പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മിഴിയോരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബെൻസി അയ്യമ്പിളളി

ലേഖനം

“മിഴിയോരം നനഞ്ഞൊഴുകും കാലം...”

“മിഴിയോരം നനഞ്ഞൊഴുകും... മുകിൽ മാലകളോ...” ഉതകമണ്ഡലത്തിലെ പൂചൂടിയ വാകമരങ്ങളേയും കടന്ന്‌, താഴ്‌വരകളിൽ മൂടിനിന്ന മഞ്ഞിന്റെ കുളിരുമായാണ്‌ ആ ഈണം വന്നത്‌.... അത്‌ മിഴിയോരങ്ങളെ നനച്ച്‌ മനസ്സിൽ ചാലുകീറിയിട്ട്‌ ഇരുപത്തിയഞ്ച്‌ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. അപ്രതീക്ഷിതമായിരുന്നു ആ വരവ്‌... പക്ഷെ കേട്ട മാത്രയിൽ നമ്മൾ അതിനെ നെഞ്ചോട്‌ ചേർത്തു. അതുകൊണ്ട്‌ തന്നെ രണ്ട്‌ സംവൽസരങ്ങളുടെ ഓർമ്മപുസ്‌തകത്തിൽ ജെറി അമൽദേവ്‌ എന്ന പേര്‌ മായുന്നില്ല. ആ ഈണങ്ങൾ നമ്മൾ മറക്കുന്നുമില്ല...

ഊട്ടിയുടെ തണുപ്പിൽ ഷാൾപുതച്ച്‌ ചോക്ക്ലേറ്റ്‌ മധുരം നുണഞ്ഞ പ്രേം...

സ്നേഹാക്ഷരങ്ങൾക്കിടയിലെ കറുത്ത തെറ്റുപോലെ നരേന്ദ്രൻ...

ഇവർക്കിടയിൽ നൊമ്പരങ്ങൾ മാത്രം അടയാളപ്പെടുത്തി പ്രഭ...

ഇവർ മൂവരും വെറും കഥാപാത്രങ്ങൾ മാത്രമായിരുന്നില്ല മലയാളിക്ക്‌. ഒരർത്ഥത്തിൽ മലയാളി ഇവരെപോലെ തന്നെ ജീവിക്കാൻ ശ്രമിച്ചു. അതെ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” നമുക്ക്‌ കേവലം ഒരു ചലച്ചിത്രം മാത്രമായിരുന്നില്ല അന്ന്‌. കടത്തനാടൻ കളരികളിൽ കുടുങ്ങിക്കിടന്ന മലയാള ചലച്ചിത്രം കൗമാരബന്ധങ്ങളുടെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക്‌ നടക്കാൻ തുടങ്ങിയതും ഇവിടെ നിന്നുതന്നെയാണ്‌.

അതുകൊണ്ട്‌ തന്നെ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” താരോദയങ്ങളുടെ സാക്ഷ്യപ്പെടുത്തലും കൂടിയായിരുന്നു.

മോഹൻലാൽ

ശങ്കർ

ഫാസിൽ

ഒപ്പം ഈണത്തിന്റെ പുതിയ ലോകം സൃഷ്‌ടിച്ച സംഗീത സംവിധായകൻ ജെറി അമൽദേവ്‌.

പാണന്റെ നന്തുണി ഈണങ്ങളും, ഹിന്ദി ഗാനങ്ങളുടെ നേർപകർപ്പുകളും നിറഞ്ഞ തിരശ്ശീലയിൽ അങ്ങനെ

“മഞ്ഞണിക്കൊമ്പിലും...” “മഞ്ചാടി കുന്നിലും...” പുതിയ ചരിത്രം തീർത്തു.

“മിഴിയോരം നനഞ്ഞൊഴുകി‘യത്‌ പ്രഭയുടേത്‌ മാത്രമല്ലന്നതും സത്യം.

ഇവിടെ ഒരു സംഗീത സംവിധായകൻ പിറവിയെടുക്കുകയായിരുന്നു-അതെ. ജെറി അമൽദേവ്‌- പിന്നീടങ്ങോട്ട്‌ മലയാളിയുടെ ഈണങ്ങൾ ഇവനുമാത്രം സ്വന്തമായി.

മഴയൊഴിയാതെ പെയ്‌ത ഒരു കർക്കടക പകലിലാണ്‌ ജെറി അമൽദേവിനെ തേടി ചെന്നത്‌. തൃപ്പൂണിത്തുറയിലെ ചോയ്‌സ്‌ പബ്ലിക്ക്‌ സ്‌കൂൾ. ജെറി അമൽദേവ്‌ ഇവിടെ സംഗീതാധ്യാപകന്റെ റോളിലാണിപ്പോൾ. സ്‌കൂളിന്റെ റിസർവ്‌ഷൻ ലോബിയിൽ മഴയെ നോക്കി ഇരിക്കുമ്പോൾ മനസ്സിൽ മൗനവും മുഖത്ത്‌ നേർത്ത പുഞ്ചിരിയുമായിരുന്നു ജെറി അമൽദേവിന്‌.

