പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അപകടങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ആർ. ഇന്ദിര

സ്‌ഥലം - മുസൂർ അങ്ങാടി , തൃശ്ശൂർ ജില്ല.

സന്ദർഭം - സൽസബീൽ സ്‌കൂൾ സംഘടിപ്പിച്ച ട്രാഫിക്‌ ബോധവൽക്കരണ പരിപാടി.

അരങ്ങിൽ - മന്ത്രി കെ.പി. രാജേന്ദ്രൻ, ലോക്കൽ പഞ്ചായത്ത്‌ അംഗങ്ങൾ.

അവരെല്ലാം പ്രസംഗിച്ചു.

ടിപ്പർ ലോറികളുടെ മരണപാച്ചിലിനെപ്പറ്റി, അമ്മയുടെ കൈപിടിയ്‌ക്കാനോങ്ങുമ്പോഴേയ്‌ക്കും തെരുവിൽ ചതഞ്ഞരഞ്ഞു മരിച്ച പിഞ്ചു വിദ്യാർത്ഥികളെപ്പറ്റി, വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിയ്‌ക്കുന്ന കാക്കിയുടുപ്പിട്ട ഉദ്യോഗസ്‌ഥരെപ്പറ്റി എല്ലാമെല്ലാം അവർ പ്രസംഗിച്ചു.

പക്ഷേ, മുസൂരിലെ റോഡിൽ അപ്പോഴും ഒരു ഫുട്‌പാത്ത്‌ ഉണ്ടായിരുന്നില്ല. കാൽനടക്കാർ എന്നൊരു കൂട്ടരെ തീരെ ഗൗനിക്കേണ്ടതില്ല എന്ന്‌ സർക്കാർ തീരുമാനിച്ചു കഴിഞ്ഞുവോ എന്തോ? കണ്ണൂരിൽ സ്‌കൂൾകുട്ടികൾ ലോറിയ്‌ക്കടിയിൽപ്പെട്ട്‌ ചതഞ്ഞരഞ്ഞപ്പോൾ മന്ത്രിമാർ റീത്തുമായി കുതിച്ചു പാഞ്ഞു ചെന്നു. തേക്കടിയിൽ ബോട്ടു ദുരന്തമുണ്ടായപ്പോഴും മന്ത്രിമാർ പൊതുപരിപാടികളെല്ലാം റദ്ദു ചെയ്‌ത്‌ കുതിച്ചുപാഞ്ഞു ചെന്ന്‌ ദേഹദണ്ഡം നടത്തി. എല്ലാ രാഷ്‌ട്രീയപാർട്ടികളുടെയും നേതാക്കൾ അഹമഹമികയാ രക്ഷാ പ്രവർത്തനം നടത്തി. പത്രങ്ങളിലും ചാനലുകളിലും ഓരോരുത്തരുടെയും വിവരണങ്ങളും അനുശോചനങ്ങളും ഖേദപ്രകടനങ്ങളും രക്ഷാപ്രവർത്തനങ്ങളും നിറഞ്ഞുനിന്നു.

മുസൂരങ്ങാടിയിൽ നാളെ, തൃശ്ശൂർ - കോഴിക്കോട്‌ മരണറൂട്ടിൽ അടിയന്തിരപ്പാച്ചിൽ നടത്തുന്ന ഏതെങ്കിലും ഒരു കാലൻ കുട്ടികളുടെയോ മുതിർന്നവരുടെയോ നെഞ്ചിൽ ആനന്ദനടനം ചെയ്‌താലും ഈ ജനപ്രതിനിധികൾ പാഞ്ഞു വരും.

പക്ഷേ, ഇവരാരും മനുഷ്യർക്ക്‌ രക്ഷാബോധത്തോടെ നടക്കാനനുതകുന്ന, വാഹനങ്ങൾക്ക്‌ പാഞ്ഞുകയറിച്ചെല്ലാനാകാത്ത ഫുട്‌പാത്ത്‌ നിർമ്മിക്കില്ല.

