പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചില റിയാലിറ്റി തട്ടിപ്പുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വസന്ത്‌

മെഗാ സീരിയലുകളെ വെല്ലുന്ന കണ്ണീർ പ്രവാഹത്തിന്റെ അണക്കെട്ടുകൾ തുറന്നു വിട്ടുകൊണ്ട്‌ ടെലിവിഷൻ ചാനലുകളിൽ റിയാലിറ്റി ഷോകൾ അരങ്ങു തകർക്കുകയാണ്‌. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വോട്ടു ചോദിക്കുമ്പോലെ മത്സരാർത്ഥികൾ എസ്‌.എം.എസിനു വേണ്ടി അഭ്യർത്ഥിക്കുകയും അപേക്ഷിക്കുകയും കരഞ്ഞു പറയുകയും ചെയ്യുമ്പോൾ മൊബൈൽ ഫോൺ അന്വേഷിക്കുന്നവരേ, പ്രിയതാരങ്ങൾ പുറത്താകുമ്പോൾ അവരുടെ മാതാപിതാക്കളേക്കാൾ ഉച്ചത്തിൽ കരഞ്ഞു നിലവിളിക്കുന്നവരേ, നിങ്ങളറിയുന്നില്ല നിങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന്‌.

അതേ, നല്ല പാട്ടുകാർ പോലും പലപ്പോഴും ഇത്തരം ഷോകളിൽ നിന്ന്‌ അപ്രതീക്ഷിതമായി പുറത്താകുന്നത്‌ നിങ്ങളെ അത്ഭുതപ്പെടുത്താറില്ലേ? അവതാരകരും കാണികളും വിധി കർത്താക്കളും ഒരുമിച്ചു കണ്ണീരോടെ പുറത്തായവരെ യാത്രയാക്കുമ്പോൾ, അവരെ സമാശ്വസിപ്പിക്കാൻ പറയാറുള്ള ഒരു വാചകമുണ്ട്‌. “എസ്‌.എം.എസ്‌ കുറഞ്ഞതാണു പുറത്താകാൻ കാരണം!”

എന്നാൽ, യഥാർത്ഥത്തിൽ ഇത്തരം മത്സരങ്ങളുടെ വിധി നിർണയത്തിൽ എസ്‌.എം.എസുകൾക്ക്‌ എത്ര അപ്രധാനമായ സ്ഥാനമാണുള്ളതെന്ന്‌ അല്പം യുക്തി ഉപയോഗിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. ഇന്നു രാത്രി നിങ്ങൾ കാണുന്ന പരിപാടി യഥാർത്ഥത്തിൽ ഒരു മാസം മുമ്പ്‌ ചിത്രീകരിച്ചതാവും. മാസത്തിൽ ഒരിക്കലാണ്‌ പരിപാടിയുടെ ഷൂട്ടിംഗെന്ന്‌ മത്സരാർത്ഥികൾ തന്നെ പറയാറുള്ളത്‌ നമ്മൾ ടിവിയിൽ കണ്ടിട്ടുള്ളതാണല്ലോ. അതായത്‌, നാളെ എലിമിനേഷൻ റൗണ്ട്‌ ആണെങ്കിൽ, അതിന്റെ ഷൂട്ടിംഗ്‌ ദിവസങ്ങൾക്കു മുമ്പേ കഴിഞ്ഞിരിക്കും. പിന്നെ, ഇന്നു സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലെ മത്സരാർത്ഥികൾക്ക്‌ കാണികൾ എസ്‌.എം.എസ്‌ അയച്ചിട്ട്‌ എന്താണു പ്രയോജനം? റിയാലിറ്റി ഷോയിലെ നാടകീയ രംഗങ്ങളേക്കാൾ വലിയ നാടകമാണ്‌ എസ്‌.എം.എസ്‌ വോട്ടിംഗെന്ന്‌ ഇതിൽ നിന്നു മനസിലാക്കാം.

മത്സരാർത്ഥികളെ അകത്താക്കാനും പുറത്താക്കാനും നിങ്ങളുടെ വോട്ടുകൾക്കു കഴിവുണ്ടെന്നു തന്നെ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ആ വിശ്വാസം തെറ്റാണ്‌. എസ്‌.എം.എസ്‌ അയക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രം ആസൂത്രണം ചെയ്തിരിക്കുന്ന നാടകമാണ്‌ എലിമിനേഷൻ റൗണ്ടുകൾ എന്നു തിരിച്ചറിയുക. ഇതിന്റെ പേരിൽ അർഹരായ പലരും നേരത്തെ പുറത്താകുകയും ചെയ്യുന്നത്‌ നമ്മളൊക്കെ നേരിട്ടു കണ്ടതുമാണല്ലോ.

