പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അഴിമതിയിൽ മുങ്ങിയ നീതിന്യായ വ്യവസ്‌ഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
യു.എൻ. ഗോപിനായർ

ഡൽഹിയിലെ സുപ്രീംകോടതി ഇന്ത്യയിൽ വരുന്ന കോടിക്കണക്കിന്‌ ജനങ്ങളുടെ അവസാന അഭയകേന്ദ്രമാണ്‌. ഭരണഘടനയുടെ കാവൽമാലഖയെന്നും ഇതിനെ വിശേഷിപ്പിക്കാം. ലോകചരിത്രത്തിലെ എക്കാലത്തെയും അവിസ്‌മരണീയമായ ഭരണഘടനയുടെ കാവൽക്കാർക്കും ക്ഷതമേറ്റിരിക്കുന്നു. അനധികൃതമായി ഭൂമി സമ്പാദിച്ചുവെന്ന ആരോപണത്തിൽ കർണാടക ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസ്‌ പി.ഡി.ദിനകരനെ സുപ്രീംകോടതി സംശയത്തിന്റെ പേരിൽ പിടികൂടിയിരിക്കുന്നു. ഇന്ത്യയിൽ പല ജഡ്‌ജിമാരും റിട്ടയർ ചെയ്‌തിനുശേഷമാണ്‌ അവരുടെ മുൻകാലചെയ്‌തികൾ പുറത്തുവരാറുള്ളത്‌. സർവീസിലിരിക്കുമ്പോൾ തന്നെ കുംഭകോണങ്ങളിൽ ഏർപ്പെടുന്നത്‌ സുപ്രീംകോടതിയുടെ പവിത്രതയെ നശിപ്പിക്കുന്നു. നിരവധി സത്യാന്വേഷണ ഫയലുകൾ ശ്വാസം കിട്ടാതെ കെട്ടിക്കിടക്കുമ്പോഴാണ്‌ സാധാരണക്കാരന്‌ ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ കോടതിക്ക്‌ എന്തുമാത്രം കാര്യപ്രാപ്‌തിയുണ്ടെന്ന്‌ ചിന്തനം ചെയ്യേണ്ടിവരുന്നത്‌. “നിയമം വ്യാഖ്യാനിക്കുന്നതിന്റെ ചുവടു പിടിച്ച്‌ സുപ്രീംകോടതിക്ക്‌ ഒരിക്കലും നിയമം മാറ്റാനോ, ഭേദഗതി ചെയ്യാനോ ഇന്ത്യൻ ഭരണഘടനയിൽ അവകാശമില്ല. ഭരണഘടന ഉപയോഗിച്ച്‌ അതിന്റെ ജീവൻ നിലനിറുത്തുക മാത്രമാണ്‌ കോടതിയുടെ ജോലി” - ഇന്ത്യയുടെ ആദ്യത്തെ ന്യായധിപനായിരുന്ന എച്ച്‌.ജെ.കാനിയ ആദ്യ സിറ്റിങ്ങിൽ പറഞ്ഞ ചരിത്ര റിപ്പോർട്ടുകൾക്ക്‌ കടകവിരുദ്ധമായ കാര്യങ്ങളാണ്‌ ഇന്ത്യയിലിന്നു നടക്കുന്നത്‌.

“ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകസ്‌ഥാനമാണ്‌ സുപ്രീകോടതിക്കുള്ളത്‌.” ഇതിനെ മറികടന്നുകൊണ്ട്‌ പണാധിപത്യമുള്ള സുപ്രീകോടതിവിധിയിൽ പാവപ്പെട്ടവന്‌ യാതൊരു ന്യായവും നീതിയും ലഭിക്കുന്നില്ല. ഇന്ത്യയിൽ ഭീതി പരത്തുന്ന നിരവധി പോലീസ്‌ കസ്‌റ്റഡി മരണങ്ങൾ നടന്നിട്ടുണ്ട്‌. നടന്നുകൊണ്ടിരിക്കുന്നുമുണ്ട്‌. ദുർബലരായ മനുഷ്യാത്മാക്കളെ ചെറിയ തെറ്റുകളുടെ പേരിൽ ബലിയാടാക്കിക്കൊണ്ടിരിക്കുന്നത്‌ മനുഷ്യാവകാശ കമ്മീഷൻ വരെ റിപ്പോർട്ടു ചെയ്‌തിരിക്കുന്നു. ധനവാന്മാരുടെ മുഴുവൻ ക്രമക്കേടുകളും പണത്തിന്റെ ബലത്താലും വക്കീലന്മാരുടെ വാക്‌ചാതുരിയാലും ജഡ്‌ജിമാരുമായി നടത്തുന്ന അവിഹിത ധന ഇടപാടുകളാലും മൂടപ്പെട്ടിരിക്കുന്നു. ഇത്തരം വൃത്തിഹീനമായ ഇടപാടുകൾ ലോകരറിയുന്നില്ല. ജഡ്‌ജിമാർക്ക്‌ കത്തുന്ന ഇമേജുകളും കിരാതതാളങ്ങളും ഭീതി പടർത്തുന്ന പരിസരസംരക്ഷണവും ഉള്ളതുകൊണ്ട്‌ കാര്യപ്രാപ്‌തിയും പണപ്രാപ്‌തിയുമില്ലാത്ത പൊതുജനങ്ങൾ ഇരുമ്പഴിക്കുള്ളിലാകുന്നു. “മുഴുവൻ സമൂഹത്തിന്റെയും ഇഷ്‌ടാനിഷ്‌ടങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമെന്റ്‌ പരമാധികാരത്തിനുമേൽ സുപ്രീംകോടതിയുടെയോ നിതിന്യായ വ്യവസ്‌ഥിതിയുടെയോ വിധിന്യായം നിലനിൽക്കുന്നില്ല”. 1975-ൽ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജി ജഗ്‌മോഹൻ ലാൻസിഹ്ന മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 1971-ലെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയത്‌ ചരിത്രവിഷയമാണ്‌.

