പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മാനവസത്തയുടെ പ്രാക്തനമുദ്രകൾ -ഒ.വി. വിജയന്റെ രചനകൾ - ഒരു പുനർവായന

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.ആർ. ഹരികുമാർ

ലേഖനം

അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ ശക്തിയാർജ്ജിച്ച ആധുനികത എന്ന സവിശേഷസാഹിത്യ മനോഭാവത്തിന്റെ പ്രശ്‌നപരിസരത്തിലാണ്‌ ഒ.വി.വിജയനും (1931-2005) എഴുതിത്തുടങ്ങിയത്‌. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്ങ്‌മുഖത്വം, അരാജകവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ എന്നിവ അക്കാലത്തെ കലാസൃഷ്‌ടികളിൽ സജീവമായിരുന്നു. ഇന്ത്യൻ ജീവിതാവസ്ഥയോടുളള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുളള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. മരണം വ്യർഥമാക്കിയ ജീവിതത്തിനു നേരെ ആധുനികമനുഷ്യൻ സ്വീകരിച്ച നിലപാടെന്നാണ്‌ ആധുനികതയെ ഒരിക്കൽ എം.മുകുന്ദൻ നിർവചിച്ചത്‌. മൃത്യുബോധത്തിനു കൈവന്ന ഈ അമിതപ്രാധാന്യത്തോടൊപ്പം എഴുത്തിന്റെ ഘടനയെ സാരമായി സ്വാധീനിക്കാൻ കഴിഞ്ഞ ഒട്ടേറെ മാറ്റങ്ങൾക്കും ആധുനികത വഴിമരുന്നിട്ടു. എഴുത്തുകാരന്റെ വ്യക്തിത്വം, കൃതിയുടെ ജൈവപരമായ ഐക്യം, ഭാഷയുടെ അനന്തമായ സാദ്ധ്യതകൾ, ഭാവനയുടെ അതിരില്ലായ്‌മ, എഴുത്തുകാരനും സമൂഹവും തുടങ്ങി പല വിഷയങ്ങളിലും മലയാളി പുതിയ കാഴ്‌ചപ്പാടുകളിലേക്ക്‌ നയിക്കപ്പെട്ട കാലഘട്ടമെന്ന നിലയ്‌ക്കാണ്‌ ആധുനികത ഇന്ന്‌ വിലയിരുത്തപ്പെടുന്നത്‌. അന്ന്‌ എഴുതപ്പെട്ട അനേകം കൃതികളിൽ ചെറിയൊരു ന്യൂനപക്ഷത്തിനുമാത്രമാണ്‌ പില്‌ക്കാലത്ത്‌ വായനക്കാരെ ആകർഷിക്കാൻ കഴിഞ്ഞത്‌. അക്കൂട്ടത്തിൽ വിജയന്റെ നോവലുകളും കഥകളും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.

ആധുനികതയുടെ ഭാരതീയഭാഷ്യം

വിജയന്റെ രചനകളിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ നോവലുകളാണ്‌. എഴുത്തുകാരന്റെ ദർശനത്തിന്റെ രൂപകമാണ്‌ നോവൽ എന്ന ആൽബേർ കാമുവിന്റെ കാഴ്‌ചപ്പാടിന്‌ ആധുനികതയുടെ കാലത്ത്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചത്‌. കഥയല്ല, കൃതി തുറന്നിടുന്ന അന്തർദർശനമാണ്‌ നോവലിനെ തനിമയുളളതാക്കുന്നതെന്ന്‌ ഒ.വി.വിജയനും ഒരിടത്ത്‌ പറയുന്നുണ്ട്‌. പറയുക മാത്രമല്ല തന്റെ ഓരോ കൃതിയും ആ വിധം തനിമയുളളതാക്കുന്ന കാര്യത്തിൽ അദ്ദേഹം വലിയ വിജയം നേടുകയും ചെയ്‌തു. ആധുനികതയുടെ പൊതുരീതികളിൽ നിന്ന്‌ തെന്നിമാറി ഭാരതീയമായ ചില മാനങ്ങൾ തന്റെ രചനകൾക്ക്‌ നല്‌കാൻ കഴിഞ്ഞതാണ്‌ വിജയന്റെ കൃതികളെ ആസ്വാദനീയവും പഠനീയവുമാക്കുന്നത്‌. ദർശനതലത്തിൽ ആധുനികത മുന്നോട്ടുവച്ച ജീവിതനിരാസവും നിർവികാരതയും ആദ്യനോവലിൽ മാത്രമേ നാം കാണുന്നുളളൂ. തുടർന്നുളള കൃതികളിൽ വിജയന്റെ ദർശനത്തിന്റെ ആണിക്കല്ലായ പിതൃബിംബം ഗുരുവായും പ്രവാചകനായും പരിണമിക്കുന്നു. മാത്രമല്ല, സഹഭാവനയുടെ, കാരുണ്യത്തിന്റെ അതിശക്തമായ ഒരു ധാര അതിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പുരാവൃത്തങ്ങളുടെ അന്തരീക്ഷനിർമിതിയിലൂടെ, വർത്തമാനത്തിൽ ഭൂതകാലത്തെ അന്വേഷിക്കുന്നതിലൂടെ മനുഷ്യന്റെ സനാതനമായ തനിമയെ ആവിഷ്‌ക്കരിക്കാനാണ്‌ വിജയൻ ശ്രമിച്ചത്‌.