”നന്നേ ചെറുപ്പം മുതൽ മനസ്സിൽ ഒരു വിശുദ്ധ സ്വപ്‌നം പോലെ സംഗീതം സൂക്ഷിച്ചയാളാണു ഞാൻ. എന്നാൽ മലയാള ചലച്ചിത്രഗാനങ്ങളും ഈണങ്ങളും എനിക്ക്‌ അന്യവുമായിരുന്നു...“

നരവീണ താടിയുഴിഞ്ഞ്‌ ജെറി അമൽദേവ്‌ എന്ന സംഗീതകാരൻ ഓർമ്മകളുടെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഇടവഴികളിലൂടെ തിരിഞ്ഞു നടന്നു.

സ്‌കൂൾ മുറ്റത്തെ കൂട്ടം മുറിഞ്ഞ ഈന്തപ്പനകളെ നനച്ച്‌ അപ്പോഴും മഴ പെയ്‌തുകൊണ്ടേയിരുന്നു.

സംഗീതം പഠിക്കാൻ ബോംബെയ്‌ക്ക്‌ വണ്ടി കയറിയ ജെറി പ്രസിദ്ധ സംഗീതജ്ഞൻ നൗഷാദിന്റെ ശിഷ്യനായി. ഇവിടെ നിന്നാണ്‌ യഥാർത്ഥ സംഗീതത്തെ തിരിച്ചറിയുന്നത്‌. ആ ലോകത്തേക്ക്‌, കിഴക്കേമലയിലെ വെണ്ണിലാവോ, കണ്ണെഴുതിയ ശംഖുപുഷ്‌പമോ കടന്നുവന്നിരുന്നില്ല. അഞ്ച്‌ വർഷത്തെ ബോംബെ ജീവിതത്തിനൊടുവിൽ വിദേശത്തേക്ക്‌. ലണ്ടൻ സ്‌കൂൾ ഓഫ്‌ മ്യൂസിക്കിൽ പാശ്ചാത്യ സംഗീതത്തിൽ ഉപരിപഠനം.

എഴുപതുകൾക്കൊടുവിൽ ജെറി വീണ്ടും കേരളത്തിൽ തിരിച്ചെത്തുമ്പോൾ അടിയന്തിരാവസ്ഥ കടന്നുപോയതൊഴിച്ചാൽ-ചില സമാന്തരചിന്തകൾ നേർത്തതെങ്കിലും നിറഞ്ഞതൊഴിച്ചാൽ-വലിയ മാറ്റങ്ങളൊന്നും മലയാള ചലച്ചിത്രത്തിലും സംഗീതത്തിലും ഉണ്ടായിരുന്നില്ല.

ടാക്കീസുകളുടെ തിരശ്ശീലകളിൽ പ്രേംനസീറും ഷീലയും, ആനയും അമ്പാരിയുമൊക്കെയായി തുളുനാടൻ കളരിക്കഥകൾ ഓടിക്കൊണ്ടേയിരുന്നു. വിജയശ്രീമാർ അരുവികളിൽ കുളിച്ചു. അങ്കംവെട്ടി, അവരുടെ വീരനായകർ ലോകനാർക്കാവമ്മയേയും കളരിവിളക്കിനേയും തൊട്ട്‌ സത്യം ചെയ്‌തുകൊണ്ടുമിരുന്നു.

”നവോദയ അപ്പച്ചനും, ഫാസിലും, ജിജോയുമെല്ലാം ഒരു ചലച്ചിത്രത്തിന്‌ സംഗീതമൊരുക്കാൻ എന്നെ വിളിക്കുമ്പോൾ-മലയാള ചലച്ചിത്ര ഗാനരംഗത്തെക്കുറിച്ചുളള അജ്ഞത എന്നെ ആശങ്കപ്പെടുത്തിയിരുന്നു“ -ജെറി അമൽദേവ്‌ ഓർമ്മിക്കുന്നു.

”യേശുദാസിനെപോലും എനിക്കാദ്യം അറിയില്ലായിരുന്നു. അദ്ദേഹത്തെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത്‌ തന്നെ ന്യൂയോർക്കിൽ വച്ചാണ്‌.“

പക്ഷെ അത്ഭുതകരമായിരുന്നു ചിത്രത്തിന്റെ വിജയം. കൂട്ടായ്‌മയുടെ സാക്ഷ്യപ്പെടുത്തൽ-ഒരർത്ഥത്തിൽ മഞ്ഞിലല്ല മലയാളിയുടെ മനസ്സിലാണ്‌ പൂക്കൾ വിരിഞ്ഞത്‌.

