പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അമ്മയും ഈശ്വര സങ്കല്‍പ്പവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലിജു ജേക്കബ് കരുമാജ്ഞേരി

ലോകമാതൃദിനം മെയ് 13 ന് ആഘോഷിച്ച വേളയില്‍ ചൈനീസ് എഴുത്തുകാരനായ ലിന്‍ യുതാങ്ങ് കുറിച്ചിട്ട വരികള്‍ ‘’ സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും ശക്തമായ അവകാശം അമ്മയാകാനുള്ളതാണ്’‘ എന്ന സത്യം നമ്മുടെ ചിന്തകളിലേക്ക് കടന്നുവരണം. സൃഷ്ടികളില്‍ ഏറ്റവും പൂര്‍ണ്ണത അമ്മക്കാണ്. വന്ദിക്കേണ്ടവരില്‍ പ്രഥമസ്ഥാനവും അമ്മക്കു തന്നെ.

ഈശ്വരന് എല്ലാ കുഞ്ഞുങ്ങളെയും കാണുവാനും താലോലിക്കുവാനും കണ്ടെത്തിയ മാര്‍ഗമാണ് അമ്മ. ഒരു ധ്യാനഗുരുവിന്റെ അനുഭവമിതാ. അദ്ദേഹം നിരീശ്വരവാദിയും മാര്‍ഗഭ്രംശം സംഭവിച്ചവനുമായ ഒരു യുവാവിനെ കണ്ടുമുട്ടുന്നു. വാദപ്രതിവാദങ്ങള്‍ ഒന്നും യുവാവിന്റെ മനസ്സ് മാറ്റിയില്ല. ഒടുവില്‍ ധ്യാനഗുരു പറഞ്ഞു. ഒരു നിമിഷം നിന്റെ കണ്ണുകള്‍ അടയ്ക്കുക ....ചിന്തകള്‍ വഴിമാറരുത് . മുറിയിലെ അരണ്ട വെളിച്ചത്തില്‍ കൊതുകുവലക്കുള്ളില്‍ ഒന്നുമറിയാതെ ഉറങ്ങുന്ന ഏതാനും മാസം പ്രായമുള്ള ഒരു കുഞ്ഞിനെ മനസില്‍ കാണുക. ... മുറിയുടെ വാതില്‍ ചാരിയിരിക്കുന്നു ... അടുക്കളയില്‍ തിരക്കിട്ട ജോലികള്‍ക്കിടയിലും അമ്മ ഇടക്കിടെ ഓടി വന്ന് കുഞ്ഞിനെ വാതില്‍ വിടവിലൂടെ വീക്ഷിക്കുന്നു. ഉറക്കമുണരുന്ന കുഞ്ഞിന് നല്‍കേണ്ടെതെന്താണെന്ന് അമ്മക്കറിയാം. അമ്മയുടെ പ്രവൃത്തികള്‍ കുഞ്ഞിന്റെ ബുദ്ധിക്കതീതമാണ്. ....’‘ ധ്യാനഗുരു യുവാവിനോടു തുടര്‍ന്നു .’‘ നീയും ഞാനും ഈ ശിശുവിനേപ്പോലെയും ഈശ്വരന്‍ ആ അമ്മയേപ്പോലെയുമാ‍ണ്. തലയില്‍ തേങ്ങ വീണാല്‍ ഈശ്വരനെ കുറ്റപ്പെടുത്തുവാനും, എന്നാല്‍ അങ്ങനെയല്ലാത്ത ദിവസങ്ങളിലെല്ലാം നിരീശ്വരവാദിയായി ചിന്തിക്കുവാനും നമുക്ക് അവകാശമില്ല . നിറഞ്ഞ മിഴികളോടെ യുവാവ് തെറ്റുകള്‍ തിരുത്തി എന്ന് ധ്യാനഗുരുവിന്റെ സാക്ഷയം. അമ്മ എന്ന ഈശ്വര സങ്കല്‍പ്പം ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു.