വിജയന്റെ ആദ്യനോവലായ ഖസാക്കിന്റെ ഇതിഹാസം (1969) മലയാളിയുടെ ഭാവുകത്വപരിണാമത്തിൽ വഹിച്ച പങ്ക്‌ സാഹിത്യചരിത്രമറിയുന്നവർക്ക്‌ നിഷേധിക്കാവുന്നതല്ല. കർമ്മബന്ധങ്ങളുടെ സ്‌നേഹരഹിതമായ കഥയായ ജീവിതത്തിലൂടെ പാപബോധത്തോടെ രവി നടത്തുന്ന അന്വേഷണമാണ്‌ ഖസാക്കിൽ ആവിഷ്‌ക്കരിക്കുന്നത്‌. ധർമ്മപുരാണത്തിൽ (1985) അലിഗറിയും ഫാന്റസിയും കൂട്ടിയിണക്കി സ്വേച്ഛാധിപത്യത്തിന്റെ കുരുടൻവഴികളെ അശ്ലീലം കലർന്ന ഭാഷകൊണ്ട്‌ ആക്രമിക്കുന്നത്‌ നാം കാണുന്നു. ഗുരുസാഗരത്തിൽ (1987) അതിലോലമായ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഔപനിഷദമായ ഭാരതീയദർശനത്തെ ആദരിക്കുന്നു. മധുരം ഗായതിയിൽ (1990) ഭൂമിയുടെ ഭാവിയെക്കുറിച്ചുളള ഉത്‌കണ്‌ഠകൾ പങ്കുവച്ചുകൊണ്ട്‌ മനുഷ്യന്റെ ഭാവിയെക്കുറിച്ചുളള ഒരു ദുഃസ്വപ്‌നദർശനം അവതരിപ്പിക്കുന്നു. മനുഷ്യന്റെ ഗോത്രബന്ധങ്ങളെ സമകാലികലോകത്തെ മുൻനിറുത്തി ദാർശനികമായി അന്വേഷിക്കുന്ന നോവലാണ്‌ പ്രവാചകന്റെ വഴി (1992). തലമുറകൾ (1997) എന്ന കൃതിയിൽ കേരളീയ സാമൂഹികചരിത്രത്തെ ആധാരമാക്കി ജാതീയത, ജനാധിപത്യം, ഇടതുപക്ഷരാഷ്‌ട്രീയം തുടങ്ങിയ സമകാലികപ്രശ്‌നങ്ങളെ പരിശോധിക്കുന്നു. വർത്തമാനലോകത്തെ അവതരിപ്പിക്കുമ്പോഴും അതിനെ മിത്തുകളുടെ രഹസ്യാത്മകതയോടെ അവതരിപ്പിക്കാനാണ്‌ വിജയന്‌ ഉത്സാഹം. കഥാപാത്രങ്ങളെ പുരാണപാത്രങ്ങളുമായി സാമ്യപ്പെടുത്തി ആഴമുളളതാക്കിമാറ്റുന്ന ആഖ്യാനരീതി എല്ലാ നോവലുകളിലും കാണാം. പ്രകൃതിയെ സ്വതന്ത്രമായൊരു അസ്‌തിത്വമായി കാണുകയും അതിന്റെ ചൈതന്യത്തെ മനുഷ്യപ്രകൃതിയിലാകെ നിറയ്‌ക്കുകയും ചെയ്യുന്ന ആഖ്യാനശൈലി വിജയന്റെ കൃതികളെ വ്യത്യസ്‌തമാക്കുന്നു. ഈ ഭൂതകാലപരതയും ആത്മീയതയുടെ സാന്നിധ്യവും ആഴമേറിയ പ്രകൃതിബോധവും ഭാഷയിലെങ്ങും നിറയുന്ന പ്രാചീനബിംബങ്ങളുമാണ്‌ വിജയന്റെ നോവലുകളെ ആധുനികതയുടെ ഭാരതീയഭാഷ്യങ്ങളാക്കി മാറ്റുന്നത്‌.