ചിത്രത്തിലെ പാട്ടുകളെല്ലാം നിറഞ്ഞ മനസ്സോടെ മലയാളി ഏറ്റുവാങ്ങി. കലാലയങ്ങളുടെ കാമ്പസുകളിലും, ടൈപ്പ്‌ റൈറ്റിംഗ്‌ ഇൻസ്‌റ്റിറ്റ്യൂട്ടുകളുടെ ഇടനാഴികളിലും നാലാൾ കൂടുന്നിടത്തൊക്കെയുമ കൗമാരം ഈ ഈണങ്ങൾ മൂളി...

”ഒരർത്ഥത്തിൽ ഈ ടീംവർക്ക്‌ തന്നെയാണ്‌ വിജയത്തിന്റെ കാരണം. ബിച്ചുതിരുമലയുടെ ശക്‌തമായ വരികൾ“-അത്‌ മലയാളിയുടെ ഇടനെഞ്ചിൽ തന്നെയാണ്‌ നെരിപ്പോടായത്‌. ബിച്ചുവിന്റെ വരികളില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ പരാജിതനായെനെ...” ജെറി അമൽദേവ്‌ പറയുന്നു.

“മലയാളികൾ പൊതുവെ ഗൗരവക്കാരാണ്‌. ഗാനങ്ങൾ മനസ്സിലേക്ക്‌ കയറാൻ കാമ്പുളള വരികൾ തന്നെ വേണം. ഈണം രണ്ടാമതാണ്‌.” -അദ്ദേഹം കൂട്ടിച്ചേർത്തു.

ഈണങ്ങളുടെ ദേവദുന്ദുഭിയായി, പതിവ്‌ വഴികളിൽ നിന്നും മാറി നടന്ന ജെറി അമൽദേവ്‌ 75-ഓളം ചലച്ചിത്രങ്ങൾക്കാണ്‌ സംഗീതം പകർന്നത്‌. അക്ഷരാർത്ഥത്തിൽ തൊട്ടതെല്ലാം പൊന്ന്‌.

മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌.... നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട്‌... എന്നെന്നും കണ്ണേട്ടന്റെ... സൻമനസ്സുളളവർക്ക്‌ സമാധാനം..

ജ് അമൽദേവ്‌ എന്ന സംഗീതകാരൻ തന്റെ മാന്ത്രികതയുടെ അടയാളങ്ങൾ പതിപ്പിച്ച പട്ടിക ഇവിടെ അവസാനിക്കുന്നില്ല.

“ഞാൻ സംഗീതം പകർന്ന 35-ഓളം ചിത്രങ്ങൾ ഇപ്പോഴും പെട്ടിയിലാണ്‌.”- ജെറി അമൽദേവ്‌ ഇതുപറയുമ്പോൾ ചുണ്ടിൽ നേർത്ത ചിരിയുടെ സാന്നിദ്ധ്യം കൂടെയുണ്ടാവും.

പക്ഷെ മലയാളിക്ക്‌ ഒന്നറിയാം. പെട്ടിയിൽ പെട്ടുപോയ പടമായാലും ജെറിയുടെ പാട്ടുകൾ ഹിറ്റ്‌.

“ചെമ്പരത്തിപ്പൂവേ ചൊല്ലൂ....

ദേവനെ നീ കണ്ടോ... ”

മലയാളി ഏറെ പാടിയ ജെറി അമൽദേവിന്റെ ഗാനം ഇനിയും പുറത്തിറങ്ങാത്ത “കാട്ടുപോത്ത്‌” എന്ന ചിത്രത്തിലേതാണ്‌. പടമറിയില്ലെങ്കിലും നമുക്ക്‌ പാട്ടു മറക്കാനാവില്ല.

മലയാള ചലച്ചിത്രഗാനങ്ങൾക്ക്‌ പഴയ നിലവാരമില്ലെന്ന്‌ പറയുമ്പോഴും ജെറി അമൽദേവിന്‌ അതിനുത്തരമുണ്ട്‌. സംഗീതംപോലെ ഭാവസാന്ദ്രമായ ഉത്തരം.

“പഴയ ടീം വർക്ക്‌ ഇപ്പോൾ സിനിമയിലില്ല. നല്ല കഥ പോലുമില്ല. കലാപരമായ മേൻമയിലല്ല പണം മാത്രമാണ്‌ നിർമ്മാതാക്കളടക്കമുളളവർക്ക്‌ മോഹം.”

