പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വിലക്കുവാങ്ങിയ ദുരന്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റവ.ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ

ദുഷിച്ചു നാറിയ പാശ്ചാത്യ സംസ്ക്കാരത്തിന്റെ വിഴുപ്പുകെട്ടുകള്‍ പേറി നടക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവാക്കളാല്‍ സമ്പന്നമായ നമ്മുടെ കൊച്ചു കേരളത്തിലെ സമ്പല്‍ സമൃദ്ധമായ ഒരു പൗരാണിക പട്ടണം . നഗരത്തിലെ പ്രശസ്തമായ ഒരു ഹൈസ്കൂള്‍ . കുട്ടികളുടെ പഠന, പാഠ്യേതര വിഷയങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തി കഠിനാദ്ധ്വാനം ചെയ്യുന്ന അദ്ധ്യാപകര്‍. വിദ്യാര്‍ത്ഥികളില്‍ മിക്കവരും സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവര്‍.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ എന്ന പെണ്‍കുട്ടി. ബാപ്പ ഗള്‍ഫില്‍, ഉമ്മ പട്ടണത്തിലെ ഒരു കമ്പനി ഉദ്യോഗസ്ഥ. കുടുംബസ്വത്ത് ആവശ്യത്തിലധികം . സന്തോഷത്തോടും സംതൃപ്തിയോടും കൂടി കഴിയുന്ന കുടുംബം. എല്ലാ വെള്ളിയാഴ്ചകളിലും വാപ്പയുടെ വിളിക്കായി കാത്തിരിക്കുന്ന ഉമ്മയും മകളും. മകള്‍ക്ക് പതിവ് മാസാന്ത്യ ടെസ്റ്റ് പേപ്പര്‍ . എല്ലാ വിഷയത്തിനും A+ വാങ്ങിയാല്‍ വാപ്പയുടെ വക ഒരു സമ്മാനം വാഗ്ദാനം ചെയ്തു. മകള്‍ അതീവ ജാഗ്രതയോടെ പരീക്ഷക്കൊരുങ്ങി. പരീക്ഷാനന്തരം ഉത്തരക്കടലാസുകള്‍ ലഭിച്ചു. അവ അവള്‍ ഉമ്മക്കു സമര്‍പ്പിച്ചു. ഉമ്മക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല മകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+.

സന്തുഷ്ടയായ മാതാവ് വാഗ്ദാനം നിറവേറ്റി. എല്ലാ സൗകര്യങ്ങളുമുള്ള വിലയേറിയ ഒരു മൊബൈല്‍ ഫോണ്‍ ഭര്‍ത്താവിനേപ്പോലും അറിയിക്കാതെ ആ അമ്മ മകള്‍ക്കു സമ്മാനിച്ചു . അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനം.

ഏതാനും ദിവസങ്ങള്‍ കൊണ്ട് ഫോണിന്റെ ഉപയോഗം സംബന്ധിച്ച ആദ്യപാഠങ്ങള്‍ അവള്‍ കൂട്ടുകാരികളില്‍ നിന്നും ഹൃദിസ്ഥമാക്കി. കുശലാന്വേഷണങ്ങള്‍ക്കായി കൂട്ടുകാരികളും , അവരുടെ കൂട്ടുകാരികളും വിളിയോടു വിളി. അത് അവളുടെ പഠനത്തെ കാര്യമായി ബാധിച്ചു.

മാസങ്ങള്‍ പലത് പിന്നിട്ടു, തികച്ചും വേര്‍പെട്ട ഒരു ശബ്ദം. ശബ്ദയുടമ സ്വയം പരിചയപ്പെടുത്തി. താന്‍ പട്ടണത്തിലെ തന്നെ ഒരു ഹയര്‍ സെക്കന്റെറി സ്കൂളില്‍ പ്ലസ് ടൂവിനു പഠിക്കുന്ന മോനിച്ചനെന്ന കുട്ടിയാണെന്നും , കുട്ടിയെ അറിയാമെന്നും അറിയിച്ച് ബന്ധം സ്ഥാപിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ പരാജയം സമ്മതിച്ച് പിന്‍മാറാതെ ആവര്‍ത്തിച്ചു നടത്തിയ ഫോണ്‍ കോളുകള്‍ അവളെ മോനിച്ചനിലേക്ക് അടുപ്പിച്ചു. ഒരിക്കല്‍‍പ്പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം സുദൃഡമാകുവാന്‍ ഏറെ നാളുകള്‍ വേണ്ടി വന്നില്ല. അവരുടെ ആ ബന്ധം വേര്‍പെടുത്താനാവാത്ത പ്രണയമായി മാറി.

