പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പ്രതിരോധത്തിന്റെ രംഗമാതൃക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

(എൻ.ശശിധരൻ രചിച്ച്‌ അന്നൂർ നാടകവീട്‌ അവതരിപ്പിക്കുന്ന ‘ചേരിനിലം’ നാടകത്തെക്കുറിച്ച്‌)

നാടകം ജൈവികമായ ഒരു കലയാണ്‌. അദൃശ്യവും എന്നാൽ ബലവത്തായതുമായ ഒരു ജൈവികസത്തയുടെ നിരന്തരമായ പ്രസരണം അരങ്ങിനും കാഴ്‌ചക്കാരനുമിടയിൽ നിലനിൽക്കുന്നിടത്തോളം അത്‌ കാലാതിവർത്തിയായ ഒരു മാധ്യമമായി, ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കും. അശ്ലീലകരമാംവിധം അരാഷ്‌ട്രീയവത്‌ക്കരിക്കപ്പെട്ടുപോയ പുതിയ സാമൂഹ്യപരിസരത്തിൽ; ചലച്ചിത്രത്തിലെന്നപോലെ, സാഹിത്യത്തിൽ എന്നതുപോലെ അരങ്ങിലും അന്തഃസാരശൂന്യമായ കളളനാണയങ്ങൾ ആടികൊഴുക്കുന്നുണ്ട്‌, അവ ആഘോഷിക്കപ്പെടുന്നുമുണ്ട്‌. പക്ഷേ പി.എം. താജിനെപ്പോലെ അഭിനന്ദനങ്ങൾകൊണ്ട്‌ മാത്രം വിശപ്പടക്കി സ്വന്തം ജീവിതം കൊണ്ട്‌ അരങ്ങിനെ ജ്വലിപ്പിച്ചവരുടെ തീക്ഷ്‌ണജീവിതം ഓർമ്മകളിൽ ബാക്കി നിൽക്കുന്നിടത്തോളം കാലം മലയാള നാടകവേദിക്ക്‌ രാഷ്‌ട്രീയ പ്രബുദ്ധതയെ, പ്രതിരോധത്തിന്റെ രംഗഭാഷയെ പാടെ ഉപേക്ഷിക്കാൻ കഴിയില്ല. പെരുകുന്ന ദുരിതത്തിന്റെ മഹാസമുദ്രത്തിനും കിടുകിടെ വിറപ്പിച്ച്‌ പാഞ്ഞുപോകുന്ന ‘വികസന’ത്തിന്റെ പുതിയ പാതകൾക്കുമിടയിൽ എല്ലായ്‌പ്പോഴും വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന അന്നൂർ നാടകവീടിന്റെ ‘ചേരിനിലം’ എന്ന നാടകം അത്തരത്തിൽ ശ്രദ്ധേയമാകുന്ന ഒന്നാണ്‌. എൻ.ശശിധരൻ രചിച്ച്‌ എസ്‌.സുനിലിന്റെ സംവിധാന നിർവ്വഹണത്തോടെയാണ്‌ ‘ചേരിനിലം’ അരങ്ങിലെത്തിയത്‌.