എന്നാൽ, ഈ വാദത്തെ പിന്തുണയ്‌ക്കാൻ ഓഡിയൻസിന്റെ വേഷം അഭിനയിച്ചവരോ മത്സരാർത്ഥികളോ അവരുടെ കുടുംബാംഗങ്ങളോ അത്രവേഗം മുന്നോട്ടുവരാനിടയില്ല. കാരണം, ഇത്തരം പരിപാടിയിൽ പങ്കെടുക്കുന്ന ജീവനക്കാരും മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിക്കു മുമ്പ്‌ ഒരു കരാർ ഒപ്പുവയ്‌ക്കുന്നുണ്ട്‌. പുറത്താകുന്നവർ അതേപ്പറ്റി പരസ്യമായി പറയാൻ പാടില്ലെന്ന നിയമപരമായ നിബന്ധനയാണ്‌ ഈ കരാറിലെ ഉള്ളടക്കം. ഒരു മത്സരാർത്ഥി അടുത്തിടെ താൻ പുറത്തായ വിവരം ഓർക്കുട്ടിൽ പ്രസിദ്ധീകരിക്കുകയും വളരെ വേഗം വിവരം പിൻവലിക്കുകയും ചെയ്തിരുന്നു. എലിമിനേഷൻ റൗണ്ട്‌ സപ്രേഷണം ചെയ്യുന്നതിന്‌ ദിവസങ്ങൾക്കു മുമ്പായിരുന്നു ഇത്‌. എലിമിനേഷൻ റൗണ്ടിന്റെ ഷൂട്ടിംഗ്‌ സമയത്ത്‌ യഥാർത്ഥ ഓഡിയൻസും ഉണ്ടാകാറില്ലത്രെ. ടി.വിയിൽ കാണുന്ന ഓഡിയൻസിന്റെ ദൃശ്യങ്ങൾ പലപ്പോഴും എഡിറ്റ്‌ ചെയ്തു ചേർത്തതാവും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെന്തിന്‌ ഈ എസ്‌.എം.എസ്‌ നാടകമെന്ന സംശയം സ്വാഭാവികമാണ്‌. അതിന്‌ കാരണങ്ങൾ പലതുണ്ടെന്നാണു മറുപടി. പ്രധാനം സാമ്പത്തികം തന്നെ. നിങ്ങൾ വോട്ടു ചെയ്യാനായി അയക്കുന്ന ഓരോ എസ്‌.എം.എസിനും ചുമത്തുന്ന നിരക്ക്‌ നാലുരൂപ മുതൽ 6രൂപവരെയാണ്‌. ഇതിൽ ഒരു രൂപയോളം മാത്രമാണ്‌ യഥാർത്ഥ എസ്‌.എം.എസ്‌ നിരക്ക്‌.

നാട്ടിലെ മൊബൈൽ ഫോൺ കമ്പനികളെല്ലാം സാധാരണ എസ്‌.എം.എസുകൾക്ക്‌ ഈടാക്കുന്ന നിരക്കു തന്നെയാണിത്‌. ഈ നിരക്കു മാത്രമാണ്‌ മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾ വോട്ടുകൾക്കും ഈടാക്കുന്നത്‌. ബാക്കി പണം പോകുന്നത്‌ പരിപാടിയുടെ നടത്തിപ്പുകാരുടേയും ചാനലിന്റെയും ബാങ്ക്‌ നിക്ഷേപങ്ങളിലേക്കാകും. ഇപ്പോൾ മനസിലാകുന്നില്ലേ. 40 ലക്ഷം രൂപയുടെ ഫ്ലാറ്റും 65 ലക്ഷം രൂപയുടെ കാറുമൊന്നും ഈ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോൾ വലിയ കാര്യമൊന്നുമല്ലെന്ന്‌?

സ്പോൺസർമാരുടെ മറ്റൊരു രഹസ്യ അജൻഡ കൂടി ഇതിനിടെ നടപ്പാകുന്നുണ്ട്‌. ഒന്നോ രണ്ടോ പാട്ടുകാരെ ഫേവറിറ്റുകളായി പ്രോജക്ടു ചെയ്യുന്ന രീതിയാണിത്‌. ഇതിന്റെ ഫലമായി മറ്റുള്ളവരുടെ ആരാധകർ കൂടുതൽ എസ്‌.എം.എസുകൾ അയക്കും. പ്രേക്ഷകരുടെ പോക്കറ്റിൽ നിന്നു ഫോണിലൂടെ ഒഴുകുന്ന പണം പരിപാടിക്കു പണം മുടക്കിയവന്റെ പോക്കറ്റിൽ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്യും. ഇതിനിടെ അർഹതപ്പെട്ടവർ പുറത്തായാലും ആർക്കും പരാതിപ്പെടാൻ അവസരമുണ്ടാകില്ല.

ഇടയ്‌ക്കു ചില മത്സരാർത്ഥികൾ എത്തിച്ചേരാൻ കഴിയാത്തതിനാൽ പുറത്തായെന്ന്‌ അവതാരകർ അറിയിക്കുമ്പോൾ, അവർ ചിലപ്പോൾ സത്യങ്ങൾ അറിഞ്ഞു പിന്മാറിയതാകാം എന്നുകൂടി ഓർക്കുക. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതിയാണിത്‌. അമേരിക്കൻ റിയാലിറ്റി ഷോകളിലായിരുന്നു ഇതിന്റെ തുടക്കം. ഇതു പിന്നീട്‌ യൂറോപ്പിലേക്കും പിന്നീട്‌ ഇപ്പോൾ ഇന്ത്യയിലേക്കും കൂട്ടത്തിൽ കേരളത്തിലേക്കും വ്യാപിച്ചെന്നു മാത്രം.