അങ്ങനെ ഒരു നാള്‍ പ്രിയ സുഹൃത്തിന്റെ സ്നേഹാര്‍ദ്രമായ അഭിലാഷത്തെ മാനിച്ച് മോനിച്ചനെ നേരില്‍ കാണുവാനുള്ള ആഗ്രഹനിവൃത്തിക്ക് അവള്‍ മനസ്സുവച്ചു. മോനിച്ചന്‍ മരിച്ചു പോയ ഒരു പ്രശസ്ത സിനിമാനടിയുടെ ഇളയ സഹോദരന്‍ കൂടിയാണെന്ന് അറിയിച്ചപ്പോള്‍ അവളുടെ അടുപ്പത്തിന്റെ ആഴവും വ്യാപ്തിയും ഇരട്ടിച്ചു.

എന്തിനേറെ പറയുന്നു ? ഫോണിലൂടെ പറഞ്ഞ സമയത്ത് മോനിച്ചന്‍ നിര്‍ദ്ദേശിച്ച സമയത്തും സ്ഥലത്തും അവള്‍ ഓട്ടോയില്‍ എത്തി. നേരത്തെ പറഞ്ഞിരുന്ന പ്രകാരം മോനിച്ചന്റേത് എന്ന് അറിയിച്ചിരുന്ന കാര്‍ അവിടെ അവളെ കാത്ത് കിടന്നിരുന്നു. കാറിന് സമീപം എത്തിയ പെണ്‍കുട്ടിയെ കാര്‍ ഡ്രൈവര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി കാറിലേക്ക് ക്ഷണിച്ചു. മോനിച്ചനെവിടെ എന്നു തിരക്കിയപ്പോള്‍ അയാള്‍ അവിടെ നിന്നു ഏറെ അകലെ അല്ലാത്ത പട്ടണത്തിലെ ഒരു ലോഡ്ജില്‍ വിശ്രമിക്കുന്നുണ്ടെന്ന് അറിയിച്ച് ലോഡ്ജിനെ ലഷ്യമാക്കി കാര്‍ ചീറിപ്പാഞ്ഞു.

നിര്‍ദ്ദിഷ്ട സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ അവളെ ലോഡ്ജ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. മലര്‍ക്കെ തുറന്നു കിടന്ന ലോഡ്ജ് മുറിയില്‍ അവര്‍ പ്രവേശിച്ച ഉടനെ അയാള്‍ വാതില്‍ അടച്ച് കുറ്റിയിട്ടു. അവള്‍ ചുറ്റും നോക്കി . മറ്റാരെയും മുറിയില്‍ കാണായ്കയാല്‍ അവള്‍ പരി‍ഭ്രമിച്ചു. മോനിച്ചനെവിടെയെന്ന് ഭയവിഹ്വലയായി അവള്‍ തിരക്കി. അപ്പോള്‍ മാത്രമാണ് ആ പരമസത്യം അവള്‍ തിരിച്ചറിഞ്ഞത്. അതേ, തന്നെ കാറില്‍ കയറ്റി മുറിയിലെത്തിച്ച 64 വയസുകാരന്‍ ഈ ഡ്രൈവര്‍ തന്നെയാണ് സാക്ഷാല്‍ മോനിച്ചനെന്ന് അവള്‍ മനസിലാക്കി. മാസങ്ങളോളം താന്‍ സ്വൈര്യ സല്ലാപം നടത്തിപ്പോന്ന ഈ തട്ടിപ്പുവീരന്റെ തനി നിറം നിമിഷങ്ങള്‍ക്കകം തിരിച്ചറിഞ്ഞ ആ 15 വയസുകാരിയുടെ ചേതനയറ്റ ശരീരമാണ് 3 ദിനങ്ങള്‍ക്കു ശേഷം അടുത്തുള്ള കടല്‍ക്കരയില്‍ അടിഞ്ഞ അജ്ഞാത മൃതശരീരം.

ഇതൊരു കെട്ടുകഥയല്ല . സാസ്ക്കാരിക കേരളത്തില്‍ ഏതാനും നാളുകള്‍ക്കു മുമ്പു നടന്ന ഒരു മഹാദുരന്തത്തിന്റെ അതിദാരുണമായ ചിത്രമത്രേ ഇത്. സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. ആ അടിത്തറ ഇളകിയാല്‍ സമൂഹം നാശോന്മുഖമാകും. മാതാപിതാക്കള്‍ മക്കളെ സ്നേഹിക്കണം . ഇന്ന് നമ്മുടെ കുടുംബങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മൂല്യച്യുതി കുടുംബഭദ്രതയെ താറുമാറാക്കുന്നു. മൊബൈഫോണ്‍ ഇന്നൊരു ആലങ്കാരിക വസ്തുവല്ല. പക്ഷെ അത് ക്ഷണിച്ചു വരുത്തുന്ന അത്യാപത്തുകളെ സൂക്ഷിക്കുക.

കടപ്പാട്;കേരള യുവത

റവ.ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.