ഐറണിയുടെ മാലാകലാപം

നോവലുകളെക്കാൾ വൈവിധ്യം അനുഭവിപ്പിക്കുന്നവയാണ്‌ വിജയന്റെ കഥകൾ. കൊച്ചുകൊച്ചു ജീവിതസന്ദർഭങ്ങളെ ദർശനപരമായ ആഴത്തോടും കലാപരമായ അച്ചടക്കത്തോടും കൂടി അവതരിപ്പിക്കാൻ വിജയന്‌ കഴിഞ്ഞിരിക്കുന്നു. എണ്ണത്തിൽ നൂറ്റിയമ്പതോളം വരുന്ന കഥകളിലെങ്ങും രൂപഭാവങ്ങളിൽ സദാ പരീക്ഷണവ്യഗ്രനായ ഒരു കഥാകൃത്തിനെ നമുക്ക്‌ കാണാം. മങ്കര, പ്രയാണം, ഭഗവത്സന്നിധിയിൽ തുടങ്ങിയ ആദ്യകാലകഥകളിൽ മനുഷ്യാവസ്ഥകളിൽ അന്തർഭവിക്കുന്ന വൈപരീത്യങ്ങളെ കഥാകാരൻ ആശയതലത്തിലും ഭാവതലത്തിലുമുളള ഐറണികൾ നിർമിക്കാനുളള നിമിത്തങ്ങളാക്കി മാറ്റുന്നു. പ്രതീകാത്മകവും ആക്ഷേപഹാസ്യപ്രധാനവുമാണ്‌ അവയിൽ ഏറെയും. അസംബന്ധനാടകങ്ങളിലെന്നപോലെ ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെ ഏറ്റുപറയുന്ന ചില കഥകളും അക്കൂട്ടത്തിലുണ്ട്‌. ഉദാത്തവും അത്യപൂർവ്വവുമായ മനോവൃത്തികളുടെയും ആശയങ്ങളുടെയും ലോകത്തിലേക്ക്‌ നയിക്കുന്ന കഥകളുടെ കൂട്ടത്തിലാണ്‌ പാറകൾ, എട്ടുകാലി തുടങ്ങിയവയുടെ സ്ഥാനം. പാറകൾപോലെ യുദ്ധത്തിന്റെ ഭീകരത ഇത്രകണ്ട്‌ ധ്വന്യാത്മകവും കാവ്യാത്മകവുമായി ആവിഷ്‌ക്കരിക്കാൻ കഴിഞ്ഞ രചനകൾ മലയാളത്തിൽ വേറെയില്ലെന്ന്‌ പറയണം. അമൂർത്തതയും യാഥാർത്ഥ്യവും കൂടിക്കലർന്ന്‌ ദാർശനികഗൗരവം കൈവരിക്കുന്ന കഥകൾക്ക്‌ ഒരു അപൂർവമാതൃകയാണ്‌ കടൽത്തീരത്ത്‌ എന്ന കഥ. ചെങ്ങന്നൂർവണ്ടി യാന്ത്രികമായ പ്രത്യയശാസ്‌ത്രപ്രയോഗങ്ങളോടുളള കഥാകാരന്റെ പ്രതിഷേധമാണ്‌. വേറിട്ട്‌ നിൽക്കുന്ന ജീവിതബോധത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും അവരുടെ സംഭാഷണത്തിൽ കടന്നുവരുന്ന പ്രാദേശികഭേദങ്ങളും നർമ്മത്തിന്റെ ഗൂഢസഞ്ചാരങ്ങളും വിജയന്റെ കഥകളെ മൗലികതയുളളതാക്കി മാറ്റുന്നു. മലയാളിയുടെ സാംസ്‌ക്കാരികസത്തയുടെ വിശകലനത്തിന്‌ ശ്രമിച്ചു എന്നതാണ്‌ ആധുനികതയുടെ പരിവേഷത്തിനുളളിൽ നില്‌ക്കെതന്നെ ആ കഥകൾ വ്യത്യസ്‌തമാകാൻ കാരണം.

