പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കാഴ്‌ചയിലെ തിരിച്ചറിവുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

‘ദൈവനാമത്തിൽ’ എന്ന ചലച്ചിത്രത്തെക്കുറിച്ച്‌

ആഗോളമൂലധനവ്യാപനം എങ്ങനെയൊക്കെയാണ്‌ ഭീകരവാദം സൃഷ്‌ടിക്കുന്നതെന്നുളള വസ്‌തുത കേരളത്തിലെ ഇന്ത്യയിലെ ലോകത്തിലെ തന്നെയും ഇടതുപക്ഷസൈദ്ധാന്തികന്മാർ നിരവധി പുസ്‌തകങ്ങളിലൂടെ സമീപകാലത്ത്‌ പറഞ്ഞുപോന്നിട്ടുണ്ട്‌. മൂലധനത്തിന്‌ അതിരുകളില്ലാതാകുകയും ആരെയും വിലയ്‌ക്കെടുക്കാമെന്ന ആപത്‌ക്കരമായ ഹുങ്ക്‌ അതിന്‌ ഉണ്ടാവുകയും ചെയ്യുമ്പോഴാണ്‌ മൂലധനം ഭീകരവാദികളെ വളർത്തുന്നത്‌. വളർത്തുപുത്രന്മാരെ ഉപയോഗിച്ച്‌ തനിക്ക്‌ ലോകത്തിന്റെ ന്യായാധിപന്മാരാകാമെന്ന സാമ്രാജ്യത്വശക്തികളുടെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായാണ്‌ ലോകത്തിലും അതിന്റെ ഭാഗമായി കേരളത്തിലും ഇസ്ലാമികഭീകരവാദം വളർന്നുവന്നത്‌. പക്ഷേ പാലുകൊടുത്ത കൈയ്യിൽതന്നെ ബിൻലാദൻ തിരിച്ചുകൊത്തിയപ്പോൾ (സെപ്തംബർ 11) ലോകത്തിന്റെ ന്യായാധിപന്മാരാകാൻ കൊതിച്ച സാമ്രാജ്യത്വശക്തികൾ വല്ലാത്ത ഭീതിയിൽ അകപ്പെട്ടുപോയത്‌. ബാബറിമസ്‌ജിദിന്റെ തകർച്ച, ഹിന്ദുവർഗ്ഗീയവാദികളുടെ വളർച്ച, ഗുജറാത്ത്‌ വംശഹത്യ, കേരളത്തിൽ ശക്തിപ്പെടുന്ന ന്യൂനപക്ഷ വർഗ്ഗീയവാദികൾ, മാറാട്‌ വർഗ്ഗീയലഹള തുടങ്ങിയ സാമൂഹിക പശ്ചാത്തലത്തിലാണ്‌ ആര്യാടൻ ഷൗക്കത്ത്‌ കഥയും തിരക്കഥയും സംഭാഷണവും എഴുതി ജയരാജ്‌ സംവിധാനം ചെയ്യുന്ന ‘ദൈവനാമത്തിൽ’ എന്ന ചലച്ചിത്രം കൂടുതൽ പ്രസക്തമാകുന്നത്‌.

മതേതര മൂല്യങ്ങൾ ജീവിതത്തിലും പ്രവൃത്തിയിലും കാത്തുസൂക്ഷിക്കുന്ന സാഹിബിന്റെ മകനായ അൻവർ (പൃഥ്വിരാജ്‌) സമീറയെ (ഭാവന) വിവാഹം കഴിച്ച്‌ ആഴ്‌ചകൾ തികയുന്നതിനുമുമ്പ്‌ അലിഗറിലേക്ക്‌ ഉപരിപഠനത്തിനായി പോകുന്നു. അവിടെനിന്നും മതതീവ്രവാദികളുടെ ആശയങ്ങളിൽ അകപ്പെട്ട അൻവർ തികഞ്ഞ മതമൗലികവാദിയായി നാട്ടിൽ തിരിച്ചെത്തുന്നു. നാട്ടിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്ന അൻവർ നോമ്പുദിനത്തിൽ കടതുറന്നു പ്രവർത്തിപ്പിച്ച ഒരു സഹജീവിയെ ബോംബ്‌ വച്ച്‌ കൊലപ്പെടുത്തുന്നു. അയാളോടൊപ്പം ഒരു പിഞ്ചുബാലികയുടെ കാലും നഷ്‌ടപ്പെടുന്നു.