മാതൃദിനാഘോഷം പ്രാചീന ഗ്രീക്കില്‍ നിന്നും റോമില്‍ നിന്നുമാണ് ആരംഭിച്ചത്. ബ്രിട്ടനില്‍ വര്‍ഷത്തില്‍ ഒരു ദിവസം അമ്മമാരുടെ ഞായറാഴ്ചയായും ആഘോഷിച്ചിരുന്നു. അന്ന ജാവിന്‍സിന്റെയും ജൂലിയ വാര്‍ഡ് ഹോവിന്റെയും അശ്രാന്ത പരിശ്രമഫലമാണ് ഇന്ന് കാണുന്ന മാതൃദിനാഘോഷം. വിവിധ ദിവസങ്ങളിലാണെങ്കിലും 46 രാജ്യങ്ങളില്‍ ഈ ദിനം കൊണ്ടാടപ്പെടുന്നു.

മാതൃസ്നേഹത്തെ ഊട്ടിഉറപ്പിക്കാന്‍ ഈ ദിനത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം . ആധുനിക കാലഘട്ടത്തില്‍ ന്യൂനപക്ഷം വരുന്ന ചില സ്ത്രീകള്‍ സൗന്ദര്യബോധത്തെ മുന്‍നിര്‍ത്തി പ്രസവിക്കുവാന്‍ വിമുഖത കാട്ടുന്നുണ്ട്. അമൂല്യമായ തന്റെ കുഞ്ഞിന് 'അമൂല്യ' നല്‍കി മുലപ്പാല്‍ നിഷേധിക്കുന്നവരുണ്ടെങ്കില്‍ അവരും ആത്മപരിശോധന നടത്തണം.

എന്തും സഹിച്ചും , എല്ലാം ഉപേക്ഷിച്ചും , മക്കള്‍ക്കുവേണ്ടി മാത്രം ജീവിച്ച മാതാപിതാക്കളെ അവഗണിച്ച് ബി. പി ( ഭാര്യയെ പേടി / ഭര്‍ത്താവിനെ പേടി ) മാരായി തീരുന്ന മക്കളുണ്ട്. അവര്‍ ഒന്നോര്‍ക്കുക തന്റെ അമ്മക്ക് ഭക്ഷണം നല്‍കിയ പിച്ചപ്പാത്രം കാലശേഷം വലിച്ചെറിഞ്ഞാലും സ്വന്തം മക്കള്‍ അത് തിരികെ എടുത്ത് തനിക്കായ് കരുതിവക്കുമെന്ന്!.

കുടുംബജീവിതത്തിലെ ഉത്തരവാദിത്വങ്ങളും ദൈനംദിന ഇടപെടലുകളും പുരുഷന്മാര്‍ സ്ത്രീകളുടെ ചുമലിലേക്ക് തള്ളിയിടുന്ന ഒരു പ്രവണത ഇക്കാലത്ത് വര്‍ദ്ധിച്ചു വരുന്നതായി കാണപ്പെടുന്നു . കുട്ടിയുടെ അഡ്മിഷന്‍ , പഠനം, പി.റ്റി എ, പാല്‍, പത്രം, കറന്റ് ബില്ല് എന്നു തുടങ്ങി എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനും ഇതിലൊന്നും തനിക്കു കാര്യമില്ലായെന്ന ഭാവം കാട്ടുവാനും പുരുഷന്മാര്‍ ശ്രമിക്കുന്നു. സര്‍വ്വംസഹയായ സ്ത്രീകള്‍ തിരക്കിട്ട ഉദ്യോഗത്തിനിടയിലും , വീട്ടുജോലികള്‍ക്കിടയിലും ദൈനം ദിന ജീവിതത്തിന്റെ ഇഴപൊട്ടാതെ നോക്കുവാന്‍ നൂല്‍പ്പാലത്തിലെന്നവണ്ണം നെട്ടോട്ടമോടുന്നു.