ആക്ഷേപഹാസ്യത്തിന്റെ ശരവേഗം

മലയാളിയുടെ സ്വതസ്സിദ്ധമായ നർമബോധവും വരകളിൽ അർത്ഥരൂപങ്ങളെ നിറയ്‌ക്കാനുളള കഴിവും വൈരുധ്യങ്ങളെ നിരീക്ഷിച്ചറിയുന്നതിലെ മികവും വിജയനെ ആഴവും മൗലികതയുമുളള ഒരു കാർട്ടൂണിസ്‌റ്റാക്കി മാറ്റി. ശങ്കേഴ്‌സ്‌ വീക്കിലിയിൽ തുടക്കമിടുന്ന കറുത്തചിരിയുടെ ആ വരകൾ ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടിയെടുത്തു. രാഷ്‌ട്രീയ സാംസ്‌ക്കാരിക കാലാവസ്ഥയോടുളള ധീരമായ പ്രതികരണങ്ങൾ സമകാലികലോകത്തെ എത്ര ആഴത്തിൽ ഈ എഴുത്തുകാരൻ ഉൾക്കൊണ്ടിരുന്നു എന്നതിന്‌ തെളിവ്‌ നല്‌കുന്നു. അടിയന്തിരാവസ്ഥകാലത്ത്‌ പത്രമേഖലയിലെ സെൻസറിങ്ങിൽ പ്രതിഷേധിച്ച്‌ കാർട്ടൂണിസ്‌റ്റിന്റെ തൊഴിലുപേക്ഷിച്ച ഇദ്ദേഹം എക്കാലത്തും വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നു. ഇത്തിരി നേരമ്പോക്ക്‌ ഇത്തിരി ദർശനം എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്ന കാർട്ടൂണുകൾ ഭാരതീയ ചരിത്രത്തിലെ ഇരുണ്ട ഇടനാഴികളിലേക്കും നമ്മുടെ സമൂഹത്തിന്റെ ഇരട്ടവ്യക്തിത്വത്തിലേക്കും വെളിച്ചം വീശുന്ന മഹത്തായ രേഖയാണ്‌.

‘സന്ദേഹിയുടെ സംവാദം’

