പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വ്യാജമായ വാക്കുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എംകെ.ഹരികുമാർ

ലേഖനം

പുതിയ തലമുറയോട്‌ പറയാൻ മലയാളസാഹിത്യത്തിൽ ഇപ്പോൾ ഒരു സുവിശേഷവുമില്ല. എല്ലാം തന്നെ നേരത്തെ കേട്ടതാണ്‌. ചില ഉപമകൾ, വാക്യസമുച്ചയങ്ങൾ, പരിഹാസച്ചിരികൾ, അക്കാദമിക്ക്‌ പൊങ്ങച്ചം എല്ലാം പഴയതുതന്നെ. എഴുതുന്ന ഓരോ വാക്യവും ഒന്നിനൊന്ന്‌ അപ്രസക്തവും പ്രാകൃതവുമായിത്തീരുന്ന ഒരവസ്ഥ, പൊതുവിൽ മലയാളസാഹിത്യത്തിലുണ്ട്‌.

എഴുത്തിനോടുള്ള ആത്മാർത്ഥത തീരെയില്ലാതായി. അതിനേക്കാൾ ശ്രദ്ധ എഴുത്തിലൂടെ കിട്ടിയേക്കാവുന്ന സൗഹൃദങ്ങളിലും സ്ഥാനമാനങ്ങളിലുമാണ്‌. ഒരു കൃതിപോലും ഭാവിയുടെ ലോകത്തേക്ക,​‍്‌ ഒരു മുതൽകൂട്ടെന്ന നിലയിൽ ഉണ്ടാകുന്നില്ല. പ്രത്യേക പതിപ്പുകളിലോ പ്രഭാഷണങ്ങളിലോ ഒരാശയത്തിനുവേണ്ടിയുള്ള കുതിപ്പ്‌ കാണാനില്ല. എല്ലാ അന്വേഷണവും അവസാനിപ്പിച്ചു എന്ന അറിയിപ്പ്‌ വരാനായി കാത്തിരിക്കുന്നവനായി മലയാള എഴുത്തുകാരൻ.

എഴുത്തുകാരുടെ സ്‌നേഹബന്ധം അവസാനിച്ചു. അഴീക്കോട്‌ സാറിനെപോലെ സ്‌നേഹത്തിന്റെ ബന്ധമറിയാവുന്നവർ തീരെ കുറഞ്ഞു. ഓർമകൾ ഇല്ലാതായി. കൂട്ടുകൂടുന്നതാകട്ടെ സ്വന്തം കാര്യസാധ്യത്തിനും. സ്‌നേഹിച്ചാൽ തിരിച്ചു സ്‌നേഹിക്കാത്തവരുണ്ടോ? പരസ്‌പരം പുറം ചൊറിയുന്നവർ!

റിയലിസ്‌റ്റിക്‌ കാലഘട്ടത്തിലെഴുതിയ പല കഥകളും കാലഹരണപ്പെട്ടു. ഇപ്പോൾ പുതിയ യാഥാർത്ഥ്യമുണ്ട്‌. സർഗാത്മക പ്രവർത്തനത്തിനു പറ്റിയ മണ്ണാണ്‌ മലയാളിക്കുള്ളത്‌. പലതരം രൂപാന്തരങ്ങൾ സംഭവിക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ബന്ധത്തിനു പുതിയ മാനങ്ങളുണ്ട്‌. ഭൂമിയില്ലാത്തവരുടെ വിലാപം തുടരുന്നു. ഭൂമിയുള്ളയർ അതുപേക്ഷിച്ചു പോകുന്നു. രാഷ്‌ട്രീയപാർട്ടികൾ പലതും തിരഞ്ഞെടുപ്പിനപ്പുറം രാഷ്‌ട്രീയത്തെ കാണാതായി.

ലോകത്തിനു പുതിയ സ്‌പേസ്‌ ഉണ്ടായി. മണ്ണിനും താമസസ്ഥലത്തിനും പകരം സൈബർ ഡിജിറ്റൽ ലോകം സ്ഥാപിക്കുന്നു. അവിടം തുടങ്ങുന്നു, മലയാളിയുടെ മനസ്സിന്റെ നൈർമല്യതയുടെ അന്ത്യം. അതിന്റെ കൂടപിറപ്പായ വികാരത്തിന്റെയും വിചാരത്തിന്റെയും അന്ത്യം. പ്രണയം ഇല്ലാതായി. ദാമ്പത്യം ഒരു വികാരരഹിത സ്ഥാപനംപോലെയാണ്‌ മലയാളിക്കിന്ന്‌. അവിടെ സ്‌ത്രീ ലൈംഗീകത നോക്കുകുത്തിയായി.