അൻവറിനെ സമീറതന്നെ പോലീസിന്‌ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു. അൻവറിന്റെ ബാപ്പ സാഹിബിന്റെയും സമീറയുടെയും പ്രവർത്തനഫലമായി അൻവർ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുകയും ജയിലിൽനിന്ന്‌ മനസ്സുമാറുകയും ചെയ്യുന്നു. തീവ്രവാദത്തിന്റെ ആപത്‌ക്കരമായ ആശയങ്ങളിൽ നിന്ന്‌ മുക്തനായ അൻവറിനെ കാണാൻ ഒരു ഡിസംബർ 6-ന്‌ ബസ്സിൽ കയറി സമീറ പുറപ്പെടുന്നു. ബസ്‌ ബോംബുവച്ച്‌ തകർക്കപ്പെടുകയും സമീറ കൊല്ലപ്പെടുകയും ചെയ്യുന്നു. ചലച്ചിത്രത്തിന്റെ സാങ്കേതികമേന്മ, സൗന്ദര്യപരമായ വ്യത്യസ്തതകൾ എന്നിവയിലെല്ലാമുപരിയായി അത്‌ ചർച്ചചെയ്യുന്ന ആശയമാണ്‌ ചലച്ചിത്രത്തിലൂടെ ഏറെ വായിക്കപ്പെടേണ്ടത്‌.

തീവ്രവാദവും മതമൗലികവാദവും കുടിയേറിയ മനസ്സുകളിൽ യുക്തിയ്‌ക്കോ ചരിത്രവസ്‌തുതകൾക്കോ ഇടമില്ല. തിരിച്ചുപറഞ്ഞാൽ ചിന്തയും ചരിത്രബോധവുമുളള ഒരു തലമുറയിൽ മതമൗലികവാദത്തിന്‌ ഇടം കണ്ടെത്താനാകില്ല. ചരിത്രനിരാസത്തിന്റെ ഒരു സാംസ്‌കാരിക പശ്ചാത്തലം സൃഷ്‌ടിക്കപ്പെടുമ്പോൾ, ബൗദ്ധികവും പ്രത്യയശാസ്‌ത്രപരവുമായ എല്ലാ സംവാദങ്ങളും ഇല്ലാതായിപ്പോയതിന്റെ ശൂന്യതയിലേക്കാണ്‌ മതചിന്തയുടെയും ജാതിചിന്തയുടെയും വിഷബീജങ്ങൾ കയറിവരുന്നത്‌. സാമ്രാജ്യത്വ ആഗോളവത്‌ക്കരണം ബൗദ്ധികവും സാംസ്‌കാരികവും സാമ്പത്തികവുമായ എല്ലാ മണ്ഡലങ്ങളിലും അതിന്റെ അധിനിവേശം വ്യാപിപ്പിക്കുന്നതിനായി പ്രത്യക്ഷവും പരോക്ഷവുമായി വിഷപ്പാമ്പുകളെ വിന്യസിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ്‌ ഉത്തരേന്ത്യയിൽ ഭൂരിപക്ഷവർഗ്ഗീയതയുടെ മൃഗീയമായ അഴിഞ്ഞാട്ടങ്ങൾ ഭീതി പടർത്തുന്നത്‌. കേരളത്തിന്റെ ഈ ചെറിയ മണ്ണിൽപോലും നിരവധി മതഭീകരവാദസംഘടനകൾ മുളപൊട്ടുകയും ഒളിഞ്ഞും തെളിഞ്ഞും അവ വിഷം ചീറ്റാൻ തുടങ്ങുകയും ചെയ്യുന്നത്‌. സാമുവൻ പി.ഹണ്ടിംഗ്‌ടൺ എഴുതിയ ക്ലാഷ്‌ ഓഫ്‌ സിവിലൈസേഷൻസ്‌ (സംസ്‌ക്കാരങ്ങൾ തമ്മിലുളള ഏറ്റുമുട്ടൽ) ഇന്ത്യയിൽ എമ്പാടും വായിക്കപ്പെടുന്നതും ഇതേ സാഹചര്യത്തിൽ തന്നെയാണ്‌. കേരളത്തിലെയും ഇന്ത്യയിലാകെയുമുളള മുഴുവൻ വർഗ്ഗീയശക്തികളും സ്വീകരിക്കുന്ന വിദേശഫണ്ടുകളെക്കുറിച്ചുളള ഞെട്ടിപ്പിക്കുന്ന കണക്കുകൾ മുകളിൽ കൊടുത്ത വസ്‌തുതകളെ കൃത്യമായും സാധൂകരിക്കുന്നു.

