പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ആധുനിക കമ്മ്യൂണിസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയരാജ്‌. പി.എസ്‌

കമ്മ്യൂണിസം, കമ്മ്യൂണിസ്‌റ്റ്‌കാർ, കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി എന്നീ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെത്തുന്നത്‌, ഒരു പ്രത്യയശാസ്‌ത്രത്തിൽ വിശ്വസിച്ച്‌ ന്യായമായ അവകാശങ്ങൾ എന്ന പൊതുലക്ഷ്യം കൈവരിക്കാൻ മുഷ്‌ടിചുരുട്ടി മുദ്രാവാക്യം വിളിച്ച്‌ പ്രകടനമായി നിശ്ചയദാർഡ്യത്തോടെ മുന്നേറുന്ന മനസ്സിൽ യുവത്വം കാത്തുസൂക്ഷിക്കുന്ന ആൺപെൺ വ്യത്യാസമില്ലാത്ത ഒരു കൂട്ടം തൊഴിലാളികളെയാണ്‌.

ഈ തൊഴിലാളികളിൽ എല്ലാവരും നേതാക്കന്‌മാരായിരുന്നു, എല്ലാ നേതാക്കന്മാരും തൊഴിലാളികളും. പക്ഷെ ഇന്ന്‌.....

പാർട്ടി വളരുന്നതിനെക്കാളും പാർട്ടി പ്രവർത്തനങ്ങളെ സജീവമാക്കുന്നതിനെക്കാളും ഉപരി സ്വന്തം കീശവീർപ്പിക്കുന്നതിനും പാർട്ടിയിൽ തന്നെ സ്വന്തം പേര്‌ ഏതുവിധത്തിലും അഭിവൃദ്ധിപെടുത്തണമെന്ന്‌ ആഗ്രഹിച്ച്‌ അതിനുവേണ്ടി എന്ത്‌ നീചപ്രവർത്തി വേണമെങ്കിലും ചെയ്യുകയും, സ്വന്തം പ്രസ്‌ഥാനത്തിലെ തന്നെ പ്രവർത്തകരുടെ മുഖത്ത്‌ പരസ്യമായി ചെളിവാരിയെറിയുകയും, ലാവ്‌ലിൻ ലാൻകോ പോലുള്ള വിവാദങ്ങളിൽ അറിഞ്ഞുകൊണ്ട്‌ തന്നെ ഭാഗമാക്കുകയും ചെയ്യുന്ന ഇന്നത്തെ നേതാക്കന്മാരെ കമ്മ്യൂണിസ്‌റ്റുകാർ എന്ന്‌ വിളിക്കുന്നതിലർത്ഥമുണ്ടോ? ഈ പ്രവർത്തി കമ്മ്യൂണിസ്‌റ്റ്‌കാർക്ക്‌ ചേർന്നതാണോ? ഇവരെയാണോ ആധുനിക കമ്മ്യൂണിസ്‌റ്റിന്റെ വക്താക്കൾ എന്ന്‌ പറയുന്നത്‌?.

വ്യക്തമായി എഴുതപെട്ട ചട്ടക്കൂടും പ്രവർത്തനരീതിയുമുള്ള കമ്മ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിലെ പ്രവർത്തകർ വിമതരായി മാറുന്നതിന്റെ പുറകിലുള്ള ചേതോവികാരവും, വ്യക്തി വൈരാഗ്യങ്ങൾ മനസ്സിൽവെച്ച്‌ സഹപ്രവർത്തകർക്കെതിരെ മോശമായ പരസ്യപ്രസ്‌താവന നടത്തുകയും അതുവഴി സമൂഹത്തിനുമുൻപിൽ സ്വയം അപഹാസ്യനാവുകയും ചെയ്യുന്ന ബുദ്ധിശൂന്യമായ പ്രവർത്തി ഈ പ്രസ്‌ഥാനത്തിൽ എന്ന്‌ ഉടലെടുത്തു എന്ന്‌ ചിന്തിക്കേണ്ട കാര്യമാണ്‌. എത്രതന്നെ അഭിപ്രായഭിന്നതകൾ ഉണ്ടായാലും അധ്യക്ഷസാന്നിദ്ധ്യത്തിൽ കമ്മിറ്റി കൂടി ചർച്ച ചെയ്‌ത്‌ പാർട്ടിക്കും പ്രവർത്തകർക്കും അനുയോജ്യമായ രീതിയിൽ കാര്യങ്ങൾ തീരുമാനമാക്കി വന്നിരുന്ന കമ്മ്യൂണിസം കേവലം മാത്രം വരുന്ന ചില നേതാക്കന്മാർക്ക്‌ വഴങ്ങികൊടുക്കുന്നതെന്തിന്‌? ആത്മാഭിമാനത്തോടെ പാർട്ടിയുടെ പേര്‌ പറഞ്ഞിരുന്ന പ്രവർത്തകർ പലരും നേതാക്കന്‌മാരുടെ പോരുവിളിയിൽപ്പെട്ട്‌ പൊതുസദസ്സുകളിൽ മുഖം കുനിച്ചിരിക്കേണ്ട അവസ്‌ഥയാണിപ്പോൾ. ഇതൊക്ക എത്രനാൾ ജനങ്ങൾ കണ്ടില്ലെന്നു നടിക്കും.?

വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുമെന്ന്‌ അവകാശപ്പെടുന്ന പാർട്ടിയും, മതങ്ങളുടെ പേരിൽ പാർട്ടി രൂപീകരിച്ച്‌ വർഗ്‌ഗീയ പാർട്ടി അല്ലെന്നു പ്രഖ്യാപിക്കുന്ന പാർട്ടിയും, ഇന്ത്യ ഹിന്ദു രാജ്യമാണെന്നും അത്‌ നമ്മുടേത്‌ മാത്രമാണെന്ന്‌ അവകാശപ്പെടുന്ന പാർട്ടിയും നിലനില്‌ക്കുന്ന നാട്ടിൽ ജനങ്ങളുടെ കണ്ണുനീര്‌ ഒപ്പുവാനും തൊഴിലാളി വർഗ്ഗത്തിന്റെ ന്യായമായ അവകാശങ്ങൾ നേടികൊടുക്കുവാൻ പ്രയത്നിക്കുകയും അവകാശ നിഷേധം നടത്തുന്ന ബൂർഷാ മുതലാളിമാർക്കെതിരെ പ്രതികരിക്കുവാനും ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്‌ത്‌ വന്നിരുന്ന കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി, അഴിമതിക്കും മറ്റു സാമൂഹിക വിപത്തുകൾക്കുമെതിരെ ഘോര ഘോരം പ്രസംഗിക്കുക മാത്രം ചെയ്‌ത്‌ നേതൃനിരയിലേക്ക്‌ വരികയും, അധികാര കസേരക്ക്‌ വേണ്ടി തൊഴുത്തിൽ കുത്ത്‌ നടത്തുകയും ശീലമാക്കിയ മറ്റു രാഷ്‌ട്രീയ നേതാക്കന്മാരെപ്പോലെ അധഃപതിക്കുന്നത്‌ നോക്കിനില്‌ക്കുക എന്നത്‌ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിൽ വിശ്വസിക്കുന്നവർക്ക്‌ മൃതിതുല്യമാണ്‌. നാടിനെ വളർച്ചയിലേക്ക്‌ നയിക്കുന്ന കമ്മ്യൂണിസം എന്ന ആശയത്തെ ചിന്തകളിലൂടെയും പഠനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഒരു പ്രത്യയശാസ്‌ത്രമാക്കി വളർത്തിയ മാർക്‌സ്‌, എഗൽസ്‌, സ്‌റ്റാലിൻ മുതലായവരുടെയും കേരളത്തിന്റെ ചിന്തയിൽ, ചോരയും നീരും സ്വത്തും കൊടുത്തും കമ്മ്യൂണിസത്തിന്റെ വിത്ത്‌ പാകിയ എ.കെ.ജി., ഇ.എം.എസ്‌., കൃഷ്‌ണപിള്ള, വീര സമരങ്ങളിൽ രക്തസാക്ഷിത്വം വരിച്ച വീരസഖാക്കളുടെയും ഓർമ്മയ്‌ക്ക്‌ മുൻപിൽ ചെയ്‌തു പോയ തെറ്റുകൾക്ക്‌ മാപ്പുപറഞ്ഞ്‌ ഒരു പുതു യുഗത്തിന്റെ പിറവിക്കായി ഒറ്റെക്കെട്ടായി പ്രവർത്തിക്കാമെന്ന്‌ സ്വന്തം മനസാക്ഷിയിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുകയാണ്‌ വേണ്ടത്‌.

ജയരാജ്‌. പി.എസ്‌

Galileo India.Pvt.Ltd,

B20,21 First Floor,

Noor Complex, Mavoor Road,

Calicut-673004.


Phone: 0495-2727521, 9947044432
E-Mail: ps_jayaraj@hotmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.