ജോലിയുടെ സ്വഭാവം സാങ്കേതികമായി എളുപ്പമുള്ളതായെങ്കിലും മാനസികഭാരം ഏറി. ഒരടിതെറ്റിയാൽ വൻപതനമാണ്‌ ഓരോരുത്തരുടേയും മുമ്പിൽ. അടിമയായിരിക്കാതെ ജോലിച്ചെയ്യാൻ പറ്റില്ല. ഇത്‌ ഒരുവനിൽ കടുത്ത മാനസിക പിരിമുറുക്കവും അമർഷവും സൃഷ്‌ടിക്കുന്നു.

ജോലി സമയത്ത്‌ എല്ലാ പിരിമുറുക്കവും അയാൾ കടിച്ചുപിടിച്ച്‌ ഒതുക്കുന്നു. പുറത്തിറങ്ങിയാൽ അയാൾ ലഹരിക്കടിമപെടുന്നത്‌ സ്വാഭാവികം. വീട്ടിൽ അയാൾക്ക്‌ രതിയില്ല. സ്‌നേഹംപോലുമില്ല. അയാൾ മാനസികമായി അരാജകജീവിയാണ്‌. അയാൾക്ക്‌ ഒന്നുമോർക്കാതെ ചിരിച്ചാൽമതി. പണിമുടക്കുകളെയും എല്ലാത്തരം ഒഴിഞ്ഞുമാറലുകളെയും അയാൾ സ്‌നേഹിക്കും. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം. സ്വന്തം ഭാഷയെ, വർഗത്തെ, നാടിനെ എല്ലാം കളിയാക്കികൊണ്ടേ അയാൾക്ക്‌ തന്റെ ആത്മനിന്ദയുടെ വൃത്തം പൂർത്തിയാക്കാനാകൂ.

എല്ലാമുണ്ടെന്ന്‌ തോന്നും എന്നാൽ ഒന്നുമില്ലെന്നതാണ്‌ അനുഭവം. ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമെല്ലാം വ്യാമോഹങ്ങൾ മാത്രമാണുള്ളത്‌. ജിവിതയാഥാർത്ഥ്യം അവിടെ തമസ്‌കരിക്കപ്പെടുന്നു. നൈമിഷികസ്വപ്നനാടനങ്ങളിൽ മലയാളി നിർവൃതികൊള്ളുന്നു.

ഈയൊരു മാനസിക ദശാസന്ധിയിൽ എഴുത്തുകാരെന്താണ്‌ ചെയ്യുന്നത്‌? വായനക്കാരുടെ കണ്ണുകെട്ടുന്നു. നോവലെഴുത്തുകാർ കൂട്ടത്തോടെ ജീവചരിത്രമെഴുതുന്നു. സി. രാധാകൃഷ്‌ണൻ എഴുത്തച്ഛന്റെ, പി. മോഹനൻ കന്യാമറിയത്തിന്റെ, ഓണക്കൂർ ഇന്ദിരഗാന്ധിയുടെ ജീവചരിത്രം നോവലായെഴുതുന്നു. ഇവർ നോവൽ എഴുതി പരാജയപ്പെട്ടു എന്നല്ല പറയുന്നത്‌. അവർ തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ കാലിക പ്രസക്തി നഷ്‌ടപ്പെട്ടു. എന്നാൽ വെറും സാധാരണ എഴുത്തുകാരനായ പെരുമ്പടവം ശ്രീനാരായണഗുരുവിനെക്കുറിച്ച്‌ ‘നാരായണം’ എന്നൊരു നോവലെഴുതി അപഹാസ്യനായി. വെറും പൈങ്കിളിയായിപോയി അത്‌. വൈകാരികതയോ ജ്ഞാനമോ ഇല്ലാതെ എഴുതികൊണ്ടിരിക്കുന്ന ഇദ്ദേഹം സി.ജെ.തോമസിനെക്കുറിച്ചും മറ്റും എഴുതാൻ ശ്രമിക്കുന്നതും ഈ കാലത്തിന്റെ വ്യർഥമോഹങ്ങളുടെ ഭാഗമാണ്‌.

