പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ക്രിസ്‌മസ്‌കാല ചിന്തകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സരോജ വർഗീസ്‌, ന്യൂയോർക്ക്‌

നാം ആണ്ടുതോറും അത്യാഹ്ലാദപൂർവ്വം കാത്തിരിക്കുന്ന സുദിനം! ക്രിസ്‌തുവിന്റെ തിരുപ്പിറവി! ലോകമെമ്പാടും കാലേകൂട്ടിത്തന്നെ ആഘോഷത്തിന്റെ കേളികൊട്ട്‌ തുടങ്ങിക്കഴിഞ്ഞു.

“സർവ്വ ജനത്തിനും ഉണ്ടാവാനുള്ളോരു മഹാ സന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു; കർത്താവായ യേശുക്രിസ്‌തു എന്ന രക്ഷിതാവ്‌ ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക്‌ അടയാളമോഃ ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെ നിങ്ങൾ കാണും” (വിഃ ലൂക്കോസ്‌ 2ഃ10-11)

ക്രിസ്‌മസ്‌ രാത്രിയിൽ ലോകത്തിനു ലഭിച്ച മഹാസന്ദേശം

എളിയവർക്കായി എളിയവേഷം പൂണ്ട ലോകരക്ഷകനായ യേശുക്രിസ്‌തുവിന്റെ തിരുപ്പിറവി അനുസ്‌മരിപ്പിച്ചുകൊണ്ട്‌, സമാധാനത്തിന്റെയും ശാന്തിയുടെയും ദൗത്യവുമായി ഇതാ 2010 ക്രിസ്‌തുമസ്സ്‌ സമാഗതമായിരിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്‌തുവിന്റ ജന്മദിനമായി എല്ലാ വർഷവും ലോകം ആഘോഷിക്കുന്ന പുണ്യദിനം - ഡിസംബർ 25.

യേശുവിന്റെ ജനനം ലോകചരിത്രത്തിലെ അത്ഭുതസംഭവമാണ്‌. മനുഷ്യബുദ്ധിക്കു വിശകലനം ചെയ്യാനോ സംഗ്രഹിക്കാനോ കഴിയാത്ത സംഭവം!

സർവ്വജനത്തിനുമായി ദൈവം ഒരുക്കിയ ആ മഹാസന്തോഷം ആദ്യം അനുഭവിക്കാനായത്‌ ഒരു കൂട്ടം പാവപ്പെട്ട ആട്ടിടയന്മാർക്കായിരുന്നു. ബേത്‌ലഹേമിൽ നിന്നും കുറച്ചകലെയുള്ള വെളിംപ്രദേശത്ത്‌, പകലെല്ലാം ആടുകളെമേയ്‌ച്ച്‌, തളർന്നു മയക്കത്തിലേക്കു വഴുതിവീണ ദരിദ്രരായ ഇടയർ. അവരെ അത്ഭുതസ്‌തബ്‌ധരാക്കിക്കൊണ്ട്‌ മിന്നിയ ദൈവതേജസ്സിൽ സ്വർഗ്ഗീയ ദൂതന്മാർ പാടി. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം” ആഹ്ലാദചിത്തരായ ആ ഇടയന്മാർ ബേത്‌ലഹേമിലെത്തി, പഴന്തുണിയിൽ പൊതിഞ്ഞ്‌ പുൽതൊട്ടിയിൽ കിടക്കുന്ന ആ ദിവ്യശിശുവിനെ ദർശിച്ചു സംതൃപ്‌തിയോടെ മടങ്ങി. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെക്കാണും.”

സമൂഹത്തിൽ ഉന്നതപദവിയോ സാമ്പത്തിക നേട്ടമോ ഒന്നുമില്ലാതെ അവഗണിക്കപ്പെട്ട ഒരു കൂട്ടം ഇടയന്മാർക്കുണ്ടായ സൗഭാഗ്യം നിഷ്‌കളങ്കമാനസർക്കു ലഭിച്ച ദൈവിക സൗഭാഗ്യം. ‘ദൈവം നമ്മോടുകൂടെ’ എന്നർത്ഥമുള്ള ഇമ്മാനുവേലിന്റെ ജനനം മൂലം കൈവന്ന കൃപ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവർക്കും ലഭ്യമാകുന്നുണ്ട്‌.

വാനശാസ്‌ത്രവിഭഗ്‌ദരായ വിദ്വാന്മാർ ആകാശത്ത്‌ അത്ഭുതനക്ഷത്രം കാണുന്നു. യഹൂദന്മാരുടെ രാജാവാകാനുള്ള ഒരു ദിവ്യശിശു ജനിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ ആ വിദ്വാന്മാർ ബേത്‌ലഹേമിലെത്തി ഹേരോദാവിനെ കണ്ടു കൂടുതൽ അന്വേഷണം നടത്തുന്നു. ഹേരോദാവാകട്ടെ, തനിക്കൊരു ശത്രു ജനിച്ചിരിക്കുന്നു എന്ന ചിന്തയാൽ പരിഭ്രാന്തനാകുന്നു. തന്റെ ഭയം ഉള്ളിലൊതുക്കി ആദരപൂർവ്വം സൗമ്യഭാവത്തിൽ വിദ്വാന്മാരെ യാത്രയാക്കുന്നു.

പ്രപഞ്ചത്തിന്റെ മുഴുവൻ നാഥനായ ദൈവം മനുഷ്യനോടുള്ള സ്‌നേഹം നിമിത്തമാണ്‌ മനുഷ്യാവതാരമെടുത്തത്‌, എളിമയുടെ പ്രതീകമായി കാലിത്തൊഴുത്തിൽ ജനിച്ചത്‌. ആ സ്‌നേഹം അമൂല്യമാണ്‌. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞ ശാശ്വതമായ ആ സ്‌നേഹം ‘ദൈവമക്കൾ’ എന്ന പദവിക്ക്‌ നമ്മെ അർഹരാക്കി. “ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്‌നേഹിക്കേണ്ടതാകുന്നു.” (1 യോഹ 4ഃ11) ദൈവത്തിന്റെ സ്‌നേഹം എത്ര വലുതും ത്യാഗപൂർണ്ണവും പരമോന്നതവുമാണന്ന്‌ തിരുപ്പിറവിയിലൂടെ ലോകത്തിന്‌ വെളിപ്പെട്ടിരിക്കുന്നത്‌.

സരോജ വർഗീസ്‌, ന്യൂയോർക്ക്‌


E-Mail: sarojavarghese@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.