സാഹിത്യം, സംഗീതം, കല, ദൃശ്യശ്രാവ്യമാധ്യമങ്ങൾ, വിവരസാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ മനുഷ്യനെ ഇതര ജീവികളിൽനിന്നും വ്യത്യസ്തനാക്കുന്ന ഒട്ടേറെ സവിശേഷതകളുണ്ട്‌. ജീവിതത്തിന്റെ ശ്രേഷ്‌ഠവും നവീനവുമെന്ന്‌ കരുതിപ്പോരുന്ന ഇത്തരം സൗഭാഗ്യങ്ങളൊന്നും സ്വപ്‌നം കാണാൻ പോലും കഴിയാത്ത, അവയൊക്കെ തികച്ചും അപ്രാപ്യമായ നിലയിൽ വിശപ്പ്‌, സുരക്ഷിതത്വം, ലൈംഗികത തുടങ്ങി നിലനിൽപ്പിനുവേണ്ടിയുളള പിടച്ചിലുകളിലും ആസക്തികളിലും ഉരുകിത്തീരുന്ന ഒരുപാട്‌ മനുഷ്യായുസ്സുകളുണ്ട്‌. ദീപാലംകൃതമായ തെരുവുകളുടെ അരികുകളിലെ ചേരികളിൽ, മാളികയുടെ അരികിൽ കണ്ണേറുകോലം പോലെ കാണപ്പെടുന്ന ചെറ്റക്കുടിലുകളിൽ വഴിപിഴച്ചും വഴിയറിയാതെയും ഉഴറിനീങ്ങുന്ന ജീവിതങ്ങളുടെ രംഗഭാഷയാണ്‌ ‘ചേരിനിലം’.

രചനാപരമായ സവിശേഷതയാണ്‌ ‘ചേരിനില’ത്തിന്റെ വിഭിന്നമായ സമകാലികവായനകൾ സാധ്യമാക്കുന്നത്‌. ചാത്തോത്തെ രമണിയോടുളള കൗമാരചപലമായ അധിനിവേശമാണ്‌ ഉപ്പൂറ്റി ഷാജിയുടെ ജീവിതത്തെ ദുരന്തത്തിലേക്ക്‌ വഴിതിരിച്ചുവിടുന്നതെന്നത്‌ നാടകീയവും പുതുമയാർന്നതുമായ ഒരു രംഗശിൽപ്പത്തിലൂടെ നാടകാന്ത്യത്തിൽ വ്യക്തമാക്കുന്നുണ്ട്‌. സ്വന്തം ഭാര്യയ്‌ക്ക്‌ പ്രണയം നൽകാനാകാതെ, ജീവിതത്തിൽ ഒന്നിനേയും സ്‌നേഹിക്കാൻ കഴിയാതെ, മദ്യത്തിന്റെയും ആസക്തിയുടെയും ഉപ്പുകാറ്റിൽ ഉലഞ്ഞു പോകുന്നതാണ്‌ ഷാജിയുടെ ജീവിതം. നിങ്ങൾക്ക്‌ എപ്പോഴും പേടിയായിരുന്നുവെന്നും പേടികൊണ്ടാണ്‌ നിങ്ങൾ ഇങ്ങനെയൊക്കെ ആയിപ്പോയതെന്നും ഉളള സത്യം അയാളുടെ മുഖത്ത്‌ നോക്കി വിളിച്ചുപറയുന്ന നിമിഷം കുറച്ചൊന്നുമല്ല അയാൾ ക്ഷുഭിതനാകുന്നത്‌. കൂട്ടിക്കൊടുപ്പുകാരൻ ജ്യോത്സ്യനാകുന്നതിലെ കറുത്ത ഹാസ്യം, രാത്രിയിൽ തെരുവിനെ വിസിലൂതി പേടിപ്പിക്കാൻ മാത്രം കഴിയുന്ന പോലീസുകാരൻ, വാർദ്ധക്യത്തിന്റെ മൂർദ്ധന്യത്തിലും ചോലക്കര പാത്തുവിനോടുളള ഭോഗതൃഷ്‌ണയടങ്ങാത്ത കിട്ടൻകോമരം, ഷാജിയുടെ ദൗർബല്യങ്ങൾ മുതലെടുത്ത്‌ ദമയന്തിയ്‌ക്കുമേൽ പ്രണയത്തിന്റെ കുരുക്കെറിയുന്ന ഷാജിയുടെ സുഹൃത്ത്‌, അപ്പനെ വെട്ടിക്കൊലപ്പെടുത്തി നാടുവിട്ട്‌ ചേരിയിലെത്തിയ തമിഴ്‌ ബാലന്റെ ജീവിതം-അതിന്റെ ദൈന്യത, ഇങ്ങനെ നിരവധി ദൃശ്യബിംബങ്ങളിലൂടെ യഥാവിധി ആചരിക്കപ്പെടുന്ന പുറംപൂച്ചുകൾക്കുളളിൽ സമർത്ഥമായി മൂടിവെക്കപ്പെട്ട ആസക്തികളിലേക്കും ദുർഗ്ഗന്ധങ്ങളിലേക്കും നാടകം സഞ്ചരിക്കുമ്പോൾ, പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച്‌ അരങ്ങ്‌ സംസാരിക്കാൻ തുടങ്ങുമ്പോൾ നാമൂഹ്യപരമായ ചില ദൗത്യങ്ങൾ ‘ചേരിനിലം നിറവേറ്റുന്നുണ്ട്‌.

