phone: 9497221722
E-Mail: bjosekutty13@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.