കഥാകൃത്തുക്കൾക്ക്‌ കഥ വേണ്ട. എം.രാജീവ്‌കുമാർ എന്നയാൾ ചില വ്യക്തികളെപറ്റിയാണ്‌ സ്ഥിരമായി എഴുതികൊണ്ടിരിക്കുന്നത്‌. തനിക്ക്‌ വിരോധമുള്ളവരെയെല്ലാം അദ്ദേഹം കഥാപാത്രങ്ങളാക്കുന്നു.!

എന്തെല്ലാം കപട ചർച്ചകളാണ്‌ മാധ്യമങ്ങൾ ആഘോഷിക്കുന്നത്‌. സ്വന്തം ജീവിതത്തിൽ യഥാസ്ഥിതികരായവരെല്ലാം ഈ ചർച്ചകളിൽ പുരോഗമനക്കാരായി വേഷം മാറിവരുന്നു. നിഷേധം എന്നത്‌ നല്ലൊരു വ്യാജപ്രമാണമായി മാറുന്നു.

ഏറ്റവും ചീത്തപുസ്തകങ്ങൾക്ക്‌ അവാർഡ്‌ കൊടുക്കാൻ ഇവിടെ സ്ഥിരം സംഘങ്ങളുണ്ട്‌. ആ തെരഞ്ഞെടുപ്പിനെപറ്റി നല്ലതു പറയിക്കാൻ മാധ്യമ സുഹൃത്തുക്കളെയും കിട്ടും. പോഞ്ഞിക്കര റാഫി, യു.പി. ജയരാജ്‌, അയ്യനേത്ത്‌, ടി.വി.നന്ദകുമാർ, ജയനാരായണൻ തുടങ്ങി നല്ല എഴുത്തുകാരെ അവരുടെ കാലത്തും അതിനുശേഷവും ആരും തിരിഞ്ഞുനോക്കിയില്ല. കാരണം അവർ ഒരു സ്ഥാപിത താല്‌പര്യസംഘത്തിലുമുണ്ടായിരുന്നില്ല. ഇവരെ തള്ളിമാറ്റിക്കൊണ്ടാണ്‌ പല പുതിയ കഥാകാരന്മാരും യാതൊരു ചമ്മലുമില്ലാതെ അവരവരുടെ അവാർഡുകളും വാങ്ങി പോയിട്ടുള്ളത്‌. തന്റെ കൃതി മോശമാണെന്നറിയാവുന്ന ഒരെഴുത്തുകാരൻ മറ്റുള്ളവന്റെ പുരസ്‌ക്കാരം തട്ടിയെടുക്കാമോ? ഇവിടെ അതും സംഭവിക്കുന്നു.

ചിലർ സ്വന്തം കൃതികൾ പുറത്തിറങ്ങാൻ തുടങ്ങുമ്പോഴേ ഫോൺ ചെയ്‌ത്‌ ഓർമിപ്പിക്കും. അതിനെപറ്റി എഴുതിയാലോ തൃപ്‌തരാവുകയുമില്ല. പിന്നെ ആ കൃതിയെപറ്റി എഴുതിയവനെ എങ്ങനെയെങ്കിലും അപമാനിക്കാനാണ്‌ ശ്രമം.