ചാനലിനു പണമുണ്ടാക്കാൻ മാത്രമാണ്‌ എസ്‌.എം.എസുകൾ ഉപയോഗപ്പെടുത്തുന്നതെന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്‌. എന്നാൽ, അതിന്‌ ഒരു പ്രയോജനം കൂടിയുണ്ടെന്നതാണ്‌ യാഥാർഥ്യം. മത്സരാർത്ഥിയുടെ അകത്താകലിനേയോ പുറത്താകലിനേയോ എസ്‌.എംഎസുകൾ നേരിട്ടു ബാധിക്കുന്നില്ലെങ്കിലും മത്സരാർത്ഥികൾ ഓരോരുത്തരുടേയും ജനപ്രിയത അളക്കാൻ പരിപാടിയുടെ നടത്തിപ്പുകാർ എസ്‌.എം.എസുകളെ ഉപയോഗിക്കുന്നുണ്ട്‌. മാർക്കറ്റിംഗ്‌ തന്ത്രങ്ങളിൽ ‘കൺസ്യൂമർ സൈക്കോളജി’ എന്നറിയപ്പെടുന്ന രീതിയാണിത്‌.

പ്രേക്ഷകർ പരിപാടിയോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നു മനസിലാക്കി പരിപാടിയുടെ സ്വഭാവത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനാണ്‌ കൺസ്യൂമർ സൈക്കോളജി ഉപയോഗപ്പെടുത്തുന്നത്‌. ഇതിനായി എല്ലാ മത്സരാർത്ഥികളുടേയും പേരിൽ ജനപ്രിയത രേഖപ്പെടുത്തുന്ന ചാർട്ടുകളും തയ്യാറാക്കിയിട്ടുണ്ട്‌. ഇത്തരം പോപ്പുലാരിറ്റി ചാർട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്‌. ആളുടെ സ്വദേശം, ജീവിത പശ്ചാത്തലം, കാണികളെ ആകർഷിക്കാനുതകുന്ന കഴിവുകൾ അല്ലെങ്കിൽ കുറവുകൾ എന്നിവയൊക്കെ ഇതിലുൾപ്പെടുന്നു. പിന്നെ, തീർച്ചയായും ഓരോരുത്തർക്കു കിട്ടുന്ന എസ്‌.എം.എസുകളുടെ എണ്ണവും.

ഇത്രയും കാര്യങ്ങൾ നോക്കിയ ശേഷമാണത്രെ ഓരോരുത്തർക്കും എത്ര മാർക്ക്‌ കൊടുക്കണമെന്ന്‌ വിധികർത്താക്കൾ തീരുമാനിക്കുന്നത്‌. പോപ്പുലാരിറ്റി ചാർട്ടിൽ മുകളിലുണ്ടെങ്കിൽ, പ്രകടനം അല്പം മോശമായാലും വേണ്ടില്ല, മാർക്ക്‌ കൂടുതലുണ്ടാകും. ചാർട്ടിൽ താഴെയാണെങ്കിലോ, പ്രകടനം കൊള്ളാമെങ്കിലും മാർക്ക്‌ അധികം പ്രതീക്ഷിക്കേണ്ട എന്നർഥം.

ഇത്തരം വാണിജ്യവത്‌കൃത വിധി നിർണയത്തിനെതിരേ വിധി കർത്താക്കൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നാണ്‌ അണിയറ സംസാരം. എന്നാൽ, കരാറിന്റെ ബന്ധനത്തിൽ ഇതൊന്നും പരസ്യമാകാറില്ല. കരാറെന്നാൽ ഇവിടെ നിയമപരമായ തടസം മാത്രമല്ല പ്രശ്നം. വിധി കർത്താക്കൾക്കു ലഭിക്കുന്ന വൻ പ്രതിഫലവും ഇവിടെ പ്രലോഭനമാണ്‌. അവതാരകർക്കുപോലും ഒരു ഷൂട്ടിംഗിന്‌ 10,000രൂപയോളം ലഭിക്കുമ്പോൾ വിധി കർത്താക്കളുടെ കാര്യവും ഒട്ടും മോശമാകാൻ വഴിയില്ലല്ലോ. ഇതൊക്കെ നമ്മുടെ മൊബൈൽ ഫോണുകളിൽ നിന്നു പ്രവഹിക്കുന്ന എസ്‌.എം.എസുകളിൽ നിന്നു കൂടി ലഭിക്കുന്ന പണമാണെന്നോർക്കുമ്പോൾ, അടുത്ത എസ്‌.എം.എസ്‌ അയക്കും മുമ്പ്‌ ഒരു വട്ടംകൂടി ചിന്തിക്കാൻ തോന്നുന്നില്ലേ?

വസന്ത്‌


E-Mail: vasanth.kamal@rediff.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.