അലിഗറിലെത്തിയ അൻവറിനെ തങ്ങളുടെ കൂടെ ചേർക്കാൻ മതതീവ്രവാദികൾക്ക്‌ ഏറെ പണിപ്പെടേണ്ടി വന്നില്ല. ബാബറി മസ്‌ജിദ്‌ തകർക്കുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ കാട്ടിയും മതത്തിന്റെ വളച്ചൊടിച്ച വ്യാഖ്യാനങ്ങൾ പഠിപ്പിച്ചും ജിഹാദ്‌ തന്റെ ജീവിതാഭിലാഷമായി കണക്കാക്കി പോരാടേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന്‌ അവർ അൻവറിനെ ധരിപ്പിക്കുന്നു. ബാബറി മസ്‌ജിദിന്റെ തകർച്ചയോടെ ഇന്ത്യയിൽ നടന്ന വർഗ്ഗീയ ധ്രുവീകരണം ആപത്‌ക്കരം തന്നെയാണ്‌. ഡിസംബർ 6 കൊണ്ട്‌ നേട്ടമുണ്ടാക്കിയത്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയശക്തികളാണ്‌. പളളിപൊളിച്ചതിന്‌ പകരം വയ്‌ക്കേണ്ടത്‌ ഹിന്ദു ആരാധനാലയങ്ങൾ കൊണ്ടല്ല ചരിത്രബോധത്തിൽനിന്നുണ്ടായ മതേതരത്വത്തിന്റെയും മതത്തിന്റെ അന്തസത്തയിൽ നിന്നുണ്ടായ സമാധാനത്തിന്റെയും തിരിച്ചറിവുകൾ കൊണ്ടാണെന്ന്‌ അലിഗറിലെ തന്റെ സഹപാഠികളെ പറഞ്ഞു മനസ്സിലാക്കാൻ അൻവറിന്‌ കഴിയാതെ പോയത്‌ എന്തുകൊണ്ടാണ്‌? ചരിത്രത്തിലെ വഴികാട്ടികളായ അബ്‌ദുൾകലാം ആസാദിനെയും അബ്‌ദുൾ റഹിമാൻ സാഹിബിനെയും മറന്നുപോയതുകൊണ്ട്‌, വളച്ചൊടിക്കപ്പെട്ട വ്യാഖ്യാനങ്ങൾക്കുമപ്പുറത്തുളള നന്മയുടെ വെളിച്ചം വിതറുന്ന മതത്തെ കണ്ടെത്താൻ കഴിയാതെ പോയതുകൊണ്ട്‌ ചലച്ചിത്രം തരുന്ന ഉത്തരം ഇതാണ്‌.

അലിഗറിൽ നിന്നും മടങ്ങിയെത്തുമ്പോഴേക്കും അൻവറിലെ നന്മകളെല്ലാം വറ്റിപ്പോയിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ട മതം അയാളുടെ ചിന്തകളെ മലീമസപ്പെടുത്തിയിരുന്നു. പക്ഷേ ജയിലിലടക്കപ്പെട്ട അൻവർ തന്റെ ബാപ്പ രചിച്ച ‘ദൈവനാമത്തിൽ’ എന്ന ഗ്രന്ഥത്തിലൂടെ മതതീവ്രവാദത്തിന്റെ ഗൂഢലക്ഷ്യങ്ങൾ മനസ്സിലാക്കുകയും അതിന്റെ അടിവേരുകൾ സാമ്രാജ്യത്വത്തിലാണെന്ന്‌ തിരച്ചറിയുകയും ചെയ്യുന്നു. ചലച്ചിത്രത്തിന്റെ കഥയുടെ കെട്ടുറപ്പിനെ സംശയാസ്‌പദമായി നോക്കിക്കാണേണ്ടിവരുന്ന ഒരു സന്ദർഭമാണിത്‌. മതേതരത്വത്തിന്റെ നാവായ സാഹിബിന്റെ മകൻ അയാളിൽ നിന്നും ആശയപരമായി ഒന്നും നേടാത്തതെന്തുകൊണ്ടാണ്‌?