എസ്‌. സുനിലിന്റെ സംവിധാന നിർവ്വഹണം പുതിയ നാടകവേദിക്ക്‌ അൽപ്പം പ്രതീക്ഷകൾ നൽകുന്നുണ്ട്‌. എൻ.ശശിധരന്റെ രചനയ്‌ക്ക്‌ ഒട്ടും തീവ്രത ചോർന്നുപോകാതെ തന്നെ സ്വതന്ത്രമായൊരു രംഗഭാഷ ചമയ്‌ക്കാൻ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌. സംവിധായകന്റെ ആത്മാർപ്പണത്തിന്റെ അടയാളങ്ങളാണ്‌ ചില നടന്മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയുടെ വിടവുകൾ പോലും നികത്തിക്കൊണ്ട്‌ നാടകത്തെ പൂർണ്ണതയിലെത്തിക്കുന്നത്‌. പാശ്ചാത്യരീതിയിലുളളതും അതേസമയം സങ്കീർണ്ണവും ദുരൂഹവുമായ രംഗമാതൃകകളാണ്‌ അക്കാദമിക്‌ പരിജ്ഞാനം നേടിയവരിൽ നിന്നും മലയാള നാടകത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്‌ വിപരീതമായി നാടകത്തിന്റെ സാങ്കേതികവും കലാപരവും അതിന്റെ അവതരണത്തെക്കുറിച്ചുളള പ്രായോഗികവുമായ അക്കാദമിക്‌ പരിജ്ഞാനത്തെ ജനകീയ പ്രതിരോധ നാടകവേദിക്കുവേണ്ടി, കൂടുതൽ വിനിമയ സാധ്യതയുളള നാടകങ്ങൾക്കുവേണ്ടി ഗുണപരമായവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയണം. എസ്‌.സുനിൽ എന്ന സംവിധായകനിലൂടെ, ചേരിനിലം എന്ന നാടകത്തിലൂടെ അന്നൂർ നാടകവീടിന്‌ അത്‌ കുറെയേറെ സാധിക്കുന്നുണ്ട്‌.

ഉപ്പൂറ്റിഷാജിയെയും കിട്ടൻകോമരത്തെയും അവതരിപ്പിച്ച നടന്റെ (സി.കെ.ബാബു) ശരീരഭാഷയാണ്‌ നാടകത്തെ മികച്ച അവതരണാനുഭവമാക്കി മാറ്റുന്നത്‌. കിട്ടൻ കോമരത്തിന്റെ ശരീരചേഷ്‌ടകൾ, ഷാജിയുടെ രൗദ്രവും ചടുലവുമായ ചലനങ്ങൾ തുടങ്ങിയവയിലൂടെയൊക്കെയും നടന്റെ ആംഗികവും വാചികവുമായ പ്രകടനത്തിലെ അനായാസത നാടകത്തിന്റെ സംവേദനത്തെ ഗുണകരമാംവിധം സഹായിക്കുന്നുണ്ട്‌. ചോലക്കരപാത്തു, രജിതമധുവിന്റെ അഭിനയചാരുതയിൽ മികവാർന്ന അനുഭവമാകുന്നുണ്ട്‌. ചേരിനിവാസിയായ തമിഴ്‌ബാലൻ, പി.പി.നായർ എന്ന പപ്പൻ തുടങ്ങിയ കഥാപാത്രങ്ങളും മികവ്‌ പുലർത്തുന്നു. ചിട്ടയായ പരിശീലനത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന ചെറിയ പാളിച്ചകളെ ഒഴിച്ചുനിർത്തിയാൽ ’ചേരിനില‘ത്തിന്റെ അഭിനയപാഠങ്ങൾ പ്രശംസാർഹം തന്നെയാണ്‌.