എഴുത്തുകാരന്‌ ഇന്ന്‌ ഒരു റോളുമില്ല. അയാൾ സൃഷ്‌ടിച്ചെടുക്കുന്ന അവാർഡിന്റെ ഒരു പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോയിലാണ്‌ അയാളുടെ ലോകത്തിന്റെ അതിരുകളുള്ളത്‌. ഇതു സംഭവിച്ചത്‌, ഒരു രാഷ്‌ട്രീയ മനുഷ്യൻ എന്ന നിലയിലുള്ള അവന്റെ നയപരമായ പാളിച്ചകളാണ്‌. ജ്ഞാനസംവാദനത്തിനു മുഖ്യപരിഗണന കൊടുക്കാത്തത്‌ അവന്‌ തിരിച്ചടിയായി. ജ്ഞാനത്തെ ഛായാരഹിതമാക്കിയതും വിനയായി. ‘സംസ്‌കൃതസാഹിത്യത്തിലെ തത്വചിന്ത’ എന്ന അപാരമായ കൃതി (രണ്ടു വാല്യങ്ങൾ) എഴുതിയ കൃഷ്‌ണചൈതന്യയെ എല്ലാ പ്രസാധകരും മറന്നു. അദ്ദേഹത്തിന്റെ ഒരു കൃതിയും കിട്ടാനില്ല. എന്നാൽ എത്രയോ കഥാകൃത്തുക്കളുടെ സമ്പൂർണ്ണ കഥകൾ പുറത്തിറങ്ങുന്നു. പുസ്‌തക വ്യവസായത്തിലും ഇഷ്‌ടജനതാല്‌പര്യമാണ്‌ മുന്നിൽ. വിമർശനങ്ങളെ ആരും സഹിക്കുന്നുമില്ല. അതിന്നർത്ഥം അപരന്റെ വാക്കുകൾ കേൾക്കാനുള്ള ചെവി നമുക്കില്ലെന്നതാണ്‌. ഇതിന്റെ പര്യായമാണ്‌ അസഹിഷ്‌ണുത. ഇതാകട്ടെ ‘ഫാസിസ’ത്തിന്റെ അന്തർധാരയുമാണ്‌.

പെണ്ണെഴുത്തുകാർക്ക്‌ പുരുഷവിദ്വേഷം മാത്രമാണ്‌ ആയുധം. ക്രാഫ്‌റ്റോ ഭാഷയോ കാണാനില്ല. കെ.ആർ. മീരയും, സി.എസ്‌. ചന്ദ്രികയുമൊക്കെ യാതൊരു മൂല്യവുമില്ലാത്ത കഥകളുമായി വരുന്നു. സാഹിത്യത്തെപറ്റിയുള്ള തെറ്റായ സങ്കല്‌പം അഗാധമായി അവരുടെ മനസ്സിലും രചനയിലും വേരുറപ്പിച്ചിരിക്കുന്നു.

വ്യക്തിജീവിതത്തിലെ സാംസ്‌ക്കാരിക ചിഹ്നങ്ങളും വ്യാജമാണിന്ന്‌, അഭിമാനമോ അറിവോ പ്രധാനമായി കാണാത്തവർ, ചിലയവസരങ്ങളിൽ കപട അഭിമാനികളായിമാറും. ഓരോ നിമിഷവും നഷ്‌ടപ്പെടുന്ന അഭിമാനത്തേക്കാൾ വലുതാണ്‌, ചില വ്യക്തികളോട്‌ അവർക്ക്‌ ബോധ്യപ്പെടുത്താനുള്ള അഭിമാനപ്രശ്‌നങ്ങൾ.

സാഹിത്യരംഗത്ത്‌ സാംസ്‌ക്കാരികമായ അറിവിനു നിദാനമായിട്ടുള്ളത്‌ സഹിഷ്‌ണുതയാണ്‌. തുറന്ന അഭിപ്രായങ്ങളെ പരിഗണിക്കാനുള്ള മനസ്സാണ്‌. ചില മാധ്യമങ്ങൾക്ക്‌ പോലും അതു നഷ്‌ടപ്പെട്ടു. ചിലർ ഇല്ലാത്ത ശത്രുക്കളെ തേടുന്നതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്‌. അർഥവത്തായ അഭിമാനം ബാലചന്ദ്രൻ ചുള്ളിക്കാടും കെ.പി.അപ്പനും സ്വീകരിച്ച നയങ്ങളിൽ കാണാം. രണ്ടുപേരും ഒരു പുരസ്‌ക്കാരവും വാങ്ങില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. മറ്റുള്ളവരുടെ പക്ഷാപാതത്തിന്റെ വിഴുപ്പുചുമക്കാൻ തയ്യാറല്ലെന്ന അവരുടെ ചിന്തയിൽ എനിക്കു വലിയ പ്രതീക്ഷയാണുള്ളത്‌, മലയാളി സഹൃദയർക്കു വേണ്ടതും.

എംകെ.ഹരികുമാർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.