നോവലുകളും കഥകളും കാർട്ടൂണുകളും രചിച്ച്‌ തന്റെ സർഗ്ഗാത്മകമനസ്സിനെ ആവിഷ്‌ക്കരിച്ച വിജയൻ, എന്നാൽ, അത്‌ കൊണ്ട്‌ മാത്രം തൃപ്‌തിപ്പെട്ടില്ല. അദ്ദേഹം പലപ്പോഴും തന്നോടും തന്റെ സഹജീവികളോടും പ്രത്യയവ്യവസ്ഥകളോടും പരസ്യമായി തർക്കത്തിലേർപ്പെട്ടു. അത്തരം മുഹൂർത്തങ്ങളെയാണ്‌ വിജയന്റെ ലേഖനങ്ങൾ പ്രതിനിധീകരിക്കുന്നത്‌. ഇതരരചനകളിൽ നിന്ന്‌ വ്യത്യസ്‌തമായി ലൗകികയുക്തിയിൽ ചിന്തിക്കാനും ജനാധിപത്യത്തിന്റെ ഭാവി, ഫാസിസം, വർഗീയത തുടങ്ങിയ വിഷയങ്ങളിൽ തനിക്കുളള ഉത്‌ക്കണ്‌ഠ മറയില്ലാതെ രേഖപ്പെടുത്താനും അദ്ദേഹം ലേഖനങ്ങളിലൂടെ ശ്രമിക്കുന്നു. മനുഷ്യന്റെ നൈതികതയും ആത്മീയതയും ബലികഴിക്കാതെയുളള പരിഹാരങ്ങൾ തിരക്കിയാണ്‌ വിജയൻ ഇക്കാലമത്രയും സഞ്ചരിച്ചതെന്ന വസ്‌തുത ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം ഓർത്തുപോകും. സന്ദേഹിയുടെ സംവാദം എന്ന്‌ വിജയൻ സ്വയം പേരിടുന്ന ഈ ലേഖനങ്ങളിൽ ആധുനികലോകത്തിന്റെ പ്രതിസന്ധികളെ യാഥാർത്ഥ്യബോധത്തോടെ കാണാൻ ശ്രമിക്കുന്ന ഒരു ബുദ്ധിജീവിയുടെ ചോദ്യോത്തരങ്ങൾ വൈകാരികത കലർന്ന ഭാഷയിൽ നമുക്ക്‌ വായിക്കാം.

മലയാള സാഹിത്യത്തിലെ അപൂർവമായൊരു പ്രതിഭാസാന്നിധ്യമായിരുന്നു ഒ.വി.വിജയൻ. പുതിയ കാലത്ത്‌ പുതുവായനയ്‌ക്ക്‌ വിധേയമാക്കുമ്പോൾ ആശയതലത്തിൽ, ദർശനതലത്തിൽ ചില വിയോജിപ്പുകൾ കണ്ടേക്കാമെങ്കിലും ഒറിജിനലായ ഒരു കലാകാരന്റെ വിരലടയാളം പതിഞ്ഞതാണ്‌ അദ്ദേഹത്തിന്റെ രചനകളെന്ന്‌ പരിണതപ്രജ്ഞനായ ഏത്‌ വായനക്കാരനും സമ്മതിക്കും. വാക്കുകളെ സവിശേഷം വിന്യസിച്ച്‌ ഭാവുകനെ വ്യാമുഗ്‌ധനാക്കാനും പദസന്നിവേശത്തിൽ തന്റേതായൊരു രസതന്ത്രം വികസിപ്പിച്ചെടുക്കാനും കഴിഞ്ഞ ഇത്തരമൊരു എഴുത്തുകാരൻ ഏത്‌ ഭാഷയ്‌ക്കും അഭിമാനമായിരിക്കും. മലയാളമെന്ന കൊച്ചുഭാഷയിൽ തന്റെ സർഗ്ഗാത്മകത വെളിപ്പെടുത്തി എന്നതായിരുന്നോ വിജയന്റെ ഏറ്റവും വലിയ പരിമിതി? ഏതായാലും കേരളീയന്റെ വിഷലിപ്‌തമായ കാപട്യത്തിനും പൊങ്ങച്ചത്തിനും ആവശ്യമില്ലാത്ത തിരക്കുകൾക്കുമിടയിൽ ചിലപ്പോഴെങ്കിലും അവന്‌ സ്വന്തം സ്വത്വം തിരിച്ചറിയാൻ, കണ്ണട മാറ്റിവച്ച്‌ ചിലതൊക്കെ ചിന്തിക്കണമെന്ന്‌ പറയാൻ ഇത്തരമൊരാൾ നമുക്കിടയിൽ ഉണ്ടായത്‌ നന്നായി. അതുകൊണ്ട്‌ തന്നെ ആ സാരസ്വതഭംഗി ഇനിയും അറിയാത്ത മലയാളിയുടെ ഭാവി ഉണർത്തിയേക്കാവുന്ന നഷ്‌ടബോധം വലുതായിരിക്കും.

പി.ആർ. ഹരികുമാർ

1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ.

വിലാസം

പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ,

ലക്‌ചറർ, മലയാളവിഭാഗം,

ശ്രീശങ്കരാകോളേജ,​‍്‌

കാലടി -683574

website: www.prharikumar.com


Phone: 0484 462341 0484 522352/9447732352
E-Mail: prharikumar@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.