ദീപനിയന്ത്രണത്തിലെ കൃത്യത ഒട്ടേറെ ചാരുതയാർന്ന രംഗശിൽപ്പങ്ങൾ സൃഷ്‌ടിച്ചെടുക്കുന്നുണ്ട്‌. ഉപ്പൂറ്റി ഷാജിയുടെ പ്രണയത്തിന്റെ ഓർമ്മകൾ, ആസക്തിയുടെ തിരയിളക്കങ്ങൾ, നാടകാന്ത്യത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്ന തിന്മയുടെ ചെയ്തികൾ തുടങ്ങി ഒട്ടേറെ രംഗങ്ങൾ ഡോ.ഷിബു എസ്‌.കൊട്ടാരത്തിന്റെ ദീപസംവിധാനത്താൽ മികച്ച ദൃശ്യാനുഭവമായിട്ടുണ്ട്‌. ലളിതമായ രംഗസംവിധാനങ്ങളിലൂടെ തെരുവ്‌, ചേരി, കടലോരം, വേശ്യാലയം തുടങ്ങി നിരവധി സ്ഥലബോധങ്ങൾ അരങ്ങിലും പ്രേക്ഷകരിലും സൃഷ്‌ടിച്ചെടുക്കാൻ കഴിഞ്ഞു എന്നുളളത്‌ നാടകത്തിന്റെ കലാപരമായ വിജയത്തിന്‌ പ്രധാന ഘടകമാണ്‌. പശ്ചാത്തലസംഗീതം, വേഷസംവിധാനം തുടങ്ങിയവയിൽ കാണിച്ച മിതത്വവും ശ്രദ്ധേയമാണ്‌. ഡോ.ഷിബു എസ്‌.കൊട്ടാരം, രാധാകൃഷ്‌ണൻ വടിയൂർ, രാജേഷ്‌, മിനിരാധൻ, പി.എസ്‌.അനിൽകുമാർ, ഡോ.പവിത്രൻ തുടങ്ങിയ നീണ്ട നിരതന്നെ അരങ്ങിലും പിന്നണിയിലുമായി നാടകത്തിന്റെ വിജയത്തിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ട്‌.

അമേച്വർ നാടകവേദിയിലുണ്ടാകുന്ന തീക്ഷ്‌ണവും ഒറ്റപ്പെട്ടതുമായ ശ്രമങ്ങൾ പൈങ്കിളി മാധ്യമങ്ങളാൽ നിരാകരിക്കപ്പെട്ടേക്കാം. ദൃശ്യമാധ്യമങ്ങളുടെ വർണ്ണപ്പൊലിമകളിൽ തിരിച്ചറിയപ്പെടാതെ പോയേക്കാം. പക്ഷേ കൂട്ടായ്‌മയുടെ, അർപ്പണബോധത്തിന്റെ ആത്മാവിഷ്‌ക്കാരമാധ്യമം എന്ന നിലയിൽ നാടകം അതിന്റേതായ ഇടം കണ്ടെത്തുന്നുണ്ട്‌. സചേതനവും ജൈവികവുമായ ഈ കല പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്‌ പ്രതിരോധത്തിന്റെ ശക്തമായ അടയാളമായിത്തീരും എന്നുതന്നെയാണ്‌ ചേരിനിലം സാക്ഷ്യപ്പെടുത്തുന്നത്‌.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.