കുത്തിയെഴുകുന്ന പണസ്വാധീനത്തിന്റെ സുപ്രീംകോടതിവിധികളാണ്‌ ഇന്ത്യയുടെ തീരാശാപം. പണമുള്ളവനും ഇല്ലാത്തവനും ഒരുപോലെ തുല്യന്യായം കിട്ടുന്നതാണ്‌ ഇന്ത്യൻ ജനാധിപത്യത്തിനു വേണ്ടത്‌. പണംകൊണ്ടുളള ഇന്ത്യൻ രാജാക്കന്മാരുടെ കളി കാണാനോ, പണമില്ലാത്തവന്റെ രോദനം കേൾക്കാനോ കഴിവുള്ള ഒരു ഭരണഘടനാ നീതിശാസ്‌ത്രവും ഇന്ത്യയിൽ ഇന്ന്‌ നിലവിലില്ല. മനുഷ്യത്വമുള്ള ജഡ്‌ജിമാർ പണത്തിനും സ്വാധീനത്തിനും അടിമപ്പെടാത്തതിന്റെ പേരിൽ ആക്രമണത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്‌ത ചരിത്രം

അധികം രേഖപ്പെടുത്തിയിട്ടില്ല. സുപ്രീം കോടതി ജഡ്‌ജിമാർ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകരാണ്‌ ആകേണ്ടത്‌. അങ്ങനെയുള്ള ഉജ്ജ്വല പ്രതിഭാശാലികളായ ജഡ്‌ജിമാരെ സൃഷ്‌ടിക്കേണ്ടതും ഇന്ത്യൻ ഭരണഘടനാവകുപ്പുതന്നെയാണ്‌. നട്ടെല്ലുള്ള പത്രാധിപന്മാരും ടി.വി. മാധ്യമങ്ങളും ആപത്‌ഘട്ടങ്ങളിൽ ഡോക്‌ടർമാർ രോഗികളെ രക്ഷിക്കുന്നതുപോലെയുളള നീതിവ്യവസ്‌ഥയുമാണ്‌ ഇന്ത്യയ്‌ക്കു വേണ്ടത്‌. വ്യവസ്‌ഥകളെ തിരിച്ചുവിളിക്കലല്ല, തലതിരിഞ്ഞ വ്യവസ്‌ഥകളുടെ ചുരുളഴിക്കൽ മാത്രമാണ്‌ നമുക്ക്‌ മർമപ്രധാനം, പണദുർമേദസ്സിന്റെ കാൻസർബാധയെ മാറ്റിയാൽ സുപ്രീം കോടതി ഭരണഘടനയും നീതിതുല്യമാകും. തെരുവുതെണ്ടിക്കും അധികാരസിംഹാസനങ്ങളിൽ ഇരിക്കുന്നവനും ഒരുപോലെ നീതിന്യായങ്ങളുടെ മുമ്പിൽ നിൽക്കാൻ ഇടം ലഭിച്ചാൽ ഇതിനെല്ലാം പോംവഴിയാകും. ഇല്ലെങ്കിൽ പന്തിരാണ്ടുകാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാലും വളഞ്ഞിരിക്കുന്നതുപോലെ നമ്മുടെ നീതിന്യായ വ്യവസ്‌ഥകളും അതുപോലെ കിടക്കും.

കടപ്പാട്‌ ഃ ജ്വാല.

യു.എൻ. ഗോപിനായർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.