അമ്മമാരെ കാര്യസാധ്യത്തിനായ് , പണം ലഭ്യമാക്കുന്ന എ. റ്റി എം യന്ത്രമായ് കാണുവാന്‍ ശ്രമിക്കുന്ന പ്രവണത ചില മക്കളിലെങ്കിലും കണ്ടു തുടങ്ങുന്നുണ്ടോ? ഇത്തരക്കാര്‍ ന്യൂനപക്ഷമായിരിക്കാം. എങ്കിലും തന്റെ ഭര്‍ത്താവിനോ , കുഞ്ഞിനോ തുമ്മലോ , ചീറ്റലോ കണ്ടാല്‍ ഉറക്കമിളച്ചിരുന്ന് ശ്രുശ്രൂഷിക്കുന്ന ഭാര്യ/ അമ്മ ഒരു പക്ഷെ ഏതെങ്കിലും ഒരു സമയം തലവേദനകൊണ്ട് പുളയുകയോ കടുത്ത ജ്വരത്താല്‍ വിറയ്ക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കാത്ത മട്ടില്‍ എവിടെ എന്റെ ബാഗ്, എവിടെ എന്റെ ഷൂ എന്നിങ്ങനെ അസ്വസ്ഥരായി പിറുപിറുക്കുന്ന മക്കളും ഭര്‍ത്താക്കന്മാരും ഈ സമൂഹത്തില്‍ ഉണ്ടെന്നും നാം ഓര്‍ക്കണം . വിശപ്പും , ദാഹവും, രോഗാവസ്ഥയും, ക്ഷീണവും ആര്‍ക്കും രണ്ടല്ല . അമ്മയ്ക്കും ഇതൊക്കെ ബാധകമാണെന്ന തിരിച്ചറിവ് മക്കള്‍ക്ക് തീര്‍ച്ചയായും ഉണ്ടാകണം . നാളെ പുതിയൊരു കുടുംബത്തിലേക്ക് കയറി ചെല്ലേണ്ട പെണ്‍കുട്ടികള്‍ ഇതൊക്കെ ശ്രദ്ധിക്കണം . ഫലത്തില്‍ നിന്നും വൃക്ഷത്തെ തിരിച്ചറിയാം ( മത്തായി - 7:17- 20 ) എന്നു പറയുന്നത് വെറുതെയല്ല.

‘ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ കലാലയം അവന്റെ അമ്മയുടെ മടിത്തട്ടാണ്’ എന്ന് ജയിംസ് റസ്സല്‍ ലോവല്‍ എന്ന സാഹിത്യകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു . ആകെയാല്‍ മാതൃദിനത്തെ വരവേല്‍ക്കുന്ന നമുക്ക് അമ്മമാരെ ആദരിക്കുവാനും , സ്നേഹസമ്മാനങ്ങള്‍ കൊണ്ടവരെ വീര്‍പ്പുമുട്ടിക്കുവാനും ഒരുങ്ങാം. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ് അമ്മമാരെ നന്ദിയോടെ സ്മരിക്കാം. മക്കളെന്ന നിലയില്‍ വന്നുപോയിട്ടുള്ള വീഴ്ചകള്‍ക്ക് നമുക്ക് ക്ഷമ ചോദിക്കാം. അമ്മയുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ ഒരിക്കലും ഉറവ വറ്റാത്ത ചില മൂല്യങ്ങളുണ്ട്. നമ്മെ സ്നേഹിക്കുവാനുള്ള വെമ്പലും , നമ്മോട് ക്ഷമിക്കുവാനുള്ള കഴിവും , വിടര്‍ന്ന മിഴികളോടെ വാരിപ്പുണരുവാനുള്ള ആര്‍ത്തിയും ഒരിക്കലും അവസാനിക്കില്ലല്ലോ...ഒരിക്കലും!

കടപ്പാട് - സമയം

ലിജു ജേക്കബ് കരുമാജ്ഞേരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.