ചലച്ചിത്രം മാത്രമല്ല ഈണങ്ങളും അന്യമാവുന്നതും ഇങ്ങനെ തന്നെയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

“മലയുടെയും വെളളത്തിന്റെയും പച്ചപ്പിലാണ്‌ മലയാളിടെ ജീവിതം. ഇന്നലെയും മിന്നിയാന്നും വന്ന പാന്റിട്ട പിളേളർക്ക്‌ ഇതൊന്നും അറിയില്ല. ”ഡ്രംസി’ൽ ഒന്ന്‌ ആഞ്ഞുതട്ടിയാൽ എല്ലാമായെന്നാണ്‌ അവരുടെ വിചാരം-പക്ഷെ മലയാളി ഗൃഹാതുരതകളുടെ തടവറകളിലാണെന്നത്‌ ഇവർ മറന്നുപോവുന്നു...“

ഇടക്കെപ്പൊഴോ മഴയിലേക്ക്‌ മിഴിനട്ടിരുന്ന ജെറി അമൽദേവിനോട്‌ ചോദിച്ചു.

”ഇങ്ങനെയൊരു ഇടവേള...? സിനിമ മടുത്തോ?“

”ഈ ഇടവേള എന്തുകൊണ്ടെന്ന്‌ എനിക്കറിയില്ല. ഞാൻ സിനിമ വേണ്ടെന്ന്‌ വച്ചിട്ടില്ല. എന്നെ അവർ വേണ്ടെന്ന്‌ വച്ചതാണ്‌. അതിന്റെ കാരണം അവരുടെ കൈയ്യിൽ തന്നെ കാണും. ഇതൊരു വ്യവസായ ലോകമാണ്‌. ഞാൻ വേണ്ടാത്തൊരു ചരക്കും...എനിക്കും ജീവിക്കണ്ടേ? അതുകൊണ്ട്‌ ഇപ്പോൾ ഇങ്ങനെയൊരു തൊഴിൽ..“ നേർത്ത ഒരു ചിരിയോടെ ജെറി അമൽദേവ്‌ ഇത്രയും പറഞ്ഞു തീർക്കുമ്പോൾ നമുക്ക്‌ ചോദ്യങ്ങൾ പോലും നഷ്‌ടപ്പെടുന്നു.

”എനിക്ക്‌ തിരിച്ചു വരണമെന്ന്‌ ആഗ്രഹമുണ്ട്‌. പക്ഷെ നല്ല കഥയും കവിതയും വേണം. ഇതൊക്കെ മനസ്സിലാവുന്ന ഒരു നിർമ്മാതാവും വേണം...“ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈന്തപ്പനകൂട്ടങ്ങളെ നനച്ച്‌ അപ്പോഴും മഴ കനത്തുപെയ്‌തുകൊണ്ടിരുന്നു.

സിനിമ ഇല്ലെങ്കിലും ജെറി അമൽദേവ്‌ എന്ന സംഗീതകാരന്‌ ഇപ്പോഴും വിശ്രമമില്ല. അധ്യാപനം, ഭക്തിഗാനങ്ങൾ... ഇപ്പോൾ പി.ഭാസ്‌കരനെ കുറിച്ചുളള ഒരു ഹൃസ്വചിത്രത്തിന്റെ പണിപ്പുരയിലാണ്‌.

മണിക്കൂറുകൾക്കൊടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ഓടിയെത്തിയത്‌ പഴയൊരു ഓർമ്മച്ചിത്രമാണ്‌. ഉച്ചയ്‌ക്ക്‌ ഉണ്ണാൻ സ്‌കൂളിൽ നിന്നും ഓടിയെത്തി പാത്രത്തിനു മുന്നിലിരിക്കുമ്പോൾ ഒരു മണിയുടെ രഞ്ഞ്‌ജിനിയിൽ അടുത്തിരുന്ന്‌ ഒരു റേഡിയോ ഇങ്ങനെ വിളിച്ചു പറഞ്ഞു.

”ചലച്ചിത്രഗാനങ്ങൾ

ചിത്രം - മഞ്ഞിൽ വിരിഞ്ഞപ്പൂക്കൾ

ഗാനരചന -ബിച്ചുതിരുമല

സംഗീതം - ജെറി അമൽദേവ്‌...“

ഇരമ്പിയാർക്കുന്ന മഴയിലേക്ക്‌ നടക്കുമ്പോൾ മിഴിയോരങ്ങളെ നനച്ച്‌ ജാനകിയമ്മയുടെ ശബ്‌ദം മനസ്സിലും പെയ്‌തിറങ്ങുകയായിരുന്നു... അപ്പോൾ പ്രേമും നരേന്ദ്രനും പ്രഭയും എനിക്കൊപ്പം മഴനനഞ്ഞ്‌ നടക്കുന്നുണ്ടായിരുന്നു.

ബെൻസി അയ്യമ്പിളളി


Phone: 9846794417
E-Mail: benzykp@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.