20 കംപാർട്ട്‌മെന്റ്‌ ഉള്ള ഒരു തീവണ്ടി തൃശ്ശൂർ - കോഴിക്കോട്‌ റൂട്ടിൽ ഒരു വട്ടം ഓടിയാൽ 40 ബസ്സുകൾ റോഡിൽ നിന്ന്‌ അപ്രത്യക്ഷമാവും. റോഡപകടങ്ങൾ കുറയാൻ വലിയൊരു പരിധിവരെ അത്‌ സഹായിയ്‌ക്കും. റെയിൽവേ മന്ത്രി അഹമ്മദിന്‌ അത്‌ തോന്നില്ല

രണ്ടുവരി റോഡിനു പകരം മൂന്നുവരി റോഡുണ്ടെങ്കിൽ ട്രാഫിക്‌ തടസ്സപ്പെടുത്താതെ ഓരോരോവരി റോഡ്‌ വീതം റിപ്പയർ ചെയ്യാം മരാമത്ത്‌ മന്ത്രിയ്‌ക്കും ഗതാഗതമന്ത്രിയ്‌ക്കും തോന്നിയില്ല അത്‌. സൈക്കിൾ ഓടിയ്‌ക്കാൻ സൈക്കിൾപാത്ത്‌ ഉണ്ടാക്കിയാൽ, സിനിമയിലെ ഗ്ലാമർതാരങ്ങൾ അവിടെ സൈക്കിൾ ഓടിച്ചാൽ എല്ലാ യുവാക്കളും അത്‌ പിൻതുടരും. കേരളത്തിൽ ഒരു നല്ല സൈക്കിൾ സംസ്‌കാരം ഉണ്ടാവും, പരിസ്‌ഥിതി മലിനീകരണം കുറയ്‌ക്കാം, ആരോഗ്യം വീണ്ടെടുക്കാം, ധനലാഭമുണ്ടാക്കാം, എന്തുചെയ്യാം! ഇതൊന്നും കേരളത്തിൽ നടപ്പിലാവില്ല.

റോഡ്‌ സ്‌പെയ്‌സ്‌ ഏറ്റവും വിലപിടിച്ചതായിരിക്കെ, ഓരോ ജംഗ്‌ഷനിലും നെടുനെടുങ്കൻ ട്രാഫിക്‌ ഐലന്റ്‌ ഉണ്ടാക്കി സ്‌ഥലം അപഹരിയ്‌ക്കും നമ്മുടെ ഭരണകൂടം‘ (എന്താണ്‌ ഈ ’കൂടം‘ എന്നറിയാമോ? അതുപയോഗിച്ചാണ്‌ പൗരന്റെ, പ്രജയുടെ, നികുതിദായകന്റെ നെഞ്ചത്തിട്ടിടിയ്‌ക്കുന്നത്‌. അതുകൊണ്ടാണ്‌ അതിനെ ഭരണ’കൂടം‘ എന്നു പറയുന്നത്‌) 50 മീറ്റർ ചുറ്റളവുള്ള ട്രാഫിക്‌ ഐലന്റിനെ 2000 വാഹനങ്ങൾ പ്രദക്ഷിണം ചെയ്‌താൽ സഞ്ചാരം 100 കി. മി.

ഓരോ വൺവേയും ഉണ്ടാക്കുന്ന അധികാരയാത്ര ആയിരക്കണക്കിനു കിലോമീറ്റർ.

അന്തസ്സും സൗകര്യവും ഉള്ള പബ്ലിക്‌ ട്രാസ്‌പോർട്ട്‌ ഓരോ തെരുവിലും വേണ്ട നേരത്ത്‌ വേണ്ടത്ര ഉണ്ടായിരുന്നുവെങ്കിൽ നിങ്ങളും ഞാനും സ്വന്തം വാഹനം ഓടിയ്‌ക്കാൻ നിർബന്ധിതരാവുമായിരുന്നോ? 40 പേർ ഒന്നിച്ച്‌ ഒരു ബസ്സിൽ യാത്ര ചെയ്യുന്നതും അവരോരുത്തരും ഓരോരോ കാറിൽ യാത്ര ചെയ്യുന്നതും തമ്മിലുള്ള അന്തരം ഈ മന്ത്രിമാരൊന്നും കാണുകയില്ല.

കുട്ടികളെ സ്‌കൂൾ പാഠ്യപദ്ധതിയിലൂടെ ട്രാഫിക്‌ നിയമങ്ങൾ പഠിപ്പിയ്‌ക്കുന്നുണ്ടോ എന്തോ!

പെട്രോൾ പമ്പുകളിലെങ്കിലും ട്രാഫിക്‌ നിർദ്ദേശങ്ങളും നിയമങ്ങളും പ്രദർശിപ്പിച്ചുകൂടെ ആവോ!

പോലീസും ട്രാഫിക്‌ ഉദ്യോഗസ്‌ഥരും നടത്തുന്ന വാഹന പരിശോധനകളെല്ലാം സർക്കാരിലേയ്‌ക്ക്‌ ഫൈൻ ഇനത്തിൽ മുതൽക്കൂട്ടാൻ മാത്രം ഉന്നം വെച്ചുള്ളതാണ്‌. റോഡപകടങ്ങൾ കുറയ്‌ക്കാനുള്ള ഒരു നടപടിയും ഇവരാരും ചെയ്യാറില്ല എന്ന കാര്യം നാം അറിയേണ്ടതല്ലെ? അതായത്‌ പണമുണ്ടാക്കുക എന്നതുമാത്രമാണ്‌ സർക്കാരിന്റെ ലക്ഷ്യം എന്ന്‌.