അഫ്‌ഗാനിസ്ഥാനിൽ നജീബുളളയുടെ ശിരസ്സ്‌ ഛേദിക്കപ്പെട്ടപ്പോൾ ഇറാഖിൽ അമേരിക്ക മൃഗീയമായി അധിനിവേശം നടത്തിയപ്പോൾ പ്രതിഷേധിച്ചത്‌ ലോകത്തിലെമ്പാടുമുളള ജനാധിപത്യവിശ്വാസികൾ മാത്രമായിരുന്നു, പ്രത്യേകിച്ചും ഇടതുപക്ഷജനതയായിരുന്നു. അപ്പോഴൊക്കെയും മുസ്ലീം രാഷ്‌ട്രങ്ങളിലെ ഭരണാധികാരികൾ സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായി വർത്തിക്കുകയായിരുന്നു. ചലച്ചിത്രം ഇത്തരം ചരിത്രവസ്‌തുതളെ സത്യസന്ധമായി അവതരിപ്പിക്കുന്നു. സാഹിബിന്റെ ‘ദൈവനാമത്തിൽ’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നതും ഒരു ഇടതുപക്ഷ ആശയക്കാരനാണ്‌. എ.കെ.ജിയുടെ ചിത്രത്തിനുമുൻപിൽ വച്ചാണ്‌ പ്രസ്തുതപുസ്‌തകം അച്ചടിക്കപ്പെടുന്നത്‌.

ഹ്യൂഗോ ഷാവേസമും ഫിദൽ കാസ്‌ട്രോയും ഒക്കെ തിരിച്ചറിഞ്ഞ ഒരു വലിയ അപകടത്തിന്റെ സൂചനകൾ നമ്മളൊക്കെയും എത്രയും വേഗം മനസ്സിലാക്കിയേ തീരൂ. സാമ്രാജ്യത്വം തീറ്റിപ്പോറ്റുന്ന ഭൂരിപക്ഷ-ന്യൂനപക്ഷവർഗ്ഗീയ ശക്തികൾ നമ്മുടെ ഉളളിൽ ഇടം കണ്ടെത്തുന്നതിന്‌ മുമ്പ്‌ ചരിത്രത്തിന്റെ ഏടുകളെ ഓർമ്മകളിൽനിന്ന്‌ മായ്‌ച്ചുകളയാതെ, ചിന്തയുടെ ധീരതകൊണ്ട്‌ നാം സത്യത്തെ തിരിച്ചറിഞ്ഞേ തീരൂ. രാഷ്‌ട്രീയം മിണ്ടാനാകാതെ വായ മൂടിക്കെട്ടിയ ക്യാംപസുകളിൽ നിന്ന്‌, രാഷ്‌ട്രീയം നിഷ്‌ക്കാസനം ചെയ്‌ത്‌ ആൾദൈവങ്ങൾ അരങ്ങുതകർക്കുന്ന തെരുവുകളിൽ നിന്ന്‌, വിശുദ്ധഗ്രന്ഥങ്ങളുടെ മലീമസ വ്യാഖ്യാനങ്ങൾ മാത്രം വായിച്ചു വളരുന്ന വിശ്വാസികളിൽനിന്ന്‌ അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ ചലച്ചിത്രകാരൻ നടത്തുന്ന ധീരവും സത്യസന്ധവുമായ ഒരു ഓർമ്മപ്പെടുത്തലാണ്‌ ‘ദൈവനാമത്തിൽ’ എന്ന ചലച്ചിത്രം.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.