ടൂറിസം രംഗത്ത്‌ 10% സർവീസ്‌ ടാക്‌സ്‌ ഉണ്ടായിരുന്നത്‌ നമ്മുടെ ബഹുമാനപ്പെട്ട ഇടതുപക്ഷ ഭരണകൂടം ഒറ്റയടിയ്‌ക്ക്‌ 15% ആക്കി ഉയർത്തി. ആ പണം എന്തിനുവേണ്ടിയാണവർ ഉപയോഗിച്ചത്‌. അതുപയോഗിച്ച്‌ തേക്കടിയിലെ ജലാശയത്തിൽ സുരക്ഷിതമായ ബോട്ടുകൾ ഇറക്കാമായിരുന്നില്ലെ? ആകാവുന്നതിൽ കൂടുതൽ യാത്രക്കാരെ കയറ്റാതിരിക്കാമായിരുന്നില്ലെ? വേണ്ടത്ര ലൈഫ്‌ ജാക്കറ്റുകൾ കരുതുകയും യാത്രക്കാരെ പരിശീലപ്പിയ്‌ക്കുകയും ചെയ്യാമായിരുന്നില്ലെ? ടൂറിസ്‌റ്റുകൾക്ക്‌ റോഡ്‌ യാത്രാ സൗകര്യം ഉണ്ടാക്കാൻ, റോഡിലെ കുണ്ടും കുഴിയും നികത്താൻ ഉപയോഗിച്ചുകൂടായിരുന്നോ? അവർക്കുവേണ്ടി പബ്ലിക്‌ ടോയ്‌ലറ്റ്‌ ഉണ്ടാക്കാമായിരുന്നില്ലെ? ടൂറിസ്‌റ്റ്‌ റിസോർട്ടുകൾക്കാവശ്യമായ വെള്ളവും വൈദ്യുതിയും യാത്രാസൗകര്യവും ഒരുക്കിക്കൊടുക്കാമായിരുന്നില്ലെ?

ഇല്ലാ ചെയ്യില്ല, ഒന്നും ചെയ്യില്ല. നികുതി വാങ്ങുകമാത്രമാണ്‌ ഭരണകൂടത്തിന്റെ ചെയ്‌തി - അക്ഷരാർത്ഥത്തിൽ നോക്കുകൂലി വാങ്ങൽ 15% - നോക്കുകൂലി - മൊത്തവിലയുടെ 15% നോക്കുകൂലി കേരളത്തിലെ ചുമട്ടുതൊഴിലാളികൾ വാങ്ങാറില്ല. അവരാണ്‌ ഭേദം.

കാര്യങ്ങളെല്ലാം ഇങ്ങനെത്തന്നെ തുടരുകയും ഇടക്കിടെ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതാണ്‌ ഭരണകൂടത്തിന്‌ സൗകര്യം എന്നു തോന്നുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ അനുശോചന പ്രകടനവും സന്നദ്ധസേവനവും നടത്താമല്ലൊ. തൊഴിലുറപ്പു പദ്ധതിയും തൊഴിൽ രഹിതവേതനവും പെൻഷനും കുടുംബശ്രീയും ഒക്കെ വോട്ടാക്കി മാറ്റുന്നതുപോലെ ദുരിതാശ്വാസപ്രവർത്തനവും വോട്ടാക്കാവുന്നതാണ്‌. പൂക്കിപ്പറമ്പ്‌, പെരുമൺ, കടലുണ്ടി, കുമരകം നഷ്‌ടപ്പെട്ട അവസരങ്ങളെ ഓർത്ത്‌ ഖേദിച്ചിട്ടെന്തുകാര്യം! പോയ ബുദ്ധി ആനപിടിച്ചാൽ വരുമോ?

സാരമില്ല, അപകടങ്ങൾ ഇനിയുമുണ്ടാകും.

അപ്പോൾ നമുക്ക്‌ നഷ്‌ടങ്ങളെല്ലാം നികത്തിയെടുക്കാം.

ക്ഷമാപൂർവം കാത്തിരിയ്‌ക്കുക, മന്ത്രിമാരേ.

കെ.ആർ. ഇന്ദിര

മേഴത്തൂർ, ആകാശവാണി, തൃശൂർ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.